ദിവ്യബലി വായനകൾ 31st Sunday in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ , 31/10/2021

31st Sunday in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,
അങ്ങില്‍നിന്നു വരുന്ന ദാനത്താലാണല്ലോ
അങ്ങേ വിശ്വാസികള്‍ അങ്ങേക്ക്
യോഗ്യവും സ്തുത്യര്‍ഹവുമായ ശുശ്രൂഷ അര്‍പ്പിക്കുന്നത്.
അങ്ങനെ, ഒരു പ്രതിബന്ധവും കൂടാതെ
അങ്ങേ വാഗ്ദാനങ്ങളിലേക്ക് ഞങ്ങള്‍
മുന്നേറാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

നിയ 6:2-6
ഇസ്രായേലേ കേള്‍ക്കുക: നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടെ സ്‌നേഹിക്കണം.

മോശ ഇസ്രായേല്‍ ജനത്തോടു പറഞ്ഞു: നിങ്ങളും നിങ്ങളുടെ മക്കളും മക്കളുടെ മക്കളും ഞാനിന്നു നല്‍കുന്ന ദൈവമായ കര്‍ത്താവിന്റെ ചട്ടങ്ങളും പ്രമാണങ്ങളും അനുസരിച്ച് ജീവിതകാലം മുഴുവന്‍ അവിടുത്തെ ഭയപ്പെടുന്നതിനും നിങ്ങള്‍ക്ക് ദീര്‍ഘായുസ്സുണ്ടാകുന്നതിനും വേണ്ടിയാണ് ഇവ. ആകയാല്‍, ഇസ്രായേലേ കേള്‍ക്കുക: നിങ്ങള്‍ക്കു നന്മയുണ്ടാകാനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവു വാഗ്ദാനം ചെയ്തതുപോലെ തേനും പാലും ഒഴുകുന്ന നാട്ടില്‍ നിങ്ങള്‍ ധാരാളമായി വര്‍ധിക്കാനും വേണ്ടി ഇവ അനുഷ്ഠിക്കാന്‍ ശ്രദ്ധിക്കുവിന്‍. ഇസ്രായേലേ, കേള്‍ക്കുക: നമ്മുടെ ദൈവമായ കര്‍ത്താവ് ഒരേ ഒരു കര്‍ത്താവാണ്. നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണശക്തിയോടും കൂടെ സ്‌നേഹിക്കണം. ഞാനിന്നു കല്‍പിക്കുന്ന ഈ വചനങ്ങള്‍ നിങ്ങളുടെ ഹൃദയത്തിലുണ്ടായിരിക്കണം.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 18:1-2,3-4,46,50

കര്‍ത്താവേ, എന്റെ ശക്തിയുടെ ഉറവിടമേ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.

കര്‍ത്താവേ! എന്റെ ശക്തിയുടെ ഉറവിടമേ,
ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.
അങ്ങാണ് എന്റെ രക്ഷാശിലയും കോട്ടയും വിമോചകനും,
എന്റെ ദൈവവും എനിക്ക് അഭയം തരുന്ന പാറയും,
എന്റെ പരിചയും രക്ഷാശൃംഗവും അഭയ കേന്ദ്രവും.

കര്‍ത്താവേ, എന്റെ ശക്തിയുടെ ഉറവിടമേ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.

സ്തുത്യര്‍ഹനായ കര്‍ത്താവിനെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു;
അവിടുന്ന് എന്നെ ശത്രുക്കളില്‍ നിന്നു രക്ഷിക്കും.

കര്‍ത്താവേ, എന്റെ ശക്തിയുടെ ഉറവിടമേ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.

കര്‍ത്താവു ജീവിക്കുന്നു; എന്റെ രക്ഷാശില വാഴ്ത്തപ്പെടട്ടെ;
എന്റെ രക്ഷയുടെ ദൈവം സ്തുതിക്കപ്പെടട്ടെ.
തന്റെ രാജാവിന് അവിടുന്നു വന്‍വിജയം നല്‍കുന്നു:
തന്റെ അഭിഷിക്തനോട് എന്നേക്കും കാരുണ്യം കാണിക്കുന്നു.

കര്‍ത്താവേ, എന്റെ ശക്തിയുടെ ഉറവിടമേ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.

രണ്ടാം വായന

ഹെബ്രാ 7:23-28
യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട് അവന്റെ പൗരോഹിത്യം കൈമാറപ്പെടുന്നില്ല.

മുന്‍കാലങ്ങളില്‍ അനേകം പുരോഹിതന്മാരുണ്ടായിരുന്നു. എന്നാല്‍, ശുശ്രൂഷയില്‍ തുടരാന്‍ മരണം അവരെ അനുവദിച്ചില്ല. യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട് അവന്റെ പൗരോഹിത്യം കൈമാറപ്പെടുന്നില്ല. തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണമായി രക്ഷിക്കാന്‍ അവനു കഴിവുണ്ട്. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കു വേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു. പരിശുദ്ധനും ദോഷരഹിതനും നിഷ്കളങ്കനും പാപികളില്‍ നിന്നു വേര്‍തിരിക്കപ്പെട്ടവനും സ്വര്‍ഗത്തിനുമേല്‍ ഉയര്‍ത്തപ്പെട്ടവനുമായ ഒരു പ്രധാനപുരോഹിതന്‍ നമുക്കുണ്ടായിരിക്കുക ഉചിതമായിരുന്നു. അന്നത്തെ പ്രധാനപുരോഹിതന്മാരെപ്പോലെ, ആദ്യമേ സ്വന്തം പാപങ്ങള്‍ക്കു വേണ്ടിയും അനന്തരം ജനത്തിന്റെ പാപങ്ങള്‍ക്കു വേണ്ടിയും അനുദിനം അവന്‍ ബലിയര്‍പ്പിക്കേണ്ടതില്ല. അവന്‍ തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട് എന്നേക്കുമായി ഒരിക്കല്‍ ബലിയര്‍പ്പിച്ചിരിക്കുന്നു. വാസ്തവത്തില്‍, നിയമം ബലഹീനരായ മനുഷ്യരെയാണ് പ്രധാന പുരോഹിതന്മാരായി നിയോഗിക്കുന്നത്. എന്നാല്‍, നിയമത്തിനു ശേഷം വന്ന ശപഥത്തിന്റെ വചനമാകട്ടെ എന്നേക്കും പരിപൂര്‍ണനാക്കപ്പെട്ട പുത്രനെ നിയോഗിക്കുന്നു.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മാര്‍ക്കോ 12:28-34
എല്ലാറ്റിലും പ്രധാനമായ കല്പന ഇതാണ് … ഇതുപോലെ തന്നെയത്രേ രണ്ടാമത്തെ കല്പനയും.

അക്കാലത്ത്, ഒരു നിയമജ്ഞന്‍ വന്ന് യേശുവിനോടു ചോദിച്ചു: എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്? യേശു പ്രതിവചിച്ചു: ഇതാണ് ഒന്നാമത്തെ കല്‍പന: ഇസ്രായേലേ, കേള്‍ക്കുക! നമ്മുടെ ദൈവമായ കര്‍ത്താവാണ് ഏക കര്‍ത്താവ്. നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും, പൂര്‍ണാത്മാവോടും, പൂര്‍ണ മനസ്സോടും, പൂര്‍ണ ശക്തിയോടുംകൂടെ സ്‌നേഹിക്കുക. രണ്ടാമത്തെ കല്‍പന: നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഇവയെക്കാള്‍ വലിയ കല്‍പനയൊന്നുമില്ല. നിയമജ്ഞന്‍ പറഞ്ഞു: ഗുരോ, അങ്ങു പറഞ്ഞതു ശരിതന്നെ. അവിടുന്ന് ഏകനാണെന്നും അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും അവിടുത്തെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും പൂര്‍ണശക്തിയോടും കൂടെ സ്‌നേഹിക്കുന്നതും തന്നെപ്പോലെതന്നെ അയല്‍ക്കാരനെ സ്‌നേഹിക്കുന്നതും എല്ലാ ദഹനബലികളെയും യാഗങ്ങളെയുംകാള്‍ മഹനീയമാണെന്നും അങ്ങു പറഞ്ഞതു സത്യമാണ്. അവന്‍ ബുദ്ധിപൂര്‍വം മറുപടി പറഞ്ഞു എന്നു മനസ്സിലാക്കി യേശു പറഞ്ഞു: നീ ദൈവരാജ്യത്തില്‍ നിന്ന് അകലെയല്ല. പിന്നീട് യേശുവിനോടു ചോദ്യം ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ബലി അങ്ങേക്കുള്ള
നിര്‍മല യാഗമാക്കി തീര്‍ക്കുകയും
ഞങ്ങള്‍ക്ക് അങ്ങേ കാരുണ്യത്തിന്റെ
ദിവ്യപ്രവാഹമാക്കി തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 16:11

കര്‍ത്താവേ, അങ്ങെനിക്ക് ജീവന്റെ മാര്‍ഗം കാണിച്ചുതരുന്നു,
അങ്ങേ സന്നിധിയില്‍ ആനന്ദത്താല്‍ അങ്ങെന്നെ നിറയ്ക്കുന്നു.

Or:
യോഹ 6:58

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു,
ഞാന്‍ പിതാവു മൂലം ജീവിക്കുന്നു.
അതുപോലെ, എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ശക്തിയുടെ പ്രവര്‍ത്തനം
ഞങ്ങളില്‍ വര്‍ധമാനമാക്കാന്‍ കനിയണമേ.
അങ്ങനെ, സ്വര്‍ഗീയ കൂദാശകളാല്‍ പരിപോഷിതരായി,
അവയുടെ വാഗ്ദാനങ്ങള്‍ സ്വീകരിക്കാന്‍,
അങ്ങേ ദാനത്താല്‍ ഞങ്ങള്‍ സജ്ജരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment