Tag der Deutschen Einheit ഒക്ടോബർ 3 ജർമ്മൻ എകീകരണ ദിനം

ഒക്ടോബർ 3 ജർമ്മൻ എകീകരണ ദിനം (Tag der Deutschen Einheit).
 
2021 ഒക്ടോബർ 3 ജർമ്മൻ എകീകരണത്തിൻ്റെ 31 വർഷം ആഘോഷിക്കുന്നു. ലോകത്തെ ഏറ്റവും ശക്തമായ വ്യവസായവൽകൃത രാജ്യങ്ങളിലൊന്നാണ് യൂറോപ്പിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന ജർമ്മനി എന്ന രാജ്യം. ഫെഡറൽ റിപ്പബ്ലിക് ഓഫ്‌ ജർമ്മനി ( Bundesrepublik Deutschland) എന്നാണ് ജർമ്മനിയുടെ ഔദ്യോഗിക നാമം. ഒക്ടോബർ മൂന്നിനാണ് ജർമ്മൻ ജനത ഏകീകരണ ദിനം ആഘോഷിക്കുന്നത്. (Tag der Deutschen Einheit).
 
ബെർലിൻ മതിലിൻ്റെ പതനത്തിനു മുമ്പ് ജർമ്മനി രണ്ട് രാജ്യങ്ങളായിരുന്നു – ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് (GDR or DDR), ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനി (FRG). ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ജർമ്മനിയും (DDR) ഒരു ഫെഡറൽ ജർമ്മനിയായ ദിവസമാണ് 1990 ഒക്ടോബർ 3.
 
1990 ഒക്ടോബർ 3 ന് DDR (കിഴക്കൻ ജർമ്മനി) പിരിച്ചുവിടുകയും , ജർമ്മൻ അടിസ്ഥാന നിയമത്തിലെ (Grundgesetz für die Bundesrepublik Deutschland)ആർട്ടിക്കിൾ 23 അനുസരിച്ച്, കിഴക്കൻ ജർമ്മനിയിലെ അഞ്ച് സംസ്ഥാനങ്ങൾ ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയിൽ ചേരാൻ വോട്ടു ചെയ്യുകയും ചെയ്തു.
 
രണ്ടാം ലോകമഹായുദ്ധത്തിലുള്ള ജർമ്മനിയുടെ കീഴടങ്ങലിനുശേഷം, സഖ്യകക്ഷികളായ ഫ്രാൻസ്, അമേരിക്ക, ബ്രിട്ടൺ, സോവിയേറ്റു യൂണിയൻ എന്നിവർ അവശേഷിക്കുന്ന ജർമ്മൻ പ്രദേശത്തെ നാല് സൈനിക അധിനിവേശ മേഖലകളായി തിരിച്ചു. 1949 മെയ് മാസം ഇരുപത്തിമൂന്നാം തീയതി ഫ്രാൻസിൻെറയും അമേരിക്കയുടെയും ബ്രിട്ടന്റെയും കീഴിലുള്ള പടിഞ്ഞാറൻ പ്രദേശങ്ങൾ ചേർന്ന് ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിക്കു (Federal Republic of Germany) അഥവാ പാശ്ചാത്യ ജർമ്മനിക്കു രൂപം നൽകി. ഇതിനു മറുപടിയായി സോവിയേറ്റു യൂണിയന്റെ അധീനതയിലുണ്ടായിരുന്ന പ്രദേശം 1949 ഒക്ടോബർ ഏഴു മുതൽ ( German Democratic Republic, DDR -Deutsche Demokratische Republik- ) എന്നറിയപ്പെടാൻ തുടങ്ങി.
 
കിഴക്കൻ ജർമനി അതിന്റെ തലസ്ഥാനമായി ഈസ്റ്റ് ബെർലിനെയും പശ്ചിമ ജർമ്മനി താൽക്കാലിക തലസ്ഥാനമായി ബോണിനെയും തിരഞ്ഞെടുത്തു.
 
യുദ്ധാനന്തര പിരി മുറുക്കങ്ങൾ മാലം രണ്ടു രാജ്യങ്ങളും വിഭിന്നങ്ങളായ രാഷ്ട്രീയ സാമ്പത്തിക നയങ്ങളാണ് പിൻതുടർന്നിരുന്നത്. ഇതു ഇരു രാജ്യങ്ങളിലെ ജനങ്ങൾ തമ്മിലുള്ള സാധാരണ ജീവിതം ദുസഹമാക്കി.
 
ഒരു ജനാധിപത്യരാഷ്ട്രമായി കിഴക്കൻ ജർമ്മനി അവകാശപ്പെട്ടെങ്കിലും സോഷ്യലിസ്റ്റ്‌ യൂണിറ്റി പാർട്ടി ഓഫ് ജർമ്മനിയുടെ നേതാക്കളായിരുന്നു പൂർണമായും രാഷ്ട്രീയഅധികാരങ്ങൾ നടപ്പിലാക്കിയിരുന്നത്. DDR ൽ പ്രശ്നങ്ങൾ രൂക്ഷഷമായിരുന്നു. ആയിരക്കണക്കിനു ജനങ്ങളെ കിഴക്കൻ ജർമ്മനിയിലെ രഹസ്യ പോലീസ് Stasi (Staatssicherheit) നിരീക്ഷണ വലയത്തിലാക്കി. പല പൗരന്മാരും സ്വാതന്ത്ര്യത്തിനും ഐശ്വര്യത്തിനും വേണ്ടി പശ്ചിമ ജർമ്മനിയിലേക്ക് പോകാൻ ആഗ്രഹിച്ചു. പശ്ചിമ ജർമ്മനിയിലേക്കു ജനങ്ങൾ രക്ഷപ്പെടുന്നത് തടയാൻ 1961 ഓഗസ്റ്റ് 12, 13 തീയതികളിൽ കിഴക്കൻ ജർമ്മനയിലെ സർക്കാർ ബെർലിൻ മതിൽ പണിതു. ബർലിൻ നഗരത്തിൻ്റെ കിഴക്കും പടിഞ്ഞാറും താമസിച്ചിരുന്ന കുടുംബങ്ങളെ ബർലിൻ മുതൽ സത്യത്തിൽ കീറി മുറിച്ചു. ഉത്തര ജർമ്മനിയിൽ നിന്നു രക്ഷപ്പെടാൻ ശ്രമിച്ച 137 പേർ മരണത്തിനു കീഴടങ്ങി.
 
കിഴക്കൻ ജർമ്മനിയിലെ ജനതയ്ക്ക് നിയമപരമായി പശ്ചിമ ജർമ്മനിയിലേക്കു പോകാൻ കഴിഞ്ഞിരുന്നില്ലെങ്കിലും, പശ്ചിമ ജർമ്മൻ ജനതയ്ക്ക് ചില ട്രാൻസിറ്റ് റൂട്ടുകളിലൂടെ മാത്രം കിഴക്കൻ ബെർലിനിലേക്ക് പോകാൻ അവസരമുണ്ടായിരുന്നു.
 
1989 സെപ്റ്റംബർ 4-ാം തിയതി ലൈപ്സിക്കിലെ Leipzig ) ജനങ്ങൾ DDR ഭരണകൂടത്തിനെതിരായി സമാധാനപരമായി പ്രകടനം നടത്തി. ഉത്തര ജർമ്മനിയിലെ മറ്റു പല നഗരങ്ങളിലും ഇത്തരത്തിലുള്ള Monday demonstrations” പ്രകടനങ്ങൾ വീണ്ടും നടന്നു. രാഷ്ടിയ നവീകരണത്തിനും അതിർത്തികൾ തുറക്കുന്നനതിനുമായി പ്രകടനക്കാർ മുറവിളി കൂട്ടി. 1989 നവംബർ ഒൻപതാം തീയതി ഇരു രാജ്യങ്ങൾക്കു ഇടയിലുണ്ടായിരുന്ന ചെക്ക് പോയിന്റുകൾ ജനങ്ങൾക്കായി തുറന്നു കൊടുത്തു. ബർലിൻ മതിലിന്റെ പതനം ഇന്നേ ദിവസം ആയിരുന്നു. ഈ സംഭവ വികാസങ്ങൾ രാഷ്ടിയമായ ഒരു പുനപരിശോധനയ്ക്കു ഇരു രാജ്യങ്ങളെയും പ്രേരിപ്പിപിച്ചു.
 
1990 മാർച്ചു പതിനെട്ടിനു ജനാധിപത്യ തെരഞ്ഞെെടുപ്പുകൾ നടന്നു ആ വർഷം ആഗസ്റ്റുമാസത്തിൽ ഇരു രാജ്യങ്ങളിിലെയും നേതാക്കന്മാർ ഐക്യ ജർമ്മനിക്കു വേണ്ടിയുള്ള “Treaty of Unification” ഉടമ്പടിയിൽ ഒപ്പുവച്ചു.
 
1990 ഒക്ടോബർ മൂന്നാം തീയതി ഔദ്യോഗികമായി ജർമ്മൻ ഏകീകരണം പൂർത്തിയായി.
 
ജർമ്മൻ ഏകീകരണ ദിനത്തിൻ്റെ ദ്യോഗിക ആഘോഷങ്ങൾ ഓരോ വർഷവും ഓരോ നഗരമാണ് ആതിഥ്യം വഹിക്കുന്നത്. ഈ വർഷം ജർമ്മനിയിലെ സാക്സണി അൻഹാൾട്ട് (Saxony – Anhalt ) സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമായ ഹല്ലേയാണ് ( Halle ) ഒദ്യോഗികമായി ആഘോഷങ്ങൾക്കു നേതൃത്വം വഹിക്കുന്നത്.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements

Leave a comment