ദിവ്യബലി വായനകൾ Our Lady of Sorrows 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ബുധൻ, 15/9/2021


Our Lady of Sorrows 
on Wednesday of week 24 in Ordinary Time

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങേ പുത്രന്‍ കുരിശില്‍ ഉയര്‍ത്തപ്പെട്ടപ്പോള്‍,
മാതാവും സഹിച്ചുകൊണ്ട് കൂടെ നില്ക്കണമെന്ന്
അങ്ങ് തിരുമനസ്സായല്ലോ.
ഈ അമ്മയോടൊപ്പം,
ക്രിസ്തുവിന്റെ പീഡാസഹനത്തില്‍ പങ്കുചേര്‍ന്ന്,
അവിടത്തെ ഉത്ഥാനത്തില്‍ ഭാഗഭാക്കാകാനുള്ള അര്‍ഹത
അങ്ങേ സഭയ്ക്കു നല്കണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 തിമോ 3:14-16
നമ്മുടെ മതത്തിന്റെ രഹസ്യം ശ്രേഷ്ഠമാണ്.

വാത്സല്യമുള്ളവനേ, നിന്റെ അടുത്തു വേഗം എത്തിച്ചേരാമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ ഇത് എഴുതുന്നതാകട്ടെ, എനിക്കു താമസം നേരിട്ടാല്‍, ജീവിക്കുന്ന ദൈവത്തിന്റെ സഭയും സത്യത്തിന്റെ തൂണും കോട്ടയുമായ ദൈവഭവനത്തില്‍ ഒരുവന്‍ പെരുമാറേണ്ടത് എങ്ങനെയെന്നു നിന്റെ അറിവിനായി നിര്‍ദേശിക്കാനാണ്. നമ്മുടെ മതത്തിന്റെ രഹസ്യം ശ്രേഷ്ഠമാണെന്നു ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. ശരീരത്തില്‍ പ്രത്യക്ഷപ്പെട്ടവന്‍ ആത്മാവില്‍ നീതീകരിക്കപ്പെട്ടു; ദൂതന്മാര്‍ക്കു ദൃശ്യനായി; ജനപദങ്ങളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ടു; ലോകം അവനില്‍ വിശ്വസിച്ചു. മഹത്വത്തിലേക്ക് അവന്‍ സംവഹിക്കപ്പെടുകയും ചെയ്തു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 111:1-2,3-4,5-6

കര്‍ത്താവിന്റെ പ്രവൃത്തികള്‍ മഹനീയങ്ങളാണ്.

കര്‍ത്താവിനെ സ്തുതിക്കുവിന്‍!
നീതിമാന്മാരുടെ സംഘത്തിലും സഭയിലും
പൂര്‍ണഹൃദയത്തോടെ ഞാന്‍ കര്‍ത്താവിനു നന്ദിപറയും.
കര്‍ത്താവിന്റെ പ്രവൃത്തികള്‍ മഹനീയങ്ങളാണ്;
അവയില്‍ ആനന്ദിക്കുന്നവര്‍ അവ ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നു.

കര്‍ത്താവിന്റെ പ്രവൃത്തികള്‍ മഹനീയങ്ങളാണ്.

അവിടുത്തെ പ്രവൃത്തി മഹത്തും തേജസ്സുറ്റതുമാണ്;
അവിടുത്തെ നീതി ശാശ്വതമാണ്.
തന്റെ അദ്ഭുതപ്രവൃത്തികളെ അവിടുന്നു സ്മരണീയമാക്കി;
കര്‍ത്താവു കൃപാലുവും വാത്സല്യനിധിയുമാണ്.

കര്‍ത്താവിന്റെ പ്രവൃത്തികള്‍ മഹനീയങ്ങളാണ്.

തന്റെ ഭക്തര്‍ക്ക് അവിടുന്ന് ആഹാരം നല്‍കുന്നു;
അവിടുന്നു തന്റെ ഉടമ്പടിയെ എപ്പോഴും അനുസ്മരിക്കുന്നു.
ജനതകളുടെ അവകാശത്തെ തന്റെ ജനത്തിനു നല്‍കിക്കൊണ്ടു
തന്റെ പ്രവൃത്തികളുടെ ശക്തിയെ അവര്‍ക്കു വെളിപ്പെടുത്തി.

കര്‍ത്താവിന്റെ പ്രവൃത്തികള്‍ മഹനീയങ്ങളാണ്.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

The following reading is proper to the memorial, and must be used even if you have otherwise chosen to use the ferial readings.


യോഹ 19:25-27
ഇതാ, നിന്റെ മകന്‍. ഇതാ, നിന്റെ അമ്മ.

യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേനമറിയവും നില്‍ക്കുന്നുണ്ടായിരുന്നു. യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍. അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കാരുണ്യവാനായ ദൈവമേ,
യേശുവിന്റെ കുരിശിനുസമീപം നിന്ന വത്സലമാതാവിനെ
കാരുണ്യപൂര്‍വം അങ്ങ് ഞങ്ങള്‍ക്കു നല്കിയല്ലോ.
പരിശുദ്ധ കന്യകമറിയത്തിന്റെ വണക്കത്തില്‍
അര്‍പ്പിക്കപ്പെട്ട പ്രാര്‍ഥനകളും കാണിക്കകളും
അങ്ങേ നാമത്തിന്റെ സ്തുതിക്കായി സ്വീകരിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. 1 പത്രോ 4:13

ക്രിസ്തുവിന്റെ പീഡാസഹനത്തില്‍ പങ്കുകാരാകുന്നതില്‍ ആഹ്ളാദിക്കുവിന്‍;
അവിടത്തെ മഹത്ത്വം വെളിപ്പെടുമ്പോള്‍,
നിങ്ങള്‍ അത്യധികം ആഹ്ളാദിക്കുവിന്‍.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സനാതനപരിത്രാണത്തിന്റെ
കൂദാശകള്‍ സ്വീകരിച്ചുകൊണ്ട്, ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
പരിശുദ്ധ കന്യകമറിയത്തിന്റെ വ്യാകുലം അനുസ്മരിച്ചുകൊണ്ട്,
ക്രിസ്തുവിന്റെ പീഡാസഹനത്തിലുള്ള കുറവ്
സഭയ്ക്കു വേണ്ടി ഞങ്ങളില്‍ ഞങ്ങള്‍ പൂര്‍ത്തീകരിക്കുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment