ദീപിക – എന്ത്, എന്തിന്?

#ദീപിക – #എന്ത്, #എന്തിന്?
സ്നേഹിതരേ ,
ഇന്നലെയും ഇന്നും നാളെയും കേരള കത്തോലിക്കാ സമൂഹം ദീപികയേപ്പറ്റി ചൂടൻ ചർച്ചകളിൽ പങ്കെടുക്കും.

ദീപികയുടെ ഒന്നാം പേജിൽ BJP പരസ്യം വരുന്നതാണ് ഇന്നത്തെ വിഷയം.

നാളെ ഇലക്ഷൻ ദിനത്തിൽ CPM പരസ്യം ഒന്നാം പേജിൽ നിറഞ്ഞു വരുന്നതാണ് വിഷയം.

കാശു കണ്ടപ്പോൾ .ദീപികയുടെ സഭാ സ്നേഹം ചാണകക്കുഴിയിലായി…

മോദിയെ ദീപിക പിൻ തുണയ്ക്കുന്നു,
തുടങ്ങിയ വിമർശനങ്ങൾ …
ചിലർ പത്രം കത്തിക്കുന്നു. ചിലർ പത്രം ഉപേക്ഷിക്കുന്നു….
ആകെ പ്രശ്ന പ്രളയം.

സ്നേഹിതരേ ,സത്യത്തിൽ BJP പണംനൽകി നൽകിയ അവരുടെ പരസ്യമാണത്.
കേന്ദ്ര സർക്കാരിന്റെ അംഗീകാരമുള്ള ,സർക്കാർ പരസ്യങ്ങൾ നൽകുന്ന,
എല്ലാ പത്രത്തിലും എല്ലാ രാഷ്ട്രീയ പാർട്ടിയുടേയും പരസ്യങ്ങൾ പ്രസിദ്ധീകരിക്കാൻ എല്ലാ പത്രങ്ങൾക്കും ജനാധിപത്യപരമായ ബാധ്യതയുണ്ട്.
മാത്രമല്ല
ദീപികക്ക് സർക്കാർ പരസ്യം ലഭിക്കുന്നത് പത്രത്തിന് പൊതുസൂഹത്തിലുള്ള സെക്കുലർ അംഗീകാരവുമാണ്.

എന്നാൽ BJP, CPM, Congress പരസ്യങ്ങൾ ,അവർ തരുന്നതുപോലെ കൊടുക്കുന്ന ദീപിക,
ദീപികയുടെ രാഷ്ട്രീയ മനസ് എഡിറ്റ് പേജിലും പ്രധാന വാർത്താ വിശകലനങ്ങളിലും പ്രകടിപ്പിക്കുന്നുണ്ടുതാനും.

അവരുടെയും കൂടി പണം വാങ്ങി നമ്മൾ, സമൂഹത്തിന് സത്യസന്ധമായ വാർത്ത നൽകുന്നു എന്നത്, നമ്മുടെ മികവല്ലേ?

ഇനി ദീപികയെപ്പറ്റി.

സത്യത്തിൽ ദീപികയ്ക്കെ ന്താണ് പറ്റിയത്, പറ്റുന്നത്?

1887 മുതൽ 1989 വരെ 102 വർഷം CM1 സഭയുടെ കോട്ടയം പ്രവിശ്യ തനിച്ചു നടത്തി ,ദീപിക.

അന്ന് സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ എല്ലാ സഭാധികാരികളേയും സമീപിച്ച് വിനീതമായി സഹകരണം യാചിച്ചതാണ്. കിട്ടാതെ വന്നപ്പോൾ 1989-ൽ 22 ആയിരത്തിലധികം പേരുടെ ചെറുതും വലുതുമായ ഷെയർ വാങ്ങി രാഷ്ട്രദീപിക ലിമിറ്റഡ് എന്ന കമ്പനിയാക്കി KCBC യെ ഏല്പിച്ചതാണ്.

CMI സഭ ,ദീപിക, കമ്പനിയെ ഏല്പിക്കുമ്പോൾ എല്ലാ കടങ്ങളും വീട്ടി, ഇപ്പോഴത്തെ നാലുനില ഹെഡ് ഓഫീസും അത് നില്ക്കുന്ന 17 സെന്റ് സ്ഥലവും കമ്പനിക്ക് തീറാധാ ര മായി എഴുതി നൽകി, ഒരു ഷെയർനോൾഡറായി വീണ്ടും കൈകോർത്ത് സഹകരണം തുടരുകയാണ്.

തടർന്ന്,
കമ്പനിയിൽ കൂടുതൽ ഷെയറുള്ളവർ ചേർന്ന് ഡയറക്ടർ ബോർഡ് രൂപീകരിക്കുകയും ഡയറക്ടർ ബോർഡ് തെരഞ്ഞെടുക്കുന്ന MDമാർ കമ്പനി ഭരണം നടത്തുകയും ചെയ്തു.

2005 മുതൽ 2008 വരെ ദീപിക മറ്റൊരു മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലായതും 2008 ജനുവരി 1-ന് ,KCBC, 16 കോടി രൂപ കൊടുത്ത് ദീപികയും അനുബന്ധ പ്രസിദ്ധീകരണങ്ങളും ,ആസ്തികളും ബാധ്യതകളും സ്വന്തമാക്കി വീണ്ടും പുതിയ തുടക്കം കുറിച്ചതും ചരിത്രം.

2008 മുതൽ രാഷ്ട്രദീപിക കമ്പനിയുടെ 76% ഷെയറുകളും KCBC യുടെ പക്കലും 24% കത്തോലിക്ക രായ അൽമായരുടെ ഉടമസ്ഥതയിലുമാണ്. ഇതാണ്, കമ്പനിയുടെ ഇപ്പോഴത്തെ അവസ്ഥ.

പത്രത്തിന്റെ സാമ്പത്തിക പ്രതിസന്ധി എങ്ങനെ?

പത്രത്തിന് നേരിട്ടുള്ള വരുമാന മാർഗങ്ങൾ രണ്ടാണ്.
1. വരിസംഖ്യ.
2. പരസ്യം.

കേരളത്തിൽ ദീപികയ്ക്കു മാത്രമാണ് വരുമാനം ഈ രണ്ടു മാർഗത്തിൽ മാത്രം ഒതുക്കേണ്ടി വരുന്നത്?

മറ്റു ഒട്ടുമിക്ക പത്രങ്ങൾക്കും മറ്റു വരുമാന മാർഗങ്ങൾ, സ്ഥാപനങ്ങൾ, ബിസിനസുകൾ, പാർട്ടി, സമുദായ പിന്തുണ ,
വരിസംഖ്യയും പരസ്യവുമായി ലഭിക്കുന്നു.

പരസ്യ, വരിസംഖ്യ വരുമാനം ഓരോ ദിവസവും ആടിയുലയുന്ന അവസ്ഥയാണ്.

പത്രം മികച്ചതാകണമെങ്കിൽ, എല്ലാ വിഭാഗത്തിലും
നല്ല ജീവനക്കാർ നിലനില്ക്കണം. ജീവനക്കാർ നില നില്ക്കണമെങ്കിൽ നല്ല ശമ്പളം നൽകണം.
നല്ല ശമ്പളം കൊടുക്കാൻ വരുമാനം വർധിക്കണം. വരുമാനം വർധിക്കാൻ പരസ്യവും വരിസംഖ്യയും കൂടണം.. ഇത് കൂടാൻ എഡിറ്റോറിയലിലും സർക്കുലേഷനിലും അഡ്വർടൈസ്മെന്റിലും നല്ല ജീവനക്കാർ വേണം. അതിനു അവർക്ക് നല്ല ശമ്പളം കൊടുക്കണം……..

ഇതൊരു ചാക്രിക ഗമനമാണ്.

ഇവിടെയാണ് ദീപിക പ്രതിസന്ധി നേരിടുന്നത്.

നല്ല ജീവനക്കാരെ ഓരോ സെക്ഷനിൽ നിന്നും മറ്റു പത്രക്കാർ കൂടുതൽ ശമ്പളം കൊടുത്ത് കൊണ്ടു പോകുന്നു.

ജോൺസണേപ്പോലെ നിരവധി സമർത്ഥരായ ഉദ്യോഗസ്ഥർ സഭാ സ്നേഹം കൊണ്ടും സമർപ്പണബോധം കൊണ്ടും, പുറം വിളികളെ അതിജീവിക്കുന്നു.

ദീപികയെപ്പറ്റിയുള്ള പരാതികൾ.

1. വാർത്തകൾക്ക് വായനാ സുഖമില്ല, പേജ് ലേഔട്ട് ഭംഗിയില്ല.

പരാതിയിൽ കാര്യമുണ്ട്.

ദീപികയുടെ എഡിറ്റോറിയൽ ടീം മികച്ചതാണ്.
(ദീപികയിൽ നിന്നും മറ്റു പത്രക്കാർ കൊണ്ടു പോയതാണ് കേരളത്തിലെ മറ്റു പല പ്രധാന പത്രങ്ങളിലെയും നിരവധി പ്രമുഖർ.)

നമ്മുടെ ടീം മികച്ചതാണെങ്കിലും ജനമനസിനു രമിക്കുന്ന തരത്തിൽ അവർക്ക് വാർത്ത അവതരിപ്പിക്കാൻ കഴിയില്ല.
കാരണം നമുക്ക് സത്യമേ എഴുതാൻ കഴിയൂ.

നമ്മൾ കത്തോലിക്കാ സഭയുടെ അന്തസും ആഭിജാത്യവും, വാർത്താ അവതരണത്തിൽ ( രാഷ്ടീയ, അന്യ മത വിഷയങ്ങളിൽ) പാലിക്കുന്നു.

സത്യാവസ്ഥ ഉറപ്പില്ലാത്ത ഊഹ വാർത്തകൾക്കാണ് വായനാസുഖവും ആകാംക്ഷയും ജനിപ്പിക്കാൻ കഴിയുന്നത്.
നമുക്ക് വ്യക്തികളേയോ സ്ഥാപനങ്ങളേയോ, പണത്തിനു വേണ്ടി പ്രീണിപ്പിച്ചോ, ഭീഷണിപ്പെടുത്തിയോ വാർത്ത കൊടുക്കാനാവില്ല.

നമുക്ക് നമ്മുടെ വിശ്വാസത്തിനും ധാർമ്മികതയ്ക്കും വിരുധമായ ഒരു വാർത്തയും പരസ്യവും കൊടുക്കാനാവില്ല.( വാരഫലം, ചാത്തൻ സേവ, മന്ത്രവാദം, ഉത്സവ പരസ്യങ്ങൾ…..,)
മറ്റെല്ലാ പത്രങ്ങൾക്കും ഈ പരസ്യങ്ങൾ കൊടുക്കാം.( ഓരോ മാസവും ഈ കൂട്ടരുടെ ലക്ഷങ്ങളുടെ പരസ്യങ്ങൾ ,പട്ടിണിയാണേലും,നമ്മൾ വേണ്ടെന്നു വയ്ക്കുന്നു.)

മതസ്പർദ്ധ വളർത്തുന്ന, അയൽ മതവിശ്വാസികളെ മുറിപ്പെടുത്തുന്ന വാർത്തകൾ നമ്മൾ കൊടുക്കില്ല.

നമ്മുടെ സഭാ വാർത്തകൾ…..

a ) ലിറ്റർജി സംബന്ധമായ വിഷയങ്ങൾ, രൂപതകൾ തമ്മിലുള്ള വിഷയങ്ങൾ, നമ്മൾ കൊടുക്കില്ല.

b, സഭാ സംബന്ധമായ എല്ലാ വിഷയങ്ങൾക്കും KCBC തരുന്ന പത്രക്കുറിപ്പാണ് ദീപികയുടെ ഏക ഉറവിടം.
(മറ്റു പത്രങ്ങൾ എഴുതുന്ന,അസത്യങ്ങളും അർധസത്യങ്ങളും, ഊഹ വാർത്തകളും നമ്മുടെ ജനം ആർത്തിയോടെ ഉണ്ണുമ്പോൾ, ദീപിക വാർത്ത ഉപ്പില്ലാത്ത കറി പോലെ അവർ ഇലയുടെ പുറത്തേക്കു തള്ളും!)

പരാതി 2.

പ്രൊഡക്ഷൻ ക്വാളിറ്റി
വളരെ മോശം…
പേജ് എണ്ണം കുറവ്..

ഈ പരാതിയിലും കാര്യമുണ്ട്.

കോട്ടയം യൂണിറ്റിൽ നമ്മൾ, കഴിഞ്ഞ വർഷം 15 കോടി ലോണെടുത്ത്
20 പേജ് കളർ അടിക്കാൻ കഴിയുന്ന യു.വി. പ്രസ്സ് വാങ്ങിച്ചു.

ഇപ്പോൾ
തിരുവനന്തപുരം മുതൽ മൂവാറ്റുപുഴ വരെ 14 പേജും കളർ അടിച്ചാണ് ദീപിക നൽകുന്നത്. കേരളത്തിൽ ചുരുക്കം പത്രങ്ങൾക്കേ ഇന സൗകര്യമുള്ളൂ.
എറണാകളത്ത് 10 പേജും
തൃശൂർ പേജും കളറാണ്.
കോഴിക്കോടും കണ്ണൂരും കളർ പേജുകൾ കുറവാണ്.

കാരണം…

പേപ്പർ ക്വാളിറ്റി കൂട്ടാൻ കയ്യിൽ പണം വേണം.
കഴിഞ്ഞ വർഷം ന്യൂസ് പ്രിന്റിന് വില ഇരട്ടി വർധിച്ചു.
പ്രതിമാസം 70 ലക്ഷത്തോളം രൂപ അധികം കണ്ടെത്താനുള്ള ശ്രമം വിജയിച്ചില്ല.
പ്രളയം മൂലം ഓണക്കാല പരസ്യം, ആറു കോടിയാണ് കിട്ടാതെ പോയത്!

ശമ്പളം കൊടുക്കാനുള്ള പണം പത്രക്കടലാസിനു കൊടുക്കേണ്ടി വന്നു.
ശമ്പളം മുടങ്ങി.
ഇതു കൊണ്ടു മാത്രം ജീവിക്കുന്ന 1000 ലേറെ കുടുംബങ്ങൾ ബുദ്ധിമുട്ടിലായി.

പരസ്യം കൂട്ടിയാൽ, വരിസംഖ്യ കൂടിയാൽ വരുമാനം കൂടിയാൽ ശമ്പളം കൊടുക്കാം. പത്രക്കടലാസ് മികച്ച താക്കാം. പേജുകൾ കൂട്ടാം…. പരസ്യവും വരിസംഖ്യയും… കൂടിയാൽ… മാത്രം!

പരാതി 3.

പത്രവിതരണം ശരിയാകുന്നില്ല, സമയത്ത് കിട്ടുന്നില്ല.,

ഇതും ശരിയാണ്. കാരണം.,
ഏജൻറുമാർ ഭരിക്കുന്ന പത്രമാണ് ദീപിക.
നമ്മുടെ പത്രം വിതരണം ചെയ്യുന്ന ഏജന്റുമാർ നമ്മുടേതല്ല, മറ്റു പത്രങ്ങളുടെ വിതരണക്കാരാണ്‌. അവരുടെ കയ്യും കാലും പിടിച്ചാണ് നമ്മുടെ പത്രവിതരണം നടത്തുന്നത്.

നമ്മുടെ സഭയ്ക്ക് ഇത്രയും മഹത്തായ സംഘടനാ, ഇടവക സംവിധാനവും, മഹാന്മാരായ അധികാരികളും മിടുക്കന്മാരായ വൈദികരം സന്യസ്തരും, കാക്കത്തൊള്ളായിരം അത്മായ സംഘടനകളും പാരീഷ് കൗൺസിലും കുടുംബ കൂട്ടായമയും എല്ലാം ഉണ്ടായിട്ടും സഭക്ക് ആകെയുള്ള ഒരു ദിനപത്രം വീട്ടിലെത്തിക്കാനുള്ള സംവിധാനമുണ്ടാക്കാൻ ഇനിയും സമയം കിട്ടിയിട്ടില്ല.

നമ്മുടെ പത്രക്കെട്ടുകൾ മുക്കുക, നമ്മുടെ പത്രം കൊടുക്കാതെ, വന്നില്ല എന്നു പറഞ്ഞ് മറ്റ് പത്രങ്ങൾ ഇടുക തുടങ്ങിയ കലാപരിപാടികളിലൂടെ വായനക്കാരനെ പരമാവധി ചൊറിയുക, അതുവഴി ദീപികയോട് വരിക്കാരുടെ മനസിൽ,ഒരു അവമതിപ്പ് സൃഷ്ടിക്കുക തുടങ്ങിയ കലാപരിപാടികളാണ് 90% ഏജന്റുമാരും ചെയ്യുന്നത്.

പരിഹാരമാർഗങ്ങൾ.
“I. ദീപികയുടെ ആവശ്യകത സമുദായത്തെ ബോധ്യപ്പെടുത്തി പരസ്യവും വരിസംഖ്യയും കൂട്ടി, വരുമാന വർധനവിനുള്ള വഴി കണ്ടെത്തുക.

2. അധിക വരുമാനമുണ്ടാക്കാൻ ,പുതിയ പദ്ധതികൾ തുടങ്ങുക.

3.ഉള്ളടക്കവും ഉൽപന്ന മികവും ഉയർത്തുക.

സമുദായം എന്തു കൊണ്ട് ഇങ്ങനെ?

കത്തോലിക്കാ സഭ ചാരിറ്റിയും അജപാലന ശുശ്രൂഷയും ആയി തുടങ്ങിയ കാര്യങ്ങൾ (പള്ളി, തീർത്ഥാടന കേന്ദ്രങ്ങൾ, ധ്യാനകേന്ദ്രങ്ങൾ, ആതുരശുശ്രൂഷ, വിദ്യാഭ്യാസ ശുശ്രൂഷ ) എല്ലാം പക്കാ ബിസിനസ് ആയി…ആക്കി…!
ബിസിനസ് ആയി തുടങ്ങിയ പ്രത്ര വ്യവസായം (ദീപിക) ഇപ്പോൾ ശുശ്രൂഷയായി!
ചോദിക്കന്നോരെല്ലാം ദീപികക്കുവേണ്ടി പ്രാർത്ഥനയോടു പ്രാർത്ഥനയാണ്.”

കത്തോലിക്കന്റെ
കറ കളഞ്ഞ കാപട്യം !

അടിക്കുറിപ്പ്.
രണ്ടു മാസമായി ശമ്പളം കിട്ടാത്ത ഒരു സാധു ജീവനക്കാരനെ ഓഫീസിനു മുന്നിൽ വച്ച് കണ്ടുമുട്ടി.

” അച്ചാ, ഒരായിരം രൂപ വായ്പ തരാവോ… അരി വാങ്ങാനാണ്.
അച്ചാ… നമ്മുടെ സഭ, കോടികൾ പ്രളയ ദുരിതത്തിനായി പലർക്കും കൊടുത്തില്ലേ.?
അതുപോലെയെങ്കിലും ഞങ്ങളെയൊന്നു സഹായിക്കാൻ പിതാക്കന്മാരോടും അച്ചന്മാരോടും പറയാമോ?
പല പത്രക്കാരും വിളിക്കുന്നുണ്ട്…..
ദീപികയെ സ്നേഹിച്ചു പോയതു കൊണ്ട് ഇട്ടേച്ചു പോകാനും പറ്റുന്നില്ല! “

അന്നു രാത്രി ഞാൻ ചാപ്പലിൽ പോയി തനിച്ചിരുന്നു കരഞ്ഞു.

തമ്പുരാനേ,
എന്റെ സഭ എന്നുണരും
ഒരു ഐക്യബോധത്തിലേക്ക് …?

മൂല്യങ്ങളും പാരമ്പര്യവും പൈതൃകവും നിലനിർത്താനും കാലിക പ്രതിസന്ധികളെ ഒരേ മനസോടെ നേരിടാൻ എല്ലാ വീട്ടിലും ഓരോ ദിവസവും എത്തി, എല്ലാവരിലും ഒരേ ആശയം പങ്കു വക്കാൻ ഒരു മാധ്യമം വേണമെന്ന ചിന്തയിലേക്ക് നിന്റെ ജനം എന്ന് ഒരുമിക്കും?

എന്തിന് ദീപിക.?

ഈ ചോദ്യത്തിന് ഉത്തരo തുടർ ചർച്ചയാകണം എന്നാണ് എന്റെ വിനീതമായ അഭിപ്രായം.

ഫാ. റോയി കണ്ണൻചിറ (CMI)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s