Daily Readings

ദിവ്യബലി വായനകൾ Friday of week 25 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വെള്ളി, 24/9/2021


Friday of week 25 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങയോടും അയല്ക്കാരോടുമുള്ള സ്‌നേഹത്തില്‍
ദിവ്യകല്പനകളെല്ലാം അങ്ങ് സ്ഥാപിച്ചുവല്ലോ.
അങ്ങേ കല്പനകള്‍ പാലിച്ചുകൊണ്ട്
നിത്യജീവനിലേക്ക് ഞങ്ങള്‍ എത്തിച്ചേരാനുള്ള
അര്‍ഹത ഞങ്ങള്‍ക്കു നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഹഗ്ഗാ 1:15-2:9
ഇനി അല്പസമയത്തിനുള്ളില്‍ ഞാന്‍ ഈ ആലയത്തെ മഹത്വപൂര്‍ണ്ണമാക്കും.

ദാരിയൂസ് രാജാവിന്റെ രണ്ടാം ഭരണവര്‍ഷം, ഏഴാം മാസം ഇരുപത്തൊന്നാം ദിവസം, പ്രവാചകനായ ഹഗ്ഗായിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: യൂദായുടെ ദേശാധിപതിയായ ഷെയാല്‍ത്തിയേലിന്റെ മകന്‍ സെറുബാബേലിനോടും, യഹോസദാക്കിന്റെ പുത്രനും പ്രധാന പുരോഹിതനുമായ ജോഷ്വയോടും ജനത്തില്‍ അവശേഷിക്കുന്നവരോടും പറയുക, ഈ ആലയത്തിന്റെ പൂര്‍വമഹിമ കണ്ടിട്ടുള്ളവരായി നിങ്ങളില്‍ ആരുണ്ട്? ഇപ്പോള്‍ ഇതിന്റെ സ്ഥിതിയെന്താണ്? തീരെ നിസ്സാരമായിട്ടു തോന്നുന്നില്ലേ? എങ്കിലും, സെറുബാബേല്‍, ധൈര്യമായിരിക്കുക. യഹോസദാക്കിന്റെ പുത്രനും പ്രധാന പുരോഹിതനുമായ ജോഷ്വ, ധൈര്യമായിരിക്കുക. ദേശവാസികളെ, ധൈര്യമവലംബിക്കുവിന്‍ – കര്‍ത്താവ് അരുളിച്ചെയ്യുന്നു. പണിയുവിന്‍, ഞാന്‍ നിങ്ങളോടു കൂടെയുണ്ട് – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഈജിപ്തില്‍ നിന്നു നിങ്ങള്‍ പുറപ്പെട്ടപ്പോള്‍ ഞാന്‍ നിങ്ങളോടു വാഗ്ദാനം ചെയ്തിരുന്നതു പോലെ തന്നെ എന്റെ ആത്മാവു നിങ്ങളുടെ ഇടയില്‍ വസിക്കുന്നു; ഭയപ്പെടേണ്ടാ.
സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അല്‍പസമയത്തിനുള്ളില്‍ വീണ്ടും ഞാന്‍ ആകാശവും ഭൂമിയും കടലും കരയും ഇളക്കും. ഞാന്‍ എല്ലാ ജനതകളെയും കുലുക്കും. അങ്ങനെ എല്ലാ ജനതകളുടെയും അമൂല്യനിധികള്‍ ഇങ്ങോട്ടുവരും. ഈ ആലയം ഞാന്‍ മഹത്വപൂര്‍ണമാക്കും – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. വെള്ളി എന്റെതാണ്; സ്വര്‍ണവും എന്റെതാണ് – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഈ ആലയത്തിന്റെ പൂര്‍വമഹത്വത്തെക്കാള്‍ ഉന്നതമായിരിക്കും വരാന്‍ പോകുന്ന മഹത്വം – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഈ സ്ഥലത്തിനു ഞാന്‍ ഐശ്വര്യം നല്‍കും – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 43:1,2,3,4

ദൈവത്തില്‍ പ്രത്യാശ വയ്ക്കുക. എന്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്ത്തും.

ദൈവമേ, എനിക്കു നീതി നടത്തിത്തരണമേ!
അധര്‍മികള്‍ക്കെതിരേ എനിക്കുവേണ്ടി വാദിക്കണമേ!
വഞ്ചകരും നീതിരഹിതരും ആയവരില്‍ നിന്ന്
എന്നെ മോചിപ്പിക്കണമേ!

ദൈവത്തില്‍ പ്രത്യാശ വയ്ക്കുക. എന്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്ത്തും.

ദൈവമേ, ഞാന്‍ അഭയം തേടിയിരിക്കുന്നത് അങ്ങയിലാണല്ലോ,
അങ്ങ് എന്നെ പുറന്തള്ളിയതെന്തുകൊണ്ട്?
ശത്രുവിന്റെ പീഡനംമൂലം
എനിക്കു വിലപിക്കേണ്ടിവന്നത് എന്തുകൊണ്ട്?

ദൈവത്തില്‍ പ്രത്യാശ വയ്ക്കുക. എന്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്ത്തും.

അങ്ങേ പ്രകാശവും സത്യവും അയയ്ക്കണമേ!
അവ എന്നെ നയിക്കട്ടെ,
അവിടുത്തെ വിശുദ്ധ ഗിരിയിലേക്കും
നിവാസത്തിലേക്കും അവ എന്നെ നയിക്കട്ടെ.

ദൈവത്തില്‍ പ്രത്യാശ വയ്ക്കുക. എന്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്ത്തും.

അപ്പോള്‍ ഞാന്‍ ദൈവത്തിന്റെ ബലിപീഠത്തിങ്കലേക്കു ചെല്ലും,
എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കുതന്നെ;
ദൈവമേ, എന്റെ ദൈവമേ,
കിന്നരംകൊണ്ട് അങ്ങയെ ഞാന്‍ സ്തുതിക്കും.

ദൈവത്തില്‍ പ്രത്യാശ വയ്ക്കുക. എന്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്ത്തും.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 9:18-22
നീ ദൈവത്തിന്റെ ക്രിസ്തു ആണ്. മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കേണ്ടിയിരിക്കുന്നു.

അക്കാലത്ത്, യേശു തനിയെ പ്രാര്‍ഥിക്കുകയായിരുന്നു. ശിഷ്യന്മാരും അവന്റെ കൂടെ ഉണ്ടായിരുന്നു. അപ്പോള്‍ അവന്‍ ചോദിച്ചു: ഞാന്‍ ആരെന്നാണു ജനങ്ങള്‍ പറയുന്നത്? അവര്‍ മറുപടി നല്‍കി. ചിലര്‍ സ്‌നാപകയോഹന്നാനെന്നും മറ്റു ചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ പൂര്‍വപ്രവാചകന്മാരില്‍ ഒരാള്‍ ഉയിര്‍ത്തിരിക്കുന്നു എന്നും പറയുന്നു. അപ്പോള്‍ അവന്‍ ചോദിച്ചു: ഞാന്‍ ആരെന്നാണു നിങ്ങള്‍ പറയുന്നത്? പത്രോസ് ഉത്തരം നല്‍കി: നീ ദൈവത്തിന്റെ ക്രിസ്തു ആണ്. ഇക്കാര്യം ആരോടും പറയരുതെന്നു കര്‍ശനമായി നിരോധിച്ചതിനുശേഷം അവന്‍ അരുളിച്ചെയ്തു: മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കുകയും, ജനപ്രമാണികള്‍, പുരോഹിത പ്രമുഖന്മാര്‍, നിയമജ്ഞര്‍ എന്നിവരാല്‍ തിരസ്‌കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാംദിവസം ഉയിര്‍പ്പിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ കാണിക്കകള്‍
ദയാപൂര്‍വം സ്വീകരിക്കണമേ.
വിശ്വാസത്തിന്റെ ഭക്തിയാല്‍ പ്രഖ്യാപിക്കപ്പെടുന്നത്
സ്വര്‍ഗീയരഹസ്യങ്ങളാല്‍ ഇവര്‍ പ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 119:4-5

അങ്ങേ പ്രമാണങ്ങള്‍ ശ്രദ്ധാപൂര്‍വം പാലിക്കണമെന്ന്
അങ്ങ് കല്പിച്ചിരിക്കുന്നു.
അങ്ങേ ചട്ടങ്ങള്‍ പാലിക്കുന്നതിന്
എന്റെ വഴികള്‍ നയിക്കപ്പെടട്ടെ.


Or:
യോഹ 10:14

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ നല്ലിടയനാണ്,
ഞാന്‍ എന്റെ ആടുകളെയും അവ എന്നെയും അറിയുന്നു.


ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കൂദാശയാല്‍
അങ്ങ് പരിപോഷിപ്പിക്കുന്ന ഇവരെ
നിരന്തരസഹായത്താല്‍ ഉദ്ധരിക്കണമേ.
അങ്ങനെ, ദിവ്യരഹസ്യങ്ങളാലും ജീവിതരീതികളാലും
പരിത്രാണത്തിന്റെ ഫലം ഞങ്ങള്‍ സംപ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Categories: Daily Readings, Readings

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s