ദിവ്യബലി വായനകൾ Saturday of week 30 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ശനി, 30/10/2021


Saturday of week 30 in Ordinary Time 
or Saturday memorial of the Blessed Virgin Mary 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
വിശ്വാസത്തിന്റെയും പ്രത്യാശയുടെയും
സ്‌നേഹത്തിന്റെയും വര്‍ധന ഞങ്ങള്‍ക്കു നല്കുകയും
അങ്ങ് വാഗ്ദാനം ചെയ്തവ പിന്തുടരാന്‍ അര്‍ഹരാകേണ്ടതിന്
അങ്ങ് കല്പിച്ചവ സ്‌നേഹിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

റോമാ 11:1-2,11-12,25-29
ഇസ്രായേല്‍ക്കാരുടെ പാപംനിമിത്തം വിജാതീയര്‍ക്കു രക്ഷ ലഭിച്ചു.

സഹോദരരേ, ഞാന്‍ ചോദിക്കുന്നു: ദൈവം തന്റെ ജനത്തെ പരിത്യജിച്ചുവോ? ഒരിക്കലുമില്ല. ഞാന്‍ തന്നെയും അബ്രാഹത്തിന്റെ സന്തതിയും ബഞ്ചമിന്‍ ഗോത്രജനുമായ ഒരു ഇസ്രായേല്‍ക്കാരനാണല്ലോ. ദൈവം മുന്‍കൂട്ടി അറിഞ്ഞ സ്വന്തം ജനത്തെ അവിടുന്നു പരിത്യജിച്ചിട്ടില്ല. ആകയാല്‍, ഞാന്‍ ചോദിക്കുന്നു: അവര്‍ക്കു കാലിടറിയതു വീഴുവാനായിരുന്നുവോ? ഒരിക്കലുമല്ല. ഇസ്രായേല്‍ക്കാരുടെ പാപംനിമിത്തം വിജാതീയര്‍ക്കു രക്ഷ ലഭിച്ചു. തന്മൂലം, അവര്‍ക്കു വിജാതീയരോട് അസൂയ ഉളവായി. അവരുടെ പാപം ലോകത്തിന്റെ നേട്ടവും അവരുടെ പരാജയം വിജാതീയരുടെ നേട്ടവും ആയിരുന്നെങ്കില്‍ അവരുടെ പരിപൂര്‍ണത എന്തൊരു നേട്ടമാകുമായിരുന്നു!
സഹോദരരേ, ജ്ഞാനികളാണെന്ന് അഹങ്കരിക്കാതിരിക്കേണ്ടതിനു നിങ്ങള്‍ ഈ രഹസ്യം മനസ്സിലാക്കിയിരിക്കണം: ഇസ്രായേലില്‍ കുറെപ്പേര്‍ക്കു മാത്രമേ ഹൃദയകാഠിന്യം ഉണ്ടായിട്ടുള്ളൂ. അതും വിജാതീയര്‍ പൂര്‍ണമായി സ്വീകരിക്കപ്പെടുന്നതുവരെ മാത്രം. അതിനുശേഷം ഇസ്രായേല്‍ മുഴുവന്‍ രക്ഷപ്രാപിക്കും. എഴുതപ്പെട്ടിരിക്കുന്നതും അങ്ങനെതന്നെ: സീയോനില്‍ നിന്നു വിമോചകന്‍ വരും; അവിടുന്നു യാക്കോബില്‍ നിന്ന് അധര്‍മം അകറ്റിക്കളയും. ഞാന്‍ അവരുടെ പാപങ്ങള്‍ ഉന്മൂലനം ചെയ്യുമ്പോള്‍ ഇത് അവരുമായുള്ള എന്റെ ഉടമ്പടിയായിരിക്കും. സുവിശേഷം സംബന്ധിച്ചു നിങ്ങളെപ്രതി അവര്‍ ദൈവത്തിന്റെ ശത്രുക്കളാണ്. തെരഞ്ഞെടുപ്പു സംബന്ധിച്ചാകട്ടെ, അവരുടെ പൂര്‍വികരെപ്രതി അവര്‍ സ്‌നേഹഭാജനങ്ങളാണ്. എന്തെന്നാല്‍, ദൈവത്തിന്റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 94:12-13a,14-15,17-18

കര്‍ത്താവു തന്റെ ജനത്തെ പരിത്യജിക്കുകയില്ല.

കര്‍ത്താവേ, അവിടുന്നു ശിക്ഷിക്കുകയും
നിയമം പഠിപ്പിക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.
അവിടുന്ന് അവനു കഷ്ടകാലങ്ങളില്‍ വിശ്രമം നല്‍കുന്നു.

കര്‍ത്താവു തന്റെ ജനത്തെ പരിത്യജിക്കുകയില്ല.

കര്‍ത്താവു തന്റെ ജനത്തെ പരിത്യജിക്കുകയില്ല;
അവിടുന്നു തന്റെ അവകാശത്തെ ഉപേക്ഷിക്കുകയില്ല.
വിധികള്‍ വീണ്ടും നീതിപൂര്‍വകമാകും;
പരമാര്‍ഥ ഹൃദയമുള്ളവര്‍ അതു മാനിക്കും.

കര്‍ത്താവു തന്റെ ജനത്തെ പരിത്യജിക്കുകയില്ല.

കര്‍ത്താവ് എന്നെ സഹായിച്ചിരുന്നില്ലെങ്കില്‍
എന്റെ പ്രാണന്‍ പണ്ടേ മൂകതയുടെ ദേശത്ത് എത്തുമായിരുന്നു.
എന്റെ കാല്‍ വഴുതുന്നു എന്നു ഞാന്‍ വിചാരിച്ചപ്പോഴേക്കും
കര്‍ത്താവേ, അങ്ങേ കാരുണ്യം എന്നെ താങ്ങിനിര്‍ത്തി.

കര്‍ത്താവു തന്റെ ജനത്തെ പരിത്യജിക്കുകയില്ല.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 14:1,7-11
തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.

ഒരു സാബത്തില്‍ യേശു ഫരിസേയപ്രമാണികളില്‍ ഒരുവന്റെ വീട്ടില്‍ ഭക്ഷണത്തിനുപോയി. അവര്‍ അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ക്ഷണിക്കപ്പെട്ടവര്‍ പ്രമുഖസ്ഥാനങ്ങള്‍ തെരഞ്ഞെടുക്കുന്നതു കണ്ടപ്പോള്‍ അവന്‍ അവരോട് ഒരു ഉപമ പറഞ്ഞു: ആരെങ്കിലും നിന്നെ ഒരു കല്യാണവിരുന്നിനു ക്ഷണിച്ചാല്‍, പ്രമുഖസ്ഥാനത്തു കയറിയിരിക്കരുത്. ഒരുപക്‌ഷേ, നിന്നെക്കാള്‍ ബഹുമാന്യനായ ഒരാളെ അവന്‍ ക്ഷണിച്ചിട്ടുണ്ടായിരിക്കും. നിങ്ങളെ രണ്ടുപേരെയും ക്ഷണിച്ചവന്‍ വന്ന്, ഇവനു സ്ഥലം കൊടുക്കുക എന്നു നിന്നോടു പറയും. അപ്പോള്‍ നീ ലജ്ജിച്ച്, അവസാനത്തെ സ്ഥാനത്തുപോയി ഇരിക്കും. അതുകൊണ്ട്, നീ വിരുന്നിനു ക്ഷണിക്കപ്പെടുമ്പോള്‍ അവസാനത്തെ സ്ഥാനത്തു പോയി ഇരിക്കുക. ആതിഥേയന്‍ വന്നു നിന്നോട്, സ്‌നേഹിതാ, മുമ്പോട്ടു കയറിയിരിക്കുക എന്നുപറയും. അപ്പോള്‍ നിന്നോടുകൂടെ ഭക്ഷണത്തിനിരിക്കുന്ന സകലരുടെയും മുമ്പാകെ നിനക്കു മഹത്വമുണ്ടാകും. തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മഹിമയ്ക്കായി
ഞങ്ങളര്‍പ്പിക്കുന്ന ഈ കാഴ്ചദ്രവ്യങ്ങള്‍ കടാക്ഷിക്കണമേ.
അങ്ങനെ, ഞങ്ങളുടെ ശുശ്രൂഷ വഴി അനുഷ്ഠിക്കുന്നത്
അങ്ങേ ഉപരിമഹത്ത്വത്തിലേക്ക് നയിക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 20:5

അങ്ങേ രക്ഷയില്‍ ഞങ്ങള്‍ ആഹ്ളാദിക്കുകയും
ഞങ്ങളുടെ ദൈവത്തിന്റെ നാമത്തില്‍ ഞങ്ങള്‍ അഭിമാനംകൊള്ളുകയും ചെയ്യും.


Or:
എഫേ 5:2

ക്രിസ്തു നമ്മെ സ്‌നേഹിക്കുകയും
നമുക്കുവേണ്ടി സുരഭില കാഴ്ചയും ബലിയുമായി
തന്നത്തന്നെ ദൈവത്തിനു സമര്‍പ്പിക്കുകയും ചെയ്തു.


ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കൂദാശകള്‍,
അവ ഉള്‍ക്കൊള്ളുന്നവ ഞങ്ങളില്‍ പൂര്‍ത്തീകരിക്കണമേ.
അങ്ങനെ, ഇപ്പോള്‍ അടയാളങ്ങളിലൂടെ ആചരിക്കുന്നത്
യാഥാര്‍ഥ്യങ്ങളായി ഞങ്ങള്‍ സ്വീകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment