ദിവ്യബലി വായനകൾ 28th Sunday in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ, 10/10/2021


28th Sunday in Ordinary Time 

Liturgical Colour: Green.


സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കൃപ എപ്പോഴും
ഞങ്ങളുടെ മുന്നിലും പിന്നിലും ഉണ്ടായിരിക്കുകയും
സത്പ്രവൃത്തികള്‍ നിരന്തരം ചെയ്യാന്‍
ഞങ്ങളെ ദൃഢചിത്തരാക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ജ്ഞാനം 7:7-11
ജ്ഞാനത്തോടു തുലനംചെയ്യുമ്പോള്‍ ധനം നിസ്സാരമെന്നു ഞാന്‍ കണക്കാക്കി.


ഞാന്‍ പ്രാര്‍ഥിച്ചു, എനിക്കു വിവേകം ലഭിച്ചു;
ഞാന്‍ ദൈവത്തെ വിളിച്ചപേക്ഷിച്ചു,
ജ്ഞാനചൈതന്യം എനിക്കു ലഭിച്ചു.
ചെങ്കോലിലും സിംഹാസനത്തിലുമധികം
അവളെ ഞാന്‍ വിലമതിച്ചു.
അവളോടു തുലനംചെയ്യുമ്പോള്‍
ധനം നിസ്സാരമെന്നു ഞാന്‍ കണക്കാക്കി.
അനര്‍ഘരത്‌നവും അവള്‍ക്കു തുല്യമല്ലെന്നു ഞാന്‍ കണ്ടു.
അവളുടെ മുന്‍പില്‍ സ്വര്‍ണം മണല്‍ത്തരി മാത്രം;
വെള്ളി കളിമണ്ണും.
ആരോഗ്യത്തെയും സൗന്ദര്യത്തെയുംകാള്‍
അവളെ ഞാന്‍ സ്‌നേഹിച്ചു.
പ്രകാശത്തെക്കാള്‍ കാമ്യമായി അവളെ ഞാന്‍ വരിച്ചു.
അവളുടെ കാന്തി ഒരിക്കലും ക്ഷയിക്കുകയില്ല.
അവളോടൊത്ത് എല്ലാ നന്മകളും എണ്ണമറ്റ ധനവും
എനിക്കു ലഭിച്ചു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 90:12-13,14-15,16-17

അങ്ങേ കാരുണ്യംകൊണ്ടു ഞങ്ങളെ സംതൃപ്തരാക്കണമേ! ഞങ്ങള്‍ സന്തോഷിച്ചുല്ലസിക്കട്ടെ.

ഞങ്ങളുടെ ആയുസ്സിന്റെ ദിനങ്ങള്‍ എണ്ണാന്‍
ഞങ്ങളെ പഠിപ്പിക്കണമേ!
ഞങ്ങളുടെ ഹൃദയം ജ്ഞാനപൂര്‍ണമാകട്ടെ!
കര്‍ത്താവേ, മടങ്ങിവരണമേ! അങ്ങ് എത്രനാള്‍ വൈകും?
അങ്ങേ ദാസരോട് അലിവു തോന്നണമേ!

അങ്ങേ കാരുണ്യംകൊണ്ടു ഞങ്ങളെ സംതൃപ്തരാക്കണമേ! ഞങ്ങള്‍ സന്തോഷിച്ചുല്ലസിക്കട്ടെ.

പ്രഭാതത്തില്‍ അങ്ങേ കാരുണ്യംകൊണ്ടു
ഞങ്ങളെ സംതൃപ്തരാക്കണമേ!
ഞങ്ങളുടെ ആയുഷ്‌കാലം മുഴുവന്‍ ഞങ്ങള്‍ സന്തോഷിച്ചുല്ലസിക്കട്ടെ.
അവിടുന്നു ഞങ്ങളെ പീഡിപ്പിച്ചിടത്തോളം ദിവസങ്ങളും,
ഞങ്ങള്‍ ദുരിതമനുഭവിച്ചിടത്തോളം വര്‍ഷങ്ങളും
സന്തോഷിക്കാന്‍ ഞങ്ങള്‍ക്ക് ഇടയാക്കണമേ!

അങ്ങേ കാരുണ്യംകൊണ്ടു ഞങ്ങളെ സംതൃപ്തരാക്കണമേ! ഞങ്ങള്‍ സന്തോഷിച്ചുല്ലസിക്കട്ടെ.

അങ്ങേ ദാസര്‍ക്ക് അങ്ങേ പ്രവൃത്തിയും
അവരുടെ മക്കള്‍ക്ക് അങ്ങേ മഹത്വവും വെളിപ്പെടുമാറാകട്ടെ!
ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കൃപ
ഞങ്ങളുടെ മേല്‍ ഉണ്ടാകട്ടെ!
ഞങ്ങളുടെ പ്രവൃത്തികളെ ഫലമണിയിക്കണമേ!
ഞങ്ങളുടെ പ്രവൃത്തികളെ സുസ്ഥിരമാക്കണമേ!

അങ്ങേ കാരുണ്യംകൊണ്ടു ഞങ്ങളെ സംതൃപ്തരാക്കണമേ! ഞങ്ങള്‍ സന്തോഷിച്ചുല്ലസിക്കട്ടെ.

രണ്ടാം വായന

ഹെബ്രാ 4:12-13
ദൈവത്തിന്റെ വചനം ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതാണ്.

സഹോദരരേ, ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്. അവന്റെ മുന്‍പില്‍ ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. അവിടുത്തെ കണ്‍മുന്‍പില്‍ സകലതും അനാവൃതവും വ്യക്തവുമാണ്. നാം കണക്കു ബോധിപ്പിക്കേണ്ടതും അവിടുത്തെ സന്നിധിയിലാണ്.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മാര്‍ക്കോ 10:17-30
നിനക്കുള്ളതെല്ലാം വിറ്റ്, എന്നെ അനുഗമിക്കുക.

അക്കാലത്ത്, യേശു വഴിയിലേക്കിറങ്ങിയപ്പോള്‍ ഒരുവന്‍ ഓടിവന്ന് അവന്റെ മുമ്പില്‍ മുട്ടുകുത്തി ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തുചെയ്യണം? യേശു അവനോടു ചോദിച്ചു: എന്തുകൊണ്ടാണ് നീ എന്നെ നല്ലവന്‍ എന്നുവിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല. പ്രമാണങ്ങള്‍ നിനക്കറിയാമല്ലോ: കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം നല്‍കരുത്, വഞ്ചിക്കരുത്, പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക. അവന്‍ പറഞ്ഞു: ഗുരോ, ചെറുപ്പം മുതല്‍ ഞാന്‍ ഇവയെല്ലാം പാലിക്കുന്നുണ്ട്. യേശു സ്‌നേഹപൂര്‍വം അവനെ കടാക്ഷിച്ചുകൊണ്ടു പറഞ്ഞു: നിനക്ക് ഒരു കുറവുണ്ട്. പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക. ഈ വചനം കേട്ട് അവന്‍ വിഷാദിച്ച് സങ്കടത്തോടെ തിരിച്ചുപോയി. കാരണം, അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു. യേശു ചുറ്റും നോക്കി ശിഷ്യരോടു പറഞ്ഞു: സമ്പന്നന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുക എത്ര പ്രയാസം! അവന്റെ വാക്കു കേട്ടു ശിഷ്യന്മാര്‍ വിസ്മയിച്ചു. യേശു വീണ്ടും അവരോടു പറഞ്ഞു: മക്കളേ, ദൈവരാജ്യത്തില്‍ പ്രവേശിക്കുക എത്ര പ്രയാസം! ധനവാന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്. അവര്‍ അത്യന്തം വിസ്മയഭരിതരായി ചോദിച്ചു: അങ്ങനെയെ ങ്കില്‍, രക്ഷപെടാന്‍ ആര്‍ക്കു കഴിയും? യേശു അവരുടെ നേരേ നോക്കി പറഞ്ഞു: മനുഷ്യന് ഇത് അസാധ്യമാണ്; ദൈവത്തിന് അങ്ങനെയല്ല. അവിടുത്തേക്ക് എല്ലാം സാധിക്കും.
പത്രോസ് പറഞ്ഞു: ഇതാ, ഞങ്ങള്‍ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു. യേശു പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നെപ്രതിയും സുവിശേഷത്തെപ്രതിയും ഭവനത്തെയോ സഹോദരന്മാരെയോ സഹോദരിമാരെയോ മാതാവിനെയോ പിതാവിനെയോ മക്കളെയോ വയലുകളെയോ ത്യജിക്കുന്നവരിലാര്‍ക്കും ഇവിടെ വച്ചുതന്നെ നൂറിരട്ടി ലഭിക്കാതിരിക്കയില്ല – ഭവനങ്ങളും സഹോദരന്മാരും സഹോദരിമാരും മാതാക്കളും മക്കളും വയലുകളും അവയോടൊപ്പം പീഡനങ്ങളും; വരാനിരിക്കുന്ന കാലത്തു നിത്യജീവനും.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ബലിവസ്തുക്കളുടെ അര്‍പ്പണത്തോടൊപ്പം
വിശ്വാസികളുടെ പ്രാര്‍ഥനകളും സ്വീകരിക്കണമേ.
അങ്ങനെ, ഭക്തകൃത്യങ്ങളുടെ ഈ അനുഷ്ഠാനംവഴി
സ്വര്‍ഗീയ മഹത്ത്വത്തിലേക്ക് ഞങ്ങള്‍ എത്തിച്ചേരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 34:10

സമ്പന്നന്‍ ദാരിദ്ര്യവും വിശപ്പും അനുഭവിച്ചു;
എന്നാല്‍, കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക്
ഒരു നന്മയ്ക്കും കുറവുണ്ടാവുകയില്ല.


Or:
1 യോഹ 3:2

കര്‍ത്താവ് പ്രത്യക്ഷനാകുമ്പോള്‍
നാം അവിടത്തെപ്പോലെ ആകും;
കാരണം, അവിടന്ന് ആയിരിക്കുന്നപോലെ നാം അവിടത്തെ കാണും.


ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മഹിമയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ഏറ്റവും പരിശുദ്ധ ശരീരത്തിന്റെയും രക്തത്തിന്റെയും ഭോജനത്താല്‍
അങ്ങ് ഞങ്ങളെ പരിപോഷിപ്പിക്കുന്നപോലെ,
ദിവ്യപ്രകൃതിയില്‍ ഞങ്ങളെ പങ്കാളികളാക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s