ദിവ്യബലി വായനകൾ Our Lady of the Rosary 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വ്യാഴം, 7/10/2021


Our Lady of the Rosary 
on Thursday of week 27 in Ordinary Time

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ മാനസങ്ങളില്‍
അങ്ങേ കൃപ ചൊരിയണമേ.
മാലാഖയുടെ സന്ദേശത്താല്‍,
അങ്ങേ പുത്രനായ ക്രിസ്തുവിന്റെ മനുഷ്യാവതാരം
അറിഞ്ഞിരിക്കുന്ന ഞങ്ങള്‍,
പരിശുദ്ധ കന്യകമറിയത്തിന്റെ മാധ്യസ്ഥ്യത്താല്‍,
അവിടത്തെ പീഡാസഹനവും കുരിശുംവഴി
ഉയിര്‍പ്പിന്റെ മഹത്ത്വത്തിലേക്ക് നയിക്കപ്പെടുമാറാകട്ടെ
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

മലാ 3:13-20
ചൂളപോലെ കത്തുന്ന ദിനം ഇതാ, വരുന്നു.

കര്‍ത്താവ് അരുളിച്ചെയ്യുന്നു; എനിക്കെതിരേയുള്ള നിങ്ങളുടെ വാക്കുകള്‍ കഠിനമായിരിക്കുന്നു. എന്നിട്ടും ഞങ്ങള്‍ അങ്ങേക്കെതിരായി എങ്ങനെ സംസാരിച്ചു എന്ന് നിങ്ങള്‍ ചോദിക്കുന്നു. നിങ്ങള്‍ പറഞ്ഞു: ദൈവത്തെ സേവിക്കുന്നതു വ്യര്‍ഥമാണ്, അവിടുത്തെ കല്‍പനകള്‍ അനുസരിക്കുന്നതു കൊണ്ടും സൈന്യങ്ങളുടെ കര്‍ത്താവിന്റെ മുന്‍പില്‍ വിലാപം ആചരിക്കുന്നവരെപ്പോലെ നടക്കുന്നതു കൊണ്ടും എന്തു പ്രയോജനം? ഇനിമേല്‍ അഹങ്കാരികളാണു ഭാഗ്യവാന്മാര്‍ എന്നു ഞങ്ങള്‍ കരുതും. ദുഷ്‌കര്‍മികള്‍ അഭിവൃദ്ധിപ്പെടുക മാത്രമല്ല, ദൈവത്തെ പരീക്ഷിക്കുമ്പോള്‍ അവര്‍ രക്ഷപെടുകയും ചെയ്യുന്നു. അന്നു കര്‍ത്താവിനെ ഭയപ്പെട്ടിരുന്നവര്‍ പരസ്പരം സംസാരിച്ചു; അവര്‍ പറഞ്ഞത് കര്‍ത്താവ് ശ്രദ്ധിച്ചു കേട്ടു. കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ നാമം ധ്യാനിക്കുകയും ചെയ്യുന്നവരെ ഓര്‍മിക്കേണ്ടതിന് ഒരു ഗ്രന്ഥം അവിടുത്തെ മുന്‍പില്‍ എഴുതപ്പെട്ടു. സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവര്‍ എന്റെതായിരിക്കും. ഞാന്‍ പ്രവര്‍ത്തിക്കുന്ന ദിവസം അവര്‍ എന്റെ പ്രത്യേക അവകാശമായിരിക്കും. പിതാവ് തന്നെ സേവിക്കുന്ന പുത്രനെയെന്ന പോലെ ഞാന്‍ അവരെ രക്ഷിക്കും. അപ്പോള്‍ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലും ഉള്ള വ്യത്യാസം നിങ്ങള്‍ ഒരിക്കല്‍ക്കൂടി തിരിച്ചറിയും.
സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ചൂളപോലെ കത്തുന്ന ദിനം ഇതാ, വരുന്നു. അന്ന് അഹങ്കാരികളും ദുഷ്ടന്മാരും വയ്‌ക്കോല്‍ പോലെയാകും. ആ ദിനം അവരെ വേരും ശാഖയും അവശേഷിക്കാത്തവിധം ദഹിപ്പിച്ചുകളയും. എന്നാല്‍, എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങള്‍ക്കു വേണ്ടി നീതിസൂര്യന്‍ ഉദിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 1:1-2,3,4,6

കര്‍ത്താവിനെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.

ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ
പാപികളുടെ വഴിയില്‍ വ്യാപരിക്കുകയോ
പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ
ചെയ്യാത്തവന്‍ ഭാഗ്യവാന്‍.
അവന്റെ ആനന്ദം കര്‍ത്താവിന്റെ നിയമത്തിലാണ്;
രാവും പകലും അവന്‍ അതിനെക്കുറിച്ചു ധ്യാനിക്കുന്നു.

കര്‍ത്താവിനെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.

നീര്‍ച്ചാലിനരികേ നട്ടതും യഥാകാലം ഫലം തരുന്നതും
ഇലകൊഴിയാത്തതുമായ വൃക്ഷം പോലെയാണ് അവന്‍;
അവന്റെ പ്രവൃത്തികള്‍ സഫലമാകുന്നു.

കര്‍ത്താവിനെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.

ദുഷ്ടര്‍ ഇങ്ങനെയല്ല,
കാറ്റു പറത്തുന്ന പതിരുപോലെയാണ് അവര്‍.
കര്‍ത്താവു നീതിമാന്മാരുടെ മാര്‍ഗം അറിയുന്നു;
ദുഷ്ടരുടെ മാര്‍ഗം നാശത്തില്‍ അവസാനിക്കും.

കര്‍ത്താവിനെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 11:5-13
ചോദിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കും.

അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: നിങ്ങളിലൊരുവന് ഒരു സ്‌നേഹിതനുണ്ടെന്നിരിക്കട്ടെ. അര്‍ധരാത്രി അവന്റെ അടുത്തുചെന്ന് അവന്‍ പറയുന്നു: സ്‌നേഹിതാ, എനിക്കു മൂന്ന് അപ്പം വായ്പ തരുക. ഒരു സ്‌നേഹിതന്‍ യാത്രാമധ്യേ എന്റെ അടുക്കല്‍ വന്നിരിക്കുന്നു. അവനു കൊടുക്കാന്‍ എനിക്കൊന്നുമില്ല. അപ്പോള്‍, അവന്റെ സ്‌നേഹിതന്‍ അകത്തുനിന്നു മറുപടി പറയുന്നു: എന്നെ ഉപദ്രവിക്കരുത്. കതകടച്ചു കഴിഞ്ഞു. എന്റെ കുഞ്ഞുങ്ങളും എന്റെകൂടെ കിടക്കയിലാണ്. എഴുന്നേറ്റ് നിനക്ക് ഒന്നും തരാന്‍ സാധിക്കുകയില്ല. ഞാന്‍ നിങ്ങളോടു പറയുന്നു, അവന്‍ സ്‌നേഹിതനാണ് എന്നതിന്റെ പേരില്‍ അവന് ഒന്നും കൊടുക്കുകയില്ലെങ്കില്‍ത്തന്നെ നിര്‍ബന്ധം നിമിത്തം എഴുന്നേറ്റ് അവന് വേണ്ടതു നല്‍കും. ഞാന്‍ നിങ്ങളോടു പറയുന്നു: ചോദിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കും. അന്വേഷിക്കുവിന്‍; നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍; നിങ്ങള്‍ക്കു തുറന്നുകിട്ടും. എന്തെന്നാല്‍ ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു. മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു. നിങ്ങളില്‍ ഏതൊരു പിതാവാണ് മകന്‍ മീന്‍ ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കുക? മുട്ട ചോദിച്ചാല്‍ പകരം തേളിനെ കൊടുക്കുക? മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്‍കാന്‍ ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, സ്വര്‍ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്‍കുകയില്ല!

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ അര്‍പ്പിച്ച ഈ കാഴ്ചദ്രവ്യങ്ങളോട്
യഥോചിതം അനുരൂപപ്പെടാനും
അങ്ങേ ഏകജാതന്റെ വാഗ്ദാനങ്ങള്‍ക്ക് അര്‍ഹരാകത്തക്കവിധം
അവിടത്തെ രഹസ്യങ്ങള്‍ അനുസ്മരിക്കാനും ഇടയാക്കണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
ലൂക്കാ 1:31

ഇതാ, നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും;
നീ അവന് യേശു എന്നു പേരുവിളിക്കണം.


ദിവ്യഭോജനപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
ഈ കൂദാശയില്‍ അങ്ങേ പുത്രന്റെ മരണവും ഉത്ഥാനവും
പ്രഘോഷിക്കുന്ന ഞങ്ങള്‍,
അവിടത്തെ പീഡാസഹനത്തില്‍ പങ്കുചേര്‍ന്ന്
അവിടത്തെ സാന്ത്വനത്തിലും മഹത്ത്വത്തിലും
പങ്കാളികളാകാന്‍ അര്‍ഹരാകണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment