ദിവ്യബലി വായനകൾ Wednesday of week 28 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ബുധൻ, 13/10/2021


Wednesday of week 28 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കൃപ എപ്പോഴും
ഞങ്ങളുടെ മുന്നിലും പിന്നിലും ഉണ്ടായിരിക്കുകയും
സത്പ്രവൃത്തികള്‍ നിരന്തരം ചെയ്യാന്‍
ഞങ്ങളെ ദൃഢചിത്തരാക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

റോമാ 2:1-11
ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസരിച്ച് അവിടുന്നു പ്രതിഫലം നല്‍കും.

അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോള്‍ നിനക്ക് ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോള്‍, നീ നിന്നെത്തന്നെയാണു വിധിക്കുന്നത്. എന്തെന്നാല്‍, വിധിക്കുന്ന നീയും അതേ കുറ്റങ്ങള്‍ ചെയ്യുന്നു. അപ്രകാരം പ്രവര്‍ത്തിക്കുന്നവരുടെ മേലുള്ള ദൈവത്തിന്റെ വിധി ന്യായയുക്തമാണെന്നു നമുക്കറിയാം. ഇത്തരംപ്രവൃത്തികള്‍ ചെയ്യുന്നവരെ വിധിക്കുകയും എന്നാല്‍, അവതന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മനുഷ്യാ, ദൈവത്തിന്റെ വിധിയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കുമെന്നു നീ വിചാരിക്കുന്നുവോ? അതോ, അവിടുത്തെ നിസ്സീമമായ കരുണയും സഹിഷ്ണുതയും ക്ഷമയും നീ നിസ്സാരമാക്കുകയാണോ ചെയ്യുന്നത്? നിന്നെ അനുതാപത്തിലേക്കു നയിക്കുകയാണു ദൈവത്തിന്റെ കരുണയുടെ ലക്ഷ്യമെന്നു നീ അറിയുന്നില്ലേ? എന്നാല്‍, ദൈവത്തിന്റെ നീതിയുക്തമായ വിധി വെളിപ്പെടുന്ന ക്രോധത്തിന്റെ ദിനത്തിലേക്കു നീ നിന്റെ കഠിനവും അനുതാപരഹിതവുമായ ഹൃദയം നിമിത്തം നിനക്കുതന്നെ ക്രോധം സംഭരിച്ചുവയ്ക്കുകയാണ്. എന്തെന്നാല്‍, ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസരിച്ച് അവിടുന്നു പ്രതിഫലം നല്‍കും. സത്കര്‍മത്തില്‍ സ്ഥിരതയോടെ നിന്ന് മഹത്വവും ബഹുമാനവും അക്ഷയത്വവും അന്വേഷിക്കുന്നവര്‍ക്ക് അവിടുന്നു നിത്യജീവന്‍പ്രദാനം ചെയ്യും. സ്വാര്‍ഥമതികളായി, സത്യത്തെ അനുസരിക്കാതെ, ദുഷ്ടതയ്ക്കു വഴങ്ങുന്നവര്‍ കോപത്തിനും ക്രോധത്തിനും പാത്രമാകും. തിന്മ പ്രവര്‍ത്തിക്കുന്ന ഏതൊരുവനും, ആദ്യം യഹൂദനും പിന്നെ ഗ്രീക്കുകാരനും, ക്ലേശവും ദുരിതവും ഉണ്ടാകും. എന്നാല്‍, നന്മ പ്രവര്‍ത്തിക്കുന്ന ഏതൊരുവനും, ആദ്യം യഹൂദനും പിന്നെ ഗ്രീക്കുകാരനും, മഹത്വവും ബഹുമാനവും സമാധാനവും ഉണ്ടാകും. എന്തെന്നാല്‍ ദൈവസന്നിധിയില്‍ മുഖംനോട്ടമില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 62:1-2,5-6,8

കര്‍ത്താവേ, അവിടുന്നു മനുഷ്യനു പ്രവൃത്തിക്കൊത്തു പ്രതിഫലം നല്‍കുന്നു.

ദൈവത്തില്‍ മാത്രമാണ് എനിക്ക് ആശ്വാസം;
അവിടുന്നാണ് എനിക്കു രക്ഷ നല്‍കുന്നത്.
അവിടുന്നു മാത്രമാണ് എന്റെ അഭയശിലയും കോട്ടയും;
ഞാന്‍ കുലുങ്ങി വീഴുകയില്ല.

കര്‍ത്താവേ, അവിടുന്നു മനുഷ്യനു പ്രവൃത്തിക്കൊത്തു പ്രതിഫലം നല്‍കുന്നു.

ദൈവത്തില്‍ മാത്രമാണ് എനിക്കാശ്വാസം,
അവിടുന്നാണ് എനിക്കു പ്രത്യാശ നല്‍കുന്നത്.
അവിടുന്നു മാത്രമാണ് എന്റെ അഭയശിലയും കോട്ടയും;
എനിക്കു കുലുക്കം തട്ടുകയില്ല.

കര്‍ത്താവേ, അവിടുന്നു മനുഷ്യനു പ്രവൃത്തിക്കൊത്തു പ്രതിഫലം നല്‍കുന്നു.

ജനമേ, എന്നും ദൈവത്തില്‍ ശരണംവയ്ക്കുവിന്‍,
അവിടുത്തെ മുന്‍പില്‍ നിങ്ങളുടെ ഹൃദയം തുറക്കുവിന്‍.
അവിടുന്നാണു നമ്മുടെ സങ്കേതം.

കര്‍ത്താവേ, അവിടുന്നു മനുഷ്യനു പ്രവൃത്തിക്കൊത്തു പ്രതിഫലം നല്‍കുന്നു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 11:42-46
ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം; നിയമജ്ഞരേ, നിങ്ങള്‍ക്കു ദുരിതം.

അക്കാലത്ത്, യേശു അരുളിച്ചെയ്തു: ഫരിസേയരേ, നി ങ്ങള്‍ക്കു ദുരിതം! എന്തെന്നാല്‍, നിങ്ങള്‍ അരൂതയുടെയും തുളസിയുടെയും മറ്റെല്ലാ ചെടികളുടെയും ദശാംശം കൊടുക്കുന്നു. എന്നാല്‍, ദൈവത്തിന്റെ നീതിയും സ്‌നേഹവും നിങ്ങള്‍ അവഗണിച്ചുകളയുന്നു. ഇവയാണു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത് – മറ്റുള്ളവ അവഗണിക്കാതെ തന്നെ. ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! എന്തെന്നാല്‍, നിങ്ങള്‍ സിനഗോഗുകളില്‍ പ്രമുഖസ്ഥാനവും പൊതുസ്ഥലങ്ങളില്‍ അഭിവാദനവും അഭിലഷിക്കുന്നു. നിങ്ങള്‍ക്കു ദുരിതം! എന്തെന്നാല്‍, കാണപ്പെടാത്ത കുഴിമാടങ്ങള്‍ പോലെയാണു നിങ്ങള്‍. അതിന്റെ മീതേ നടക്കുന്നവന്‍ അത് അറിയുന്നുമില്ല. നിയമജ്ഞരില്‍ ഒരാള്‍ അവനോടു പറഞ്ഞു: ഗുരോ, നീ ഇങ്ങനെ സംസാരിക്കുമ്പോള്‍ ഞങ്ങളെക്കൂടെ അപമാനിക്കുകയാണു ചെയ്യുന്നത്. അവന്‍ പറഞ്ഞു: നിയമജ്ഞരേ, നിങ്ങള്‍ക്കു ദുരിതം! താങ്ങാനാവാത്ത ചുമടുകള്‍ മനുഷ്യരുടെമേല്‍ നിങ്ങള്‍ കെട്ടിയേല്‍പിക്കുന്നു. നിങ്ങളോ അവരെ സഹായിക്കാന്‍ ഒരു ചെറുവിരല്‍ പോലും അനക്കുന്നില്ല.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ബലിവസ്തുക്കളുടെ അര്‍പ്പണത്തോടൊപ്പം
വിശ്വാസികളുടെ പ്രാര്‍ഥനകളും സ്വീകരിക്കണമേ.
അങ്ങനെ, ഭക്തകൃത്യങ്ങളുടെ ഈ അനുഷ്ഠാനംവഴി
സ്വര്‍ഗീയ മഹത്ത്വത്തിലേക്ക് ഞങ്ങള്‍ എത്തിച്ചേരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 34:10

സമ്പന്നന്‍ ദാരിദ്ര്യവും വിശപ്പും അനുഭവിച്ചു;
എന്നാല്‍, കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക്
ഒരു നന്മയ്ക്കും കുറവുണ്ടാവുകയില്ല.


Or:
1 യോഹ 3:2

കര്‍ത്താവ് പ്രത്യക്ഷനാകുമ്പോള്‍
നാം അവിടത്തെപ്പോലെ ആകും;
കാരണം, അവിടന്ന് ആയിരിക്കുന്നപോലെ നാം അവിടത്തെ കാണും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മഹിമയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ഏറ്റവും പരിശുദ്ധ ശരീരത്തിന്റെയും രക്തത്തിന്റെയും ഭോജനത്താല്‍
അങ്ങ് ഞങ്ങളെ പരിപോഷിപ്പിക്കുന്നപോലെ,
ദിവ്യപ്രകൃതിയില്‍ ഞങ്ങളെ പങ്കാളികളാക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment