ദിവ്യബലി വായനകൾ Saint Jerome / Thursday of week 26 in Ordinary Time

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

30-Sept-2021, വ്യാഴം

Saint Jerome, Priest, Doctor on Thursday of week 26 in Ordinary Time

Liturgical Colour: White.

____

ഒന്നാം വായന

നെഹെ 8:1-12

എസ്രാ നിയമഗ്രന്ഥം തുറന്ന് ജനങ്ങളെ ആശീര്‍വദിച്ചു; അവര്‍ ആമേന്‍, ആമേന്‍ എന്ന് ഉദ്‌ഘോഷിച്ചു.

അക്കാലത്ത്, ഇസ്രായേല്‍ ജനം ഒറ്റക്കെട്ടായി ജലകവാടത്തിനു മുന്‍പിലുള്ള മൈതാനത്തില്‍ സമ്മേളിച്ചു. കര്‍ത്താവ് ഇസ്രായേലിനു നല്‍കിയ മോശയുടെ നിയമഗ്രന്ഥം കൊണ്ടുവരാന്‍ അവര്‍ നിയമജ്ഞനായ എസ്രായോട് ആവശ്യപ്പെട്ടു. ഏഴാം മാസം ഒന്നാം ദിവസം പുരോഹിതനായ എസ്രാ സ്ത്രീകളും പുരുഷന്മാരും തിരിച്ചറിവായ എല്ലാവരും അടങ്ങുന്ന സഭയുടെ മുന്‍പില്‍ നിയമഗ്രന്ഥം കൊണ്ടുവന്നു. അവന്‍ ജലകവാടത്തിനു മുന്‍പിലുള്ള മൈതാനത്തു നിന്നുകൊണ്ട് അതിരാവിലെ മുതല്‍ മധ്യാഹ്‌നം വരെ അവരുടെ മുന്‍പില്‍ അതു വായിച്ചു. ജനം ശ്രദ്ധാപൂര്‍വം ശ്രവിച്ചു. പ്രത്യേകം നിര്‍മിച്ച തടികൊണ്ടുള്ള പീഠത്തിലാണ് എസ്രാ നിന്നത്.
ഉയര്‍ന്ന പീഠത്തില്‍ നിന്നുകൊണ്ട്, എല്ലാവരും കാണ്‍കെ അവന്‍ പുസ്തകം തുറന്നു. അവര്‍ എഴുന്നേറ്റുനിന്നു. എസ്രാ അത്യുന്നത ദൈവമായ കര്‍ത്താവിനെ സ്തുതിച്ചു. ജനം കൈകള്‍ ഉയര്‍ത്തി ആമേന്‍, ആമേന്‍ എന്ന് ഉദ്‌ഘോഷിക്കുകയും സാഷ്ടാംഗം വീണു കര്‍ത്താവിനെ ആരാധിക്കുകയും ചെയ്തു.
ലേവ്യര്‍ ദൈവത്തിന്റെ നിയമഗ്രന്ഥം വ്യക്തമായി വായിച്ചു, ജനങ്ങള്‍ക്കു മനസ്സിലാകുംവിധം ആശയം വിശദീകരിച്ചു. നിയമം വായിച്ചുകേട്ടു ജനം കരഞ്ഞു. അപ്പോള്‍ ദേശാധിപനായ നെഹെമിയായും പുരോഹിതനും നിയമജ്ഞനായ എസ്രായും ജനത്തെ പഠിപ്പിച്ച ലേവ്യരും അവരോടു പറഞ്ഞു: നിങ്ങളുടെ ദൈവമായ കര്‍ത്താവിന് ഈ ദിവസം വിശുദ്ധമാണ്. അതിനാല്‍, ദുഃഖിക്കുകയോ കരയുകയോ അരുത്. അനന്തരം അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ പോയി വിഭവസമൃദ്ധമായ ഭക്ഷണവും മധുരവീഞ്ഞും കഴിക്കുക. ആഹാരമില്ലാത്തവന് ഓഹരി കൊടുത്തയയ്ക്കുകയും ചെയ്യുക. ഈ ദിവസം കര്‍ത്താവിനു വിശുദ്ധമാണ്. നിങ്ങള്‍ വിലപിക്കരുത്. അവിടുത്തെ സന്തോഷമാണ് നിങ്ങളുടെ ബലം. നിശ്ശബ്ദരായിരിക്കുവിന്‍. ഈ ദിവസം വിശുദ്ധമാണ്. വിലാപം അരുത് എന്നു പറഞ്ഞ് ലേവ്യര്‍ ജനത്തെ ശാന്തരാക്കി. കാര്യം ഗ്രഹിച്ച് എല്ലാവരും ഭക്ഷണപാനീയങ്ങള്‍ കഴിക്കാനും ഓഹരികള്‍ എത്തിച്ചുകൊടുക്കാനും ആഹ്ളാദിക്കാനും വേണ്ടി പിരിഞ്ഞുപോയി.

കർത്താവിന്റെ വചനം.
____

പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 19:7-10

R. കര്‍ത്താവിന്റെ കല്‍പനകള്‍ നീതിയുക്തമാണ്; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.

കര്‍ത്താവിന്റെ നിയമം അവികലമാണ്; അത് ആത്മാവിനു പുതുജീവന്‍ പകരുന്നു. കര്‍ത്താവിന്റെ സാക്ഷ്യം വിശ്വാസ്യമാണ്; അതു വിനീതരെ വിജ്ഞാനികളാക്കുന്നു.

R. കര്‍ത്താവിന്റെ കല്‍പനകള്‍ നീതിയുക്തമാണ്; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.

കര്‍ത്താവിന്റെ കല്‍പനകള്‍ നീതിയുക്തമാണ്; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; കര്‍ത്താവിന്റെ പ്രമാണം വിശുദ്ധമാണ്; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.

R. കര്‍ത്താവിന്റെ കല്‍പനകള്‍ നീതിയുക്തമാണ്; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.

ദൈവഭക്തി നിര്‍മലമാണ്;
അത് എന്നേക്കും നിലനില്‍ക്കുന്നു; കര്‍ത്താവിന്റെ വിധികള്‍ സത്യമാണ്; അവ തികച്ചും നീതിപൂര്‍ണമാണ്.

R. കര്‍ത്താവിന്റെ കല്‍പനകള്‍ നീതിയുക്തമാണ്; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.

അവ പൊന്നിനെയും തങ്കത്തെയുംകാള്‍ അഭികാമ്യമാണ്; അവ തേനിനെയും തേന്‍കട്ടയെയുംകാള്‍ മധുരമാണ്.

R. കര്‍ത്താവിന്റെ കല്‍പനകള്‍ നീതിയുക്തമാണ്; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.
____

സുവിശേഷ പ്രഘോഷണവാക്യം

മത്താ 4:4

അല്ലേലൂയാ, അല്ലേലൂയാ!
മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കു കൊണ്ടുമാണു ജീവിക്കുന്നത്.
അല്ലേലൂയാ!


Or:

മര്‍ക്കോ 1:15

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍.
അല്ലേലൂയാ!

____

സുവിശേഷം

ലൂക്കാ 10:1-12

നിങ്ങളുടെ സമാധാനം അവനില്‍ കുടികൊള്ളും.

അക്കാലത്ത്, കര്‍ത്താവ് വേറെ എഴുപത്തിരണ്ടു പേരെ തെരഞ്ഞെടുത്ത്, താന്‍ പോകാനിരുന്ന എല്ലാ പട്ടണങ്ങളിലേക്കും നാട്ടിന്‍ പുറങ്ങളിലേക്കും ഈരണ്ടു പേരായി അവരെ തനിക്കു മുമ്പേ അയച്ചു. അവന്‍ അവരോടു പറഞ്ഞു: കൊയ്ത്തു വളരെ; വേലക്കാരോ ചുരുക്കം. അതിനാല്‍ കൊയ്ത്തിനു വേലക്കാരെ അയയ്ക്കുവാന്‍ കൊയ്ത്തിന്റെ നാഥനോടു നിങ്ങള്‍ പ്രാര്‍ഥിക്കുവിന്‍. പോകുവിന്‍, ഇതാ, ചെന്നായ്ക്കളുടെ ഇടയിലേക്കു കുഞ്ഞാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോ നിങ്ങള്‍ കൊണ്ടുപോകരുത്. വഴിയില്‍വച്ച് ആരെയും അഭിവാദനം ചെയ്യുകയും അരുത്. നിങ്ങള്‍ ഏതു വീട്ടില്‍ പ്രവേശിച്ചാലും, ഈ വീടിന് സമാധാനം എന്ന് ആദ്യമേ ആശംസിക്കണം. സമാധാനത്തിന്റെ പുത്രന്‍ അവിടെയുണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അവനില്‍ കുടികൊള്ളും. ഇല്ലെങ്കില്‍ അതു നിങ്ങളിലേക്കു തിരിച്ചുപോരും. അവരോടൊപ്പം ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തുകൊണ്ട് ആnവീട്ടില്‍ തന്നെ വസിക്കുവിന്‍. വേലക്കാരന്‍ തന്റെ കൂലിക്ക് അര്‍ഹനാണല്ലോ. നിങ്ങള്‍ വീടുതോറും ചുറ്റിനടക്കരുത്. ഏതെങ്കിലും നഗരത്തില്‍ നിങ്ങള്‍ പ്രവേശിക്കുകയും അവര്‍ നിങ്ങളെ സ്വീകരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ക്കു വിളമ്പുന്നതു ഭക്ഷിക്കുവിന്‍. അവിടെയുള്ള രോഗികളെ സുഖപ്പെടുത്തുവിന്‍. ദൈവരാജ്യം നിങ്ങളെ സമീപിച്ചിരിക്കുന്നുവെന്ന് അവരോടു പറയുകയും ചെയ്യുവിന്‍. നിങ്ങള്‍ ഏതെങ്കിലും നഗരത്തില്‍ പ്രവേശിക്കുമ്പോള്‍ അവര്‍ നിങ്ങളെ സ്വീകരിക്കാതിരുന്നാല്‍ തെരുവിലിറങ്ങിനിന്നുകൊണ്ടു പറയണം: നിങ്ങളുടെ നഗരത്തില്‍ നിന്ന് ഞങ്ങളുടെ കാലുകളില്‍ പറ്റിയിട്ടുള്ള പൊടിപോലും നിങ്ങള്‍ക്കെതിരേ ഞങ്ങള്‍ തട്ടിക്കളയുന്നു. എന്നാല്‍, ദൈവരാജ്യം സമീപിച്ചിരിക്കുന്നുവെന്നു നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍. ഞാന്‍ നിങ്ങളോടു പറയുന്നു, ആ ദിവസം സോദോമിന്റെ സ്ഥിതി ഈ നഗരത്തിന്റെതിനെക്കാള്‍ സഹനീയമായിരിക്കും.

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Advertisements

Leave a comment