ദിവ്യബലി വായനകൾ 25th Sunday in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ, 19/9/2021


25th Sunday in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങയോടും അയല്ക്കാരോടുമുള്ള സ്‌നേഹത്തില്‍
ദിവ്യകല്പനകളെല്ലാം അങ്ങ് സ്ഥാപിച്ചുവല്ലോ.
അങ്ങേ കല്പനകള്‍ പാലിച്ചുകൊണ്ട്
നിത്യജീവനിലേക്ക് ഞങ്ങള്‍ എത്തിച്ചേരാനുള്ള
അര്‍ഹത ഞങ്ങള്‍ക്കു നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ജ്ഞാനം 2:12,17-20
നമുക്ക് അവനെ ലജ്ജാകരമായ മരണത്തിനു വിധിക്കാം.


അധര്‍മ്മികള്‍ മിഥ്യാസങ്കല്‍പത്തില്‍ മുഴുകി:

നീതിമാനെ നമുക്കു പതിയിരുന്ന് ആക്രമിക്കാം;
അവന്‍ നമുക്കു ശല്യമാണ്;
അവന്‍ നമ്മുടെ പ്രവൃത്തികളെ എതിര്‍ക്കുന്നു,
നിയമം ലംഘിക്കുന്നതിനെയും
ശിക്ഷണവിരുദ്ധമായി പ്രവൃത്തിക്കുന്നതിനെയും കുറിച്ച്
അവന്‍ നമ്മെ ശാസിക്കുന്നു.

അവന്റെ വാക്കുകള്‍ സത്യമാണോ എന്നു പരീക്ഷിക്കാം;
അവന്‍ മരിക്കുമ്പോള്‍ എന്തു സംഭവിക്കുമെന്നു നോക്കാം.
നീതിമാന്‍ ദൈവത്തിന്റെ പുത്രനാണെങ്കില്‍
അവിടുന്ന് അവനെ തുണയ്ക്കും,
ശത്രുകരങ്ങളില്‍ നിന്നു മോചിപ്പിക്കും.
നിന്ദനവും പീഡനവും കൊണ്ട്
അവന്റെ സൗമ്യതയും ക്ഷമയും നമുക്കു പരീക്ഷിക്കാം.
അവനെ ലജ്ജാകരമായ മരണത്തിനു വിധിക്കാം.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 54:1-4,6

കര്‍ത്താവാണ് എന്റെ ജീവന്‍ താങ്ങിനിര്‍ത്തുന്നവന്‍.

ദൈവമേ, അങ്ങേ നാമത്താല്‍ എന്നെ രക്ഷിക്കണമേ!
അങ്ങേ ശക്തിയില്‍ എനിക്കുനീതി നടത്തിത്തരണമേ!
ദൈവമേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ!
എന്റെ അധരങ്ങളില്‍ നിന്ന്ഉതിരുന്ന വാക്കുകള്‍ ശ്രദ്ധിക്കണമേ!

കര്‍ത്താവാണ് എന്റെ ജീവന്‍ താങ്ങിനിര്‍ത്തുന്നവന്‍.

അഹങ്കാരികള്‍ എന്നെ എതിര്‍ക്കുന്നു;
നിര്‍ദയര്‍ എന്നെ വേട്ടയാടുന്നു;
അവര്‍ക്കു ദൈവചിന്തയില്ല.

കര്‍ത്താവാണ് എന്റെ ജീവന്‍ താങ്ങിനിര്‍ത്തുന്നവന്‍.

ഇതാ, ദൈവമാണ് എന്റെ സഹായകന്‍,
കര്‍ത്താവാണ് എന്റെ ജീവന്‍ താങ്ങിനിര്‍ത്തുന്നവന്‍.
ഞാന്‍ അങ്ങേക്കു ഹൃദയപൂര്‍വം ബലി അര്‍പ്പിക്കും;
കര്‍ത്താവേ, അങ്ങേ ശ്രേഷ്ഠമായ നാമത്തിനു ഞാന്‍ നന്ദിപറയും.

കര്‍ത്താവാണ് എന്റെ ജീവന്‍ താങ്ങിനിര്‍ത്തുന്നവന്‍.

രണ്ടാം വായന


യാക്കോ 3:16-4:3
സമാധാനസ്രഷ്ടാക്കള്‍ നീതിയുടെ ഫലം സമാധാനത്തില്‍ വിതയ്ക്കുന്നു.

എവിടെ അസൂയയും സ്വാര്‍ഥമോഹവും ഉണ്ടോ അവിടെ ക്രമക്കേടും എല്ലാ ദുഷ്‌കര്‍മങ്ങളും ഉണ്ട്. എന്നാല്‍, ഉന്നതത്തില്‍ നിന്നുള്ള ജ്ഞാനം ഒന്നാമത് ശുദ്ധവും പിന്നെ സമാധാനപൂര്‍ണവും വിനീതവും വിധേയത്വമുളള തും കാരുണ്യവും സത്ഫലങ്ങളും നിറഞ്ഞതും ആണ്. അത് അനിശ്ചിതമോ ആത്മാര്‍ഥത ഇല്ലാത്തതോ അല്ല. സമാധാനസ്രഷ്ടാക്കള്‍ നീതിയുടെ ഫലം സമാധാനത്തില്‍ വിതയ്ക്കുന്നു.
നിങ്ങളുടെ ഇടയില്‍ തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാകുന്നത് എങ്ങനെയാണ്? നിങ്ങളുടെ അവയവങ്ങളില്‍ പോരാടിക്കൊണ്ടിരിക്കുന്ന ദുരാശകളില്‍ നിന്നല്ലേ അവ ഉണ്ടാകുന്നത്? നിങ്ങള്‍ ആഗ്രഹിക്കുന്നതു നിങ്ങള്‍ക്കു ലഭിക്കുന്നില്ല. നിങ്ങള്‍ കൊല്ലുകയും അസൂയപ്പെടുകയും ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ക്ക് ഒന്നും ലഭിക്കുന്നില്ല. നിങ്ങള്‍ വഴക്കിടുകയും യുദ്ധം ചെയ്യുകയും ചെയ്യുന്നു. നിങ്ങള്‍ ആവശ്യപ്പെടുന്നില്ല; അതിനാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നില്ല. ചോദിച്ചിട്ടും നിങ്ങള്‍ക്കു ലഭിക്കുന്നില്ലെങ്കില്‍, അതു നിങ്ങളുടെ ദുരാശകളെ തൃപ്തിപ്പെടുത്താന്‍ നിങ്ങള്‍ തിന്മയായിട്ടുള്ളവ ചോദിക്കുന്നതു കൊണ്ടാണ്.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മാര്‍ക്കോ 9:30-37
മനുഷ്യപുത്രന്‍ മനുഷ്യരുടെ കരങ്ങളില്‍ ഏല്പിക്കപ്പെടും; ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്തവനാകണം.

അക്കാലത്ത്, യേശുവും ശിഷ്യന്മാരും ഗലീലിയിലൂടെ കടന്നുപോയി. ഇക്കാര്യം ആരും അറിയരുതെന്ന് അവന്‍ ആഗ്രഹിച്ചു. കാരണം, അവന്‍ ശിഷ്യന്മാരെ പഠിപ്പിക്കുകയായിരുന്നു. അവന്‍ പറഞ്ഞു: മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈകളില്‍ ഏല്‍പിക്കപ്പെടുകയും അവര്‍ അവനെ വധിക്കുകയും ചെയ്യും. അവന്‍ വധിക്കപ്പെട്ടു മൂന്നുദിവസം കഴിയുമ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. ഈ വചനം അവര്‍ക്കു മനസ്സിലായില്ല. എങ്കിലും, അവനോടു ചോദിക്കാന്‍ അവര്‍ ഭയപ്പെട്ടു.
അവര്‍ പിന്നീട് കഫര്‍ണാമില്‍ എത്തി, അവന്‍ വീട്ടിലായിരിക്കുമ്പോള്‍ അവരോടു ചോദിച്ചു: വഴിയില്‍വച്ച് എന്തിനെക്കുറിച്ചാണു നിങ്ങള്‍ തമ്മില്‍ തര്‍ക്കിച്ചിരുന്നത്? അവര്‍ നിശ്ശബ്ദരായിരുന്നതേയുള്ളു. കാരണം, തങ്ങളില്‍ ആരാണു വലിയവന്‍ എന്നതിനെക്കുറിച്ചാണ് വഴിയില്‍വച്ച് അവര്‍ തര്‍ക്കിച്ചത്. അവന്‍ ഇരുന്നിട്ടു പന്ത്രണ്ടുപേരെയും വിളിച്ചു പറഞ്ഞു: ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം. അവന്‍ ഒരു ശിശുവിനെ എടുത്ത് അവരുടെ മധ്യേ നിറുത്തി. അവനെ കരങ്ങളില്‍ വഹിച്ചുകൊണ്ടു പറഞ്ഞു: ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവന്‍ എന്നെയല്ല, എന്നെ അയച്ചവനെയാണ് സ്വീകരിക്കുന്നത്.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ കാണിക്കകള്‍
ദയാപൂര്‍വം സ്വീകരിക്കണമേ.
വിശ്വാസത്തിന്റെ ഭക്തിയാല്‍ പ്രഖ്യാപിക്കപ്പെടുന്നത്
സ്വര്‍ഗീയരഹസ്യങ്ങളാല്‍ ഇവര്‍ പ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 119:4-5

അങ്ങേ പ്രമാണങ്ങള്‍ ശ്രദ്ധാപൂര്‍വം പാലിക്കണമെന്ന്
അങ്ങ് കല്പിച്ചിരിക്കുന്നു.
അങ്ങേ ചട്ടങ്ങള്‍ പാലിക്കുന്നതിന്
എന്റെ വഴികള്‍ നയിക്കപ്പെടട്ടെ.


Or:
യോഹ 10:14

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ നല്ലിടയനാണ്,
ഞാന്‍ എന്റെ ആടുകളെയും അവ എന്നെയും അറിയുന്നു.


ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കൂദാശയാല്‍
അങ്ങ് പരിപോഷിപ്പിക്കുന്ന ഇവരെ
നിരന്തരസഹായത്താല്‍ ഉദ്ധരിക്കണമേ.
അങ്ങനെ, ദിവ്യരഹസ്യങ്ങളാലും ജീവിതരീതികളാലും
പരിത്രാണത്തിന്റെ ഫലം ഞങ്ങള്‍ സംപ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s