നമ്മുടെ കാലഘട്ടത്തിലെ മഹത്തായ പാഠപുസ്തകം

വി. ജോൺ പോൾ രണ്ടാമൻ നമ്മുടെ കാലഘട്ടത്തിലെ മഹത്തായ പാഠപുസ്തകം
 
നാളെ ഒക്ടോബർ ഇരുപത്തിരണ്ടാം തീയതി പോളണ്ട് ആഗോളസഭയ്ക്കു സമ്മാനിച്ച വിശുദ്ധ പുഷ്പം വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാൾ ദിനം. 27 വർഷക്കാലം വിശുദ്ധ പത്രോസിൻ്റെ പിൻഗാമായി ഇരുന്നു കൊണ്ട് ലോകത്തിൻ്റെ ധാർമ്മിക കാവൽക്കാരനായിരുന്ന ജോൺ പോൾ രണ്ടാമൻ പാപ്പായെപ്പറ്റി അദ്ദേഹത്തിൻ്റെ ജീവചരിത്രകാരൻ ജോർജ് വീഗൽ പറയുന്നത് ഇപ്രകാരം: “അവൻ നമ്മുടെ കാലത്തെ മഹാനായ ക്രിസ്തു സാക്ഷിയാണ്. യേശുക്രിസ്തുവിനും സുവിശേഷത്തിനുമായി പൂർണ്ണമായും സമർപ്പിക്കപ്പെട്ട ഒരു ജീവിതമാണ് ഏറ്റവും ആവേശകരമായ മനുഷ്യജീവിതം എന്നതിന്റെ ഉദാഹരണമാണ് പാപ്പ.”
 
മാർപാപ്പയുടെ ജീവിതത്തെ വീഗൽ വിശേഷിപ്പിക്കുന്നത് “ഒരു ഹോളിവുഡ് തിരക്കഥാകൃത്തും എഴുതാൻ ധൈര്യപ്പെടാത്ത അത്ര അസാധാരണമായ ഒരു ജീവിത കഥയാണ് ഈ മനുഷ്യൻ്റേത്. ഈ ജീവിത കഥ അടുത്ത 100— അല്ലെങ്കിൽ അടുത്ത 1,000— വർഷങ്ങളൾക്കുള്ള പാഠപുസ്തകമാണ്. ” എന്നാണ്.
 
ഒരു വിശുദ്ധന്റെ ജീവിതം സുവിശേഷം പ്രകാശിപ്പിക്കുന്ന ഒന്നാണ്. ഈ രീതിയിൽ, വിശുദ്ധ ജോൺ പോൾ രണ്ടാമനിൽ സഭയ്ക്ക് വിലമതിക്കാനാവാത്ത ഒരു സമ്മാനം ലഭിച്ചു. തന്റെ ജീവിതത്തിലൂടെ, മനുഷ്യരാശിക്കു ദൈവത്തിന്റെ പിതൃസ്നേഹത്തിൻ്റെ പ്രഭ കാണിച്ചു കൊടുത്തു അല്ലങ്കിൽ അല്ലെങ്കിൽ വിശുദ്ധ പൗലോസ് പറയുന്നതു പോലെ “ക്രിസ്തുവിലുള്ള ജീവിതത്തിന്റെ പുതുമ” (റോമ. 6: 4) നമുക്കു കാണിച്ചു തന്നു.
 
ജീവിത രേഖ
 
1920 മെയ്‌ 18 ന്‌ പോളണ്ടിലെ വാഡോവീസിൽ മൂന്ന്‌ മക്കളിൽ ഇളയവനായി കരോൾ ജുസെഫ് വോയ്റ്റില ജനിച്ചു. കരോൾ എന്നായിരുന്നു പിതാവിൻ്റെ പേര് അദ്ദേഹം പോളിഷ് ആർമി ലെഫ്റ്റനന്റായിരുന്നു, അമ്മ എമിലിയ ഒരു സ്കൂൾ അദ്ധ്യാപികയായിരുന്നു. സ്നേഹനിധിയായ ഒരു കുടുംബത്തിലാണ് കരോൾ ജനിച്ചതെങ്കിലും, അവന്റെ ബാല്യകാലജീവിതം കഷ്ടപ്പാടുകളും നഷ്ടങ്ങളും നിറഞ്ഞതായിരുന്നു. മൂത്ത സഹോദരി ഓൾഗ ശൈശവത്തിൽത്തന്നെ മരിച്ചു, കരോളിന് പന്ത്രണ്ട് വയസ്സായപ്പോൾ, അമ്മ എമെലിയ വൃക്ക തകരാറിനെത്തുടർന്ന് മരിച്ചു. മൂത്ത സഹോദരൻ എഡ്മണ്ട് സ്കാർലറ്റ് പനി ബാധിച്ച് മരിച്ചു. സുഹൃത്തുക്കൾക്കിടയിൽ ലോലെക്ക് എന്നനാണ് കരോൾ അറിയപ്പെട്ടിരുന്നത്. 1929 മെയ് മാസം 25 നു പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു.
 
ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ കരോൾ ക്രാക്കോവിലെ ജാഗിയോലോണിയൻ സർവകലാശാലയിലും 1938 ൽ നാടകം പഠിപ്പിക്കുന്ന ഒരു സ്കൂളിലും ചേർന്നു. പോളണ്ടിലെ നാസി അധിനിവേശ സേന 1939 ൽ സർവകലാശാല അടച്ചതിനാൽ കരോളിന് നാല് വർഷം ക്വാറിയിൽ ജോലി ചെയ്യേണ്ടിവന്നു. അദ്ദേഹത്തിന്റെ പിതാവ് 1941-ൽ അന്തരിച്ചു.
പൗരോഹിത്യത്തിലേക്കുള്ള തന്റെ വിളി അറിഞ്ഞ കരോൾ 1942-ൽ ക്രാക്കോവിലെ രഹസ്യ സെമിനാരിയിൽ പഠനം ആരംഭിച്ചു.
 
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, ക്രാക്കോവിലെ പ്രധാന സെമിനാരി വീണ്ടും തുറന്നപ്പോൾ അവിടെ പഠനം തുടർന്നു. 1946 നവംബർ 1 ന് പുരോഹിതനായി അഭിഷിക്തനായി 1964 ജനുവരി 13 ന് പോൾ ആറാമൻ മാർപ്പാപ്പ അദ്ദേഹത്തെ ക്രാക്കോവിലെ ആർച്ച് ബിഷപ്പായും പിന്നീട് 1967 ജൂൺ 26 ന് കർദിനാളായും ഉയർത്തി. 1978 ൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട കരോൾ വോയ്റ്റില ഇറ്റലിക്കു പുറത്തുനിന്നു 455 വർഷത്തിനു ശേഷം നിയമിതനായ ആദ്യ മാർപാപ്പയായി. 2005 ൽ അദ്ദേഹം അന്തരിച്ചു, ഫ്രാൻസിസ് മാർപാപ്പ 2014 ൽ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
“ഞാൻ ഒരു വിശുദ്ധനെ ശുശ്രൂഷിച്ചു”
 
ജോൺ പോൾ രണ്ടാമൻ പാപ്പയുടെ കാലത്തു നാലു വർഷം സ്വിസ്സ് ഗാർഡായി സേവനം ചെയ്ത മാരിയോ എൻ‌സ്ലർ പാപ്പയുടെ ജന്മ ശതാബ്ദി പ്രമാണിച്ചു ഒരു പുസ്തം രചിക്കുകയുണ്ടായി “ഞാൻ ഒരു വിശുദ്ധനെ ശുശ്രൂഷിച്ചു ” I Served a Saint എന്നാണ് ആ ഗ്രന്ഥത്തിൻ്റെ പേര്. ഈ പുസ്തകത്തിൽ പാപ്പയെ അഗാധമായ ദൈവ സ്നേഹവും വീരോചിതമായ മാതൃ ഭക്തിയും നിറഞ്ഞ വ്യക്തിയായി മാരിയോ ചിത്രീകരിക്കുന്നു. ജപമാല പാപ്പയുടെ പ്രിയപ്പെട്ട പ്രാർത്ഥനകളിലൊന്നായിരുന്നു, ജപമാലയുടെ പ്രകാശത്തിൻ്റെ രഹസ്യങ്ങൾ തിരുസഭയ്ക്കുള്ള അദ്ദേഹത്തിൻ്റെ സമ്മാനമാണ്.
 
മാരിയോ എൻ‌സ്ലർ 1989 ലാണ് ജോൺ പോൾ രണ്ടാമനെ ആദ്യമായി കണ്ടുമുട്ടിയ രംഗം വിവരിക്കുന്നു. അപ്പോസ്തോലിക കൊട്ടാരത്തിന്റെ മൂന്നാം നിലയിൽ ആയിരുന്നു അവൻ്റെ ആദ്യ നിയമനം. സ്റ്റേറ്റ് സെക്രട്ടറിയുടെ ഓഫീസിലേക്ക് പോകാൻ പരിശുദ്ധ പിതാവ് തന്റെ അപ്പാർട്ട്മെന്റിൽ നിന്ന് പുറപ്പെടുകയാണെന്ന് മാരിയോക്ക് ഒരു കോൾ ലഭിച്ചു. പാപ്പ പോകുമ്പോൾ സ്വിസ് ഗാർഡ് കോറിഡോറിൽ ശ്രദ്ധയോടെ നിൽക്കണം, ഇടനാഴിയിൽ ആരും ചുറ്റിക്കറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണം അതാണ് പ്രോട്ടോക്കോൾ. ചിലപ്പോൾ മാർപ്പാപ്പ കാവൽക്കാരോട് സംസാരിക്കാനായി നിൽക്കും. ഇത്തവണ മാരിയോയെ കണ്ടു പാപ്പ നിന്നു. “താങ്കൾ പുതിയ ആളാണല്ലേ” എന്നു കുശലം ചോദിച്ചു. സ്വയം പരിചയപ്പെടുത്താൻ സമയം അനുവദിച്ചു . അവസാനം കൈ പിടിച്ചു “ശുശ്രൂഷകനെ സേവിക്കുന്ന മാരിയോ നന്ദി” എന്നു പറഞ്ഞു അദേഹം പോയി. ശുശ്രൂഷ നേതൃത്വം എന്ന ആശയം തൻ്റെ ആത്മാവിൽ പച്ചകുത്തിയ സന്ദർഭമായിരുന്നു അത് എന്നു മാരിയോ ഓർക്കുന്നു.
 
“ജോൺ പോൾ പാപ്പ ഒരു പ്രതിഭയായിരുന്നു, പ്രാർത്ഥനയുടെ മനുഷ്യനായിരുന്നു… എന്നാൽ ആരെയും ആനന്ദിപ്പിക്കാൻ അദ്ദേഹത്തിനു നല്ല കഴിവുണ്ടായിരുന്നു. അതു ഒരു നൊബേൽ സമ്മാന ജേതാവോ അല്ലെങ്കിൽ ഭവനരഹിതനായ ഒരു വ്യക്തിയോ, ഒരു രാജ്യത്തിൻ്റെ പ്രസിഡൻ്റോ മുതൽ ഒരു കിന്റർഗാർട്ടൻ സ്‌കൂൾ അധ്യാപകനോ ആകട്ടെ പാപ്പ അതു നല്ലതുപോലെ ചെയ്തിരുന്നു.” മാരിയോ തൻ്റെ പുസ്തകത്തിൽ കുറിക്കുന്നു.
 
“എല്ലാവരെയും സന്തോഷിപ്പിക്കാൻ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു… അത് ഒരു ആംഗ്യത്തിലോടെയോ, ഒരു വാക്കിലൂടെയോ , അല്ലെങ്കിൽ ഒരു ആലിംഗനത്തിലൂടെയോ അതുമല്ലെങ്കിൽ വെറുതെ ഒരു നോട്ടത്തിലൂടെയോ . അദ്ദേഹം സാധിച്ചിരുന്നു. അടുത്ത 1,000 വർഷങ്ങൾ ലാളിത്യം കൊണ്ടു മാത്രം പാപ്പ അറിയപ്പെടും. ” മാരിയോ കൂട്ടിച്ചേർത്തു.
 
കോവിഡ് പകർച്ച വ്യാധിയുടെ കാലത്തു എതു പ്രതിസന്ധി കാലഘട്ടങ്ങളിലും സഭയ്ക്കു അതിൻ്റെ നേതാക്കൾക്കുമുള്ള ഉപദേശം മൂന്നു വാക്കുകളിൽ മാരിയോ സംഗ്രഹിക്കുന്നു. മനുഷ്യനാവുക സ്ഥിരതയുള്ളവരാവുക, സൃഷ്ടിപരതയുള്ളവരാവുക (be human, be persistent, be creative) .മാരിയോയുടെ അഭിപ്രായത്തിൽ ഈ മൂന്നു ഗുണങ്ങളും വി. ജോൺ പോൾ രണ്ടാമൻ പാപ്പയിൽ സംഗമിച്ചിരുന്നു.
 
വിശുദ്ധരുടെ കൂട്ടുകാരൻ
 
ജോൺ പോൾ രണ്ടാമൻ പാപ്പ വിശുദ്ധരുടെ കൂട്ടുകാരനായിരുന്നു. വിശു പദവി പ്രഖ്യാപനത്തിൽ മാത്രമല്ല അവരോടു വ്യക്തിപരമായ സുഹൃദ് ബന്ധവും പാപ്പയ്ക്കു ഉണ്ടായിരുന്നു. മാർപാപ്പയായുള്ള 27 വർഷത്തിൽ 1,338 വ്യക്തികളെ വാഴ്ത്തപ്പെട്ടവരായും 482 പേരെ വിശുദ്ധരായും പാപ്പ പ്രഖ്യാപിച്ചു. കൊൽക്കത്തയിലെ വി. മദർ തെരേസ ജോൺ പോൾ രണ്ടാമന്റെ പാപ്പയുടെ സുഹൃത്തും സമകാലികയും ആയിരുന്നു. 1990 ൽ ജോൺ പോൾ രണ്ടാമൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യപിച്ച പിയർ ജോർജിയോ ഫ്രസതി, മാർപ്പാപ്പയുടെ മറ്റൊരു സുഹൃത്തായിരുന്നു. ഫാത്തിമ ദർശനങ്ങളിലെ മൂന്നാമത്തെ കുട്ടി സി. ലൂസിയുമായി അടുത്ത ചങ്ങാത്തം ജോൺ പോൾ രണ്ടാമനുണ്ടായിരുന്നു.
 
ദൈവകാരുണ്യത്തിൻ്റെ അപ്പസ്തോലയായ വിശുദ്ധ ഫൗസറ്റീനാ പാപ്പയുടെ പ്രിയപ്പെട്ട മറ്റൊരു വിശുദ്ധ ആയിരുന്നു. ദൈവകരുണയുടെ സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കാൻ മഹാനായ ജോൺ പോൾ രണ്ടാമൻ പാപ്പ നടത്തിയ ശ്രമങ്ങൾ പ്രസിദ്ധമാണ് . രണ്ടാമായിരമാണ്ടിൽ സിസ്റ്റർ ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിച്ചുകൊണ്ടുള്ള കുർബാന മധ്യേ ജോൺ പോൾ രണ്ടാമൻ പാപ്പ ഈസ്റ്റർ കഴിഞ്ഞു വരുന്ന ഞായർ ദൈവകരുണയുടെ ഞായറാഴ്ചയായി പ്രഖ്യാപിച്ചു. എല്ലാ സൃഷ്ടികൾക്കും ദൈവത്തിന്റെ അളവറ്റ കാരുണ്യവും സ്നേഹവും സംലഭ്യമാണന്ന സത്യം ലോകത്തെ ബോധ്യപ്പെടുത്താനാണ് ദൈവകരുണയുടെ ഞായർ സഭയിൽ ആലോഷിക്കാൻ ആരംഭിച്ചത്. പാപ്പയുടെ മാതാപിതാക്കളും വിശുദ്ധപദവിയിലേക്കുള്ള നാമകരണ പ്രക്രിയിലാണ്. 2020 മാർച്ചിൽ ക്രാക്കോവിലെ ആർച്ച് ബിഷപ്പ് മാരെക് ജാദ്രാസ്വെസ്കി അതിരൂപത ജോൺ പോൾ രണ്ടാമൻ്റെ മാതാപിതാക്കളുടെ നാമകരണ നടപടികൾ ഔദ്യോഗികമായി ആരംഭിച്ചു.
 
മറിയമേ ഞാൻ സമ്പൂർണ്ണമായും അങ്ങയുടേത്
 
പരിശുദ്ധ കന്യകാമറിയവും വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായും തമ്മിലുള്ള ബന്ധം നന്നേ ചെറുപ്പത്തിൽ ആരംഭിച്ചതാണ്. കരോൾ വോയ്റ്റിവക്ക് ഒൻപതാം വയസ്സിൽ സ്വന്തം അമ്മയെ നഷ്ടപ്പെട്ടു. ഭക്തനായ പിതാവാണ് ജോൺ പോൾ പാപ്പായെ വളർത്തിയത്. പ്രത്യാശയുടെ പടിവാതിൽ എന്ന പുസ്തകത്തിൽ (Crossing the Threshold of Hope) തന്റെ മാതൃ ഭക്തി വളരാൻ ഇടയായ മൂന്നു വഴികളെക്കുറിച്ച് അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്.
 
ഒന്നാമതായി, വാഡോവീസായിലെ തന്റെ ഇടവക ദേവാലയത്തിൽ, ഉണ്ണിയേശുവിനെ കരങ്ങളിൽ വഹിച്ചിരിക്കുന്ന നിത്യസഹായ മാതാവിന്റെ ചിത്രത്തിനു മുമ്പിൽ പോയി വോയിറ്റീവാ ദിവസവും പ്രാർത്ഥിക്കുമായിരുന്നു. ഈ ചിത്രത്തിൻ ഉണ്ണിയേശു തന്റെ പീഡാ സഹനവേളയിലെ മർദ്ദന ഉപകരണങ്ങൾ മുൻകൂട്ടികണ്ടിട്ട് പരിശുദ്ധ മറിയത്തെ മുറുകെ പിടിച്ചട്ടുണ്ട്. പരിശുദ്ധ കന്യകാമറിയത്തെ ആശ്രയിച്ചാൽ തനിക്കും സഹനങ്ങളിൽ ആശ്വാസവും സംരക്ഷണവും ലഭിക്കുമെന്ന് കുഞ്ഞു പ്രായത്തിലെ വോയ്റ്റീവ മനസ്സിലാക്കിയിരുന്നു.
 
രണ്ടാമതായി, കരോൾ വോയ്റ്റീവായും പിതാവു അവരുടെ വീടിനടത്തുള്ള പരിശുദ്ധ മാതാവിന്റെ തീർത്ഥാടന കേന്ദ്രമായ കാൽവാരിയാ സെബ്രസ്സിഡോവാസ്കായിൽ, പ്രത്യേകമായി മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിൽ തീർത്ഥാടനത്തിനു പോവുക പതിവായിരുന്നു. കുരിശിന്റെ വഴി പ്രാർത്ഥിച്ചു കൊണ്ടായിരുന്നു ഈ തീർത്ഥയാത്രകൾ അധികവും. അവിടെയും ഉണ്ണിയേശുവിനെ കരങ്ങളിൽ വഹിച്ചുകൊണ്ടുള്ള കന്യകാമറിയത്തിന്റെ ഒരു ചിത്രമുണ്ടായിരുന്നു. ജോൺ പോൾ രണ്ടാമൻ പാപ്പ ഇതിനെക്കുറിച്ച് പിന്നീടു പറയുന്നത്,” എന്റെ ചെറുപ്പം മുതലേ മറിയത്തോടുള്ള ഭക്തി ഈശോയിലുള്ള വിശ്വാസവുമായി കൂട്ടപ്പെട്ടതായിരുന്നു. അതിനു കാൽവാരിയ ചാപ്പൽ എന്നെ സഹായിച്ചട്ടുണ്ട്. പത്തു വയസു മുതൽ ഇവിടുനിന്നു ലഭിച്ച ഉത്തരീയം മാതൃ സംരക്ഷണം ലഭിക്കുന്നതിനായി പാപ്പ അണിഞ്ഞിരുന്നു .
 
മൂന്നാമതായി വഴി സെസ്റ്റോചോവയിലെ പരിശുദ്ധ മറിയത്തിൻ്റെ തീർത്ഥാടന കേന്ദ്രമാണ്. ( Shrine of Our Lady of Czestochowa) ഉണ്ണീശോയെ കരങ്ങളിൽ വഹിച്ചുകൊണ്ടുള്ള മറിയത്തിൻ്റെ ഐക്കൺ ഏതൊരു പോളണ്ടുകാരനെപ്പോലെ കുഞ്ഞു കരോളിനെയും ചെറുപ്പത്തിലെ സ്വാധീനിച്ചിരുന്നു . 1300 മുതൽ പോളീഷ് ഇനത ഈ ഛായ ചിത്രം വണങ്ങുന്നു. ജീവിതത്തിൻ്റെ കയ്പേറിയ അനുഭവങ്ങളിൽ പോളീഷ് ജനത ഓടിയെത്തുന്ന സങ്കേതമാണ് ഈ മാതൃസന്നിധി. ഈ മാതാവിനോടുള്ള ഭക്തി പലതവണ ജോൺ പോൾ രണ്ടാമൻ പാപ്പ പരസ്യമായി പ്രഖ്യാപിച്ചട്ടുള്ളളതാണ് മാർപാപ്പ ആയതിനുശേഷം ആദ്യമായി പോളണ്ടു സന്ദർശിച്ചപ്പോൾ സെസ്റ്റോചോവയിലെ മാതൃ സന്നിധിയിലെത്തി ഇപ്രകാരം പറഞ്ഞു , “വി. പത്രോസിൻ്റെ കത്തീഡ്രലിലേക്കുള്ള പോളണ്ടിലെ ഈ മകൻ്റെ വിളിയിൽ, ഈ വിശുദ്ധ സ്ഥലവുമായി, പ്രത്യാശയുടെ ഈ ദേവാലയവുമായി വ്യക്തവും ശക്തവുമായ ഒരു ബന്ധം ഉണ്ട്. സമ്പൂർണ്ണമായി ഞാൻ അങ്ങയുടേതാണ് (totus tuus) എന്നു ഈ ചിത്രത്തിനു മുമ്പിൽ പല പ്രാവശ്യം ഞാൻ മന്ത്രിച്ചട്ടുണ്ട്.” (ജൂൺ 4, 1979).
 
പരി. മറിയത്തിൽ നിന്നു പഠിക്കേണ്ടതായി ജോൺ പോൾ പാപ്പ പറയുന്ന മൂന്നു കാര്യങ്ങൾ താഴെപ്പറയുന്നവയാണ്.
 
1) എല്ലാ കാര്യങ്ങളിലും ദൈവഹിതത്തിനു മുമ്പിൽ കീഴടങ്ങാനുള്ള മനസ്സ്
 
2 ) എല്ലാ പ്രതീക്ഷകളും അസ്തമിച്ചു എന്നു കരുതുമ്പോഴും ദൈവത്തിൽ ശരണപ്പെടാനുള്ള ഹൃദയവിശാലത.
 
3) ദൈവപുത്രനും മറിയത്തിന്റെ മകനുമായ യേശു ക്രിസ്തുവിനെ എങ്ങനെ സ്നേഹിക്കണമെന്ന്
ക്ഷമയുടെ സുവിശേഷമായ കൊലപാതക ശ്രമം
 
“അന്ന് എനിക്ക് സംഭവിച്ച എല്ലാ കാര്യങ്ങളിലും, എനിക്ക് (ദൈവ മാതാവിൻ്റെ ) അസാധാരണമായ മാതൃ സംരക്ഷണവും പരിചരണവും അനുഭവപ്പെട്ടു, അത് മാരകമായ ബുള്ളറ്റിനേക്കാൾ ശക്തമായി മാറി.” – ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ താൻ നേരിട്ട കൊലപാതകശ്രമത്തെക്കുറിച്ചു പറഞ്ഞ വാക്കുകളാണിവ . 1981 മെയ് 13 ന് വത്തിക്കാനിലെ വി. പത്രോസിൻ്റെ ചത്വരത്തിലാണ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയ്ക്കു നേരെ വധശ്രമമുണ്ടായത് . 1983 ൽ റെബിബിയ ജയിലിൽ വെച്ച് ആക്രമണകാരിയായ അലി അഗ്‌കയെ പാപ്പ സന്ദർശിച്ചപ്പോൾ അസാധാരണമായ സ്നേഹത്തിൻ്റെയും ക്ഷമയുടെയും പുതിയ സുവിശേഷം പിറവി എടുക്കുകയായിരുന്നു.
 
മഹാജൂബിലിക്കൊരുക്കിയ നല്ലിടയൻ
 
“ ക്രിസ്തീയ ജീവിതം മുഴുവൻ പിതാവിന്റെ ഭവനത്തിലേക്കുള്ള ഒരു വലിയ തീർത്ഥാടനം പോലെയാണ്. ഓരോ മനുഷ്യ സൃഷ്ടിയോടും പ്രത്യേകിച്ച് “ധൂർത്തനായ പുത്രനെ ” വ്യവസ്ഥകളില്ലാതെ സ്നേഹിക്കുന്ന പിതാവിൻ്റെ പക്കലേക്കുള്ള യാത്ര. ഓരോ ദിവസവും നമ്മൾ പുതിയ സ്നേഹം കണ്ടെത്തുന്നു…. ജൂബിലി… എല്ലാവരേയും … മാനസാന്തരത്തിൻ്റെ യാത്രയ്ക്കു പ്രോത്സാഹിപ്പിക്കണം ” രണ്ടായിരാമാണ്ടിലെ മഹാ ജൂബിലി ആഘോഷിക്കാൻ സഭയെ ഒരുക്കിയ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ ദർശനമായിരുന്നു ഇത്. ദൈവ കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും ആഘോഷമാക്കി പാപ്പ ജൂബിലിയെ മാറ്റി . വത്തിക്കാനിലെ പത്രാസിൻ്റെ ബസിലിക്കയിൽ കരുണയുടെ വിശുദ്ധ വാതിൽ തുറന്നു. 2000-ൽ എട്ട് ദശലക്ഷം തീർഥാടകർ പ്രാർത്ഥനയ്ക്കായി റോമിലെത്തി, സഭയെയും മനുഷ്യരാശിയും മൂന്നാം സഹസ്രാബ്ദത്തിലേക്ക് അവൻ നയിച്ചു. ഈ ജുബലി അവസരത്തിൽ കഴിഞ്ഞ രണ്ട് സഹസ്രാബ്ദങ്ങളിൽ സഭ ചെയ്ത തെറ്റുകൾക്കു ലോകത്തോടു മാപ്പു ചോദിപ്പോൾ പാപ്പ ലോക മനസാക്ഷിയുടെ അമരക്കാരനാവുകയായിരുന്നു.
 
ജോൺ പോൾ രണ്ടാമൻ സഭയും യഹൂദരുമായുള്ള സംഭാഷണത്തെ എന്നും പ്രോത്സാഹിപ്പിച്ചിരുന്നു . ജൂതന്മാരും മുസ്ലീങ്ങളും മറ്റ് മത വിഭാഗങ്ങളുമായി ഊഷ്മളമായ ബന്ധത്തിനു പുതിയ വാതായനങ്ങൾ തുറക്കുകുകയും പല സന്ദർഭങ്ങളിലും മറ്റു മതനേതാക്കകളെ ലോകസമാധാനത്തിനായി പ്രാർത്ഥിക്കാൻ ക്ഷണിക്കുകുകയും ചെയ്തു.
 
വിശുദ്ധ കുർബാനയെ സ്നേഹിച്ച ബലിവസ്തു
 
തിരുസഭയിൽ അസാധാരണമായ വീണ്ടെടുപ്പിന്റെ വിശുദ്ധ വർഷം, മരിയൻ വർഷം, വിശുദ്ധ കുർബാനയുടെ വർഷം എന്നിവ പ്രഖ്യാപിച്ചതു വഴി സഭയുടെ ആത്മീയ നവീകരണത്തിനായി അദ്ദേഹം സ്വയം നിലകൊണ്ടു. കഴിഞ്ഞ നൂറ്റാണ്ടിൽ മാനവികത വലിയ പരീക്ഷണങ്ങൾ നേരിട്ടെങ്കിലും സഭയ്ക്ക് ധൈര്യവും പുതു ചൈതന്യവും എന്നു പ്രധാനം ചെയ്യുന്ന വിശുദ്ധ കുർബാനയെ സഭയുടെ ഹൃദയത്തോടു വീണ്ടും ചേർക്കാൻ പാപ്പ നിരന്തരം പരിശ്രമിച്ചിരുന്നു. മൂന്നാം സഹസ്രാബ്ദത്തിലേക്ക് കടന്ന സഭയെ പരിശുദ്ധ കന്യകാമറിയവും വിശുദ്ധ കുര്ബാനയും ആകുന്ന രണ്ട് സ്തൂപങ്ങങ്ങളിൽ വിണ്ടും കെട്ടിയിടാൽ പരിശുദ്ധ പിതാവു ശ്രമിച്ചിരുന്നു. വിശുദ്ധ കുര്ബാനയിലെ ഈശോയുമായി വ്യക്തിബന്ധം സ്ഥാപിച്ചിരുന്ന, വിശുദ്ധ ജോണ്പോള് രണ്ടാമന്. ഏറെ ആഴമുളളതും കാലഘട്ടത്തിനു അനിവാര്യവുമായ കുര്ബാന പഠനങ്ങളാണ് അദ്ദേഹം സഭയക്കു തന്നത്. 2004-ല് ദിവ്യകാരുണ്യ വത്സരത്തിലൂടെ വിശുദ്ധ കുര്ബാനയിലേക്കും സഭയെ സവിശേഷമായി നയിച്ചു. വിശുദ്ധ കുര്ബാന വര്ഷത്തിനു മുന്നോടിയായി 2003-ലെ പെസഹായ്ക്ക് സഭ വിശുദ്ധ കുര്ബാനയില്നിന്നും എന്ന ചാക്രിക ലേഖനത്തിലൂടെ വിശുദ്ധ കുര്ബാനയെ മൂന്നാ സഹസ്രാബ്ദത്തിൻ്റെ കേന്ദ്രമാക്കി. ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ ഹൃദയത്തോട് ചേരാൻ സഭാ മക്കളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് പാപ്പാ എഴുതി, “… സഭയുടെ നോട്ടം നിരന്തരം അവളുടെ കർത്താവിലേക്ക് തിരിയുന്നു, അൾത്താരയിലെ കൂദാശയിൽ സന്നിഹിതമായ ഈശോയുടെ സാന്നിധ്യത്തിൽ സഭ അവന്റെ അതിരുകളില്ലാത്ത സ്നേഹത്തിന്റെ പൂർണ്ണ ആവിഷ്‌ക്കരണം അവൾ കണ്ടെത്തുന്നു.”
 
2005 ഏപ്രിൽ 2 ഞായറാഴ്ച രാത്രി 9:37 ന് ദൈവകാരുണ്യത്തിൻ്റെ തിരുനാളിനു ഒരുക്കമായുള്ള ഒന്നാം വേസ്പരാ പ്രാർത്ഥന നടക്കുമ്പോൾ “ഞാൻ എന്റെ പിതാവിന്റെ വീട്ടിലേക്ക് പോകട്ടെ” എന്ന വാക്കുകളുമായി പാപ്പ സ്വർഗ്ഗത്തിലേക്കു യാത്രയായി . മാർപ്പാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ മൂന്ന് ദശലക്ഷത്തിലധികം തീർഥാടകർ റോമിൽ എത്തി. 2005 ഏപ്രിൽ 8 ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ സംസ്കാര ചടങ്ങിൽ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ പറഞ്ഞ വാക്കുകളോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം എന്നു കരുതുന്നു “നമ്മുടെ പ്രിയപ്പെട്ട മാർപ്പാപ്പ ഇന്ന് പിതാവിന്റെ വീടിന്റെ ജാലകത്തിൽ നിൽക്കുന്നുണ്ടെന്ന് നമുക്ക് ഉറപ്പാണ്, അവൻ നമ്മെ കാണുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു.”
 
ഫാ. ജയ്സൺ കുന്നേൽ MCBS.
Advertisements
Advertisements
Advertisements
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s