കത്തോലിക്ക സന്യാസിനികള്‍ നടത്തിവരുന്ന ഹോസ്റ്റൽ അടച്ചുപൂട്ടാൻ നീക്കം

ഉത്തരേന്ത്യയിൽ കത്തോലിക്കാ സ്ഥാപനങ്ങൾക്കും സന്യസ്തർക്കും എതിരെയുള്ള നീക്കങ്ങൾ തുടർക്കഥയാകുന്നു. രാഷ്ട്രീയ സമ്മർദ്ദങ്ങൾ മൂലമെന്ന് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ.

മധ്യപ്രദേശിലെ ഇന്റ്ഖേരി ഗ്രാമത്തിലെ പാവപ്പെട്ട പെൺകുട്ടികൾക്കായി സിസ്റ്റേഴ്സ് ഓഫ് ജീസസ് സന്യാസിനീ സമൂഹം നടത്തിവരുന്ന ഹോസ്റ്റൽ അടച്ചുപൂട്ടാൻ നീക്കം.

ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള ഉദ്യോഗസ്ഥ നീക്കങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് ഒരിക്കൽക്കൂടി വ്യക്തമാകുന്നു. സാമൂഹിക സേവനം ലക്ഷ്യംവച്ച് ഉത്തരേന്ത്യൻ ഉൾഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ പുതിയ മതപരിവർത്തന നിരോധന നിയമം ദുരുപയോഗിച്ച് കുറ്റം ചുമത്താനുള്ളനീക്കങ്ങൾ പുതുമയല്ല. അതിന് ഏറ്റവും ഒടുവിലെ ഉദാഹരണമാണ് മധ്യപ്രദേശിലെ ഇന്റ്ഖേരി ഗ്രാമത്തിൽ പാവപ്പെട്ട പെൺകുട്ടികൾക്കായി പ്രവർത്തിച്ചുവരുന്ന സിസ്റ്റേഴ്സ് ഓഫ് ജീസസ് സന്യാസിനീ സമൂഹത്തിന്റെ ഹോസ്റ്റലുമായി ബന്ധപ്പെട്ടുയർന്ന അനാവശ്യവിവാദങ്ങളും ഒടുവിൽ ഹോസ്റ്റൽ അടച്ചുപൂട്ടാനുള്ള ആസൂത്രിതമായ നീക്കവും.

നവംബർ എട്ടാം തിയ്യതി NCPCR (നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ്) ചെയർമാന്റെ നേതൃത്വത്തിൽ നടന്ന അപ്രതീക്ഷിത റെയ്ഡ് ആയിരുന്നു ഇന്റ്ഖേരി ഗ്രാമത്തിൽ അരങ്ങേറിയ നാടകീയ സംഭവങ്ങളുടെ ആരംഭം. ബാലാവകാശ കമ്മീഷൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി തുടങ്ങിയവയിലെ അംഗങ്ങളും ഉൾപ്പെട്ടിരുന്ന ടീം മുന്നറിയിപ്പോ വ്യക്തമായ വിശദീകരണമോ കൂടാതെ വളരെ പെട്ടെന്ന് ഹോസ്റ്റലിന്റെ ഗേറ്റ് കടന്ന് കുട്ടികളുടെ താമസ സ്ഥലത്തേയ്ക്ക് പ്രവേശിക്കുകയാണുണ്ടായത് എന്ന് സിസ്റ്റേഴ്സ് ഓഫ് ജീസസ് കോൺഗ്രിഗേഷൻ കൗൺസിലർ സി. പാവന പറയുന്നു. തുടർന്ന് നടന്ന പരിശോധനയിൽ ക്രൈസ്തവരായ കുട്ടികൾ സൂക്ഷിച്ചിരുന്ന ബൈബിളുകൾ, പ്രാർത്ഥനാ പുസ്തകങ്ങൾ തുടങ്ങിയവ അവർ കണ്ടെടുക്കുകയുണ്ടായി. ഒടുവിൽ, മതംമാറ്റമാണ് അവിടെ നടക്കുന്നതെന്ന് ആരോപിക്കുകയും പിന്നീട് അത്തരം വാസ്തവവിരുദ്ധമായ കുറ്റാരോപണങ്ങൾ എഴുതിച്ചേർത്തും നടപടി ആവശ്യപ്പെട്ടും ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും ലെറ്റർ നൽകുകയും ചെയ്തു.
NCPCR ചെയർമാൻ പ്രിയങ്ക് കനൂങ്കോയുടെ നിർദ്ദേശപ്രകാരം, NCPCR സെക്രട്ടറി ധർമേന്ദ്ര ഭണ്ഡാരു നവംബർ ഒമ്പതിന് കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും നൽകിയ കത്ത് പിന്നീട് ചിലർ ആസൂത്രിതമായി ഓൺലൈൻ മാധ്യമങ്ങളിലൂടെയും സോഷ്യൽമീഡിയയിലൂടെയും വർഗ്ഗീയ പരാമർശങ്ങളോടെ പ്രചരിപ്പിക്കുകയുമുണ്ടായി. ആ കത്തിൽ ഉന്നയിക്കുന്ന ദുരാരോപണങ്ങളിൽ പ്രധാനം ഹൈന്ദവരായ പെൺകുട്ടികളെ മതം മാറ്റുക എന്ന ലക്ഷ്യത്തോടെ അവിടെ ബൈബിൾ പഠിപ്പിക്കുന്നു എന്നതാണ്. ഗ്രാമീണരായ പെൺകുട്ടികൾക്കായി 2014 ൽ ആരംഭിച്ച ആ ഹോസ്റ്റലിൽ ഇപ്പോഴുള്ള 19 കുട്ടികളിൽ ഏതാനും പേർ ക്രൈസ്തവരാണ് എന്ന വിവരം കത്തിൽ ബോധപൂർവ്വം മറച്ചു വയ്ക്കുകയും, ഹോസ്റ്റലിന് അംഗീകാരമില്ല എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയും ചെയ്തിരിക്കുന്നു. തങ്ങൾക്കെതിരെ ബോധപൂർവ്വം ചിലർ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് ഈ ഉദ്യോഗസ്ഥ ഇടപെടൽ എന്ന് മനസിലാക്കിയ സന്യാസിനിമാർ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള അധികാരികളെ സമീപിച്ചപ്പോൾ തങ്ങൾക്ക് മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്ന് പലരും തുറന്ന് സമ്മതിക്കുകയുണ്ടായതായി അവർ പറയുന്നു. അനധികൃതമായാണ് ഹോസ്റ്റൽ നടത്തുന്നതെന്ന ആരോപണവും തികച്ചും വാസ്തവ വിരുദ്ധമാണ്.

മറ്റ് കമ്മീഷനുകളിലെ അംഗങ്ങൾ ഒപ്പമുണ്ടായിരുന്നെങ്കിലും NCPCR ചെയർമാൻ തന്റെ താൽപ്പര്യങ്ങൾക്കനുസരിച്ചാണ് റെയ്ഡ് നടത്തിയതെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നു. പെൺകുട്ടികളുടെ ഹോസ്റ്റൽ പരിശോധനയിൽ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കപ്പെട്ടില്ല. കുട്ടികളുടെ വാസസ്ഥലം പരിശോധിക്കേണ്ടത് അവരുടെ സാന്നിധ്യത്തിൽ ആകേണ്ടിയിരുന്നിട്ടും അതുണ്ടായില്ല. വനിതാ ഉദ്യോഗസ്ഥർ ആരും സംഘത്തിൽ ഉണ്ടായിരുന്നുമില്ല. പരിശോധനയിൽ NCPCR ചെയർമാനൊപ്പമുണ്ടായിരുന്ന പലരും തങ്ങൾക്ക് ഈ നടപടിയിൽ പങ്കില്ല എന്ന് സിസ്റ്റേഴ്‌സിനോട് പിന്നീട് പറയുകയുണ്ടായി. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരം പരിശോധന നടത്തുകയും റിപ്പോർട്ട് തയ്യാറാക്കി ജില്ലാകളക്ടർക്കും പോലീസ് മേധാവിക്കും നൽകി നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്ന് അടുത്ത ദിവസങ്ങളിൽ ബാലാവകാശ കമ്മീഷൻ, പോലീസ് തുടങ്ങി മറ്റ് വിവിധ സംഘങ്ങളുടെ നേതൃത്വത്തിൽ വിശദമായ പരിശോധനകളും ചോദ്യം ചെയ്യലുകളും ഉണ്ടായെങ്കിലും സന്യാസിനിമാർക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ വാസ്തവമാണെന്ന് തെളിയിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും ചോദ്യം ചെയ്തപ്പോൾ ഹോസ്റ്റലിനെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് അവർ പങ്കുവച്ചത്. എങ്കിലും ഏതോ നിഗൂഢ കേന്ദ്രത്തിൽനിന്ന് തങ്ങൾക്ക് ലഭിച്ചിരിക്കുന്ന നിർദേശത്തെ തുടർന്ന് ഹോസ്റ്റൽ അടച്ചുപൂട്ടാനുള്ള നടപടിക്രമങ്ങൾ ഉദ്യോഗസ്ഥർ തുടരുന്നു. നവംബർ 12ന് വീണ്ടും പരിശോധനയ്‌ക്കെത്തിയ ബാലാവകാശ കമ്മീഷൻ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതനുസരിച്ച് ഹോസ്റ്റൽ അടച്ചുപൂട്ടാനുള്ള കർശന നിർദ്ദേശമാണ് അവർക്കുള്ളതെന്ന് സി. പാവന പറഞ്ഞു. എന്നാൽ, കുട്ടികളുടെ മാതാപിതാക്കൾ ശക്തമായി ആവശ്യപ്പെടുന്ന പക്ഷം ഒരുപക്ഷെ തുടരാൻ കഴിഞ്ഞേക്കും എന്ന് അവർ കൂട്ടിച്ചേർക്കുകയുണ്ടായി. “ബേഢി ബചാവോ ബേഢി പഠാവോ” എന്ന മുദ്രാവാക്യം കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്ന ഈ രാജ്യത്ത് പാവപ്പെട്ട പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി വേണ്ടി നിസ്വാർത്ഥമായി നടത്തപ്പെടുന്ന ഒരു സ്ഥാപനം അകാരണമായി അടച്ചുപൂട്ടുന്ന നടപടി വിചിത്രമാണെന്ന് സിസ്റ്റേഴ്സ് അഭിപ്രായപ്പെടുന്നു.

ഇന്റ്ഖേരി ഗ്രാമത്തിലെ ഹോസ്റ്റൽ

വളരെ വർഷങ്ങളായി ഇന്റ്ഖേരി ഗ്രാമത്തിലെ പാവപ്പെട്ടവർക്കിടയിൽ വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സന്യാസിനിമാരാണ് സാഗർ രൂപതയിൽ പെട്ട സിസ്റ്റേഴ്സ് ഓഫ് ജീസസ് കോൺഗ്രിഗേഷനിലേത്. ഇന്റ്ഖേരിയിലെ സർക്കാർ സ്‌കൂളിലെ ജോലിക്കാരും മറ്റുമായി കത്തോലിക്കാ വിശ്വാസികൾ ഉൾപ്പെടെയുള്ള ചില മലയാളി കുടുംബങ്ങളും അവിടെ താമസമാക്കിയിട്ടുണ്ട്. മലയാളികളടക്കമുള്ള മികച്ച അദ്ധ്യാപകർ ഉള്ളതിനാൽ ഉയർന്ന നിലവാരമുള്ള സ്‌കൂളായി അത് അറിയപ്പെടുന്നു. അത്തരമൊരു സ്‌കൂൾ അവിടെയുണ്ടെങ്കിലും, ഉൾഗ്രാമങ്ങളിൽനിന്നുള്ള കുട്ടികൾക്ക് വീട്ടിൽ പോയിവന്ന് പഠിക്കാൻ സാധിക്കാത്ത സാഹചര്യം മൂലം നിരവധി പെൺകുട്ടികൾക്ക് പഠനം തുടരാൻ കഴിയാത്ത അവസ്ഥയ്ക്ക് പരിഹാരമായാണ് സിസ്റ്റേഴ്സ് ഓഫ് ജീസസ് കോൺഗ്രിഗേഷൻ സ്‌കൂളിന് അടുത്തുള്ള തങ്ങളുടെ മഠത്തോട് ചേർന്ന് ഒരു ഹോസ്റ്റൽ ആരംഭിക്കാൻ തീരുമാനിച്ചത്. ഗ്രാമീണവാസികളുടെ നിരന്തരമുള്ള അഭ്യർത്ഥനകളെ തുടർന്നായിരുന്നു ആ തീരുമാനം. ആറാം ക്‌ളാസ് മുതൽ പതിനൊന്നാം ക്‌ളാസ് വരെയുള്ള പത്തൊമ്പത് കുട്ടികളാണ് ഇപ്പോൾ ഈ ഹോസ്റ്റലിലെ അന്തേവാസികൾ. ഹോസ്റ്റലിന്റെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭഘട്ടത്തിൽ തന്നെ തുടങ്ങുകയും ലോക്കൽ പോലീസ് സ്റ്റേഷനിൽ ഹോസ്റ്റൽ ആരംഭിക്കുന്നതായി ലെറ്റർ നൽകുകയും ചെയ്തിട്ടുള്ളതാണ്. അതിനാൽ, ഹോസ്റ്റൽ പ്രവർത്തിക്കുന്നത് അധികൃതർ അറിഞ്ഞിട്ടില്ല എന്ന വാദം വാസ്തവവിരുദ്ധമാണ് എന്നുവ്യക്തം. രജിസ്‌ട്രേഷൻ നടപടികൾ വർഷങ്ങളോളം ആവശ്യമുള്ള പ്രക്രിയയായതിനാൽ രജിസ്‌ട്രേഷനുള്ള അപേക്ഷ സ്വീകരിക്കുകയും ലോഗിൻ നെയിം, പാസ്‌വേഡ് തുടങ്ങിയവ ലഭിക്കുകയും ചെയ്താൽ ഹോസ്റ്റൽ പ്രവർത്തനം ആരംഭിക്കുന്നതിൽ തടസമില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ബഹുഭൂരിപക്ഷം ഹോസ്റ്റലുകളും ഇത്തരത്തിൽ പ്രവർത്തിക്കുന്നവയാണ്. ഈ ഹോസ്റ്റൽ കഴിഞ്ഞ ഏഴ് വർഷങ്ങളായി കുട്ടികൾക്കുള്ള ഏറ്റവും മികച്ച സൗകര്യങ്ങളോടെ മാതൃകാപരമായി ഇന്റ്ഖേരി ഗ്രാമത്തിൽ പ്രവർത്തിച്ചുവരുന്നു.

സ്‌കൂളിന്റെ മികവിനെക്കുറിച്ച് മനസിലാക്കിയ അരുണാചൽ പ്രദേശിലുള്ള ചില കുടുംബങ്ങളും ചില വർഷങ്ങളായി കുട്ടികളെ ഈ ഹോസ്റ്റലിൽ താമസിപ്പിച്ച് പഠിപ്പിച്ചുവരുന്നുണ്ട്. ഹിന്ദിയിലുള്ള മികച്ച പരിജ്ഞാനം ലഭിക്കുന്നു എന്നതാണ് അവർ ഈ സ്‌കൂൾ തെരഞ്ഞെടുക്കാൻ പ്രധാന കാരണങ്ങളിലൊന്ന്. ഇപ്പോൾ അരുണാചൽ പ്രദേശിൽ നിന്നുള്ള മൂന്ന് കുട്ടികൾ ഇവിടെയുണ്ട്. ഭൂരിപക്ഷം കുട്ടികളും ഹൈന്ദവ കുടുംബങ്ങളിൽ നിന്നുള്ളവരാണെങ്കിലും ഇപ്പോഴുള്ള അഞ്ചുകുട്ടികൾ ക്രൈസ്തവരാണ്. അവർ സൂക്ഷിച്ചിരുന്ന ബൈബിൾ, പ്രാർത്ഥന പുസ്തകങ്ങൾ തുടങ്ങിയവയാണ് മതംമാറ്റ ആരോപണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ പിടിച്ചെടുത്തതും വ്യാജാരോപണങ്ങൾ ചുമത്തി അടച്ചുപൂട്ടാൻ കാരണമാക്കിയിരിക്കുന്നതും.

മദ്ധ്യപ്രദേശിൽ ഉൾപ്പെടെ നടപ്പാക്കപ്പെട്ടിരിക്കുന്ന മതംമാറ്റ നിരോധന നിയമം ദുരുപയോഗംചെയ്ത് നിരപരാധികളെ കേസിൽ അകപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെയും നടന്നിരിക്കുന്നത് എന്നുള്ളത് വളരെ വ്യക്തമാണ്. ജാതി മത ഭേദമന്യേ കുട്ടികളും അവരുടെ രക്ഷിതാക്കളും വളരെ മഹത്തരമായി കാണുന്ന ഒരു സേവനത്തെ പോലും ശത്രുതയോടെ വീക്ഷിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും വർഗ്ഗീയ സംഘടനകളുടെയും ഇത്തരം നീക്കങ്ങൾ ആശങ്കാജനകമാണ്. ഒരു പരാതിയുടെ പോലും പിൻബലമില്ലാതെ, ആരോ തയ്യാറാക്കിയ അജണ്ട പ്രകാരം സാധുക്കളായ സന്യാസിനിമാരെ നിയമത്തിന്റെ കെണിയിൽ പെടുത്തി ജയിലിലടയ്ക്കാൻ ശ്രമമുണ്ടായിരിക്കുന്നത് അതീവ ഗൗരവമായി കാണേണ്ട വിഷയമാണ്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കുകയും ഹിന്ദുത്വ വർഗ്ഗീയ സംഘടനകളുടെ ഇത്തരം ഇടപെടലുകൾക്ക് കടിഞ്ഞാണിടുകയും വേണം.

– Voice of Nuns
12 November 2021

Advertisements
Advertisements

One thought on “കത്തോലിക്ക സന്യാസിനികള്‍ നടത്തിവരുന്ന ഹോസ്റ്റൽ അടച്ചുപൂട്ടാൻ നീക്കം

Leave a comment