നിഷ്കളങ്കതയിൽ നിന്നുള്ള ആനന്ദം

|| നിഷ്കളങ്കതയിൽ നിന്നുള്ള ആനന്ദം ||
ബോബി ജോസ് കട്ടികാട്
 
മലേഷ്യയിലെ പേനാങ്ങിലുള്ള കപ്പൂച്ചിൻ ആശ്രമത്തിലെ സന്ദർശനമുറിയുടെ ഭിത്തിയിൽ ഒരു കള്ളുകുപ്പിയുമായി നിൽക്കുന്ന രണ്ട് സന്യാസികളുടെ – friar – ചിത്രമുണ്ട്. അതിനൊരു അടിക്കുറിപ്പും: Drink is our enemy. അടുത്തത് അടിച്ചു കോണായിരിക്കുന്ന അവരുടെ തന്നെ ചിത്രമാണ്. താഴെ ‘Love your enemy’ എന്ന തിരുവചനവുമുണ്ട്!
 
ഈ കുസൃതിയും കുറുമ്പും ഫലിതവും ഞങ്ങൾക്കിടയിൽ നുരയുന്നത്, ഫ്രാൻസിസ്‌കൻ പാരമ്പര്യത്തിന്റെ കോപ്പയിലെ മട്ടിൽ അടിഞ്ഞിരിക്കുന്ന ജൂണിപ്പർ എന്നൊരു നാമം കൊണ്ടാണ്. ഫ്രാൻസിസിന്റെ ആദ്യകാലശിഷ്യന്മാരിൽ ഒരാളായിരുന്നു അയാൾ. ഇന്ന് ജൂണിപ്പർ ഒരു ശൈലിയാണ്, സുകൃതമുള്ള തെല്ലു കോമാളിജീവിതങ്ങൾക്ക്. നിരവധി കഥകൾ അയാളേക്കുറിച്ച് ലിറ്റിൽ ഫ്ലവേഴ്സ് ഓഫ് സെയ്ന്റ് ഫ്രാൻസിസ് എന്ന പുസ്തകത്തിലുണ്ട്. താല്പര്യമുള്ളവർക്ക് റോബർട്ടോ റോസല്ലിനിയുടെ The Flowers of St. Francis എന്ന ചിത്രവും കണ്ടുനോക്കാവുന്നതാണ്. നിഷ്കളങ്കതയിൽ നിന്നു ചിതറുന്ന ആനന്ദമാണ് അയാളുടെ മൂലധനം. “Would to God, my brothers, I had a whole forest of such Junipers” എന്നാണ് ഫ്രാൻസിസ് ഇയാളേക്കുറിച്ച് മതിപ്പു പറയുന്നത്.
 
ദരിദ്രരോടുള്ള അനുകമ്പയായിരുന്നു പ്രധാനം. അവരെ സന്തുഷ്ടരാക്കാൻ അയാൾ ഏതറ്റം വരെയും പോകും. തണുക്കുന്നു എന്നു പറയുമ്പോൾ തന്റെ സന്യാസവസ്ത്രം ഊരിക്കൊടുക്കുക എന്നുള്ളതായിരുന്നു നടപ്പുരീതി. ഒടുവിൽ, അങ്ങനെ ആവർത്തിക്കരുതെന്ന് കർശനമായ താക്കീതും കിട്ടി. പലയാവർത്തി മാപ്പു പറഞ്ഞ് മാനസാന്തരപ്പെട്ടു. മഞ്ഞുകാലമാണ്. ഇയാളുടെ ഈ രീതി അറിയാവുന്നതുകൊണ്ട് ഒരാൾ എതിരേ വന്ന് “തണുക്കുന്നു ജൂണിപ്പർ. പുതയ്ക്കാൻ എന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ നന്നായേനെ” എന്നു പറഞ്ഞ് ചൂണ്ടയിടുന്നു. ജൂണിപ്പർ ഗൗരവത്തിലാണ്: “മേലിൽ ആർക്കും ഇത് ഊരിക്കൊടുക്കില്ലെന്ന് കട്ട വ്രതമെടുത്തിരിക്കുകയാണ്. എന്നാലും ഊരിയെടുക്കുന്നതിൽ തെറ്റൊന്നുമില്ല” എന്നു പറഞ്ഞ് ഊരാൻ പരുവത്തിൽ നിന്നു കൊടുത്തു.
 
അയാളെ ശകാരിച്ചുശകാരിച്ച് ഒരു ദിവസം സുപ്പീരിയറച്ചന്റെ തൊണ്ട പതറി. രാത്രി ജൂണിപ്പറിന് ഉറക്കം കിട്ടുന്നില്ല. അടുക്കളയിൽ കയറി നല്ലൊരു സൂപ്പുണ്ടാക്കി. കള്ളൻ വന്നാൽ ‘കള്ളാ’ എന്നു വിളിക്കാൻ പോലും പാടില്ലാത്ത പരിപൂർണനിശബ്ദതയുടെ യാമങ്ങളാണ്. സുപ്പീരിയറെ കൊട്ടിവിളിച്ചു. ഉറക്കച്ചവടവോടെ അയാൾ കാര്യമന്വേഷിച്ചു. “എന്നെ ചീത്ത വിളിച്ച് തൊണ്ട കാറിയതല്ലേ. ഈ സൂപ്പ് കുടിച്ചോ.” പിന്നെ അതിന്റെ പേരിലായി ഭൂകമ്പം. ‘തെറ്റ് എന്റെ ഭാഗത്തു നിന്നുമുണ്ട്’ എന്ന മട്ടിൽ തല കുനിച്ചു നിന്ന് എല്ലാം കേട്ടു. പിന്നെ പറഞ്ഞു, “നല്ലോണം ബുദ്ധിമുട്ടി ഉണ്ടാക്കിയ സൂപ്പാണ്. ചൊരിഞ്ഞുകളയുന്നത് ചിന്തിക്കാൻ പോലും പറ്റുന്നില്ല. അങ്ങീ മെഴുകുതിരി ഒന്നു പിടിക്കാമോ? ഞാനിതു കുടിച്ചോളാം.”
 
ജൂണിപ്പർ പിന്നീട് നമ്മുടെ കാലത്തിൽ ഒരു കാർട്ടൂൺ സ്ട്രിപ്പായി. ഫ്രെഡ് മക്‌കാർത്തി എന്ന ഫ്രാൻസിസ്കൻ സന്യാസിയായിരുന്നു വരച്ചത്. 1958 മുതൽ 1989 വരെ ഏകദേശം 185 പത്രങ്ങളിൽ അത് അച്ചടിച്ചുകൊണ്ടിരുന്നു. മക്‌കാർത്തിയുടെ ജൂണിപ്പർ ഒരു ചെറുപുഞ്ചിരി ഗാരന്റീ ചെയ്യുന്നുണ്ട്. രാത്രി മഞ്ഞത്തു വഴി തെറ്റി പോവുകയാണ് ജൂണിപ്പറും സംഘവും. ഒരു സൈൻ ബോർഡ് മഞ്ഞിൽ മൂടി നിൽപ്പുണ്ട്. മെഴുകുതിരി കത്തിച്ച് മഞ്ഞുരുക്കി അതിലെഴുതിയത് വായിക്കുമ്പോൾ അവിടെ ദൈവവചനം! ഒരു ധ്യാനം കൂടി വരുന്ന വഴിക്കാണെങ്കിൽ നിങ്ങളെന്തായിരിക്കും പ്രതികരിക്കുക?
വലിയ മനുഷ്യരും അവരുടെ ആകാശം മുട്ടുന്ന ഭാവനകളും കൂടി പതപ്പിച്ചെടുക്കുന്ന മെഗാലോകത്തിൽ എല്ലാ അർത്ഥത്തിലും ചെറിയവരായ മനുഷ്യർ അവനവന്റെ തൊടിയിൽ വിരിയിക്കുന്ന സരളലോകത്തിന്റെ ആനന്ദമാണ് ജൂണിപ്പർ. കൈ തെറ്റി വീണാൽ കാലിനു പ്ലാസ്റ്റർ ഇടേണ്ടിവരുന്ന വിധത്തിൽ തടിച്ച ബൈബിൾ വായിച്ചുകൊണ്ടിരിക്കുന്ന വല്യച്ചന്റെ അടുക്കൽച്ചെന്ന്, ഇതിന്റെ അമർ ചിത്രകഥ കിട്ടാൻ വല്ല പാങ്ങുമുണ്ടാകുമോ എന്നു ചോദിക്കുന്ന അയാളുടെ ആത്മാർത്ഥത കാണാതെപോകരുത്. പരസ്പരം കാലുവാരാനുള്ള സ്വാതന്ത്ര്യമാണ് ബന്ധങ്ങളുടെ ബെഞ്ച് മാർക്കെങ്കിൽ അവിടെയാണയാൾ എത്തിയിരിക്കുന്നത്. നമ്മുടെ പുതിയ കാലത്തിന്റെ ഭാഷയിൽ, ദൈവമുൾപ്പടെയുള്ള എല്ലാത്തിനേയും ട്രോളുകയാണ് അയാൾ.
 
കുട്ടികൾക്കുവേണ്ടി സൃഷ്ടിക്കപ്പെട്ട അപരലോകം പോലെയാണിത്. എലികൾ നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എന്നാൽ വാൾട് ഡിസ്നിയുടെ മിക്കി മൗസിനെ പരിചയപ്പെട്ടതുകൊണ്ട്, യൂണിഫോം ഇടാതെയെത്തിയ ഒരു മൂഷികബാലൻ ടീച്ചറിന്റെ ഡിസിപ്ലിൻ കൂളായി തകർത്ത് ജയാരവങ്ങളോടെ അടുത്ത ഡിവിഷനിലേക്ക് പോകുന്നു. ഫലിതം കൊണ്ട് കുറുകെ കടക്കാവുന്ന മനുഷ്യരുടെ നിർബന്ധങ്ങളേയും നിബന്ധനകളേയുംകുറിച്ചുള്ള ജൂണിപ്പറിന്റെ ലാഘവത്വമാണ് അയാളെ കാലികപ്രസക്തനാക്കുന്നത്. ബുദ്ധിയുടെ പ്രകാശമാണ് ഫലിതം. യേശുവിന്റെ ഭാഷയിൽ ആടയേക്കാൾ പ്രധാനമാണ് ഉടലെന്ന ബോധം തെളിഞ്ഞവന്റെ ജ്ഞാനമന്ദഹാസമാണത്. ഉയരങ്ങളിൽ നിന്നു താഴോട്ടുചാടി ലോകത്തെ വിസ്മയിപ്പിച്ച ഒരു അഭ്യാസി ഉണ്ടായിരുന്നു. അയാളോട് ജീവിതത്തിൽ എറ്റവും സംഭ്രമാത്മകമായ നിമിഷത്തേക്കുറിച്ച് ആരാഞ്ഞ പത്രക്കാരനു കിട്ടിയ മറുപടി ഇതായിരുന്നു: “അറുപതു നിലയുള്ള ഒരു കെട്ടിടത്തിൽ നിന്ന് ഞാൻ താഴോട്ടുചാടി. നിലത്തു ചവിട്ടുന്നതിനു മുൻപ് അതുകണ്ട് ഞാൻ തകർന്നുപോയി- പുല്ലിൽ ചവിട്ടരുതെന്ന അടയാളപ്പലക! പുല്ല്!!”
പഴയ പുസ്തകങ്ങൾ പൊടി തട്ടിക്കൊണ്ടിരിക്കുമ്പോൾ ഒരെണ്ണം കൈയിൽ തടഞ്ഞു, നാഥാൻ ഓസുബെലിന്റെ A Treasury of Jewish Humor. ഇപ്പോഴത് നാട്ടിൽ കിട്ടണമെങ്കിൽ 5946 രൂപ 54 പൈസയും വണ്ടിക്കാശും കൊടുക്കണമെന്നു കണ്ടു. അത് അതിൽത്തന്നെ ഒരു ഫലിതമാണ്. 1967-ലെ പുസ്തകമാണ്. ഒരു ജനതയെന്ന നിലയിൽ ഇത്രയും ദുരന്തങ്ങളിലൂടെ ജൂതരേപ്പോലെ മറ്റാരും കടന്നുപോയിട്ടില്ല. ആമുഖത്തിൽ സൂചിപ്പിക്കുന്നതുപോലെ ‘ഹഹ.. ഹൊഹൊ’ ഫലിതങ്ങളല്ല. നിങ്ങളെ തെല്ലുനേരത്തേക്ക് നിശബ്ദനാക്കുന്ന എന്തോ ഒരു ആഴം അതിലുണ്ട്. കഠിനമായ ജീവിതയാഥാർത്ഥ്യങ്ങളെ അഭിമുഖീകരിച്ച് നന്നായി പരുവപ്പെട്ട നിർമമരായ മനുഷ്യരുടെ ചിരിയാണത്. ദുരന്തങ്ങളുടെ ഏഴു കടലിലൂടെയും തുഴഞ്ഞ മനുഷ്യർ ചിരിയുടെ സാന്ത്വനം തിരയുന്നു.
 
നൂൽപ്പാലത്തിലൂടെ നടക്കുമ്പോൾ ബാലൻസ് തെറ്റാതിരിക്കാനുള്ള മുളവടിയാണ് ഫലിതബോധമെന്ന് വില്യം ആർതർ വാർഡ്. ഗുരുക്കന്മാർ പുലർത്തിയ ‘ഡ്രൈ സെൻസ് ഓഫ് ഹ്യൂമർ’ എന്നു വിളിക്കുന്ന തെല്ലു വരണ്ടൊരു നർമബോധമുണ്ട്. അല്ല, നിശ്ചയമായും സർക്കാസമല്ല. സർക്കാസം സ്വഭാവത്തിൽ വിരോദ്ധോക്തിയും അപഹാസവും ഒളിപ്പിക്കുന്നു. ശ്രീനാരായണഗുരുവിന്റെ നർമബോധം ഡ്രൈ ഹ്യൂമറിന്റെ ഉദാഹരണമായി എണ്ണാവുന്നതാണ്. കുതിരവണ്ടിയിൽ കയറാൻ മടി കാണിച്ച ഗുരു, മനുഷ്യൻ വലിക്കുന്ന റിക്ഷായിൽ മടിയില്ലാതെ കയറിയതിനേക്കുറിച്ച് ഒരു ശിഷ്യൻ തോണ്ടി. ഗുരുവിന്റെ മറുപടി ഇങ്ങനെ: “നാം റിക്ഷാവണ്ടിയിൽ കയറണമെന്ന് അതു വലിക്കുന്നയാൾക്ക് ആഗ്രഹമുണ്ട്. കുതിരയ്ക്കും കാളയ്ക്കും അതുണ്ടോ?”
 
യേശു പുലർത്തിയിരുന്ന നർമബോധത്തെ ഒന്നോർത്ത് ഈ പുഞ്ചിരിവിചാരം അവസാനിപ്പിക്കാവുന്നതേയുള്ളു. ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതിനേക്കാൾ ദുഷ്കരമാണ് ധനവാന്റെ സ്വർഗപ്രവേശം, കണ്ണിൽ തടിയിരിക്കുമ്പോൾ അപരന്റെ മിഴിയിലെ കരടിനോടുള്ള ആത്മാർത്ഥത, കൊതുകിനെ അരിച്ചുമാറ്റി ഒട്ടകത്തെ വിഴുങ്ങുന്നതിന്റെ പൊള്ളത്തരം, വിളക്കു കൊളുത്തി പറയുടെ കീഴിൽ സൂക്ഷിച്ചുവയ്ക്കുന്ന അവിവേകം… അങ്ങനെ പലയിടങ്ങളിലായി അവന്റെ പുഞ്ചിരിക്കുന്ന വദനം തെളിഞ്ഞുവരുന്നു.
 
കാത്തലിക് വിദ്യാലയത്തിൽ സന്ദർശനത്തിനെത്തിയ ബിഷപ്പ് ചരിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാരാണെന്നു ചോദിച്ചു. മറ്റാർക്കും അവസരം കൊടുക്കുന്നതിനു മുൻപേ ‘യേശു യേശു’ എന്ന് ഒരു ജൂതബാലൻ വിളിച്ചുപറഞ്ഞു. ബിഷപ്പ് അതിൽ തരളിതനായി. കൊണ്ടുവന്ന മുഴുവൻ സമ്മാനവും അവനു കൊടുത്ത് പുറത്തേക്കിറങ്ങുമ്പോൾ അടുത്തിരുന്ന കുട്ടിയോട് അവൻ ചെവിയിൽ പറഞ്ഞു: “യഥാർത്ഥത്തിൽ മോശയാണ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി. അതെനിക്ക് അറിയുകയും ചെയ്യാം. എന്നാലും ബിസിനസ് ഇസ് ബിസിനസ്.
 
പുഞ്ചിരിയിലേക്ക് എളുപ്പവഴികളില്ല, അവനവന്റെ നിഷ്‌കളങ്കതയുടെ വീണ്ടെടുപ്പല്ലാതെ. ‘With passion pray, with passion love.. why look like a dead fish in God’s ocean? റൂമിയുടേതാണ് ഇ പരിഹാസം. ഭ്രാന്തമായി പ്രാർത്ഥിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവർക്ക് അവന്റെ കടലിൽ ചത്ത മീനുകളെക്കണക്ക് ഒഴുകി നടക്കുക എളുപ്പമല്ല. വാലിൽ കുത്തി അതുയരെ ചാടുന്നുണ്ട്.
Advertisements

(‘പുലർവെട്ട’ത്തിന്റെ ഭാഗമായി പോസ്റ്റ് ചെയ്തിരുന്ന ബ്രദർ ജൂണിപ്പർ കാർട്ടൂണുകളുടെ തിരഞ്ഞെടുത്ത സമാഹാരം ഇന്ദുലേഖ പുസ്തകം പുറത്തിറക്കി. പുസ്തകത്തിന്റെ കോപ്പികൾക്ക് www.indulekha.com സന്ദർശിച്ച് ഓഡർ ചെയ്യാം, അല്ലെങ്കിൽ 94 46 58 46 87 എന്ന നമ്പറിൽ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യാം. ബോബി ജോസ് കട്ടികാട് എഴുതിയ ആമുഖക്കുറിപ്പ്  ആണ് മുകളിൽ വായിച്ചത്. )

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s