ജോസഫ് ചിന്തകൾ

ദൈവത്തെ മാത്രം ബലവും ശക്തിയുമായി കണ്ടവൻ

ജോസഫ് ചിന്തകൾ 304
ജോസഫ് : ദൈവത്തെ മാത്രം ബലഹീനതകളിൽ ബലവും ശക്തിയുമായി കണ്ടവൻ
 
ഒക്ടോബർ മാസം അഞ്ചാം തീയതി ജർമ്മനിയിലെ അൽഫോൻസ എന്നറിയപ്പെടുന്ന വിശുദ്ധ അന്നാ ഷേഫറിൻ്റെ (1882- 1925) ഓർമ്മ ദിനമായിരുന്നു. ഒരു മരണപ്പണിക്കാരന്റെ ആറു മക്കളിൽ മൂന്നാമത്തവളായി 1882 ഫെബ്രുവരി 18 നു ജർമ്മനിയിലെ ബവേറിയയിലെ മിൻഡൽസ്റ്റേറ്റനിൽ (Mündelstetten) അന്നാ ഷേഫർ ജനിച്ചു. 1896 ജനുവരിയിൽ പിതാവിന്റെ അകാലത്തിലുള്ള മരണം കടുത്ത ദാരിദ്രത്തിലേക്കു ആ കുടുംബത്തെ തള്ളിവിട്ടു. പതിനാലാം വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം നിറുത്തി കുടുംബ സംരക്ഷണത്തിനായി മറ്റു വീടുകളിൽ ജോലിക്കു പോയി മുടങ്ങി. ഒരു സന്യാസ സഭയിൽ ചേർന്നു പ്രേഷിതയാകണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും കുടുംബ സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല.
 
1901 ഫെബ്രുവരി 4 നു വസ്ത്രം കഴുകുന്ന ലോണ്ടറിയിൽ വസ്ത്രം അലക്കുന്നതിനിടയിൽ അന്നാ തെന്നി വീഴുകയും അലക്കുയന്ത്രത്തിലെ ചൂടു കുഴൽ അവളുടെ കാലുകളെ പൊള്ളലേൽപ്പിക്കുകയും ചെയ്തു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മാരകമായ പൊള്ളൽ അന്നയുടെ ശരീരത്തെ തളർത്തിയിരുന്നു. പിന്നീടു ഓപ്പറേഷനുകളുടെ ഒരു നീണ്ട നിരയായിരുന്നു. ചികത്സാ രീതികൾ വിജയം കണ്ടില്ല. അതവളെ കിടക്കയിൽ ബന്ധനത്തിലാക്കി. സന്യാസസഭയിൽ ചേരാനുള്ള അവളുടെ ചിരകാല അഭിലാഷത്തിനു അതു കാർമേഘം വീഴ്ത്തി. അമ്മയാണ് അന്ത്യം വരെ അവളെ വീട്ടിൽ പരിചരിച്ചിരുന്നത്.
 
കൊടിയ സഹനങ്ങളുടെ നടുവിലും ശുഭാപ്തി വിശ്വാസം അവളെ കൈവിട്ടില്ല. വേദന നിമിത്തം ഉറക്കമൊഴിഞ്ഞ നാളുകൾ അവളുടെ കളി കൂട്ടുകാരിയായി, പക്ഷേ ഈ രാവുകൾ ഈശോയിലേക്കും മറിയത്തിലേക്കും അവളെ കൂടുതൽ അടിപ്പിച്ചു. അവളുടെ സഹനങ്ങൾ മറ്റുള്ളവർക്കായി അർപ്പിക്കാൻ തുടങ്ങി. മിഷനറി ആകാൻ കൊതിച്ച അവൾ സഹനങ്ങൾ മറ്റുള്ളവർക്കായി അർപ്പിച്ച് പ്രാർത്ഥനയുടെ വലിയ പ്രേഷിതയായി.
 
സഹനത്തിൻ്റെ തീവ്രതകളിലൂടെ കടന്നുപോകുമ്പോൾ അവൾ കൂടെക്കടെ പറയുമായിരുന്നു “ഈശോ മാത്രമാണ് നമ്മുടെ ബലഹീനതകളിൽ ബലവും ശക്തിയും.” യൗസേപ്പിതാവും ജീവിതത്തിൻ്റെ സഹനങ്ങളുടെയും ബലഹീനതകളുടെയും നടുവിൽ ദൈവത്തിൽ മാത്രം വിശ്വസിക്കുകയും ബലവും ശക്തിയും കണ്ടെത്തിയവനായിരുന്നു. സഹനങ്ങളുടെയും ജീവിത പ്രാരബ്ദങ്ങളുടെയും നടുവിൽ യൗസേപ്പിതാവിൻ്റെ ഹൃദയവും മനസ്സും സ്വർഗ്ഗീയ പിതാവിൽ നങ്കൂരമിട്ടതിനാൽ എല്ലാം അംഗീകരിക്കുവാനും മനസ്സിലാക്കാനും വേഗത്തിൽ സാധിക്കുമായിരുന്നു.
 
ജീവിത കടമകളുടെയും സഹനങ്ങളുടെയും നടുവിൽ നമ്മുടെ ശക്തികേന്ദ്രമായ ഈശോയിൽ മനസ്സും ശരീരവും ഉറപ്പിക്കാൻ വിശുദ്ധ യൗസേപ്പിതാവു നമ്മെ സഹായിക്കട്ടെ.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s