Inspirational

മാനാസാന്തരങ്ങൾ

💕🙏✝️ജപമണികൾ 🌼🛐 ❣️ – 8

മാനാസാന്തരങ്ങൾ..

ഒരു അമേരിക്കക്കാരൻ അച്ചൻ വത്തിക്കാനിൽ വിസിറ്റിനു വന്നിരിക്കുകയാണ്. അദ്ദേഹത്തിന് അന്നത്തെ പാപ്പയായിയുന്ന ജോൺ പോൾ രണ്ടാമനെ കാണാനുള്ള അനുവാദം കിട്ടിയിട്ടുണ്ട്. ജോൺ പോൾ രണ്ടാമൻ്റെ കാലത്ത് അങ്ങനെ ഒരു സൗകര്യം ഉണ്ടായിരുന്നു. ദൂരെ ദേശത്തുനിന്നു വരുന്നവർക്കും മറ്റും, പാപ്പായെ ഒന്ന് കാണാനും കൈ മുത്താനും അദ്ദേഹം നൽകുന്ന ജപമാല വാങ്ങാനും ഉള്ള ഒരു സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഏകദേശം ഒരു മിനിറ്റ് സമയം. അതിൽ കൂടുതൽ സമയം ഉണ്ടാകില്ല. പാപ്പയെ കാണുന്ന ദിവസം ആയി, അദ്ദേഹം റോമിലെ ബസിലിക്കകൾ സന്ദർശിച്ചു പ്രാർത്ഥിക്കുകയാണ്. പരി. പിതാവിനെ കാണുന്നതിന് മുൻപ്, അവസാനമായി പരി. അമ്മയുടെ നാമത്തിലുള്ള പ്രധാന ബസിലിക്കയിലേക്ക് അദ്ദേഹം വന്നു. ബസിലിക്കയുടെ പടികൾ കയറി മുൻപോട്ട് പോകുമ്പോൾ ധാരാളം ഭിക്ഷക്കാർ അവിടെയിരിക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. പെട്ടെന്ന് അതിലൊരാൾ നല്ല പരിചയമുള്ളതായി അദ്ദേഹത്തിന് തോന്നി. അത് വെറുമൊരു തോന്നലാകാമെന്ന് ചിന്തയിൽ അദ്ദേഹം പള്ളിയിൽ പ്രവേശിച്ചു. പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ പുറത്ത് കണ്ട ഭിക്ഷക്കാരൻ്റെ മുഖം അദ്ദേഹത്തിന് ഓർമ്മ വന്നു. തൻ്റെ കൂടെ പണ്ട് സെമിനാരിയിൽ ഉണ്ടായിരുന്ന ആളാണെന്നും അദ്ദേഹം ഒരു വൈദീകൻ ആയിരുന്നെന്നും അദ്ദേഹത്തിന് മനസ്സിലായി. വേഗം അദ്ദേഹം ബസിലിക്കയിൽ നിന്ന് പുറത്തേക്കുവന്നു. ഭിക്ഷക്കാരൻ്റെ അടുത്തെത്തിയിട്ട് ചോദിച്ചു.

‘നീ എൻ്റെ കൂടെ …. (പേര്) സെമിനാരിയിൽ ഉണ്ടായിരുന്ന ആളല്ലേ?”
അദ്ദേഹം തലയാട്ടി അതെ എന്ന് മറുപടി നൽകി.

“അപ്പോൾ നീയൊരു വൈദീകനല്ലേ?”

“ആയിരുന്നു. ഇനിയല്ല. ഞാൻ വലിയ കുഴിയിൽ വീണുപോയി. എന്നെ വെറുതെ വിടൂ”

“ഞാൻ നിനക്കുവേണ്ടി പ്രാർത്ഥിക്കാം” എന്നുപറഞ്ഞുകൊണ്ടു, അപ്പോഴേക്കും മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയുടെ സമയമായതുകൊണ്ട് ആ വൈദീകൻ അവിടെനിന്നു പോയി.

“അത് വളരെ നല്ല കാര്യമാണെ”ന്ന് ഭിക്ഷക്കാരനായ വൈദീകൻ മറുപടിയും നൽകി.

മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയുടെ സമയമായി. വൈദീകനപ്പൊഴും ബസിലിക്കയുടെ പടികളിൽ ഇരുന്നിരുന്ന സുഹൃത്തായ വൈദീകൻ്റെ കാര്യം മറക്കാനായില്ല. വൈദീകനായൊരാൾ ബസിലിക്കയുടെ പടവുകളിൽ ഇരുന്ന് ഭിക്ഷ യാചിക്കുന്ന അവസ്ഥ അദ്ദേഹത്തിന് ഉൾക്കൊള്ളാനായില്ല. മാർപ്പാപ്പയെ കാണാനുള്ള അദ്ദേഹത്തിൻ്റെ അവസരത്തിൽ ആ കാര്യം അദ്ദേഹം പാപ്പയോട് പറയുകയും ചെയ്തു. പാപ്പായെ കണ്ടതിനുശേഷം തിരികെ താമസസ്ഥലത്ത് എത്തി. വൈകുന്നേരം അദ്ദേഹത്തിന് വത്തിക്കാനിൽ നിന്ന് ഒരു ഫോൺ കോൾ വന്നു. തൻ്റെ സുഹൃത്തായ അച്ചനുമായി അടുത്ത ദിവസം മാർപാപ്പയെ കാണാൻ ചെല്ലണമെന്നും അവർക്കായി ഡിന്നർ ഒരുക്കിയിട്ടുണ്ടെന്നുമായിരുന്നു സന്ദേശം. അദ്ദേഹം വളരെയധികം അത്ഭുതപ്പെട്ടെങ്കിലും സമചിത്തത വീണ്ടെടുത്ത് ബസിലിക്കയിലേക്ക് ഓടി. രാത്രിയായതുകൊണ്ട് ഭിക്ഷക്കാരെല്ലാം ഏകദേശം അവരുടെ ലാവണങ്ങളിലേക്ക് മടങ്ങിയിരുന്നു. എങ്കിലും അദ്ദേഹം സുഹൃത്തിനെ ബസിലിക്കയുടെ പരിസരത്തുനിന്ന് കണ്ടുപിടിച്ചു. മാർപാപ്പ അവരെ ഡിന്നറിനു ക്ഷണിച്ചകാര്യം അറിയിച്ചു. അദ്ദേഹത്തിനത് വിശ്വസിക്കാനായില്ലെങ്കിലും കൂട്ടുകാരൻ പറഞ്ഞത് അവഗണിക്കാനും സാധിച്ചില്ല.

“ഞാൻ കുളിച്ചിട്ടും വസ്ത്രം മാറിയിട്ടും കുറെ നാളുകളായി. എനിക്ക് ഷേവ് ചെയ്യണം. വസ്ത്രം മാറണം”. – ഭിക്ഷക്കാരൻ വൈദീകൻ തടസ്സങ്ങൾ അറിയിച്ചു.

“നീ എൻ്റെ കൂടെ വന്നാൽ ഞാൻ അതിനുള്ള സൗകര്യങ്ങൾ ചെയ്തുകൊള്ളാം. എൻ്റെ വസ്ത്രം ഞാൻ തരാം. അത് നിനക്ക് മതിയാകും”. കൂട്ടുകാരൻ സാന്ത്വനിപ്പിച്ചു. അങ്ങനെ ഷേവ് ചെയ്ത്, കുളിച്ച്, വസ്ത്രം മാറി രണ്ടുപേരും കൂടി മാർപാപ്പയെ കാണാനായി വത്തിക്കാനിലേക്ക് എത്തി. വളരെ ഹാർദ്ധവമായ സ്വീകരണമാണ് മാർപാപ്പ അവർക്ക് നൽകിയത്. അവരെ സ്വീകരിച്ചു, സംസാരിച്ചു, ഭക്ഷണത്തിനായി കൊണ്ടുപോയി. ചൂടോടെ അത്താഴം വിളമ്പി. അത്താഴം അവസാനിക്കുന്നതിനുമുന്പ് അല്പസമയം ഭിക്ഷക്കാരനായ വൈദീകനോട് മാത്രമായി സംസാരിക്കാൻ മാർപാപ്പ ആഗ്രഹം പ്രകടിപ്പിച്ചു. കൂട്ടുകാരനായ വൈദീകൻ പുറത്ത് കാത്തുനിന്നു. കുറച്ചു അധികം സമയം തന്നെ കഴിഞ്ഞിട്ടാണ് ഭിക്ഷക്കാരനായ വൈദീകൻ പുറത്തേക്ക് വന്നത്. സുഹൃത്തായ വൈദീകൻ വിവരങ്ങളന്ന്വേഷിച്ചു.

“എന്താണ് സംഭവിച്ചത്?”

“മാർപാപ്പ എന്നോട് കുമ്പസാരിച്ചു. ഞാൻ തടയാൻ നോക്കിയെങ്കിലും സമ്മതിച്ചില്ല. ഞാൻ പാപിയാണെന്നും വൈദീകനല്ലെന്നും വെറുമൊരു ഭിക്ഷക്കാരൻ ആണെന്നും പറഞ്ഞുനോക്കി. നമ്മിൽ ആരാണ് ഭിക്ഷക്കാർ അല്ലാത്തതെന്നാണ് അദ്ദേഹം തിരിച്ചു ചോദിച്ചത്. ഒരു പ്രാവശ്യം വൈദീകനായാൽ, ജീവിതകാലം മുഴുവൻ വൈദീകനാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. നാമെല്ലാവരും കർത്താവിൻ്റെ മുൻപിൽ കരുണയ്ക്കായി യാചിക്കുന്നവരാണെന്നു പറഞ്ഞിട്ട് അദ്ദേഹം കുമ്പസാരിച്ചു. എനിക്ക് പാപമോചന പ്രാർത്ഥന അറിയില്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹം കൂടെ ചൊല്ലിക്കൊള്ളാം എന്ന് ആശ്വസിപ്പിച്ചു. അതിനുശേഷം ഞാനും കുമ്പസാരിച്ചു. ഞാൻ സഭയുമായി നല്ല ബന്ധത്തിലല്ലെന്നു പറഞ്ഞപ്പോൾ റോമിലെ മെത്രാന് അതെല്ലാം മാറ്റാനും പഴയ സ്ഥാനങ്ങളിൽ തിരികെ എടുക്കാനും അധികാരമുണ്ടെന്ന് എന്നെ ഓർമിപ്പിച്ചു. പുതിയൊരു ശുശ്രൂഷയും നൽകി. എന്നോട് തിരികെ പോയി റോമിലെ വീടില്ലാതെ, ഇടമില്ലാതെ കഴിയുന്നവരെ ശുശ്രൂഷിക്കാനായി ആവശ്യപ്പെട്ടിരിക്കുകയാണ്”.

ഇന്ന് നാം ധ്യാനിക്കുന്നത് മനസാന്തരപ്പെടാനുള്ള ക്രിസ്തുവിൻ്റെ ആഹ്വാനത്തെയാണ്. ക്രിസ്തു ആദ്യം പ്രസംഗിച്ചതും അത് തന്നെയാണ്. മനസ്സിന് അന്തരം ഉണ്ടാക്കുവാൻ അവൻ ആവശ്യപ്പെടുകയാണ്. ഒരു ദിവസമല്ല, ഒരു ആഴച്ചയല്ല, ഒരു മാസമല്ല, മറിച്ച് എല്ലാദിവസവും മനസ്സിന് മാറ്റം വരണം, ഒരു ക്രിസ്തു എന്നിൽ പൂർണ്ണമാകുന്നതുവരെ.

എൻ്റെ മാനസാന്തരം അവിടെ നിൽക്കട്ടെ. എത്രപേരുടെ മനസ്സിന് മാറ്റം വരുത്താൻ, അവരെ ക്രിസ്തുവിൻ്റെ സ്നേഹത്തിലേക്ക് അടുപ്പിയ്ക്കാൻ എനിക്കായിട്ടുണ്ട്. ക്രിസ്തു ചേർത്തുനിർത്തിയവരെല്ലാം അവൻ്റെ കരുണ ആവോളവും അനുഭവിച്ചവരാണ്. കരുണയാകുന്ന ലേപനമാണ് എല്ലാവർക്കും മാറ്റം വരാനുള്ള ഔഷധം.

നമ്മുടെ ചുറ്റിലുമുള്ളവർ ഇനിയും നന്മയുടെ നേരെ മുഖം തിരിക്കുന്നില്ലായെങ്കിൽ അതിനുകാരണം മിക്കവാറും ഞാൻ ഇനിയും കരുണയുടേ ലേപനം പുരട്ടാൻ മടി കാണിക്കുന്നതായിരിക്കാം. ജീവിതം എത്ര ഹ്രസ്വമാണ്. ഞാൻ മൂലം ആരും മനസാന്തരപ്പെടാതിരിക്കാൻ ഇടവരാതിരിക്കട്ടെ..

🖋Fr Sijo Kannampuzha OM — 9846105325

Advertisements

Categories: Inspirational

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s