ദിവ്യകാരുണ്യ ഈശോയിൽ ഏറെ സ്നേഹിക്കപ്പെടുന്ന………….
ആരാധനാക്രമവത്സരത്തിലെ ഒരു പുതിയ കാലഘട്ടത്തിലേക്ക് നാം ഇന്ന് പ്രവേശിക്കുകയാണ്. ക്രിസ്തു രഹസ്യങ്ങളായ മനുഷ്യാവതാരവും, പരസ്യജീവിതവും, പീഡാനുഭവ-മരണ-ഉദ്ധാനവും, ക്രിസ്തു നമുക്ക് നേടിത്തന്ന രക്ഷയെയും വിവിധ കാലങ്ങളായി തിരിച്ച് ഒരു വർഷം മുഴുവനുമായി ധ്യാനിക്കുന്നതാണ് ആരാധനാക്രമവത്സരം. ഈശോയുടെ മനുഷ്യാവതാരത്തെയും രഹസ്യജീവിതത്തെയും മംഗലവാർത്താ – പിറവിക്കാലങ്ങളിലും, അവിടുത്തെ പരസ്യജീവിതത്തെ ദനഹാക്കാലത്തിലും, ക്രിസ്തുവിന്റെ പീഡാ-സഹന-മരണ രഹസ്യങ്ങളെ നോമ്പുകാലത്തിലും, അവിടുത്തെ ഉത്ഥാനത്തെ ഉയിർപ്പുകാലത്തിലും, പരിശുദ്ധാത്മാവിന്റെ ആഗമനത്തെ ശ്ലീഹാക്കാലത്തിലും, ശ്ലീഹന്മാരുടെ പ്രവർത്തനത്താൽ ഫലം ചൂടിയ സഭയെ കൈത്താക്കാലത്തിലും, അങ്ങനെ യുഗാന്ത്യത്തെ ജാഗ്രതയോടെ കാത്തിരിക്കുന്ന സഭയെ ഏലിയാ-സ്ലീവാ-മൂശക്കാലങ്ങളിലും ധ്യാനിച്ച നാം, ആരാധനാക്രമവത്സരത്തിന്റെ അവസാന കാലഘട്ടത്തിലേക്കാണ് ഇന്ന് പ്രവേശിക്കുക: പള്ളിക്കൂദാശക്കാലം. കൂദാശ് ഏത്താ എന്നാണ് സുറിയാനിയിൽ ഈ കാലഘട്ടത്തിന് പറയുക – സഭയുടെ വിശുദ്ധീകരണം എന്ന് അർത്ഥം. സഭയെ വിശുദ്ധീകരിച്ച് കറയോ ചുളിവോ ഇല്ലാത്ത നിർമ്മല വധുവായി യുഗാന്ത്യത്തിൽ ഈശോ പിതാവായ ദൈവത്തിന് സമർപ്പിക്കുന്നതാണ് പള്ളിക്കൂദാശക്കാലത്തിലെ നമ്മുടെ പ്രധാന ധ്യാനവിഷയം.
പരിശുദ്ധ കത്തോലിക്കാസഭയും, സഭ മുറുകെപ്പിടിക്കുന്ന മൂല്യങ്ങളും, സഭാമക്കളും അവഹേളിക്കപ്പെടുന്ന ഈ ആധുനിക സമൂഹത്തിൽ സഭയുടെ പ്രസക്തി എത്രത്തോളമാണെന്ന് നമ്മെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സുവിശേഷ ഭാഗമാണ് നാം വായിച്ചു കേട്ടത്: മത്താ 16,13-20.
ഈശോയുടെ ചോദ്യം ഇതായിരുന്നു “ഞാൻ ആരെന്നാണ് ജനങ്ങൾ പറയുന്നത്?” അതിനുള്ള ഉത്തരം കൃത്യതയോടെ ശിഷ്യർ അറിയിച്ചപ്പോൾ, ഈശോയുടെ അടുത്ത ചോദ്യം വന്നു, “ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്?” ശിഷ്യരെ പ്രതിനിധീകരിച്ച് പത്രോസ് കൃത്യമായ ഉത്തരം നൽകുമ്പോൾ പത്രോസിനോടുള്ള ഈശോയുടെ മറുപടി ഇതായിരുന്നു, “പത്രോസേ നീ പാറയാണ്, ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും.” ശ്രദ്ധിക്കണം ആ വാക്യം, “പത്രോസേ നീ പാറയാണ്, ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും.” ‘എന്റെ സഭ’ എന്നാണ് ഈശോ പറഞ്ഞത്. പ്രിയമുള്ളവരേ നമ്മുക്കോർക്കാം സഭ ക്രിസ്തുവിന്റേതാണ്. സഭയെ പടുത്തുയർത്തുന്നവനും അവിടുന്ന് തന്നെ.
സഭയെ പീഡിപ്പിക്കുന്നതിനായി ഇറങ്ങിത്തിരിച്ച സാവൂളിനോടുള്ള ഈശോയുടെ ആ ചോദ്യവും നമ്മുടെ ശ്രദ്ധ അർഹിക്കുന്നുണ്ട് – “സാവൂൾ, സാവൂൾ, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു?” സാവൂൾ എപ്പോഴെങ്കിലും ഈശോയെ പീഡിപ്പിച്ചിരുന്നോ? ഒരിക്കലുമില്ല. സാവൂൾ സഭയെയാണ് പീഡിപ്പിച്ചത്. എന്നാൽ സഭയെ പീഡിപ്പിച്ച സാവൂളിനോട് നീ എന്തിന് ‘എന്നെ’ പീഡിപ്പിക്കുന്നു എന്ന് ചോദിക്കുകവഴി സഭ തന്റെ തുടർച്ചയാണെന്നും, താനും സഭയും ഒന്നാണെന്നും അവിടുന്ന് വ്യക്തമാക്കുകയായിരുന്നു.
അതുകൊണ്ട് ആരെല്ലാം പുച്ഛിച്ചാലും, സഭാമക്കളിൽ എത്രത്തോളം കുറവുകൾ കണ്ടെത്തിയാലും കത്തോലിക്കാസഭ ക്രിസ്തുവിന്റെതല്ലാതായി തീരുന്നില്ല. സഭയെ നമ്മുക്ക് സ്നേഹിക്കാം. വിയറ്റ്നാമിലെ കത്തോലിക്കാസഭ പീഡനത്തിലൂടെ കടന്നുപോയ ഒരു കാലഘട്ടമായിരുന്നു ഇരുപതാംനൂറ്റാണ്ട്. അക്കാലത്ത് 13 കൊല്ലം കൊല്ലം വിയറ്റ്നാമിലെ തടങ്കൽ പാളയത്തിൽ കഴിയേണ്ടിവന്ന വ്യക്തിയായിരുന്നു ആർച്ച് ബിഷപ്പ് വാൻ ത്വാൻ. അതിൽ 9 കൊല്ലം അദ്ദേഹം ഏകാന്ത തടവിലും. ഏകാന്ത തടവിലായിരുന്ന കാലഘട്ടത്തിൽ ഒരിക്കൽ ഒരു പൊലീസുകാരി ഒരു കഷണം പച്ചമീൻ ഒരു പേപ്പറിൽ പൊതിഞ്ഞ് പാകം ചെയ്യാനായി അദ്ദേഹത്തിന് നൽകി. അത് അദ്ദേഹത്തിൽ വലിയ സന്തോഷം ഉളവാക്കി സന്തോഷത്തിനു കാരണം ഒരു പച്ച മീൻ അല്ലായിരുന്നു മറിച്ച് പച്ചമീൻ പൊതിഞ്ഞ പേപ്പർ ആയിരുന്നു: വത്തിക്കാനിൽനിന്നുള്ള വാർത്തകൾ അടങ്ങിയ ഒസ്സർവത്തോറെ റോമാനോ എന്ന പത്രത്തിന്റെ രണ്ട് പേപ്പർ. അധികമാരും അറിയാതെ അദ്ദേഹം ആ പേപ്പർ എടുത്ത് തുടച്ചു വൃത്തിയാക്കി, വെയിലത്ത്വെച്ച് ഉണക്കി ഒരു തിരുശേഷിപ്പു പോലെ തുടർന്നുള്ള കാലഘട്ടത്തിൽ സൂക്ഷിച്ചു. ഈ അനുഭവം പങ്കു വയ്ക്കുമ്പോൾ അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർത്തു സഭയുമായുള്ള എന്റെ ഐക്യത്തിന്റെ അടയാളമായിരുന്നു ആ പത്ര കഷ്ണം. ഞാൻ പരിശുദ്ധ കത്തോലിക്കാ സഭയുടെ അംഗമാണ് എന്ന ചിന്തയില്ലാതെ ജീവിക്കുക എനിക്ക് അസാധ്യമാണ്. ഇത് പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് സഭയോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥമായ സ്നേഹം ആയിരുന്നു.
സഭയോടുള്ള നമ്മുടെ സ്നേഹത്തെ വിചിന്തനത്തിന് വിധേയമാക്കേണ്ട ദിനമാണിത്. പലപ്പോഴും സഭയെ ആത്മാർത്ഥമായിട്ട് സ്നേഹിക്കുന്നതിൽ നിന്ന് നമ്മെ പിന്നോട്ട് വലിക്കുന്നത് സഭാ മക്കളിൽ തന്നെ കാണുന്ന കുറവുകളാണ്. വായിച്ചു കേട്ട 1 കോറി 13, 4 നമുക്ക് ഓർക്കാം “സ്നേഹം ദീർഘക്ഷമയും ദയയും ഉള്ളതാണ്”. 1 കോറി 13, 7 “സ്നേഹം സകലതും സഹിക്കുന്നു”. കുറവുകൾ മനസ്സിലാക്കിത്തന്നെ സ്നേഹിക്കാം.
നമ്മുക്ക് ഓർമ്മിച്ചെടുക്കാം, സഭ ക്രിസ്തുവിന്റേതാണ്. ആരെല്ലാം അവജ്ഞയോടെ നോക്കിയാലും അവൾ ക്രിസ്തുവിന്റേതായി തുടരും. ഈശോയേയും, സഭയെയും നമ്മുക്ക് സ്നേഹിക്കാം. സഭമാക്കളുടെ കുറവുകൾ സഭയെ സ്നേഹിക്കുന്നതില്നിന്ന് നമ്മെ തടയതിരിക്കട്ടെ. ത്രിത്വയിക ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
– Jude Koilparambil MCBS

