Daily Readings

ദിവ്യബലി വായനകൾ 30th Sunday in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ, 24/10/2021


30th Sunday in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
വിശ്വാസത്തിന്റെയും പ്രത്യാശയുടെയും
സ്‌നേഹത്തിന്റെയും വര്‍ധന ഞങ്ങള്‍ക്കു നല്കുകയും
അങ്ങ് വാഗ്ദാനം ചെയ്തവ പിന്തുടരാന്‍ അര്‍ഹരാകേണ്ടതിന്
അങ്ങ് കല്പിച്ചവ സ്‌നേഹിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ജെറ 31:7-9
അന്ധരെയും മുടന്തരെയും ഞാന്‍ തിരികെ കൊണ്ടുവരും. ഞാനവരെ ആശ്വസിപ്പിച്ചു നയിക്കും.


കര്‍ത്താവ് അരുളിച്ചെയ്യുന്നു:
യാക്കോബിനെ പ്രതി സന്തോഷിച്ചാനന്ദിക്കുവിന്‍.
ജനതകളുടെ തലവനെക്കുറിച്ച് ആഹ്ളാദാരവം മുഴക്കുവിന്‍.
കര്‍ത്താവ് തന്റെ ജനത്തെ,
ഇസ്രായേലില്‍ അവശേഷിച്ചവരെ, രക്ഷിച്ചിരിക്കുന്നു
എന്ന് സ്തുതിപാടുവിന്‍.

ഞാന്‍ അവരെ ഉത്തരദേശത്തു നിന്നു കൊണ്ടുവരും;
ഭൂമിയുടെ അതിര്‍ത്തികളില്‍ നിന്ന് ഒരുമിച്ചുകൂട്ടും.
അന്ധരും മുടന്തരും ഗര്‍ഭിണികളും
ഈറ്റുനോവു തുടങ്ങിയവരും ഉള്‍പ്പെട്ട
ഒരു വലിയ കൂട്ടം ആയിരിക്കും അവര്‍.

കണ്ണീരോടെയാണ് അവര്‍ വരുന്നത്;
എന്നാല്‍ ഞാനവരെ ആശ്വസിപ്പിച്ചു നയിക്കും.
ഞാന്‍ അവരെ നീരൊഴുക്കുകളിലേക്കു നയിക്കും.
അവരുടെ വഴി സുഗമമായിരിക്കും;
അവര്‍ക്കു കാലിടറുകയില്ല.
എന്തെന്നാല്‍, ഞാന്‍ ഇസ്രായേലിനു പിതാവാണ്;
എഫ്രായിം എന്റെ ആദ്യജാതനും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 126:1-2,2-3,4-5,6

കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു, ഞങ്ങള്‍ സന്തോഷിക്കുന്നു.

കര്‍ത്താവു പ്രവാസികളെ
സീയോനിലേക്കു തിരിച്ചുകൊണ്ടുവന്നപ്പോള്‍
അത് ഒരു സ്വപ്‌നമായിത്തോന്നി.
അന്നു ഞങ്ങള്‍ പൊട്ടിച്ചിരിച്ചു;
ഞങ്ങളുടെ നാവ് ആനന്ദാരവം മുഴക്കി.

കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു, ഞങ്ങള്‍ സന്തോഷിക്കുന്നു.

കര്‍ത്താവ് അവരുടെയിടയില്‍
വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു എന്ന്
ജനതകളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ടു.
കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി
വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു;
ഞങ്ങള്‍ സന്തോഷിക്കുന്നു.

കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു, ഞങ്ങള്‍ സന്തോഷിക്കുന്നു.

നെഗെബിലെ ജലപ്രവാഹങ്ങളെയെന്നപോലെ
കര്‍ത്താവേ, ഞങ്ങളുടെ ഐശ്വര്യം പുനഃസ്ഥാപിക്കണമേ!

കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു, ഞങ്ങള്‍ സന്തോഷിക്കുന്നു.

കണ്ണീരോടെ വിതയ്ക്കുന്നവര്‍
ആനന്ദഘോഷത്തോടെ കൊയ്യട്ടെ!
വിത്തു ചുമന്നുകൊണ്ടു
വിലാപത്തോടെ വിതയ്ക്കാന്‍ പോകുന്നവന്‍
കറ്റ ചുമന്നുകൊണ്ട്
ആഹ്‌ളാദത്തോടെ വീട്ടിലേക്കു മടങ്ങും.

കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു, ഞങ്ങള്‍ സന്തോഷിക്കുന്നു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

രണ്ടാം വായന

ഹെബ്രാ 5:1-6
മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം നീ എന്നേക്കും പുരോഹിതനാണ്.

ജനങ്ങളില്‍ നിന്നു ജനങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനപുരോഹിതന്‍, ദൈവികകാര്യങ്ങള്‍ക്കു നിയമിക്കപ്പെടുന്നതു പാപപരിഹാരത്തിനായി ബലികളും കാഴ്ചകളും അര്‍പ്പിക്കാനാണ്. അവന്‍ തന്നെ ബലഹീനനായതുകൊണ്ട്, അജ്ഞരോടും വഴിതെറ്റിയവരോടും വേണ്ടത്ര സഹതാപത്തോടെ പെരുമാറാന്‍ അവനു കഴിയും. ഇക്കാരണത്താല്‍, അവന്‍ ജനങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി എന്നപോലെ, സ്വന്തം പാപങ്ങള്‍ക്കു വേണ്ടിയും ബലി സമര്‍പ്പിക്കാന്‍ കടപ്പെട്ടിരിക്കുന്നു. അഹറോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ല. അതുപോലെതന്നെ, ക്രിസ്തുവും പ്രധാനപുരോഹിതനാകുന്നതിനു തന്നെത്തന്നെ മഹത്വപ്പെടുത്തിയില്ല. നീ എന്റെ പ്രിയപുത്രനാണ്. ഇന്നു ഞാന്‍ നിനക്കു ജന്മമേകി എന്ന് അവനോടു പറഞ്ഞവന്‍ തന്നെയാണ് അവനെ മഹത്വപ്പെടുത്തിയത്. അവിടുന്ന് വീണ്ടും പറയുന്നു: മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം നീ എന്നേക്കും പുരോഹിതനാണ്.

കർത്താവിന്റെ വചനം.

സുവിശേഷം

മാര്‍ക്കോ 10:46-52
ഗുരോ, എനിക്കു കാഴ്ച വീണ്ടുകിട്ടണം.

അക്കാലത്ത്, യേശു ജറീക്കൊയിലെത്തി. അവന്‍ ശിഷ്യരോടും വലിയ ഒരു ജനാവലിയോടും കൂടെ ജറീക്കോ വിട്ടു പോകുമ്പോള്‍ തിമേയൂസിന്റെ പുത്രനായ ബര്‍തിമേയൂസ് എന്ന അന്ധയാചകന്‍ വഴിയരികില്‍ ഇരിപ്പുണ്ടായിരുന്നു. നസറായനായ യേശുവാണു പോകുന്നതെന്ന് അറിഞ്ഞപ്പോള്‍ അവന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ദാവീദിന്റെ പുത്രനായ യേശുവേ, എന്നില്‍ കനിയണമേ! നിശ്ശബ്ദനായിരിക്കുവാന്‍ പറഞ്ഞുകൊണ്ട് പലരും അവനെ ശകാരിച്ചു. എന്നാല്‍, അവന്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ! യേശു പെട്ടെന്ന് നിന്നിട്ടു പറഞ്ഞു: അവനെ വിളിക്കുക. അവര്‍ അന്ധനെ വിളിച്ച് അവനോടു പറഞ്ഞു: ധൈര്യമായിരിക്കൂ; എഴുന്നേല്‍ക്കുക; യേശു നിന്നെ വിളിക്കുന്നു. അവന്‍ പുറങ്കുപ്പായം ദൂരെയെറിഞ്ഞ്, കുതിച്ചുചാടി യേശുവിന്റെ അടുത്തെത്തി. യേശു ചോദിച്ചു: ഞാന്‍ നിനക്കുവേണ്ടി എന്തുചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അന്ധന്‍ അവനോടു പറഞ്ഞു: ഗുരോ, എനിക്കു കാഴ്ച വീണ്ടുകിട്ടണം. യേശു പറഞ്ഞു: നീ പൊയ്‌ക്കൊള്ളുക, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. തത്ക്ഷണം അവനു കാഴ്ച ലഭിച്ചു. അവന്‍ യേശുവിനെ അനുഗമിച്ചു.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മഹിമയ്ക്കായി
ഞങ്ങളര്‍പ്പിക്കുന്ന ഈ കാഴ്ചദ്രവ്യങ്ങള്‍ കടാക്ഷിക്കണമേ.
അങ്ങനെ, ഞങ്ങളുടെ ശുശ്രൂഷ വഴി അനുഷ്ഠിക്കുന്നത്
അങ്ങേ ഉപരിമഹത്ത്വത്തിലേക്ക് നയിക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 20:5

അങ്ങേ രക്ഷയില്‍ ഞങ്ങള്‍ ആഹ്ളാദിക്കുകയും
ഞങ്ങളുടെ ദൈവത്തിന്റെ നാമത്തില്‍ ഞങ്ങള്‍ അഭിമാനംകൊള്ളുകയും ചെയ്യും.


Or:
എഫേ 5:2

ക്രിസ്തു നമ്മെ സ്‌നേഹിക്കുകയും
നമുക്കുവേണ്ടി സുരഭില കാഴ്ചയും ബലിയുമായി
തന്നത്തന്നെ ദൈവത്തിനു സമര്‍പ്പിക്കുകയും ചെയ്തു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കൂദാശകള്‍,
അവ ഉള്‍ക്കൊള്ളുന്നവ ഞങ്ങളില്‍ പൂര്‍ത്തീകരിക്കണമേ.
അങ്ങനെ, ഇപ്പോള്‍ അടയാളങ്ങളിലൂടെ ആചരിക്കുന്നത്
യാഥാര്‍ഥ്യങ്ങളായി ഞങ്ങള്‍ സ്വീകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Categories: Daily Readings, Readings

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s