ദിവ്യബലി വായനകൾ Friday of week 27 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വെളളി, 8/10/2021


Friday of week 27 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
അങ്ങേ കൃപാതിരേകത്താല്‍
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരുടെ യോഗ്യതകള്‍ക്കും
അഭിലാഷങ്ങള്‍ക്കും അങ്ങ് അതീതനാണല്ലോ.
അങ്ങേ കാരുണ്യം ഞങ്ങളുടെമേല്‍ ചൊരിയണമേ.
അങ്ങനെ, മനസ്സാക്ഷി ഭയപ്പെടുന്നവ
അങ്ങ് അവഗണിക്കുകയും
യാചിക്കാന്‍ പോലും ധൈര്യപ്പെടാത്തവ നല്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ജോയേ 1:13-15,2:1-2
കര്‍ത്താവിന്റെ ദിനം കാര്‍മേഘങ്ങളുടെയും കൂരിരുട്ടിന്റെയും ദിനമാണ്.

പുരോഹിതന്മാരേ, ചാക്കുടുത്തു വിലപിക്കുവിന്‍. ബലിപീഠശുശ്രൂഷകരേ, വിലപിക്കുവിന്‍; എന്റെ ദൈവത്തിന്റെ സേവകരേ, അകത്തുചെന്ന് ചാക്കുടുത്തു രാത്രി കഴിക്കുവിന്‍. ധാന്യബലിയും പാനീയബലിയും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍ അര്‍പ്പിക്കപ്പെടുന്നില്ല. ഉപവാസം പ്രഖ്യാപിക്കുകയും മഹാസഭ വിളിച്ചുകൂട്ടുകയും ചെയ്യുവിന്‍. ശ്രേഷ്ഠന്മാരെയും ദേശവാസികളെയും നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ആലയ ത്തില്‍ ഒരുമിച്ചുകൂട്ടുവിന്‍; കര്‍ത്താവിനോടു പ്രാര്‍ഥിക്കുവിന്‍. കര്‍ത്താവിന്റെദിനം സമീപിച്ചിരിക്കുന്നു. ആ ദിനം! ഹാ, കഷ്ടം! സര്‍വശക്തനില്‍ നിന്നുള്ള സംഹാരമായി അതു വരുന്നു.
സീയോനില്‍ കാഹളം ഊതുവിന്‍. എന്റെ വിശുദ്ധഗിരിയില്‍ പെരുമ്പറ മുഴക്കുവിന്‍. ദേശവാസികള്‍ സംഭ്രാന്തരാകട്ടെ! കര്‍ത്താവിന്റെ ദിനം ആഗതമായിരിക്കുന്നു; അത്യാസന്നമായിരിക്കുന്നു. അത് അന്ധകാരത്തിന്റെയും മനത്തകര്‍ച്ചയുടെയും ദിനമാണ്. കാര്‍മേഘങ്ങളുടെയും കൂരിരുട്ടിന്റെയും ദിനം! ശക്തിയും പ്രതാപവുമുള്ള ഒരു ജനതതി അന്ധകാരം പോലെ പര്‍വതങ്ങളില്‍ വാ്യാപിച്ചിരിക്കുന്നു. ഇതുപോലൊന്ന് ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല; തലമുറകളോളം ഇനി ഉണ്ടാവുകയുമില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 9:1-2,5,15,7-8

കര്‍ത്താവു ലോകത്തെ നീതിയോടെ വിധിക്കുന്നു.

പൂര്‍ണഹൃദയത്തോടെ ഞാന്‍ കര്‍ത്താവിനു നന്ദിപറയും;
അവിടുത്തെ അദ്ഭുതപ്രവൃത്തികള്‍ ഞാന്‍ വിവരിക്കും.
ഞാന്‍ അങ്ങയില്‍ ആഹ്‌ളാദിച്ചുല്ലസിക്കും;
അത്യുന്നതനായവനേ, അങ്ങേ നാമത്തിനു
ഞാന്‍ സ്‌തോത്രമാലപിക്കും.

കര്‍ത്താവു ലോകത്തെ നീതിയോടെ വിധിക്കുന്നു.

അവിടുന്നു ജനതകളെ ശകാരിച്ചു;
അവിടുന്നു ദുഷ്ടരെ നശിപ്പിച്ചു;
അവരുടെ നാമം എന്നേക്കുമായി മായിച്ചുകളഞ്ഞു.
തങ്ങള്‍ കുഴിച്ച കുഴിയില്‍ത്തന്നെ
ജനതകള്‍ വീണടിഞ്ഞു;
തങ്ങള്‍ ഒരുക്കിയ കെണിയില്‍
അവരുടെതന്നെ പാദങ്ങള്‍ കുരുങ്ങി.

കര്‍ത്താവു ലോകത്തെ നീതിയോടെ വിധിക്കുന്നു.

എന്നാല്‍, കര്‍ത്താവ് എന്നേക്കുമായി സിംഹാസനസ്ഥനായിരിക്കുന്നു;
ന്യായവിധിക്കാണ് അവിടുന്നു സിംഹാസനം സ്ഥാപിച്ചിരിക്കുന്നത്.
അവിടുന്നു ലോകത്തെ നീതിയോടെ വിധിക്കുന്നു;
അവിടുന്നു ജനതകളെ നിഷ്പക്ഷമായി വിധിക്കുന്നു.

കര്‍ത്താവു ലോകത്തെ നീതിയോടെ വിധിക്കുന്നു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 11:15-26
ദൈവകരംകൊണ്ടാണ് ഞാന്‍ പിശാചുക്കളെ പുറത്താക്കുന്നതെങ്കില്‍, ദൈവരാജ്യം നിങ്ങളുടെയിടയില്‍ വന്നുകഴിഞ്ഞിരിക്കുന്നു.

അക്കാലത്ത്, യേശു ഊമനായ ഒരു പിശാചിനെ ബഹിഷ്‌കരിക്കുകയായിരുന്നു. ജനങ്ങള്‍ അദ്ഭുതപ്പെട്ടു. അവരില്‍ ചിലര്‍ പറഞ്ഞു: അവന്‍ പിശാചുക്കളുടെ തലവനായ ബേല്‍സെബൂലിനെ കൊണ്ടാണ് പിശാചുക്കളെ ബഹിഷ്‌കരിക്കുന്നത്. വേറെ ചിലര്‍ അവനെ പരീക്ഷിക്കുവാന്‍ സ്വര്‍ഗത്തില്‍ നിന്ന് ഒരടയാളം അവനോട് ആവശ്യപ്പെട്ടു. അവരുടെ വിചാരങ്ങള്‍ അറിഞ്ഞുകൊണ്ട് അവന്‍ പറഞ്ഞു: അന്തശ്ഛിദ്രമുള്ള രാജ്യം നശിച്ചുപോകും. അന്തശ്ഛിദ്രമുള്ള ഭവനവും വീണുപോകും. സാത്താന്‍ തനിക്കുതന്നെ എതിരായി ഭിന്നിച്ചാല്‍ അവന്റെ രാജ്യം എങ്ങനെ നിലനില്‍ക്കും? ഞാന്‍ ബേല്‍സെബൂലിനെ കൊണ്ടു പിശാചുക്കളെ പുറത്താക്കുന്നു എന്നു നിങ്ങള്‍ പറയുന്നു. ബേല്‍സെബൂലിനെ കൊണ്ടാണ് ഞാന്‍ പിശാചുക്കളെ ബഹിഷ്‌കരിക്കുന്നതെങ്കില്‍ നിങ്ങളുടെ പുത്രന്മാര്‍ ആരെക്കൊണ്ടാണ് അവയെ ബഹിഷ്‌കരിക്കുന്നത്? അതുകൊണ്ട് അവര്‍ നിങ്ങളുടെ വിധികര്‍ത്താക്കളായിരിക്കും. എന്നാല്‍, ദൈവകരം കൊണ്ടാണ് ഞാന്‍ പിശാചുക്കളെ പുറത്താക്കുന്നതെങ്കില്‍, ദൈവരാജ്യം നിങ്ങളുടെയിടയില്‍ വന്നുകഴിഞ്ഞിരിക്കുന്നു. ശക്തന്‍ ആയുധധാരിയായി തന്റെ കൊട്ടാരത്തിനു കാവല്‍ നില്‍ക്കുമ്പോള്‍ അവന്റെ വസ്തുക്കള്‍ സുരക്ഷിതമാണ്. എന്നാല്‍, കൂടുതല്‍ ശക്തനായ ഒരുവന്‍ അവനെ ആക്രമിച്ചു കീഴ്‌പ്പെടുത്തിയാല്‍ അവന്‍ ആശ്രയിച്ചിരുന്ന ആയുധങ്ങള്‍ മറ്റവന്‍ അപഹരിക്കുകയും കൊള്ളമുതല്‍ ഭാഗിച്ചെടുക്കുകയും ചെയ്യും. എന്നോടു കൂടെയല്ലാത്തവന്‍ എനിക്ക് എതിരാണ്. എന്നോടു കൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചുകളയുന്നു.
അശുദ്ധാത്മാവ് ഒരുവനെ വിട്ടുപോയാല്‍, വരണ്ട സ്ഥലങ്ങളിലൂടെ ആശ്വാസംതേടി അലഞ്ഞുനടക്കും. കണ്ടെത്താതെ വരുമ്പോള്‍ അവന്‍ പറയുന്നു: ഇറങ്ങിപ്പോന്ന ഭവനത്തിലേക്കുതന്നെ ഞാന്‍ തിരിച്ചുചെല്ലും. തിരിച്ചുവരുമ്പോള്‍ ആ വീട് അടിച്ചുവാരി സജ്ജീകരിക്കപ്പെട്ടതായി കാണുന്നു. അപ്പോള്‍ അവന്‍ പോയി തന്നെക്കാള്‍ ദുഷ്ടരായ മറ്റ് ഏഴു അശുദ്ധാത്മാക്കളെക്കൂടി കൊണ്ടുവന്ന് അവിടെ പ്രവേശിച്ചു വാസമുറപ്പിക്കുന്നു. അങ്ങനെ, ആ മനുഷ്യന്റെ സ്ഥിതി ആദ്യത്തേതിനെക്കാള്‍ മോശമായിത്തീരുന്നു.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ കല്പനകളാല്‍
സ്ഥാപിതമായിരിക്കുന്ന ബലികള്‍ സ്വീകരിക്കുകയും
കര്‍ത്തവ്യനിഷ്ഠമായ ശുശ്രൂഷയുടെ ധര്‍മത്തോടെ
ഞങ്ങള്‍ അനുഷ്ഠിക്കുന്ന ദിവ്യരഹസ്യങ്ങളാല്‍
അങ്ങേ പരിത്രാണത്തിന്റെ വിശുദ്ധീകരണം
കാരുണ്യപൂര്‍വം ഞങ്ങളില്‍ പൂര്‍ത്തീകരിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.


ദിവ്യകാരുണ്യപ്രഭണിതം
വിലാ 3:25

തന്നില്‍ പ്രത്യാശവയ്ക്കുന്നവര്‍ക്കും
അവിടത്തെ തേടുന്ന മനസ്സിനും കര്‍ത്താവ് നല്ലവനാണ്.


Or:
cf. 1 കോറി 10:17

അപ്പം ഒന്നേയുള്ളൂ. പലരായിരിക്കുന്ന നാം ഒരു ശരീരമാണ്.
ഒരേ അപ്പത്തിലും ഒരേ പാനപാത്രത്തിലും നമ്മളെല്ലാവരും ഭാഗഭാക്കുകളാണ്.


ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
സ്വീകരിച്ച കൂദാശയാല്‍ ഉന്മേഷഭരിതരും പരിപോഷിതരുമാകാനും
അതു സ്വീകരിക്കുമ്പോഴെല്ലാം
ഞങ്ങള്‍ അതുവഴി രൂപാന്തരപ്പെടാനും അനുഗ്രഹംനല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment