ദിവ്യബലി വായനകൾ | Tuesday of week 33 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ചൊവ്വ, 16/11/2021


Tuesday of week 33 in Ordinary Time 
or Saint Margaret of Scotland 
or Saint Gertrude, Virgin 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
അങ്ങയോടുള്ള ഭക്തിയില്‍ എപ്പോഴും ആനന്ദിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
എന്തെന്നാല്‍, നിലനില്ക്കുന്നതും സമ്പൂര്‍ണവുമായ ആനന്ദം
സകല നന്മകളുടെയും ഉടയവന്
നിരന്തരം ഞങ്ങള്‍ ശുശ്രൂഷ ചെയ്യുന്നതിലാണല്ലോ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

2 മക്ക 6:18-31
നിയമത്തിനുവേണ്ടി എങ്ങനെയാണു സ്വമനസ്സാലെ ശ്രേഷ്ഠമരണം വരിക്കേണ്ടതെന്നുള്ളതിന് യുവാക്കള്‍ക്ക് മഹത്തായ ഒരു മാതൃകയായിരിക്കും അത്.

അക്കാലത്ത്, ഉന്നതസ്ഥാനിയായ ഒരു നിയമജ്ഞനും കുലീനഭാവത്തോടു കൂടിയവനും വയോധികനുമായ എലെയാസറിന്റെ വായ് പന്നിമാംസം തീറ്റാന്‍ വിജാതീയര്‍ ബലം പ്രയോഗിച്ചു തുറന്നു. അവമാനിതനായി ജീവിക്കുന്നതിനെക്കാള്‍ അഭിമാനത്തോടെ മരിക്കാന്‍ നിശ്ചയിച്ച അവന്‍ അതു തുപ്പിക്കളഞ്ഞുകൊണ്ടു പീഡനം വരിച്ചു. ജീവനോടുള്ള സ്വാഭാവികസ്‌നേഹം പോലും മറന്ന്, നിഷിദ്ധവസ്തുക്കള്‍ രുചിക്കാന്‍പോലും വിസമ്മതിക്കുന്ന ധീരന്മാര്‍ ഇങ്ങനെയാണു ചെയ്യേണ്ടത്. നിഷിദ്ധമായ ആ ബലിയുടെ ഭാരവാഹികള്‍, അവനോടുള്ള ദീര്‍ഘകാല പരിചയംകൊണ്ട് അവനു ഭക്ഷിക്കാന്‍ അനുവാദമുള്ള മാംസം കൊണ്ടുവന്നിട്ട്, രാജാവ് ആജ്ഞാപിച്ച ബലിവിരുന്നിന്റെ മാംസം എന്ന ഭാവേന അതു ഭക്ഷിക്കാന്‍ അവനെ രഹസ്യമായി നിര്‍ബന്ധിച്ചു. അവന്‍ അങ്ങനെ ചെയ്ത് മരണത്തില്‍ നിന്നു രക്ഷപ്പെടുമെന്നും തങ്ങളോടുള്ള ചിരകാലമൈത്രിമൂലം അവനു കരുണ ലഭിക്കുമെന്നും അവര്‍ പ്രതീക്ഷിച്ചു. തന്റെ വാര്‍ധക്യത്തിന്റെ അന്തസ്സിനും നരച്ച മുടിയുടെ മഹത്വത്തിനും ബാല്യം മുതല്‍ നയിച്ച ഉത്തമജീവിതത്തിനും വിശുദ്ധവും ദൈവദത്തവുമായ നിയമത്തിനും യോജിച്ചവിധം അവന്‍ ദൃഢനിശ്ചയം ചെയ്തുകൊണ്ട്, തന്നെ പാതാളത്തിലേക്ക് അയച്ചുകൊള്ളാന്‍ അവരോടു പറഞ്ഞു. അവന്‍ തുടര്‍ന്നു: നമ്മുടെ ഈ പ്രായത്തിന് ഈ അഭിനയം ചേര്‍ന്നതല്ല. എലെയാസര്‍ തൊണ്ണൂറാം വയസ്സില്‍ മതം മാറിയെന്നു ചെറുപ്പക്കാര്‍ വിചാരിക്കും. ഒരു ചെറിയ നിമിഷം കൂടി ജീവിക്കാന്‍ വേണ്ടി എന്റെ ഈ അഭിനയം മൂലം ഞാന്‍ അവരെ വഴിതെറ്റിക്കുകയും എന്റെ വാര്‍ധക്യത്തെ പങ്കിലവും അവമാനിതവും ആക്കുകയും ചെയ്യും. തത്കാലത്തേക്ക് മനുഷ്യശിക്ഷയില്‍ നിന്ന് എനിക്ക് ഒഴിവാകാമെങ്കിലും, സര്‍വശക്തന്റെ കരങ്ങളില്‍ നിന്ന്, ജീവിച്ചാലും മരിച്ചാലും രക്ഷപെടാന്‍ കഴിയുകയില്ല. അതിനാല്‍, പൗരുഷത്തോടെ ഞാന്‍ എന്റെ ജീവന്‍ അര്‍പ്പിക്കുകയാണ്; അതുവഴി ഞാന്‍ എന്റെ വാര്‍ധക്യത്തിനു യോഗ്യനെന്നു തെളിയും. സംപൂജ്യവും വിശുദ്ധവുമായ നിയമത്തിനു വേണ്ടി എങ്ങനെയാണു സ്വമനസ്സാലെ ശ്രേഷ്ഠമരണം വരിക്കേണ്ടതെന്നുള്ളതിന് യുവാക്കള്‍ക്കു മഹത്തായ ഒരു മാതൃകയായിരിക്കും അത്. ഇതു പറഞ്ഞിട്ട് അവന്‍ പീഡനയന്ത്രത്തിന്റെ അടുത്തേക്കു ചെന്നു. അല്‍പം മുമ്പ് തന്നോടു സന്മനസ്സോടെ വര്‍ത്തിച്ചവര്‍ ഇപ്പോള്‍ ദുഷ്ടരായി മാറി. അവരുടെ നോട്ടത്തില്‍ അവന്റെ വാക്ക് തനി ഭ്രാന്തായിരുന്നു. മര്‍ദനമേറ്റു മരിക്കാറായപ്പോള്‍ അവന്‍ ഞരങ്ങി: മരണത്തില്‍ നിന്നു രക്ഷപെടാമായിരുന്ന എനിക്ക് ഈ പ്രഹരത്തില്‍ ഉത്കടമായ ശരീരവേദനയുണ്ടെങ്കിലും കര്‍ത്താവിനോടുള്ള ഭക്തിയാല്‍ ഇവ സഹിക്കുന്നതില്‍ എന്റെ ആത്മാവ് സന്തോഷിക്കുന്നു എന്ന് അവിടുത്തേക്ക്, തന്റെ പരിശുദ്ധ ജ്ഞാനത്താല്‍, വ്യക്തമായി അറിയാം. ഇങ്ങനെ അവന്‍ മരിച്ചു; യുവാക്കള്‍ക്കു മാത്രമല്ല, തന്റെ ജനത്തിനു മുഴുവനും, തന്റെ മരണത്താല്‍ ശ്രേഷ്ഠതയുടെ മാതൃകയും ധീരതയുടെ സ്മാരകവും നല്‍കി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 3:1-2,3-4,5-6

കര്‍ത്താവ് എന്നെ എഴുന്നേല്പിച്ചു.

കര്‍ത്താവേ, എന്റെ ശത്രുക്കള്‍ അസംഖ്യമാണ്;
അനേകര്‍ എന്നെ എതിര്‍ക്കുന്നു.
ദൈവം അവനെ സഹായിക്കുകയില്ല
എന്നു പലരും എന്നെക്കുറിച്ചു പറയുന്നു.

കര്‍ത്താവ് എന്നെ എഴുന്നേല്പിച്ചു.

കര്‍ത്താവേ, അങ്ങാണ്
എന്റെ രക്ഷാകവചവും എന്റെ മഹത്വവും;
എന്നെ ശിരസ്സുയര്‍ത്തി നിറുത്തുന്നതും അവിടുന്നുതന്നെ.
ഉച്ചത്തില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു;
തന്റെ വിശുദ്ധപര്‍വതത്തില്‍ നിന്ന്
അവിടുന്ന് എനിക്ക് ഉത്തരമരുളുന്നു.

കര്‍ത്താവ് എന്നെ എഴുന്നേല്പിച്ചു.

ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു,
ഉണര്‍ന്നെഴുന്നേല്‍ക്കുന്നു;
എന്തെന്നാല്‍, ഞാന്‍ കര്‍ത്താവിന്റെ കരങ്ങളിലാണ്.
എനിക്കെതിരേ പാളയമടിച്ചിരിക്കുന്ന പതിനായിരങ്ങളെ
ഞാന്‍ ഭയപ്പെടുകയില്ല.

കര്‍ത്താവ് എന്നെ എഴുന്നേല്പിച്ചു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 19:1-10
നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്.

അക്കാലത്ത്, യേശു ജറീക്കോയില്‍ പ്രവേശിച്ച് അതിലൂടെ കടന്നുപോവുകയായിരുന്നു. അവിടെ സക്കേവൂസ് എന്നു പേരായ ഒരാളുണ്ടായിരുന്നു. അവന്‍ ചുങ്കക്കാരില്‍ പ്രധാനനും ധനികനുമായിരുന്നു. യേശു ആരെന്നു കാണാന്‍ അവന്‍ ആഗ്രഹിച്ചു. പൊക്കം കുറവായിരുന്നതിനാല്‍ ജനക്കൂട്ടത്തില്‍ നിന്നുകൊണ്ട് അതു സാധ്യമായിരുന്നില്ല. യേശുവിനെ കാണാന്‍വേണ്ടി അവന്‍ മുമ്പേ ഓടി, ഒരു സിക്കമൂര്‍ മരത്തില്‍ കയറിയിരുന്നു. യേശു അതിലേയാണ് കടന്നുപോകാനിരുന്നത്. അവിടെയെത്തിയപ്പോള്‍ അവന്‍ മുകളിലേക്കു നോക്കിപ്പറഞ്ഞു: സക്കേവൂസ്, വേഗം ഇറങ്ങിവരുക. ഇന്ന് എനിക്കു നിന്റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു. അവന്‍ തിടുക്കത്തില്‍ ഇറങ്ങിച്ചെന്ന് സന്തോഷത്തോടെ അവനെ സ്വീകരിച്ചു. ഇതുകണ്ടപ്പോള്‍ അവരെല്ലാവരും പിറുപിറുത്തു: ഇവന്‍ പാപിയുടെ വീട്ടില്‍ അതിഥിയായി താമസിക്കുന്നല്ലോ. സക്കേവൂസ് എഴുന്നേറ്റു പറഞ്ഞു: കര്‍ത്താവേ, ഇതാ, എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍, നാലിരട്ടിയായി തിരിച്ചു കൊടുക്കുന്നു. യേശു അവനോടു പറഞ്ഞു: ഇന്ന് ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു. ഇവനും അബ്രാഹത്തിന്റെ പുത്രനാണ്. നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മഹിമപ്രഭാവത്തിനു മുമ്പില്‍
സമര്‍പ്പിക്കുന്ന കാഴ്ചദ്രവ്യങ്ങള്‍
ഭക്ത്യാദരത്തിന്റെ കൃപ ഞങ്ങള്‍ക്ക് നേടിത്തരുകയും
നിത്യാനന്ദത്തിന്റെ ഫലം ഞങ്ങള്‍ക്ക്
കരഗതമാക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 73:28

ദൈവത്തോട് ചേര്‍ന്നുനില്ക്കുന്നതും
ദൈവമായ കര്‍ത്താവില്‍ പ്രത്യാശ വയ്ക്കുന്നതുമാണ് എന്റെ ആനന്ദം.


Or:
മര്‍ക്കോ 11:23-24

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു:
പ്രാര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും
ലഭിക്കുമെന്നു വിശ്വസിക്കുവിന്‍;
അത് നിങ്ങള്‍ക്ക് സാധിച്ചുകിട്ടും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, എളിമയോടെ പ്രാര്‍ഥിച്ചുകൊണ്ട്,
ദിവ്യരഹസ്യങ്ങളുടെ ദാനങ്ങള്‍ ഞങ്ങള്‍ സ്വീകരിച്ചുവല്ലോ.
അങ്ങനെ, അങ്ങേ പുത്രന്‍
തന്റെ ഓര്‍മയ്ക്കായി അനുഷ്ഠിക്കാന്‍
ഞങ്ങളോടു കല്പിച്ചവ
ഞങ്ങളുടെ സ്‌നേഹത്തിന്റെ വര്‍ധനയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s