ഗാന്ധി : ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കാവൽദൂതൻ 

ഗാന്ധി : ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കാവൽദൂതൻ
 
ഒക്ടോബർ രണ്ട് ഭാരതത്തിൻ്റെ രാഷ്ട്രപിതാവായ മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മദിനം അഥവാ ഗാന്ധിജയന്തി.
കത്തോലിക്കാ സഭ കാവൽ മാലാഖമാരുടെ തിരുനാൾ ആഘോഷിക്കുന്ന ദിനം. ഇന്ത്യൻ ജനാധിപത്യത്തിൻ്റെയും ദേശീയതയുടെയും കാവൽ മാലാഖ കൂടിയാണ് മഹാത്മാ ഗാന്ധി. ഇന്ത്യയുടെയും ലോക മനസാക്ഷിയുടെയും കാവൽ ദൂതനായ ഗാന്ധി നൽകുന്ന എട്ടു മാർഗ്ഗങ്ങൾ
 
1.സത്യമേവ ജയതേ
 
ഗാന്ധിജി സത്യസന്ധതയുടെ പ്രവാചകനായിരുന്നു. സത്യം പ്രസംഗിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത് അത് ജീവിതത്തിൽ പ്രായോഗികമാക്കുകയും ചെയ്തു.
 
ഗാന്ധി ചെറുപ്പമായിരുന്നപ്പോൾ ഒരിക്കൽ പിതാവിനോട് കള്ളം പറഞ്ഞു പിന്നിട് അതിൽ ദു:ഖിച്ച് പിതാവിനോട് ക്ഷമ ചോദിക്കുകയും സത്യം ഏറ്റുപറയുകയും ചെയ്തപ്പോൾ, സത്യം സംസാരിക്കാനുള്ള ഗാന്ധിജിയുടെ ധൈര്യത്തെ പിതാവ് അഭിനന്ദിച്ചു. ജീവിതത്തിലുടനീളം സത്യവുമായി നിരവധി പരീക്ഷണങ്ങൾ നടത്തിയ ഗാന്ധി തൻ്റെ ആത്മകഥയ്ക്ക് എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്നു പേരു നൽകിയതിൽ അതിശയോക്തിയില്ല.
 
2. കണ്ണിനു പകരം കണ്ണ് എന്ന സിദ്ധാന്തം ലോകത്തിൻ്റെ തിമിരമാണ്.
 
അഹിംസ ഗാന്ധി ദർശനങ്ങളുടെ ആത്മവാണ്. പ്രതികാര ചിന്തയും ആക്രമണതൽപരതയും കുറ്റകൃത്യങ്ങൾക്കും സാമൂഹിക അടിച്ചമർത്തലുകൾക്കുമേ വഴി തെളിക്കു. കോപവും വിദ്വേഷവും ഒരിക്കലും ഒന്നും നേടാൻ സഹായിക്കില്ലെന്ന് മനുഷ്യ മനസാക്ഷിയെ പഠിപ്പിക്കുന്ന പാഠപുസ്തകമാണ് ഗാന്ധി.
 
3. ക്ഷമിക്കുക എന്നത് കുലീനതയുടെ ലക്ഷണമാണ്.
 
ക്ഷമ എന്നത് ദുർബലരുടെയല്ല, ശക്തരുടെ സ്വഭാവ സവിശേഷതയാണ്. തെറ്റ് ചെയ്യുന്നവരോടും പരുഷമായി സംസാരിക്കുന്നവരോടും കുലീനതയോടെ സംസാരിക്കാനും അവരോടു ക്ഷമിക്കാനും ഗാന്ധി എപ്പോഴും ജനങ്ങളെ പഠിപ്പിച്ചിരുന്നു.
 
4. ഉയർന്ന ചിന്തയും ലളിത ജീവിതവും.
 
മഹാത്മ ഗാന്ധിയുടെ ജീവിതത്തിൻ്റെ ഏറ്റവും ചെറിയ നിർവചനമാണ് ഉയർന്ന ചിന്തയും ലളിത ജീവിതവും കാത്തുസൂക്ഷിച്ച വ്യക്തി എന്നത് . ലളിത ജീവിതശൈലിയുടെയും അച്ചടക്കത്തിന്റെയും വക്താവായിരുന്നു ഗാന്ധി. പരസ്പര വിരുദ്ധമായ രണ്ട് അതിർവരമ്പുകൾ ആധുനിക ഇന്ത്യയിലുണ്ട്. അമിത ധാരാളിത്വവും കടുത്ത പട്ടിണിയും. ഒരു വശത്ത് സമ്പത്ത് ആർഭാടത്തിൻ്റെയും സുഖലോലുപതയുടെയും മാത്രം ചിഹ്നമാകുമ്പോൾ മറുവശത്ത് ഒരു നേരത്തെ ഭക്ഷണത്തിനായി പൗരന്മാർ കഷ്ടപ്പെടുന്നു. പാവപ്പെട്ടവരെ പരിഗണിച്ചുകൊണ്ടുള്ള രാഷ്ടീയ നയങ്ങളല്ല, അവരുടെ ഉന്നമനത്തിനും സുസ്ഥിതിക്കും ക്ഷേമത്തിനും വേണ്ടിയുള്ള സമഗ്രമായ നയങ്ങളാണ് ഇന്ത്യയിൽ വേണ്ടത്. അതു സാധ്യമാകണമെങ്കിൽ ഉയർന്ന ചിന്തയും ലളിത ജീവിതവുമുള്ള പൗര പ്രമുഖർ ഇവിടെ ഉയർന്നു വരണം.
 
5. ശുചിത്വം ദൈവഭക്തിയോളം വലുത്.
 
നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നതു മാത്രമല്ല ഗാന്ധിജി വിഭാവനം ചെയ്യുന്ന ‘സ്വച്ഛ് ഭാരത് ‘. തിരക്കു പിടിച്ച ജീവിത തിരക്കുകൾക്കിടയിൽ വ്യക്തിപരമായ ശുചിത്വം പാലിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യാൻ ഗാന്ധി ദർശനം ഒരിക്കലും അനുവദിക്കുന്നില്ല. ശുചിത്വം പാലിക്കുന്നതിലൂടെ രോഗത്തിൽ നിന്ന് സ്വയം രക്ഷ നേടുക മാത്രമല്ല പുതിയൊരു ഊർജ്ജം സമൂഹത്തിനു പകരുക കൂടിയാണ് ചെയ്യുക.
 
6. ലോകം കാണാൻ ആഗ്രഹിക്കുന്ന മാറ്റം നിന്നിൽ നിന്നു തന്നെ ആരംഭിക്കുക.
 
നാം പ്രസംഗിക്കുന്നതു ജീവിക്കാത്തിടത്തോളം നമ്മുടെ വഴികൾ മറ്റുള്ളവർ പിൻതുടരണമെന്നു പറയാൻ നമുക്കു അവകാശമില്ല. മറ്റുള്ളവരിൽ കാണാൻ ഗാന്ധിജി ആഗ്രഹിച്ച മാറ്റങ്ങൾ മഹാത്മാവ് ആദ്യം സ്വന്തം ജീവിതത്തിൽ പ്രവർത്തികമാക്കി.
 
ഗാന്ധിജി ശാന്ത പ്രകൃതനും കോപിക്കുന്നതിൽ വിമുഖനും ക്ഷമ ചോദിക്കുന്നതിൽ ഒന്നാമനും ആയിരുന്നു. ഒരിക്കലും അസത്യം പറയാത്ത ഗാന്ധിജിയുടെ ആയുധം അക്രമണ രാഹിത്യമായിരുന്നു. പറയുന്നതു ജീവിതത്തിൽ പ്രാവർത്തികമാക്കിയിരുന്നതിനാൽ ഗാന്ധി സംസാരിച്ചിരുന്നപ്പോൾ ജനങ്ങൾ ശ്രദ്ധാപൂർവ്വം അവ ശ്രവിക്കുകയും അനുസരിക്കുകയും ചെയ്തിരുന്നു.
 
7. സ്ഥിരത
 
ഗാന്ധിജി പഠിപ്പിക്കുന്ന അടുത്ത ഗുണം സ്ഥിരതയുടേതാണ്. തൻ്റെ തീരുമാനങ്ങളിലും പ്രവർത്തികളിലും എന്നും സ്ഥിരത കാത്തു സൂക്ഷിച്ച നേതാവായിരുന്നു ഗാന്ധി.
 
ലക്ഷ്യത്തിൽ എത്തുന്നതുവരെ സ്ഥിരോസാഹത്തോടെ അതിനായി നിലകൊണ്ടു. ചഞ്ചലമായ താൽപര്യങ്ങളും നിശ്ചയദാർഢ്യത്തിൻ്റെ അഭാവവും ഇന്ത്യൻ സമൂഹം നേരിടുന്ന ഏറ്റവും വലിയ അപചയമാണ്.
 
സാതന്ത്ര്യ സമര കാലത്തു സത്യാഗ്രഹത്തിൽ അടിയുറച്ച ഗാന്ധിയൻ നിലപാടുകൾ ബ്രിട്ടീഷ് ഭരണകൂടത്തിൻ്റെ ഉറക്കം കെടുത്തി.
 
ചുരുങ്ങിയ കാലം കൊണ്ട് ഒരു പക്ഷേ വിജയം നേടാൻ സാധിക്കാതെ വന്നാലും പ്രതീക്ഷ കൈവിടാതെ സ്ഥിരതയോടെ അധ്വാനിക്കാൻ ഗാന്ധി ഉപദേശിക്കുന്നു.
 
8. മനസ്സ് ശരീരത്തെക്കാൾ ശക്തമാണ്.
 
ലക്ഷ്യത്തിലെത്താൻ ശാരീരികമായ സ്ഥിരത വളരെ അത്യാവശ്യമാണ് അതോടൊപ്പം ആത്മസംയമനം നിറഞ്ഞ മനസ്സ് അതി നിർണ്ണായകമാണ്. ഗാന്ധി ശാരീരികമായി ദുർബലനയായിന്നുവെങ്കിലും മാനസികമായി എന്നും കരുത്തുള്ളവനായിരുന്നു.
 
അചഞ്ചലമായ അദേഹത്തിൻ്റെ മാനസിക കരുത്തിൻ്റെ പ്രതിഫലനമായിരുന്നു ഇന്ത്യൻ സ്വാതന്ത്രസമരം. സത്യസന്ധതയും വിശ്വസ്തതും വിജയത്തിൻ്റെ സാർവ്വത്രിക ഘടകങ്ങളായി ഗാന്ധിയുടെ കാലത്തിനു മുമ്പും ഉണ്ടായിരുന്നെങ്കിലും ഈ തത്വങ്ങൾ അനുദിന ജീവിതത്തിൽ എങ്ങനെ പ്രവർത്തി പഥത്തിലെത്തിക്കാമെന്നു തെളിയച്ചത് മഹാത്മജിയാണ്.
 
ഇന്ത്യൻ ദേശീയതയുടെയും ജനാധിപത്യത്തിൻ്റെയും കാവൽ ദൂതനായ മഹാത്മ ഗാന്ധി കൊളുത്തി നൽകിയ ഈ അഷ്ടാംഗമാർഗ്ഗങ്ങൾ നമുക്കും ജീവിതത്തിൽ പ്രാവർത്തികമാക്കാം.
 
ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements
Advertisement

One thought on “ഗാന്ധി : ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കാവൽദൂതൻ 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s