🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ദിവ്യബലി വായനകൾ
11-Nov-2021, വ്യാഴം
Saint Martin of Tours, Bishop on Thursday of week 32 in Ordinary Time
Liturgical Colour: White.
____
ഒന്നാം വായന
ജ്ഞാനം 7:22-8:1
നിത്യതേജസ്സിന്റെ പ്രതിഫലനമാണവള്‍, ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളുടെ നിര്‍മലദര്‍പ്പണം.
സകലതും രൂപപ്പെടുത്തുന്ന ജ്ഞാനമാണ് എന്നെ അഭ്യസിപ്പിച്ചത്. അവളുടെ ചൈതന്യം വിവേകമുള്ളതും വിശുദ്ധവും അതുല്യവും ബഹുമുഖവും സൂക്ഷമവും ചലനാത്മകവും സ്പഷ്ടവും നിര്‍മലവും വ്യതിരിക്തവും ക്ഷതമേല്പിക്കാനാവാത്തതും നന്മയെ സ്നേഹിക്കുന്നതും തീക്ഷ്ണവും അപ്രതിരോധ്യവും ഉപകാരപ്രദവും ആര്‍ദ്രവും സ്ഥിരവും ഭദ്രവും ഉത്കണ്ഠയില്‍ നിന്നു മുക്തവും സര്‍വശക്തവും സകലത്തെയും നിയന്ത്രിക്കുന്നതും ബുദ്ധിയും നൈര്‍മല്യവും സൂക്ഷ്മതയുമുള്ള ചേതനകളിലേക്കു ചുഴിഞ്ഞിറങ്ങുന്നതുമാണ്. എല്ലാ ചലനങ്ങളെയുംകാള്‍ ചലനാത്മകമാണ് ജ്ഞാനം; അവള് തന്റെ നിര്‍മലതയാല്‍ എല്ലാറ്റിലും വ്യാപിക്കുന്നു; ചൂഴ്ന്നിറങ്ങുന്നു. അവള് ദൈവശക്തിയുടെ ശ്വാസവും, സര്‍വശക്തന്റെ മഹത്വത്തിന്റെ ശുദ്ധമായ നിസ്സരണവുമാണ്. മലിനമായ ഒന്നിനും അവളില്‍ പ്രവേശനമില്ല; നിത്യതേജസ്സിന്റെ പ്രതിഫലനമാണവള്‍, ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളുടെ നിര്‍മലദര്‍പ്പണം, അവിടുത്തെ നന്മയുടെ പ്രതിരൂപം. ഏകയെങ്കിലും സകലതും അവള്‍ക്കു സാധ്യമാണ്, മാറ്റത്തിന് അധീനയാകാതെ അവള് സര്‍വവും നവീകരിക്കുന്നു, ഓരോ തലമുറയിലുമുള്ള വിശുദ്ധ ചേതനകളില്‍ പ്രവേശിക്കുന്നു; അവരെ ദൈവമിത്രങ്ങളും പ്രവാചകരുമാക്കുന്നു.
ദൈവം എന്തിനെയുംകാളുപരി ജ്ഞാനികളെ സ്നേഹിക്കുന്നു. ജ്ഞാനത്തിനു സൂര്യനെക്കാള്‍ സൗന്ദര്യമുണ്ട്. അവള് നക്ഷത്രരാശിയെ അതിശയിക്കുന്നു. പ്രകാശത്തോടു തുലനം ചെയ്യുമ്പോള്‍ അവള് തന്നെ ശ്രേഷ്ഠ; കാരണം, പ്രകാശം ഇരുട്ടിനു വഴിമാറുന്നു; ജ്ഞാനത്തിനെതിരേ തിന്മ ബലപ്പെടുകയില്ല. ഭൂമിയില്‍ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ജ്ഞാനം, സ്വാധീനം ചെലുത്തുന്നു. അവള് എല്ലാ കാര്യങ്ങളും നന്നായി ക്രമപ്പെടുത്തുന്നു.
കർത്താവിന്റെ വചനം.
____
പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 119:89,90,91,130,135,175
R. കര്‍ത്താവേ, അങ്ങേ വചനം എന്നേക്കും സുസ്ഥാപിതമാണ്.
കര്‍ത്താവേ, അങ്ങേ വചനം സ്വര്‍ഗത്തില്‍ എന്നേക്കും സുസ്ഥാപിതമാണ്. അങ്ങേ വിശ്വസ്തത തലമുറകളോളം നിലനില്ക്കുന്നു; അവിടുന്നു ഭൂമിയെ സ്ഥാപിച്ചു; അതു നിലനില്ക്കുന്നു.
R. കര്‍ത്താവേ, അങ്ങേ വചനം എന്നേക്കും സുസ്ഥാപിതമാണ്.
അവിടുന്നു നിശ്ചയിച്ച പ്രകാരം ഇന്നും എല്ലാം നിലനില്ക്കുന്നു; എന്തെന്നാല്‍, സകലതും അങ്ങയെ സേവിക്കുന്നു. അങ്ങേ വചനങ്ങളുടെ ചുരുളഴിയുമ്പോള്‍ പ്രകാശം പരക്കുന്നു; എളിയവര്‍ക്ക് അത് അറിവു പകരുന്നു.
R. കര്‍ത്താവേ, അങ്ങേ വചനം എന്നേക്കും സുസ്ഥാപിതമാണ്.
ഈ ദാസന്റെമേല്‍ അങ്ങേ മുഖപ്രകാശം പതിയട്ടെ, അങ്ങേ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ! അങ്ങയെ സ്തുതിക്കാന്‍ വേണ്ടി ഞാന്‍ ജീവിക്കട്ടെ! അങ്ങേ നിയമങ്ങള്‍ എനിക്കു തുണയായിരിക്കട്ടെ!
R. കര്‍ത്താവേ, അങ്ങേ വചനം എന്നേക്കും സുസ്ഥാപിതമാണ്.
____
സുവിശേഷ പ്രഘോഷണവാക്യം
1 പത്രോ 1:25
അല്ലേലൂയാ, അല്ലേലൂയാ! കര്‍ത്താവിന്റെ വചനം നിത്യം നിലനില്ക്കുന്നു. ആ വചനം തന്നെയാണു നിങ്ങളോടു പ്രസംഗിക്കപ്പെട്ട സുവിശേഷം.
അല്ലേലൂയാ!
Or:
യോഹ 15:5
അല്ലേലൂയാ, അല്ലേലൂയാ!
ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന് ഏറെ ഫലം പുറപ്പെടുവിക്കുന്നു.
അല്ലേലൂയാ!
____
സുവിശേഷം
ലൂക്കാ 17:20-25
ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ത്തന്നെയുണ്ട്.
അക്കാലത്ത്, ദൈവരാജ്യം എപ്പോഴാണു വരുന്നത് എന്നു ഫരിസേയര്‍ ചോദിച്ചതിന്, യേശു മറുപടി പറഞ്ഞു: പ്രത്യക്ഷമായ അടയാളങ്ങളോടുകൂടെയല്ല ദൈവരാജ്യം വരുന്നത്. ഇതാ ഇവിടെ, അതാ അവിടെ എന്നു ആരും പറയുകയുമില്ല. എന്തെന്നാല്‍, ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ത്തന്നെയുണ്ട്. അവന് ശിഷ്യരോടു പറഞ്ഞു: മനുഷ്യപുത്രന്റെ ദിവസങ്ങളിലൊന്നു കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന സമയം വരും. എന്നാല്‍, നിങ്ങള്‍ കാണുകയില്ല. അതാ അവിടെ, ഇതാ ഇവിടെ എന്ന് അവര്‍ നിങ്ങളോടു പറയും. നിങ്ങള്‍ പോകരുത്. അവരെ നിങ്ങള്‍ അനുഗമിക്കുകയുമരുത്. ആകാശത്തിന്റെ ഒരറ്റത്തു നിന്നു മറ്റേ അറ്റത്തേക്കു പായുന്ന മിന്നല്‍പ്പിണര്‍ പ്രകാശിക്കുന്നതു പോലെയായിരിക്കും തന്റെ ദിവസത്തില്‍ മനുഷ്യപുത്രനും. എന്നാല്‍, ആദ്യമേ അവന് വളരെ കഷ്ടതകള്‍ സഹിക്കുകയും ഈ തലമുറയാല്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.
കർത്താവിന്റെ സുവിശേഷം.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹