യഥാർത്ഥ മരിയഭക്തിയും, അയഥാർത്ഥ മരിയഭക്തരും

🌿🌹🕯️🕯️🕯️🙏🕯️🕯️🌹🌿

യഥാർത്ഥ മരിയഭക്തി യിൽ നിന്ന്

വി. ലൂയിസ് ഡി മോൺഫോർട്ട്.
❇️〰️〰️💙〰️〰️💙〰️〰️❇️


യഥാർത്ഥ മരിയഭക്തിയും, അയഥാർത്ഥ മരിയഭക്തരും

92. ഞാൻ ഏഴുതരത്തിലുള്ള അയഥാർത്ഥ ഭക്തിയും അയഥാർത്ഥ ഭക്തരെയും കാണുന്നു. 1. വിമർശകർ 2. സംശയാലുക്കൾ 3. ബാഹ്യഭക്തർ 4. സ്വയം വഞ്ചിതർ 5. ചഞ്ചലമനസ്ക്കർ 6. കപടഭക്തർ 7. സ്വാർത്ഥതത്പരർ

1. വിമർശകർ

93. അഹങ്കാരികളായ പണ്ഡിതരാണ്, ഇക്കൂട്ടർ. എടുത്തുചാട്ടക്കാരും സ്വയംപര്യാപ്തരെന്ന് അഭിമാനിക്കുന്ന ഇവർക്കുമുണ്ട്, മാതാവിന്റെ ബഹുമാനത്തിനായി ചില ഭക്തകൃത്യങ്ങൾ. എന്നാൽ, സാധാരണക്കാർ നിഷ്കളങ്കഹൃദയത്തോടും തീവ്രഭക്തിയോടുംകൂടി ചെയ്യുന്ന ഭക്തകൃത്യങ്ങളെല്ലാം അവർ ദോഷൈകദൃഷ്ടിയോടെ നിരൂപണം ചെയ്യും. അവയൊന്നും അവരുടെ ചിന്താഗതിക്ക് അനുരൂപമല്ല; കാരണം, പരിശുദ്ധ കന്യകയുടെ മാധ്യസ്ഥ്യശക്തിയും കാരുണ്യവും തെളിയിക്കുന്ന അത്ഭുതങ്ങളിൽ – അവ വിശ്വാസയോഗ്യരായ ഗ്രന്ഥകാരന്മാർ സാക്ഷിക്കുന്നതായാലും – സന്യാസസഭകളുടെ ദിനവൃത്താന്തത്തിൽ വിവരിക്കപ്പെടുന്നതായാലും – അവർക്കു വിശ്വാസമില്ല. നിഷ്കളങ്കരും വിനീതരുമായ ഭക്തജനങ്ങൾ ചിലപ്പോൾ തെരുവിനരികെ നിന്നുപോലും മാതൃസ്വരൂപത്തിന്റെ മുമ്പിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്നതു കാണുക അവർക്ക് അസഹ്യമാണ്. അപ്രകാരം ചെയ്യുന്നവർ വിഗ്രഹാരാധകരാണുപോലും! അവർ ആരാധിക്കുന്നത് കല്ലും മരത്തെയുമാണു പോലും! ബാഹ്യമായ ഈ ഭക്തിപ്രകടനങ്ങളൊന്നും തങ്ങൾക്ക് ആവശ്യമില്ലെന്നും മാതാവിനെപ്പറ്റി പറയുന്ന അത്ഭുതങ്ങൾ വിശ്വാസയോഗ്യമല്ലാത്ത കെട്ടുകഥകൾ ആണെന്നുമാണ് അവരുടെ നിലപാട്. സഭാപിതാക്കന്മാർ മാതാവിന്റെ അപദാനങ്ങളെ പ്രകീർത്തിച്ച് എഴുതിയിട്ടുള്ള കീർത്തനങ്ങൾ അവരുടെ പക്കൽ ഉദ്ധരിച്ചാൽ, ഒന്നുകിൽ വിദഗ്ധ പ്രാസംഗികരെപ്പോലെ, പിതാക്കന്മാർ ആലങ്കാരികമായും അതിശയോക്തി കലർത്തിയും പറയുന്നതാണെന്നു അവർ വാദിക്കും. അതുമല്ലെങ്കിൽ അവർ അതു തെറ്റായി വ്യാഖ്യാനിക്കും.

അഹങ്കാരികളും ലൗകികരുമായ ഇത്തരക്കാരെ വളരെയേറെ ഭയപ്പെടുകതന്നെ വേണം. ദൈവമാതൃഭക്തിക്ക് എതിരായി അപരിഹാര്യമായ തെറ്റ് അവർ ചെയ്യുന്നു. ദുരുപയോഗത്തെ ദുരീകരിക്കുവാൻ എന്ന ഭാവേന അവർ വിശ്വാസികളെ ഈ ഭക്തിയിൽനിന്ന് ബഹുദൂരം അകറ്റിക്കളയുന്നു.

2. സംശയാലുക്കൾ

94. മാതാവിനെ സ്തുതിക്കുമ്പോൾ നാം പുത്രനെ ഒരുവിധത്തിൽ അവമാനിക്കുകയല്ലേ, ഒരാളെ ഉയർത്തി മറ്റേയാളെ താഴ്ത്തുകയല്ലേ എന്നു ഭയപ്പെടുന്നവരാണ് ഇക്കൂട്ടർ. പരിശുദ്ധ പിതാക്കന്മാർ മറിയത്തിനു നൽകുന്ന നീതിയുക്തമായ മഹത്ത്വവും ബഹുമാനവും നാം അവർക്കു നൽകുന്നത് ഇവർക്ക് അസഹനീയമാണ്. മാതാവിനോടു പ്രാർത്ഥിക്കുന്നവർ, അവൾവഴി ക്രിസ്തുവിനോടാണ് അപേക്ഷിക്കുന്നതെന്ന് അവർക്കറിഞ്ഞുകൂടെന്നു തോന്നുന്നു. ദൈവമാതൃഭക്തിയും ദിവ്യകാരുണ്യഭക്തിയും പരസ്പരവിരുദ്ധങ്ങളാണെന്നായിരിക്കാം, അവരുടെ ധാരണ. ദിവ്യകാരുണ്യസന്നിധിയിൽ എന്നതിനെക്കാൾ മാതാവിന്റെ അൾത്താരയുടെ മുമ്പിൽ എപ്പോഴെങ്കിലും കൂടുതൽ ആളുകൾ മുട്ടുകുത്തി പ്രാർത്ഥിക്കുന്നതു കാണുക അവർക്കു ദുസ്സഹമാണ്. മാതാവിനെപ്പറ്റി ധാരാളം സംസാരിക്കുന്നതും അവളോടു തുടരെത്തുടരെ പ്രാർത്ഥിക്കുന്നതും അവർക്കിഷ്ടമല്ല.

“ഇത്രയധികം കൊന്തജപിക്കുന്നതും സഖ്യങ്ങൾ സ്ഥാപിക്കുന്നതും ഭക്തകൃത്യങ്ങൾ ബാഹ്യമായി ആചരിക്കുന്നതുംകൊണ്ട് എന്തു പ്രയോജനം? ഇവയെല്ലാം സത്യമതത്തെ കോലം കെട്ടിക്കുകയാണ്. നാം ക്രിസ്തുവിലാണ് ആശ്രയിക്കേണ്ടത്. അവിടുന്നാണു നമ്മുടെ ഏക മദ്ധ്യസ്ഥൻ. നാം ക്രിസ്തുവിനെയാണു പ്രസംഗിക്കേണ്ടത്. അതാണ് യഥാർത്ഥഭക്തി.” ഇവർ സാധാരണമായി പുറപ്പെടുവിക്കാറുള്ള അഭിപ്രായങ്ങളാണിവ. ഇവർ പറയുന്നത് ഒരർത്ഥത്തിൽ ചിലപ്പോൾ ശരിയാണെന്നു വരാം. എന്നാൽ മരിയഭക്തിക്കു വിഘാതമാകത്തക്കവിധത്തിൽ ഇവർ തങ്ങളുടെ സിദ്ധാന്തം പ്രയോഗികമാക്കുക നിമിത്തം, അത് അപകടപൂർണ്ണമായിത്തീരുന്നു. ഉപരിനന്മയുടെ പുറംചട്ട അണിയിച്ച്, പിശാചു പ്രദർശിപ്പിക്കുന്ന ഒരു കുരുക്കാണിത്. കാരണം “മറിയത്തെ എത്ര കൂടുതലായി നാം ബഹുമാനിക്കുന്നുവോ, അത്ര അധികമായി നാം യേശുക്രിസ്തുവിനെ ബഹുമാനിക്കുന്നു. എന്തുകൊണ്ടെന്നാൽ നാം മറിയത്തെ ബഹുമാനിക്കുന്നത് യേശുവിനെ ഏറ്റവും പൂർണ്ണമായി ബഹുമാനിക്കുന്നതിനും നാം അവളെ സമീപിക്കുന്നത്, നാം തേടുന്ന നമ്മുടെ പരമാന്ത്യമായ യേശുവിനെ കണ്ടുമുട്ടുവാനുള്ള വഴി, അവൾ ആയതിനാലുമാണ്.”

95. തിരുസഭ പരിശുദ്ധാത്മാവിനോടുകൂടി ആദ്യം ആദ്യം മാതാവിനെയാണ് അഭിവാദനം ചെയ്യുന്നത്. പിന്നീട് പുത്രനെയും. “നീ സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവളാകുന്നു.” മറിയം ക്രിസ്തുവിനെക്കാൾ വലിയവളോ ക്രിസ്തുവിന് തുല്യയോ ആണെന്നല്ല ഇതിന്റെ അർത്ഥം; അങ്ങനെ പറയുന്നതു വലിയ പാഷണ്ഡതയാണ്. ക്രിസ്തുവിനെ കൂടുതൽ അഭികാമ്യമായി പ്രകീർത്തിക്കുവാൻ ആദ്യം മറിയത്തെ നാം പ്രകീർത്തിക്കണം. ആകയാൽ യഥാർത്ഥ മരിയഭക്തരോടുകൂടെ നമുക്കു സംശയാലുക്കൾക്ക് എതിരായി ഇങ്ങനെ പറയാം: “മറിയമേ, സ്ത്രീകളിൽ നീ അനുഗൃഹീതയാകുന്നു; നിന്റെ ഉദരഫലമായ ക്രിസ്തു അനുഗൃഹീതനാകുന്നു.”

3. ബാഹ്യഭക്തർ

96. മാതാവിനോടുള്ള ഭക്തിയെല്ലാം ബാഹ്യകൃത്യങ്ങളിൽ ഒതുക്കി നിറുത്തി തൃപ്തിപ്പെടുന്നവരാണ് ഇവർ. ആന്തരിക ചൈതന്യമില്ലാത്ത ഇവർക്കു ബാഹ്യശക്തി പ്രകടനങ്ങളിൽ മാത്രമേ അഭിരുചിയുള്ളൂ. കൊന്തകൾ പലതും തിടുക്കത്തിൽ ഇവർ ചൊല്ലിക്കൂട്ടും, യാതൊരു ശ്രദ്ധയും കൂടാതെ ധാരാളം ദിവ്യബലികളിൽ സംബന്ധിക്കും. ഭക്തിലേശമെന്നിയേ മരിയൻ പ്രദക്ഷിണങ്ങളിൽ അവർ പങ്കെടുക്കും. എല്ലാ സഖ്യങ്ങളിലും അവർ അംഗങ്ങളായിരിക്കും. പക്ഷേ, ജീവിത നവീകരണത്തിന് അല്പംപോലും അവർ ശ്രമിക്കുകയില്ല. ദുഷ്പ്രവണതകളെ അമർത്തുവാൻ ചെറുവിരൽപോലും അനക്കാത്തവരാണ് ഇക്കൂട്ടർ. പരിശുദ്ധ കന്യകയുടെ സുകൃതങ്ങൾ ഒന്നുപോലും അനുകരിക്കുവാൻ അവർ തയ്യാറല്ല. ഇന്ദ്രിയഗോചരമായ ഭക്തിപ്രകടനങ്ങൾ മാത്രമാണ് അവർക്കിഷ്ടം. ആന്തരികമായ ഭക്തകൃത്യങ്ങളിൽ അവർക്കു പ്രതിപത്തിയില്ല. ഭക്തകൃത്യങ്ങളിൽ ഇന്ദ്രിയപരമായ ആനന്ദം അനുഭവപ്പെടുന്നില്ലെങ്കിൽ അവർ അസ്വസ്ഥരാകും. തങ്ങൾ യാതൊന്നും ചെയ്യുന്നില്ലെന്നാണ് അപ്പോൾ അവരുടെ വിചാരം. തന്നിമിത്തം, ഒന്നുകിൽ അവയെല്ലാം ഉപേക്ഷിക്കും, അല്ലെങ്കിൽ ഒരു വ്യവസ്ഥയും ക്രമവും കൂടാതെ അവ അനുഷ്ഠിക്കും. ഇത്തരം ബാഹ്യഭക്തരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണു ലോകം. ആന്തരികഭക്തി കാതലായി കരുതുന്നതോടൊപ്പം ബാഹ്യാചാരങ്ങളെയും വേണ്ടവിധം പരിഗണിക്കുന്ന യഥാർത്ഥഭക്തരെ ദോഷൈകദൃഷ്ട്യാ മുന്നോട്ടു വരുന്നവർ ഇവരാണ്.

4. സ്വയം വഞ്ചിതർ

97. ദുഷ്പ്രവണതകൾക്ക് അടിപ്പെട്ടു ജീവിക്കുന്ന പാപികൾ അഥവാ ലൗകായതികരാണ് അവർ. ക്രിസ്ത്യാനികളെന്നും മരിയഭക്തരെന്നുമുള്ള മനോഹരനാമങ്ങളിൽ തങ്ങളുടെ അഹങ്കാരം, ദ്രവ്യാഗ്രഹം, അശുദ്ധ, മദ്യപാനം, കോപം, ഈശ്വരനിന്ദ, അനീതി, അപവാദം ആദിയായ പാപങ്ങളെ മറച്ചുവയ്ക്കുന്നു അവർ. തങ്ങളെത്തന്നെ തിരുത്തുന്നതിന് ആത്മാർത്ഥമായി പ്രയത്നിക്കാതെ അവർ മരിയഭക്തരെന്ന പേരും പേറി ദുസ്തഴക്കച്ചെളിക്കുണ്ടിൽ ശാന്തമായി ഉറങ്ങുന്നു. ദൈവം എല്ലാം ക്ഷമിച്ചുകൊള്ളും എന്നാണ് അവരുടെ ഭാവം. അവർ കൊന്ത ജപിക്കുകയും ശനിയാഴ്ച തോറും ഉപവസിക്കുകയും ഉത്തരീയ സഖ്യത്തിലോ ജപമാല സഖ്യത്തിലോ സൊഡാലിറ്റിയിലോ ചേരുകയും ഉത്തരീയമോ ചങ്ങലയോ ധരിക്കുകയും ചെയ്യുന്നുണ്ടാവാം. മരണാവസരത്തിൽ പാപമോചനം പ്രാപിക്കുന്നതിനും, നിത്യഭാഗ്യം ലഭിക്കുന്നതിനും അനുമതിയെന്നാണ് അവരുടെ വിശ്വാസം.

ഇത്തരം ഭക്തി പിശാചിന്റെ ജാലവിദ്യയും വിനാശകരമായ സാഹസികതയുമാണെന്നു പറഞ്ഞാൽ അവരതു വിശ്വസിക്കുകയില്ല. അവർക്കു ചില മറുപടികൾ പറയാനുണ്ടാകും. “ദൈവം നല്ലവനും കാരുണ്യവാനുമാണ്. നശിപ്പിക്കുന്നതിനല്ല അവിടുന്നു നമ്മെ സൃഷ്ടിച്ചത്. പാപം ചെയ്യാത്ത ഒരു മനുഷ്യനുമില്ല. കുമ്പസാരം കൂടാതെ ഞങ്ങൾ മരിക്കുക അസാദ്ധ്യം. മരണസമയത്ത് ഒരു പരിപൂർണ്ണാനുതാപം മതിയാകും സ്വർഗ്ഗം പ്രാപിക്കുവാൻ.” ഇങ്ങനെ നൂറുനൂറു ന്യായങ്ങൾ അവർ ഉന്നയിക്കും. തങ്ങൾ മരിയഭക്തരാണ്, മാതാവിന്റെ ഉത്തരീയം ധരിക്കുന്നുണ്ട്, അനുദിനം മാതാവിനോടു പ്രാർത്ഥിക്കുന്നു. ചിലപ്പോഴൊക്കെ ജപമാലയും ഒപ്പീസും ചൊല്ലാറുണ്ട്, ഉപവസിക്കാറുണ്ട്, എന്നെല്ലാം അവർ പറയും. കേട്ടിട്ടുള്ളതോ വായിച്ചിട്ടുള്ളതോ ആയ കഥകളെല്ലാം പറഞ്ഞുതുടങ്ങും, തങ്ങളെത്തന്നെ ന്യായീകരിക്കുവാൻ. അതു വാസ്തവം ആണോ അല്ലയോ എന്നത് അവർക്കു ചിന്താവിഷയമേയല്ല. ചാവുദോഷത്തോടെ മരിച്ചവർ, പാപമോചനം നേടുവാൻ പുനർജീവിച്ചതും, കുമ്പസാരം കഴിയുന്നതുവരെ വിസ്മയകരമാംവിധം ആത്മാവ് അവരിൽനിന്നു പിരിയാതിരുന്നതും അവർ വിവരിക്കും. ജീവിതകാലത്തു മാതാവിന്റെ സ്തുതിക്കായി ചില പ്രാർത്ഥനകൾ ചൊല്ലുകയോ ഭക്തകൃത്യങ്ങൾ അനുഷ്ഠിക്കുകയോ ചെയ്തിരുന്നതിനാൽ, മാതാവിന്റെ പ്രത്യേക കാരുണ്യംവഴി മരണസമയത്തു പൂർണ്ണമനഃസ്താപവും പാപപ്പൊറുതിയും, അങ്ങനെ നിത്യരക്ഷയും പ്രാപിച്ചതും, മറ്റും തന്മയത്വത്തോടെ അവർ വിവരിച്ചു കേൾപ്പിക്കും. ഇപ്രകാരം തങ്ങൾക്കും രക്ഷപ്പെടാമെന്നാണ് അവരുടെ പ്രതീക്ഷ.

98. ക്രൈസ്തവരുടെ ഇടയിൽ, പൈശാചികമായ ഈ സ്വയം വഞ്ചനെയെക്കാൾ ശാപാർഹമായി മറ്റൊന്നുമില്ല. മറിയത്തിന്റെ അരുമസുതനായ ക്രിസ്തുവിനെ നാം നിഷ്കരുണം പാപങ്ങളാൽ കുത്തിമുറിപ്പെടുത്തി ക്രൂശിച്ചവമാനിക്കുക വഴി, മറിയത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയാണെന്ന് എങ്ങനെ നമുക്ക് അവകാശപ്പെടുവാൻ കഴിയും? അത്തരക്കാരെ തന്റെ കാരുണ്യംവഴി മറിയം രക്ഷിക്കുന്നെങ്കിൽ, പാതകത്തിന് അനുവാദം നൽകുകയും തന്റെ തിരുക്കുമാരനെ ക്രൂശിക്കുവാൻ സഹായിക്കുകയുമായിരിക്കും ചെയ്യുക. ഇപ്രകാരം മറിയം പ്രവർത്തിക്കുമെന്നു ചിന്തിക്കുവാൻ ആരും ധൈര്യപ്പെടും?

99. ദിവ്യകാരുണ്യഭക്തി കഴിഞ്ഞാൽ ഏറ്റവും വിശുദ്ധവും ഉത്കൃഷ്ടവുമാണു മരിയഭക്തി. എന്നാൽ, അതിന്റെ ദുരുപയോഗം വലിയ ദൈവദോഷമാണ്; അയോഗ്യമായ ദിവ്യകാരുണ്യസ്വീകരണമൊഴിച്ചാൽ ഇത് ഏറ്റവും ഗൗരവമേറിയ പാപമാണ്. പരിശുദ്ധ കന്യകയോട് യഥാർത്ഥത്തിൽ ഭക്തിയുള്ളവരായിരിക്കുവാൻ സർവ്വ പാപങ്ങളിലും നിന്ന് ഒഴിഞ്ഞിരിക്കത്തക്കവണ്ണം വിശുദ്ധിയുണ്ടാകുകയെന്നത് സ്തുത്യർഹമാണെങ്കിലും അത് വേണമെന്നത് ഒരു നിർബന്ധഘടകമല്ല. എന്നാൽ, മരിയഭക്തർ അവശ്യം അനുഷ്ഠിക്കേണ്ട ചില കൃത്യങ്ങളുണ്ട്. അവ
നന്നായി നാം ഗ്രഹിക്കണം.

1. ക്രിസ്തുനാഥനെയും ദിവ്യജനനിയെയും കഠിനമായി ദ്രോഹിക്കുന്ന ചാവുദോഷങ്ങൾ ഒരിക്കലും ചെയ്യുകയില്ലെന്നു ഹൃദയപൂർവ്വം ദൃഢപ്രതിജ്ഞ ചെയ്യുക.

2. പാപം ഒഴിവാക്കുവാൻ തന്നോടുതന്നെ കാർക്കശ്യം കാണിക്കുക. മരിയ സഖ്യത്തിൽ ചേരുക, ജപമാലയോ മറ്റു പ്രാർത്ഥനകളോ ചൊല്ലുക, ശനിയാഴ്ച ഉപവസിക്കുക മുതലായവ.

100. കഠിനഹൃദയരായ പാപികളെപ്പോലും വിസ്മയകരമാംവിധം മാനസാന്തരപ്പെടുത്തുവാൻ കഴിവുള്ളവയാണ്, ഇപ്പറഞ്ഞവ. എന്റെ വായനക്കാരൻ ഈ ഇനത്തിൽപ്പെട്ടവനാണെങ്കിൽ, അവന്റെ ഒരു പാദം നരകത്തിന്റെ അഗാധഗർത്തത്തിൽ ആണെങ്കിൽപോലും അവൻ ഈ മാർഗ്ഗങ്ങൾ സ്വീകരിക്കട്ടെ. പക്ഷേ, അവന് ഉദ്ദേശ്യശുദ്ധി ഉണ്ടായിരിക്കണം. മാതാവിന്റെ മാധ്യസ്ഥ്യംവഴി ദൈവത്തിനു മനഃസ്താപത്തിന്റെയും പാപമോചനത്തിന്റെയും അനുഗ്രഹവും, ദുസ്തഴക്കങ്ങളെ ജയിക്കുവാൻ ആവശ്യമായ കൃപയും ലഭിക്കുവാൻ വേണ്ടിയായിരിക്കണം, അവൻ ഈ ഭക്തകൃത്യങ്ങൾ അനുഷ്ഠിക്കേണ്ടത്. നേരെ മറിച്ച്, മനസ്സാക്ഷിയുടെ നിരന്തരമായ ശാസനകൾക്കും, ക്രിസ്തുവിന്റെയും വിശുദ്ധരുടെയും സന്മാതൃകകൾക്കും സദുപദേശങ്ങൾക്കും എതിരായി പാപത്തിൽതന്നെ കഴിഞ്ഞുകൂടാനാണു ശ്രമമെങ്കിൽ ഈ ഭക്തകൃത്യങ്ങളെല്ലാം അവനു നിഷ്ഫലങ്ങളായിരിക്കും.

5. ചഞ്ചലമനസ്ക്കർ

101. ഭക്തിയിൽ സ്ഥിരതയില്ലാത്തവരാണവർ. ഈ നിമിഷം അവർ തീക്ഷ്ണഭക്തരെങ്കിൽ, അടുത്തനിമിഷം മന്ദഭക്തരാകും. ചിലപ്പോൾ മാതാവിനുവേണ്ടി എന്തും ചെയ്യാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന അവരുടെ തനിനിറം കാണുവാൻ അധികം താമസിക്കേണ്ടിവരുകയില്ല. സർവ്വവിധ ഭക്തകൃത്യങ്ങളും അവർ ചെയ്തു തുടങ്ങും. എല്ലാ സഖ്യങ്ങളിലും അംഗത്വം സ്വീകരിക്കും. പക്ഷേ, വിശ്വസ്തതയോടെ അവയുടെ നിയമങ്ങൾ അവർ അനുസരിക്കുകയില്ല. ചന്ദ്രനെപ്പോലെ അവർ നിരന്തരം പരിവർത്തനവിധേയരാണ്. ആകയാൽ, ചന്ദ്രനെ പാദപീഠമാക്കി വാഴുന്ന ഈ രാജ്ഞി അവർക്കു നൽകുന്ന സ്ഥാനം ചന്ദ്രനോടൊപ്പം പാദത്തിൻ കീഴിലായിരിക്കും. മറിയത്തിന്റെ വിശ്വസ്തതയിലും സ്ഥിരതയിലും ഓഹരിപറ്റുന്ന വിശ്വസ്തദാസരുടെ കൂട്ടത്തിൽ എണ്ണപ്പെടുവാൻ ചഞ്ചലമനസ്ക്കരായ അവർ തികച്ചും അയോഗ്യരാണ്. പലവിധ ഭക്തകൃത്യങ്ങളുടെയും പ്രാർത്ഥനകളുടെയും ഭാരം പേറുന്നതിലും ഭേദം, പിശാചിന്റെയും ജഡത്തിന്റെയും ലോകത്തിന്റെയും എതിർപ്പുകളെ വകവയ്ക്കാതെ വിശ്വസ്തതയോടും സ്നേഹത്തോടും കൂടി ചുരുക്കം ചിലതുമാത്രം ചെയ്യുകയാണ് അവർക്കു നല്ലത്.

6. കപടഭക്തി

102. മാതാവിന്റെ മേലങ്കിയുടെ കീഴിൽ തങ്ങളുടെ പാപങ്ങളും ദുഃസ്വഭാവങ്ങളും മറച്ചുവച്ചു മറ്റുള്ളവരുടെ മുമ്പിൽ മാന്യരായും ഭക്തരായും പ്രത്യക്ഷപ്പെടുവാനാണ് ഇവരുടെ ശ്രമം.

7. സ്വാർത്ഥതത്പരർ

അപകടങ്ങളെ അകറ്റുവാനും അസുഖങ്ങൾ മാറുവാനും കേസുകളിൽ ജയിക്കുവാനും മറ്റും, മാതൃസമക്ഷം അഭയംതേടുന്ന സ്വാർത്ഥമതികളാണിവർ. സ്വകാര്യലാഭമില്ലെന്നായാൽ അവിടംകൊണ്ടവസാനിച്ചു ഇവരുടെ മരിയഭക്തി. ഇവരാരും യഥാർത്ഥ ഭക്തരല്ല; ദൈവത്തിനും അവിടുത്തെ മാതാവിനും സ്വീകാര്യരുമല്ല.

നമുക്കു വിമർശകരുടെ ഇനത്തിൽ പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാം. അവർ ഒന്നും വിശ്വസിക്കുന്നില്ല. എല്ലാറ്റിനെയും വിമർശിക്കുന്നു. കർത്താവിനോടുണ്ടാകേണ്ട ഭക്തിയെ മറിയത്തോടുള്ള അതിരുകടന്ന ഭക്തി കുറയ്ക്കുമോ എന്ന ഭയപ്പാടിൽ കഴിയുന്ന സംശയപ്രകൃതക്കാരോടും നമുക്കു വേഴ്ച വേണ്ട. ബാഹ്യഭക്തരുടെ ഭക്തിയെല്ലാം പുറമെ കാണുന്ന അനുഷ്ഠാനങ്ങൾ മാത്രമാണെങ്കിൽ സ്വയം വഞ്ചകർ ഏതാനും ഭക്തകൃത്യങ്ങൾ നിർവ്വഹിച്ചുകൊണ്ട് പാപച്ചേറ്റിൽ മുങ്ങിത്തുടിക്കുന്നു. എന്നാൽ ചഞ്ചലമനസ്ക്കർ തങ്ങളുടെ ഭക്തകൃത്യങ്ങൾ ലാഘവബുദ്ധ്യാ എപ്പോഴും മാറ്റുകയോ ഏറ്റവും നിസ്സാരമായ പ്രലോഭനത്താൽപോലും പൂർണ്ണമായി നിറുത്തിവയ്ക്കുകയോ ചെയ്യും. കപടഭക്തരാകട്ടെ പല സംഘടനകളിലും അംഗത്വം സ്വീകരിക്കും. അമ്മയുടെ പ്രത്യേക വസ്ത്രംധരിച്ചു മാന്യത ഭാവിക്കുകയും ചെയ്യും. രോഗവിമുക്തിക്കുവേണ്ടിയോ എന്തെങ്കിലും ലൗകിക കാര്യസാദ്ധ്യത്തിനു വേണ്ടിയോ മാത്രമായിരിക്കും സ്വാർത്ഥതത്പരർ മരിയഭക്തി അഭ്യസിക്കുക.


🌹പരിശുദ്ധ ജപമാലസഖ്യം.

🌿🌹🕯️🕯️🕯️🙏🕯️🕯️🌹🌿

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s