മൂന്നു വർഷത്തെ പരസ്യ ജീവിതത്തിനും മുപ്പതുവർഷത്തെ രഹസ്യാത്മക ജീവിതത്തിനുമിടയിൽ, തന്റെ വാക്കു കൊണ്ടും,വചനം കൊണ്ടും, പ്രവർത്തികൊണ്ടുമൊക്കെ അവൻ മനുഷ്യഹൃദയങ്ങളെ കീഴടക്കിയിട്ടുണ്ട്, ജനഹൃദയങ്ങളിൽ ഇടം പിടിച്ചിട്ടുമുണ്ട്. എന്നാൽ വാക്കുകൾക്കും പ്രവർത്തികൾക്കുമപ്പുറം, അവന്റെ നോട്ടങ്ങൾക്ക് പ്രസക്തിയുണ്ട്.
പറഞ്ഞു വരുന്നത് ക്രിസ്തുവിനെക്കുറിച്ച് തന്നെ. അവൻ പ്രവർത്തികളുടെ മാത്രം ദൈവമല്ല മറിച്ച് നോട്ടങ്ങളുടെയും ദൈവമാണ്.He is the God of looks. അവന്റെ വാക്കും, അത്ഭുതങ്ങളും ഒക്കെ കൊട്ടിഘോഷിക്കപ്പെടുന്നതിനിടയിൽ എവിടെയോ അവന്റെ നോട്ടങ്ങൾ വിസ്മരിക്കപ്പെട്ടിരിക്കാം.
നമ്മളെ സംബന്ധിച്ചിടത്തോളം,’നോട്ടം ആവശ്യങ്ങളുടേതാണ്. അത് മനുഷ്യനായാലും വസ്തുവായാലും, ലാഭത്തിനപ്പുറം ഒന്നും തന്നെ ആ നോട്ടത്തിൽ ഉണ്ടാവില്ല. ഇവിടെ ‘നോട്ടം വസ്തു കേന്ദ്രീകൃതമാകുന്നു. നോക്കുന്നവന്റെ ലാഭത്തിനൊത്ത വസ്തുവായി അത് പരിണമിക്കപ്പെടുന്നു.
എന്നാൽ വാക്കുകൊണ്ട് നിർവചിക്കാനാവാത്ത പലതും അവന്റെ നോട്ടങ്ങളിൽ ഉണ്ടായിരുന്നു. യഹൂദ പാരമ്പര്യമനുസരിച്ച്, കല്ലെറിയപ്പെടേണ്ട വളേ, പാപിനി എന്ന ടൈറ്റിൽ മാത്രം സ്വന്തമായുള്ളവളെ, പാരമ്പര്യങ്ങൾക്കും നിയമങ്ങൾക്കുമപ്പുറം, ( beyond laws) നിന്നുകൊണ്ടാണ് തന്റെ നോട്ടംകൊണ്ട് അവൻ നേടിയെടുക്കുന്നത്. അവളെ കല്ലെറിയാൻ വന്നവരെ, അതേ നോട്ടം കൊണ്ട് കുറ്റംവിളിക്കുന്നുമുണ്ട് അവൻ. പിന്നീടെപ്പോഴോ വഴിവക്കിലെ സിക്കമൂർ മരം കൊമ്പിലേക്ക് അവന്റെ നോട്ടം എത്തുന്നുണ്ട്. അവിടെ ‘സക്കേവൂസ് ‘എന്ന മനുഷ്യന്റെ പുനർജന്മവും. പിന്നീട് ഒരുപാടിടങ്ങളിൽ വാക്കിനും അത്ഭുതങ്ങൾ ക്കും ചെയ്യാവുന്നതിനുമപ്പുറം തന്റെ ‘നോട്ടം’ കൊണ്ട് അവൻ ചെയ്യുന്നുണ്ട്.
തന്റെ പീഡാനുഭവ യാത്രയ്ക്ക് മുൻപ്, പത്രോസിന് നേരെയും അവൻ അയയ്ക്കുന്നുണ്ട് ഒരു നോട്ടം. ഒന്ന് ശാസിക്കാതെ, കുറ്റപ്പെടുത്താതെ, കുറ്റം വിധിക്കാതെ, തെറ്റുതിരുത്തി തിരിച്ചുവരാൻ, നെഞ്ചുരുകി കരയാൻ പാകത്തിന്, രൂപാന്തരപ്പെടുത്തുന്ന (transformation) ഒരു നോട്ടം. ഒടുവിൽ, ആകാശത്തിനും ഭൂമിക്കും മധ്യേ,കുരിശിലും തുടരുന്നുണ്ട് ഈ നോട്ടം ‘ തന്നെ ഏൽപ്പിച്ച സഹനത്തിന്റെ പാനപാത്രം മുട്ടുവരെ ഊറ്റി കുടിച്ചശേഷം, സംതൃപ്തിയോടെ അപ്പന്റെ നേരെ നീളുന്ന മകന്റെ നോട്ടം. Yes, He is the God of looks. അവൻ നോട്ടങ്ങളുടെ ദൈവമാണ്. നോട്ട ങ്ങളിലൂടെ, ദൈവരാജ്യത്തിന് നേട്ടങ്ങൾ നേടിയെടുത്ത ദൈവമാണ്.
ഇന്ന്,അവൻ നമ്മുടെ മുന്നിലേക്ക് ഒരു വെല്ലുവിളി ഉയർത്തുന്നുണ്ട് അപരനെ വസ്തുവായി, ലാഭത്തിന്റെ ഉപാധി മാത്രമായി കാണുന്ന നമ്മുടെ നോട്ടങ്ങൾക്ക് മുന്നിലേക്ക്, നോട്ടത്തിന്റെ യഥാർത്ഥ അർഥതലവും, അതിന്റെ ആഴവും പങ്കുവെച്ചുകൊണ്ട്… jr. monk
