Article

വിവസ്ത്രർ

💕🙏✝️ജപമണികൾ 🌼🛐 ❣️ – 14

വിവസ്ത്രർ

അലീനമോൾ രണ്ടു ആങ്ങളമാരുടെ പെങ്ങളായിരുന്നു. പള്ളിസ്കൂളിൽ നാലാം ക്ലാസ്സിലാണ് അവൾ പഠിക്കുന്നത്. അപ്പച്ചൻ പെയിൻറിംഗ് ജോലിയാണ് ചെയ്യുന്നത്. എന്നും ജോലിയൊന്നും ഉണ്ടാകില്ല. അമ്മ കോഴിയേയും ആടിനെയും ഒക്കെ വളർത്തി ചെറിയ രീതിയിൽ വീട്ടുചെലവുകളിൽ സഹായിക്കുന്നുണ്ട്. പഠിക്കാനും പാടാനും കളിക്കാനുമെല്ലാം അവൾക്ക് നല്ല ഉത്സാഹമാണ്. സ്‌കൂളിൽ പോകാനും അവൾക്ക് മടിയില്ല. കൂട്ടുകാർക്കൊക്കെ അവളെ വളരെ ഇഷ്ടവുമാണ്.

സ്വന്തമായി ഒരു നല്ല വീടില്ല എന്നതാണ് അവരുടെ ഏറ്റവും വലിയ ദുഃഖം. പട്ടയമില്ലാത്ത സ്ഥലമായതുകൊണ്ട് ലോൺ ഒന്നും കിട്ടാൻ മാർഗ്ഗമില്ല. അലീനയുടെ അപ്പച്ചൻ ജോലിക്ക് പോയി കിട്ടുന്നതുകൊണ്ട് പട്ടിണിയില്ലാതെ കഴിയുന്നു എന്നുമാത്രമേ ഉള്ളൂ. ഒരു നല്ല വീടിനുവേണ്ടി അവളെന്നും പ്രാർത്ഥിക്കും. പള്ളിയുടെ അടുത്തുതന്നെയാണ് അവളുടെ വീട്. എല്ലാ ദിവസംവും രാവിലെ എഴുന്നേറ്റ് പല്ല് തേയ്ച്ച്, കടുംകാപ്പി കുടിച്ചു കഴിഞ്ഞാൽ അവൾ നേരെ ചേട്ടന്മാരുടെ കൂടെ പള്ളിയിലേക്ക് പോകും. ദിവസവും ഇത് പതിവാണ്.

പള്ളിയിൽ നിന്നിറങ്ങുന്ന പ്രദക്ഷിണങ്ങൾ അവൾക്കിഷ്ടമല്ല.. ഫെബ്രുവരി മാസത്തിൽ തിരുനാൾ ദിവസങ്ങളിൽ രണ്ടു പ്രദക്ഷിണം, മെയ് മാസത്തിൽ വേളാങ്കണ്ണി മാതാവിൻ്റെ തിരുന്നാളിന് പിന്നെയും പ്രദക്ഷിണം, അതിനു പുറമെ, ക്രിസ്തുമസ്സ്, ദുഃഖവെള്ളി, ഈസ്റ്റർ ദിനങ്ങളിൽ പ്രദക്ഷിണം. നോമ്പുകാലത്ത് കുരിശിൻ്റെ വഴിയുടെ പ്രദക്ഷിണം. ഇതെല്ലാം അവൾക്ക് സങ്കടമായിരുന്നു. കാരണം പ്രദക്ഷിണം അവളുടെ വീടിനുമുൻപിലൂടെയാണ് പോയിരുന്നത്. ഓലമേഞ്ഞ വീടാണ് അവൾക്കുണ്ടായിരുന്നത്. കുറച്ചുകാലമായിട്ട് അത് മേയാൻ സാധിക്കാത്തതുകൊണ്ട് ചെറിയ പ്ലാസ്റ്റിക് ഷീറ്റും ചാക്കുമെല്ലാം കൊണ്ടാണ് മേൽക്കൂരയിലെ ചോർച്ചകൾ അടച്ചിരിക്കുന്നത്. വീടിൻ്റെ മുൻപിലൂടെ പ്രദക്ഷിണം പോകുമ്പോൾ അവൾ വീട്ടിലോട്ട് നോക്കാറില്ല. ആരെങ്കിലും തൻ്റെ വീട് അതാണെന്ന് തിരിച്ചറിയുന്നുണ്ടോ എന്നവൾ ശ്രദ്ധിക്കുമായിരുന്നു. എത്രയും വേഗം പ്രദക്ഷിണം ആ വീടിനെ കടന്നുപോയെങ്കിലെന്ന് അവൾ ആഗ്രഹിക്കും.

സ്‌കൂൾ സമയത്തും ബസ് പോകുമ്പോഴും അവൾ പുറത്തുകടക്കുകയേ ചെയ്യാറില്ലായിരുന്നു. തൻ്റെ വീട് അത്രയും മോശപ്പെട്ട അവസ്ഥയിലാണെന്ന് ആരെയും അറിയിക്കാൻ അവളിഷ്ടപ്പെട്ടില്ല. കൂട്ടുകാരുടെ വീട്ടിൽ അവൾ പോകാറില്ല,അങ്ങനെ കൂട്ടുകാരെ സ്വന്തം വീട്ടിൽ കൊണ്ടുവരുന്നതിൽ നിന്നും അവൾ സ്വയം രക്ഷപ്പെട്ടു. ഇതുപോലെ തന്നെ അവൾക്കുണ്ടായിരുന്ന മറ്റൊരു സങ്കടമായിരുന്നു നല്ല വസ്ത്രങ്ങൾ ഇല്ലാ എന്നുള്ളത്.

സ്‌കൂളിൽ ബുധനാഴ്ച ഒഴികെ ബാക്കി എല്ലാ ദിവസങ്ങളിലും യൂണിഫോം ധരിക്കണമായിരുന്നു. കുട്ടികൾ എല്ലാവരും അതുകൊണ്ടുതന്നെ ബുധനാഴ്ച മനോഹരമായ വസ്ത്രങ്ങൾ ധരിച്ചാണ് വന്നിരുന്നത്. പലർക്കും ഫാഷനുകൾക്കനുസരിച്ച് പുതിയ വസ്ത്രങ്ങൾ ധരിക്കാനുള്ള ദിവസമായിരുന്നു അത്. എലാവരും ബുധനാഴ്ച വരാനായി കാത്തിരിക്കുമായിരുന്നു. അവർക്ക് സമ്മാനമായി ലഭിക്കുന്ന പുതിയ വസ്ത്രങ്ങൾ ധരിക്കാനും അതിൻ്റെ മേന്മകൾ വർണ്ണിക്കാനും എല്ലാവരും മത്സരിച്ചിരുന്നു.

എന്നാൽ അലീനമോൾക്ക് അത് വളരെ മാനസ്സീക വ്യഥയുടെ ദിവസമായിരുന്നു. അവൾ എല്ലാ ബുധനാഴ്ചയിലും ഇളം നീല കളറിലുള്ള ഒരു ഫ്രോക്ക് ധരിച്ചുകൊണ്ടാണ് പോയിരുന്നത്. അതല്ലാതെ നല്ലൊരു ഉടുപ്പ് അവൾക്കില്ലായിരുന്നു. എല്ലാ ചൊവ്വാഴ്ചയും വൈകുന്നേരം അവൾ വീട്ടിൽ ചിണുങ്ങാൻ തുടങ്ങും. പുതിയ വസ്ത്രത്തിനായി നിരന്തരം ആവശ്യപ്പെടും. അപ്പച്ചനോടും അമ്മയോടും ബഹളം വയ്ക്കും. പക്ഷെ വലിയ മാറ്റമൊന്നും അവസ്ഥയ്ക്ക് വന്നില്ല. മൂന്നുനേരം ഭക്ഷണം നൽകാൻ കഷ്ടപ്പെടുന്നവർക്ക് ഒരു ജോഡി വസ്ത്രം വാങ്ങി നൽകുക അത്ര എളുപ്പമായിരുന്നില്ല. നാളെ ക്ലാസ്സിൽ പോകില്ല എന്നൊക്കെ അലീന ഭീഷണി മുഴക്കാറുണ്ടെങ്കിലും ബുധനാഴ്ച ആകുമ്പോൾ നീല ഫ്രോക്കും ധരിച്ച് സ്‌കൂളിൽ പോകുന്നത് ഒരു തുടർക്കഥയായി.


ഒരു ദിവസം സ്‌കൂൾ വിട്ട് വന്ന അലീനമോൾ കണ്ടത് മേശപ്പുറത്തു ഇരിക്കുന്ന പൊതിയാണ്. തുറന്നുനോക്കിയ അവൾക്ക് സന്തോഷം അടക്കാനായില്ല. ഒരു ഇളം പച്ച നിറത്തിലുള്ള ഉടുപ്പ്. അവളതെടുത്തു നിവർത്തിനോക്കി. വളരെ മനോഹരം! അവളതെടുത്ത് അമ്മയുടെ അടുത്തേക്ക് ചെന്നു. അമ്മയെ കെട്ടിപ്പിടിച്ചു ഉമ്മ വച്ചു. ഈ ലോകം മുഴുവൻ സ്വന്തമായതുപോലെയായി അവൾക്ക്. അപ്പച്ചനോടും അവൾക്കന്ന് വലിയ സ്നേഹമായിരുന്നു. പിറ്റേ ബുധനാഴ്ച വരാനായി അവൾ കാത്തിരുന്നു. അന്ന് രാത്രി പുതിയ ഉടുപ്പുമായി സ്‌കൂളിൽ പോകുന്നതിനെക്കുറിച്ചോർത്ത് അവൾക്ക് ഉറക്കം പോലും നഷ്ടപ്പെട്ടു.

ബുധനാഴ്ചയായി. രാവിലെ പള്ളിയിൽ പോയി വന്നിട്ട് പുതിയ ഉടുപ്പുമിട് അവൾ സ്‌കൂളിലേക്ക് പോവുകയാണ്. തനിക്ക് രണ്ടിഞ്ച് പൊക്കം കൂടുതൽ ഉള്ളതായി അലീനക്ക് തോന്നി. എല്ലാവരും തന്നെയും തൻ്റെ ഉടുപ്പിനെയും ശ്രദ്ധിക്കുന്നതായി അവൾക്കനുഭവപ്പെട്ടു. എന്നും നീല ഫ്രോക്ക് ധരിച്ചുവന്നിരുന്ന അലീനയെ ഇന്ന് പച്ച ഉടുപ്പിൽ കണ്ടപ്പോൾ എല്ലാവർക്കും ആശ്ചര്യമായി. ഇൻറർവെൽ സമയത്തും അവൾ അങ്ങോട്ടുമിങ്ങോട്ടുമെല്ലാം ഇറങ്ങി നടന്നു. സാധാരണ ബുധനാഴ്ച അവൾ ക്ലാസ്സിൽ നിന്ന് പുറത്തിറങ്ങാറില്ലായിരുന്നു. തൻ്റെ പുതിയ ഉടുപ്പ് എല്ലാരും കാണട്ടെ എന്ന ഉദ്ദ്യേശത്തോടെ തന്നെയാണ് അവളത് ചെയ്തത്.

ഉച്ചയായി. അവൾ പതിവുപോലെ സ്‌കൂളിൽ നിന്ന് കിട്ടുന്ന കഞ്ഞിയും കുടിച്ച് പാത്രം കഴുകാനായി ചെല്ലുമ്പോൾ പൈപ്പിനടുത്ത് അയൽവീട്ടിലെ സ്മിത ചേച്ചിയും കൂട്ടുകാരികളും നിൽക്കുന്നു. അവൾ ചെറുപുഞ്ചിരിയോടെ അവരുടെ അടുത്തേക്കെത്തി. സ്മിത ചേച്ചിയുടെ പപ്പ ഗൾഫിലാണ്. വീട്ടിൽ കാറും ജോലിക്കാരും ഒക്കെയുണ്ട്. പലപ്പോഴും വീട്ടിൽ ആവശ്യങ്ങൾ വരുമ്പോൾ അമ്മ പണം കടം വാങ്ങാറുള്ളത് സ്മിത ചേച്ചിയുടെ അമ്മയോടാണ്. അതിൻ്റെ ഒരു പത്രാസ് സ്മിതച്ചേച്ചിക്ക് ഉണ്ടെന്നു പലപ്പോഴും അലീനയ്ക്ക് തോന്നിയിട്ടുണ്ട്.

പാത്രം കഴുകാനായി പൈപ്പ് തുറന്നു നിൽക്കുന്ന അലീനയോട് സ്മിത ചോദിച്ചു. “ഉടുപ്പ് നിനക്ക് പാകമായോ? എങ്ങനെയുണ്ട്? ഇഷ്ടപ്പെട്ടോ?”

അവൾ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് തലയാട്ടി.

“പപ്പാ അയച്ചു തന്ന ഉടുപ്പാണ്. നല്ല ഉടുപ്പാണ്. ഞാൻ അധികമൊന്നും ഇട്ടിട്ടില്ല.” സ്മിത പിന്നെയും പറഞ്ഞു

അലീനക്ക് ഒന്നും മനസ്സിലായില്ല.

അതുകേട്ട് സ്മിതയുടെ കൂട്ടുകാരികൾ അവളോട് ചോദിച്ചു. “അപ്പോളിത് ഇവളുടെ ഉടുപ്പല്ലേ?”

“അല്ല. ഇതെൻ്റെ ഉടുപ്പാണ്. ഇവൾക്ക് സ്‌കൂളിൽ പോകാൻ നല്ല ഉടുപ്പില്ലെന്ന് ഇവളുടെ അമ്മ പറഞ്ഞിട്ട് എൻ്റെ പഴയ ഉടുപ്പ് അമ്മ ഇവളുടെ അമ്മയ്ക്ക് കൊടുത്തതാണ്.”

അത് അലീനയ്ക്ക് നന്നായി മനസ്സിലായി. അവളുടെ കണ്ണുകളിൽ നിന്ന് കണ്ണീർമുത്തുകൾ പെയ്തിറങ്ങാൻ തുടങ്ങി. അവൾ വേഗം ക്ളാസിലേക്കോടി. എത്ര നേരം കരഞ്ഞുവെന്നറിയില്ല. അപ്പോഴേക്കും ക്‌ളാസിൽ മുഴുവൻ അതവളുടെ ഉടുപ്പല്ല എന്ന വാർത്ത പരന്നിരുന്നു. കുട്ടികൾ അവളെ കളിയാക്കാനും പരിഹസിക്കാനും തുടങ്ങിയിരുന്നു. പിന്നെയുള്ള ക്ലാസ്സുകളിൽ അവൾ ശ്രദ്ധിച്ചതേ ഇല്ല. അവളുടെ കണ്ണുകൾ നിറഞ്ഞും ചുണ്ടുകൾ വിറച്ചുമിരുന്നു. ക്ലാസ്സ് കഴിഞ്ഞപ്പോൾ തന്നെ അവൾ ബാഗുമെടുത്ത് വീട്ടിലേക്കോടി. ആരെയും അവൾ കാത്തുനിന്നില്ല.

മുറ്റത്തുനിന്ന അമ്മയോട് ഒന്നും പറയാതെ അവൾ അകത്തേക്കോടി. ചെന്ന വശം ഉടുപ്പഴിച്ച് അവൾ മുറ്റത്തേക്കെറിഞ്ഞു. എന്നിട്ട് കിടന്ന് കരയാൻ തുടങ്ങി. അന്ന് രാത്രി അവളൊന്നും കഴിച്ചില്ല. എപ്പോഴോ കരഞ്ഞുതളർന്നവൾ ഉറങ്ങിപ്പോയി.

ഇന്ന് ധ്യാനിക്കുന്നത് വിവസ്ത്രനാക്കപ്പെടുന്ന ക്രിസ്തുവിനെയാണ്. ഈ ഭൂമിയെയും സകലചരാചരങ്ങളെയും സൃഷ്ടിച്ചവൻ നാണം മറയ്ക്കാൻ തുണിയില്ലാതെ കുരിശിൽ കിടന്നു പിടയുന്നു. നാണക്കേടിൻ്റെ പടുകുഴിയിൽ കിടന്ന പാപിനിക്കും, സമരിയാക്കാരിക്കും ജീവൻ നൽകിയവൻ, സമൂഹം കല്ലെടുത്ത് എറിഞ്ഞ് ഓടിച്ചിരുന്ന കുഷ്ഠരോഗികൾക്ക് അഭയമായവൻ, ചുങ്കക്കാർക്കുപോലും അത്താണിയായവൻ, ഒത്തിരിപേർക്ക് തലയുയർത്തി നടക്കാൻ കാരണം നൽകിയവർ ഇന്ന് നഗ്നനായി കുരിശിൽ ഉരുകി തീരുന്നു.

ഒരുമനുഷ്യൻ അനുഭവിക്കേണ്ടിവരുന്ന ഏറ്റവും വലിയ ക്രൂരത നഗ്നനാക്കപ്പെടുന്നതാണെന്നു തോന്നുന്നു. നല്ല സമരിയാക്കാരൻ്റെ ഉപമയിൽ കവർച്ചക്കാർ ആ യാത്രക്കാരനോട് ചെയ്ത ഏറ്റവും വലിയ പാതകമായി എനിക്ക് തോന്നുന്നത് അവനെ വിവസ്ത്രനാക്കി എന്നുള്ളതാണ്. എത്ര ശക്തിയുള്ളവനും ദുർബലനാകുന്ന, എത്ര കഴിവുള്ളവനും അശക്തനാകുന്ന, എത്ര അറിവുള്ളവനും നിഷ്പ്രഭനാകുന്ന അവസ്ഥ. ശാരീരികമായി നഗ്നനാക്കപ്പെടുന്ന സാഹചര്യങ്ങൾ നമുക്കില്ലായിരിക്കാം. എന്നാൽ മാനസീകമായി, ഭൗതീകമായി നഗ്നരാക്കപ്പെടുന്ന അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകാം. ഒരിക്കലും മറക്കാനാകാത്ത ചോരയൊലിക്കുന്ന വൃണങ്ങൾ ആയി അത് മാറ്റപ്പെട്ടിട്ടുണ്ടാകാം.

കുരിശിൻ്റെ വഴികളിൽ ചരിക്കുന്നവർക്ക് വിവസ്ത്രരാക്കപ്പെടുന്ന അനുഭവങ്ങളിൽ നിന്ന് ഓടിയൊളിക്കാൻ ആവില്ലല്ലോ. നമുക്കും ഒഴികഴിവില്ല. പക്ഷെ ഒന്ന് നമുക്ക് ഉറപ്പിക്കാം – ഞാൻ ആരെയും ആ ദുരന്തത്തിന് ഇരയാക്കില്ല. ആരെയും വാക്കുകൊണ്ടുപോലും ഞാൻ നഗ്നരാക്കുകയില്ല. മാത്രമല്ല, നഗ്നനാകുന്നതിൻ്റെ വേദന അറിഞ്ഞതുകൊണ്ട് നഗ്നനാക്കപ്പെട്ടവരെ നമുക്ക് ആശ്വസിപ്പിക്കാം.

2018 ലെ പ്രളയം. വെള്ളം പൊങ്ങി വീടും കിടപ്പാടവും നഷ്ടപ്പെട്ട മനുഷ്യർ തണുപ്പകറ്റാൻ ഒരു കഷ്ണം തുണിക്കായി കഷ്ടപ്പെടുന്ന സമയം. എന്നെത്തേടി ഒരു ഫോൺ കോൾ വന്നു. ദൂരെ നേപ്പാൾ അതിർത്തിയിലെ ഒരു സ്കൂളിൽ നിന്നും. അവിടെ സെൻട്രൽ സ്‌കൂളിലെ പ്രിൻസിപ്പാൾ ആണ് നമ്മുടെ പഴയ അലീനമോൾ. അവിടുത്തെ സ്‌കൂളിലെ കുട്ടികളിൽ നിന്നും സംഭരിച്ച വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളുമായി അവർ ഒരു വലിയ കാർഗോ ട്രക്ക്‌ നാട്ടിലേക്കയച്ചു. അവർ നഗ്നത മറച്ചത് മൂന്നു ക്യാമ്പുകളിലെ മനുഷ്യരുടെയായിരുന്നു.

🖋Fr Sijo Kannampuzha OM 98461 05325

Advertisements
Advertisements

Categories: Article

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s