ദിവ്യബലി വായനകൾ Saint Vincent de Paul

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 തിങ്കൾ, 27/9/2021


Saint Vincent de Paul, Priest 
on Monday of week 26 in Ordinary Time

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

ദൈവമേ, പാവപ്പെട്ടവരുടെ ആശ്വാസത്തിനും
വൈദികരുടെ പരിശീലനത്തിനുമായി
വൈദികനായ വിശുദ്ധ വിന്‍സന്റ് ഡി പോളിനെ
അപ്പസ്‌തോലിക സുകൃതങ്ങളാല്‍ അങ്ങ് സംപൂരിതനാക്കിയല്ലോ.
അതേ ചൈതന്യത്താല്‍ ഉജ്ജ്വലിച്ച്,
അദ്ദേഹം സ്‌നേഹിച്ചത് ഞങ്ങളും സ്‌നേഹിക്കാനും
അദ്ദേഹം പഠിപ്പിച്ചത് പ്രാവര്‍ത്തികമാക്കാനും
അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

സഖ 8:1-8
ഞാന്‍ എന്റെ ജനത്തെ കിഴക്കുനിന്നും പടിഞ്ഞാറുനിന്നും രക്ഷിക്കും.

എനിക്കു സൈന്യങ്ങളുടെ കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഞാന്‍ സീയോനെപ്രതി അസഹിഷ്ണുവായിരിക്കുന്നു; അവള്‍ക്കു വേണ്ടി ക്രോധത്താല്‍ ജ്വലിക്കുന്നു. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ സീയോനിലേക്കു മടങ്ങിവരും; ജറുസലെമിന്റെ മധ്യേ വസിക്കും. ജറുസലെം വിശ്വസ്ത നഗരമെന്നും സൈന്യങ്ങളുടെ കര്‍ത്താവിന്റെ പര്‍വതം, വിശുദ്ധഗിരി എന്നും വിളിക്കപ്പെടും. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: വൃദ്ധന്മാരും വൃദ്ധകളും പ്രായാധിക്യം മൂലം കൈയില്‍ വടിയുമായി ജറുസലെമിന്റെ തെരുവുകളില്‍ വീണ്ടും ഇരിക്കും. കളിച്ചുല്ലസിക്കുന്ന ബാലികാബാലന്മാരെക്കൊണ്ട് നഗരവീഥികള്‍ നിറയും. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇക്കാലത്ത് ജനത്തില്‍ അവശേഷിക്കുന്നവര്‍ക്ക് അത് അദ്ഭുതമായി തോന്നും. എന്നാല്‍ എനിക്കും അദ്ഭുതമായി തോന്നണമോ? – സൈന്യങ്ങളുടെ കര്‍ത്താവ് ചോദിക്കുന്നു. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ എന്റെ ജനത്തെ കിഴക്കുനിന്നും പടിഞ്ഞാറുനിന്നും രക്ഷിക്കും. ഞാന്‍ അവരെ കൊണ്ടുവന്ന് ജറുസലെമില്‍ പാര്‍പ്പിക്കും. വിശ്വസ്തതയിലും നീതിയിലും അവര്‍ എനിക്കു ജനവും ഞാന്‍ അവര്‍ക്കു ദൈവവും ആയിരിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 102:15-16,18,20b,28,19-20

കര്‍ത്താവു സീയോനെ പണിതുയര്‍ത്തും; അവിടുന്നു തന്റെ മഹത്വത്തില്‍ പ്രത്യക്ഷപ്പെടും.

ജനതകള്‍ കര്‍ത്താവിന്റെ നാമത്തെ ഭയപ്പെടും;
ഭൂമിയിലെ രാജാക്കന്മാര്‍ അങ്ങേ മഹത്വത്തെയും.
അഗതികളുടെ പ്രാര്‍ഥന അവിടുന്നു പരിഗണിക്കും;
അവരുടെ യാചനകള്‍ നിരസിക്കുകയില്ല.

കര്‍ത്താവു സീയോനെ പണിതുയര്‍ത്തും; അവിടുന്നു തന്റെ മഹത്വത്തില്‍ പ്രത്യക്ഷപ്പെടും.

ഭാവിതലമുറയ്ക്കുവേണ്ടി,
ഇനിയും ജനിച്ചിട്ടില്ലാത്ത ജനം
അവിടുത്തെ സ്തുതിക്കാന്‍ വേണ്ടി,
ഇത് ആലേഖനം ചെയ്യപ്പെടട്ടെ!
അവിടുന്ന് തന്റെ വിശുദ്ധമന്ദിരത്തില്‍ നിന്നു
താഴേക്കു നോക്കി;
സ്വര്‍ഗത്തില്‍ നിന്നു കര്‍ത്താവു ഭൂമിയെ നോക്കി.

കര്‍ത്താവു സീയോനെ പണിതുയര്‍ത്തും; അവിടുന്നു തന്റെ മഹത്വത്തില്‍ പ്രത്യക്ഷപ്പെടും.

അങ്ങേ ദാസരുടെ മക്കള്‍ സുരക്ഷിതരായി വസിക്കും;
അവരുടെ സന്തതിപരമ്പര അങ്ങേ മുന്‍പില്‍ നിലനില്‍ക്കും.
തടവുകാരുടെ ഞരക്കം കേള്‍ക്കാനും
മരണത്തിനു വിധിക്കപ്പെട്ടവരെ സ്വതന്ത്രരാക്കാനും വേണ്ടി
സ്വര്‍ഗത്തില്‍ നിന്നു കര്‍ത്താവു ഭൂമിയെ നോക്കി.

കര്‍ത്താവു സീയോനെ പണിതുയര്‍ത്തും; അവിടുന്നു തന്റെ മഹത്വത്തില്‍ പ്രത്യക്ഷപ്പെടും.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 9:46-50
നിങ്ങളില്‍ ഏറ്റവും ചെറിയവനാണ് ഏറ്റം വലിയവന്‍.

അക്കാലത്ത്, ശിഷ്യന്മാര്‍ തമ്മില്‍ തങ്ങളില്‍ വലിയവന്‍ ആരാണ് എന്ന് തര്‍ക്കിച്ചു. അവരുടെ ഹൃദയവിചാരങ്ങള്‍ അറിഞ്ഞ യേശു ഒരു ശിശുവിനെ എടുത്ത് അടുത്തുനിറുത്തി, അവരോടു പറഞ്ഞു: എന്റെ നാമത്തില്‍ ഈ ശിശുവിനെ സ്വീകരിക്കുന്ന ഏവനും എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. നിങ്ങളില്‍ ഏറ്റവും ചെറിയവന്‍ ആരോ അവനാണ് നിങ്ങളില്‍ ഏറ്റവും വലിയന്‍.
യോഹന്നാന്‍ പറഞ്ഞു: ഗുരോ, നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുന്ന ഒരാളെ ഞങ്ങള്‍ കണ്ടു. അവന്‍ ഞങ്ങളോടൊപ്പം നിന്നെ അനുഗമിക്കാത്തതുകൊണ്ട് ഞങ്ങള്‍ അവനെ തടഞ്ഞു. യേശു പറഞ്ഞു: അവനെ തടയേണ്ടാ, എന്തെന്നാല്‍, നിങ്ങള്‍ക്ക് എതിരല്ലാത്തവന്‍ നിങ്ങളുടെ ഭാഗത്താണ്.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, അനുഷ്ഠിക്കുന്ന ദിവ്യരഹസ്യങ്ങള്‍ അനുകരിക്കാന്‍
വിശുദ്ധ വിന്‍സന്റ് ഡി പോളിനെ അങ്ങ് പ്രാപ്തനാക്കിയല്ലോ.
ഈ ബലിയുടെ ചൈതന്യത്താല്‍,
ഞങ്ങളും അങ്ങേക്ക് സ്വീകാര്യമായ
അര്‍പ്പണമായി ഭവിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 107:8-9

അവിടത്തെ കാരുണ്യത്തെപ്രതിയും
മനുഷ്യമക്കള്‍ക്കായി അവിടന്നു ചെയ്ത അദ്ഭുതങ്ങളെ പ്രതിയും
അവര്‍ കര്‍ത്താവിനെ ഏറ്റുപറയട്ടെ;
എന്തെന്നാല്‍, അവിടന്ന് ദാഹാര്‍ത്തരെ തൃപ്തിപ്പെടുത്തുകയും
വിശന്ന മാനസങ്ങളെ സത്‌വിഭവങ്ങള്‍കൊണ്ട്
സംതൃപ്തമാക്കുകയും ചെയ്തു.


ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയകൂദാശകളാല്‍ പരിപോഷിതരായി,
ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ദരിദ്രരോട് സുവിശേഷം പ്രസംഗിച്ച
അങ്ങേ പുത്രനെ അനുകരിക്കാന്‍
വിശുദ്ധ വിന്‍സന്റ് ഡി പോളിന്റെ മാതൃകയാല്‍
ഞങ്ങള്‍ പ്രചോദിതരാകുന്നപോലെ,
അദ്ദേഹത്തിന്റെ മധ്യസ്ഥസഹായവും
ഞങ്ങള്‍ അനുഭവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s