ദിവ്യബലി വായനകൾ Saint Francis of Assisi 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 തിങ്കൾ, 4/10/2021


Saint Francis of Assisi 
on Monday of week 27 in Ordinary Time

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

ദൈവമേ, ദാരിദ്ര്യത്തിലും എളിമയിലും
ക്രിസ്തുവിനോട് അനുരൂപപ്പെടാന്‍
വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിക്ക്
അങ്ങ് അനുഗ്രഹം നല്കിയല്ലോ.
ഈ വിശുദ്ധന്റെ വഴികളിലൂടെ ചരിച്ച്,
അങ്ങേ പുത്രനെ അനുഗമിക്കാനും
ആനന്ദപൂര്‍ണമായ സ്‌നേഹത്തോടെ
അങ്ങുമായി ഒന്നിക്കാനും ഞങ്ങളെ പ്രാപ്തരാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

യോനാ 1:1-2:1,11
കര്‍ത്താവിന്റെ സന്നിധിയില്‍ നിന്ന് ഒളിച്ചോടാന്‍ യോനാ ഒരുങ്ങി.

അമിത്തായിയുടെ പുത്രന്‍ യോനായ്ക്ക് കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: നീ എഴുന്നേറ്റ് മഹാനഗരമായ നിനെവേയില്‍ച്ചെന്ന് അതിനെതിരേ വിളിച്ചുപറയുക. എന്തെന്നാല്‍, അവരുടെ ദുഷ്ടത എന്റെ സന്നിധിയില്‍ എത്തിയിരിക്കുന്നു. എന്നാല്‍, യോനാ താര്‍ഷീഷിലേക്കു ഓടി കര്‍ത്താവിന്റെ സന്നിധിയില്‍ നിന്നു മറയാന്‍ ഒരുങ്ങി. അവന്‍ ജോപ്പായിലെത്തി. അവിടെ താര്‍ഷീഷിലേക്കു പോകുന്ന ഒരു കപ്പല്‍ കണ്ട് യാത്രക്കൂലി കൊടുത്ത് അവന്‍ അതില്‍ കയറി. അങ്ങനെ താര്‍ഷീഷില്‍ ചെന്നു കര്‍ത്താവിന്റെ സന്നിധിയില്‍ നിന്ന് ഒളിക്കാമെന്ന് അവന്‍ കരുതി.
എന്നാല്‍, കര്‍ത്താവ് കടലിലേക്ക് ഒരു കൊടുങ്കാറ്റ് അയച്ചു; കടല്‍ക്‌ഷോഭത്തില്‍ കപ്പല്‍ തകരുമെന്നായി. കപ്പല്‍ യാത്രക്കാര്‍ പരിഭ്രാന്തരായി. ഓരോരുത്തരും താന്താങ്ങളുടെ ദേവന്മാരെ വിളിച്ചപേക്ഷിച്ചു. ഭാരം കുറയ്ക്കാന്‍വേണ്ടി കപ്പലിലുണ്ടായിരുന്ന ചരക്കുകളെല്ലാം അവര്‍ കടലിലേക്ക് വലിച്ചെറിഞ്ഞു. എന്നാല്‍, യോനാ കപ്പലിന്റെ ഉള്ളറയില്‍ കിടന്നുറങ്ങുകയായിരുന്നു. അപ്പോള്‍ കപ്പിത്താന്‍ അടുത്തുവന്ന് അവനോടു ചോദിച്ചു: നീ ഉറങ്ങുന്നോ? എന്താണ് ഇതിന്റെ അര്‍ഥം? എഴുന്നേറ്റ് നിന്റെ ദൈവത്തെ വിളിച്ചപേക്ഷിക്കുക. നമ്മള്‍ നശിക്കാതിരിക്കാന്‍ ഒരുപക്‌ഷേ അവിടുന്ന് നമ്മെ ഓര്‍ത്തേക്കും. അനന്തരം അവര്‍ പരസ്പരം പറഞ്ഞു: ആരു നിമിത്തമാണ് നമുക്ക് ഈ അനര്‍ഥം ഭവിച്ചതെന്നറിയാന്‍ നമുക്കു നറുക്കിടാം. അവര്‍ നറുക്കിട്ടു. യോനായ്ക്കു നറുക്കുവീണു. അപ്പോള്‍ അവര്‍ അവനോടു ചോദിച്ചു: പറയൂ, ആരു നിമിത്തമാണ് ഈ അനര്‍ഥം നമ്മുടെമേല്‍ വന്നത്? നിന്റെ തൊഴില്‍ എന്താണ്? നീ എവിടെനിന്നു വരുന്നു? നിന്റെ നാടേതാണ്? നീ ഏതു ജനതയില്‍പ്പെടുന്നു? അവന്‍ പറഞ്ഞു: ഞാന്‍ ഒരു ഹെബ്രായനാണ്. കടലും കരയും സൃഷ്ടിച്ച, സ്വര്‍ഗസ്ഥനായ ദൈവമായ കര്‍ത്താവിനെ ആണ് ഞാന്‍ ആരാധിക്കുന്നത്. അപ്പോള്‍ അവര്‍ അത്യധികം ഭയപ്പെട്ട് അവനോടു പറഞ്ഞു: നീ എന്താണ് ഈ ചെയ്തത്? അവന്‍ കര്‍ത്താവിന്റെ സന്നിധിയില്‍ നിന്ന് ഓടിയൊളിക്കുകയാണെന്ന്, അവന്‍തന്നെ പറഞ്ഞ് അവര്‍ അറിഞ്ഞു. അവര്‍ അവനോടു പറഞ്ഞു: കടല്‍ ശാന്തമാകേണ്ടതിന് ഞങ്ങള്‍ നിന്നെ എന്തുചെയ്യണം? കടല്‍ കൂടുതല്‍ കൂടുതല്‍ പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കുന്നു. അവന്‍ അവരോടു പറഞ്ഞു: എന്നെ എടുത്തു കടലിലേക്കെറിയുക. അപ്പോള്‍ കടല്‍ ശാന്തമാകും. എന്തെന്നാല്‍, ഞാന്‍ നിമിത്തമാണ് ഈ വലിയ കൊടുങ്കാറ്റ് നിങ്ങള്‍ക്കെതിരേ ഉണ്ടായിരിക്കുന്നതെന്നു ഞാന്‍ മനസ്സിലാക്കുന്നു.
കപ്പല്‍ കരയ്ക്ക് അടുപ്പിക്കുന്നതിനായി അവര്‍ ശക്തിപൂര്‍വം തണ്ടുവലിച്ചു. എന്നാല്‍, അവര്‍ക്കു സാധിച്ചില്ല. എന്തെന്നാല്‍, കടല്‍ അവര്‍ക്കെതിരേ പൂര്‍വാധികം ക്‌ഷോഭിക്കുകയായിരുന്നു. അതുകൊണ്ട്, അവര്‍ കര്‍ത്താവിനോടു നിലവിളിച്ചു. കര്‍ത്താവേ, ഈ മനുഷ്യന്റെ ജീവന്‍ നിമിത്തം ഞങ്ങള്‍ നശിക്കാനിടയാകരുതേ! നിഷ്‌കളങ്കരക്തം ചിന്തി എന്ന കുറ്റം ഞങ്ങളുടെമേല്‍ ചുമത്തരുതേ! കര്‍ത്താവേ, അവിടുത്തെ ഹിതമനുസരിച്ചാണല്ലോ ഇപ്രകാരം സംഭവിച്ചത്. അനന്തരം, അവര്‍ യോനായെ എടുത്തു കടലിലേക്കെറിഞ്ഞു. ഉടനെ കടല്‍ ശാന്തമായി. അപ്പോള്‍ അവര്‍ കര്‍ത്താവിനെ അത്യധികം ഭയപ്പെടുകയും അവിടുത്തേക്കു ബലിയര്‍പ്പിക്കുകയും നേര്‍ച്ചനേരുകയും ചെയ്തു.
യോനായെ വിഴുങ്ങാന്‍ കര്‍ത്താവ് ഒരു വലിയ മത്സ്യത്തെ നിയോഗിച്ചു. യോനാ മൂന്നു രാവും മൂന്നു പകലും ആ മത്സ്യത്തിന്റെ ഉദരത്തില്‍ കഴിഞ്ഞു. മത്സ്യത്തിന്റെ ഉദരത്തില്‍ വച്ചു യോനാ തന്റെ ദൈവമായ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു. കര്‍ത്താവ് മത്സ്യത്തോടു കല്‍പിച്ചു. അതു യോനായെ കരയിലേക്കു ഛര്‍ദിച്ചിട്ടു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

യോനാ 2:3-5,8

കര്‍ത്താവേ, അങ്ങ് എന്റെ ജീവനെ പാതാളത്തില്‍ നിന്നു പൊക്കിയെടുത്തു.

എന്റെ കഷ്ടതയില്‍ ഞാന്‍
കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു.
അവിടുന്ന് എനിക്ക് ഉത്തരമരുളി.
പാതാളത്തിന്റെ ഉദരത്തില്‍ നിന്നു
ഞാന്‍ നിലവിളിച്ചു;
അവിടുന്ന് എന്റെ നിലവിളി കേട്ടു.

കര്‍ത്താവേ, അങ്ങ് എന്റെ ജീവനെ പാതാളത്തില്‍ നിന്നു പൊക്കിയെടുത്തു.

അവിടുന്ന് എന്നെ ആഴത്തിലേക്ക്,
സമുദ്രമധ്യത്തിലേക്കു വലിച്ചെറിഞ്ഞു.
പ്രവാഹം എന്നെ വളഞ്ഞു.
അങ്ങേ തിരമാലകള്‍
എന്റെ മുകളിലൂടെ കടന്നുപോയി.

കര്‍ത്താവേ, അങ്ങ് എന്റെ ജീവനെ പാതാളത്തില്‍ നിന്നു പൊക്കിയെടുത്തു.

അങ്ങേ സന്നിധിയില്‍ നിന്നു
ഞാന്‍ നിഷ്‌കാസിതനായിരിക്കുന്നു.
അങ്ങേ വിശുദ്ധ മന്ദിരത്തിലേക്ക്,
ഇനി ഞാന്‍ എങ്ങനെ നോക്കും?

കര്‍ത്താവേ, അങ്ങ് എന്റെ ജീവനെ പാതാളത്തില്‍ നിന്നു പൊക്കിയെടുത്തു.

എന്റെ ജീവന്‍ മരവിച്ചപ്പോള്‍,
ഞാന്‍ കര്‍ത്താവിനെ ഓര്‍ത്തു.
എന്റെ പ്രാര്‍ഥന അങ്ങേ അടുക്കല്‍,
അങ്ങേ വിശുദ്ധ മന്ദിരത്തില്‍, എത്തി.

കര്‍ത്താവേ, അങ്ങ് എന്റെ ജീവനെ പാതാളത്തില്‍ നിന്നു പൊക്കിയെടുത്തു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 10:25-37
ആരാണ് എന്റെ അയല്‍ക്കാരന്‍?

അക്കാലത്ത്, ഒരു നിയമജ്ഞന്‍ എഴുന്നേറ്റുനിന്ന് യേശുവിനെ പരീക്ഷിക്കുവാന്‍ ചോദിച്ചു: ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം? അവന്‍ ചോദിച്ചു: നിയമത്തില്‍ എന്ത് എഴുതിയിരിക്കുന്നു? നീ എന്തു വായിക്കുന്നു? അവന്‍ ഉത്തരം പറഞ്ഞു: നീ നിന്റെ ദൈവമായ കര്‍ത്താവിനെ, പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണശക്തിയോടും പൂര്‍ണമനസ്സോടും കൂടെ സ്‌നേഹിക്കണം; നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെയും. അവന്‍ പ്രതിവചിച്ചു: നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞു. ഇതനുസരിച്ചു പ്രവര്‍ത്തിക്കുക; നീ ജീവിക്കും. എന്നാല്‍ അവന്‍ തന്നെത്തന്നെ സാധൂകരിക്കാന്‍ ആഗ്രഹിച്ച് യേശുവിനോടു ചോദിച്ചു: ആരാണ് എന്റെ അയല്‍ക്കാരന്‍? യേശു പറഞ്ഞു: ഒരുവന്‍ ജറുസലെമില്‍ നിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു. അവന്‍ കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ടു. അവര്‍ അവന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുത്ത്, അവനെ പ്രഹരിച്ച് അര്‍ധപ്രാണനാക്കിയിട്ടു പൊയ്ക്കളഞ്ഞു. ഒരു പുരോഹിതന്‍ ആ വഴിയേ വന്നു. അവനെക്കണ്ട് മറുവശത്തുകൂടെ കടന്നുപോയി. അതുപോലെ ഒരു ലേവായനും അവിടെ വന്നപ്പോള്‍, അവനെ കണ്ടെങ്കിലും കടന്നുപോയി. എന്നാല്‍, ഒരു സമരിയാക്കാരന്‍ യാത്രാമധ്യേ അവന്‍ കിടന്ന സ്ഥലത്തു വന്നു. അവനെക്കണ്ട് മനസ്സലിഞ്ഞ്, അടുത്തുചെന്ന് എണ്ണയും വീഞ്ഞുമൊഴിച്ച്, അവന്റെ മുറിവുകള്‍ വച്ചുകെട്ടി, തന്റെ കഴുതയുടെ പുറത്തുകയറ്റി ഒരു സത്രത്തില്‍ കൊണ്ടുചെന്നു പരിചരിച്ചു. അടുത്തദിവസം അവന്‍ സത്രം സൂക്ഷിപ്പുകാരന്റെ കൈയില്‍ രണ്ടു ദനാറ കൊടുത്തിട്ടു പറഞ്ഞു: ഇവന്റെ കാര്യം നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കില്‍ ഞാന്‍ തിരിച്ചുവരുമ്പോള്‍ തന്നുകൊള്ളാം. കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ട ആ മനുഷ്യന് ഈ മൂവരില്‍ ആരാണ് അയല്‍ക്കാരനായി വര്‍ത്തിച്ചത്? അവനോടു കരുണ കാണിച്ചവന്‍ എന്ന് ആ നിയമജ്ഞന്‍ പറഞ്ഞു. യേശുപറഞ്ഞു: നീയും പോയി അതുപോലെ ചെയ്യുക.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ ഫ്രാന്‍സിസ്
ഏറെ തീക്ഷ്ണതയോടെ ആശ്ലേഷിച്ച
കുരിശിന്റെ രഹസ്യം ഉചിതമായി ആഘോഷിക്കുന്നതിന്
ഞങ്ങള്‍ യോഗ്യരാകാന്‍,
ഈ യാഗദ്രവ്യങ്ങള്‍ അങ്ങേക്കു സമര്‍പ്പിച്ചുകൊണ്ട്
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
മത്താ 5:3

ആത്മാവില്‍ ദരിദ്രര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരുടേതാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ സ്വീകരിച്ച ഈ ദിവ്യദാനങ്ങള്‍വഴി,
വിശുദ്ധ ഫ്രാന്‍സിസിന്റെ സ്‌നേഹവും
അപ്പസ്‌തോലിക ചൈതന്യവും അനുകരിച്ചുകൊണ്ട്,
അങ്ങേ സ്‌നേഹത്തിന്റെ ഫലം അനുഭവിക്കാനും
എല്ലാവരുടെയും രക്ഷയ്ക്കായി പ്രയത്‌നിക്കാനും
അനുഗ്രഹം നല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment