ജോസഫ് ചിന്തകൾ 344
ജോസഫ് : ഈശോയുടെ ഹൃദയം ചോദിച്ചു വാങ്ങിയവൻ
കുടുംബങ്ങളുടെ പുണ്യവതിയും തിരുക്കുടുംബ സന്ന്യാസിനീ സഭയുടെ (Congregation of Holy Family –CHF) സ്ഥാപകയുമായ വിശുദ്ധ മറിയം ത്രേസ്യയാണ് ജോസഫ് ചിന്തയിൽ ഇന്നു നമ്മുടെ വഴികാട്ടി. കുടുംബങ്ങളെ നസറത്തിലെ തിരുക്കുടുംബംപോലെ മാറ്റിയെടുക്കാൻ കുറുക്കുവഴികൾ പറഞ്ഞു തന്നിരുന്ന നൽകിയ അമ്മ കുടുംബങ്ങളെ കൂടെക്കൂടെ ഉപദേശിച്ചിരുന്നത് ഇപ്രകാരം
”നിങ്ങള്‍ നല്ലവരാകാന്‍ നിങ്ങളുടെ ഹൃദയം ഈശോയ്ക്കു കൊടുക്കുക. പകരം ഈശോയുടെ ഹൃദയം ചോദിച്ചു വാങ്ങുക”
നല്ലവനായ യൗസേപ്പിതാവ് തൻ്റെ ഹൃദയം ഈശോയ്ക്കു കൊടുക്കുകയും പകരം ഈശോയുടെ ഹൃദയം ചോദിച്ചു വാങ്ങുകയും ചെയ്ത വ്യക്തിയായിരുന്നു. ദൈവം തൻ്റെ പ്രിയപുത്രൻ്റെ വളർത്തു പിതാവാകാൻ സമ്മതം ചോദിച്ച സമയം മുതൽ ഈശോയ്ക്കു വേണ്ടി തൻ്റെ ഹൃദയം കൊടുക്കുവാൻ അവൻ സന്നദ്ധനാവുകയും പകരം ഈശോയുടെ ദിവ്യ ഹൃദയം ചോദിച്ചു വാങ്ങുകയും ചെയ്തു.
മനുഷ്യവതാരരഹസ്യത്തിലെ കഷ്ടപ്പാടുകളോട് മറുമുറുപ്പു കൂടാതെ സഹകരിക്കാൻ യൗസേപ്പിതാവിനു സാധിച്ചത് ഈശോയുടെ ദിവ്യ ഹൃദയം ചോദിച്ചു വാങ്ങിയതിനാലാണ്. എല്ലാവരെയും ഉൾകൊള്ളുന്ന ഈശോയുടെ തിരുഹൃദയം സ്വന്തമാക്കിയിരുന്നതിനാൽ നിശബ്ദനാകുവാൻ യൗസേപ്പിതാവിന് എളുപ്പമായിരുന്നു. സ്വർഗ്ഗത്തിൻ്റെ ഹൃദയം കീഴടക്കിയ നീതിമാൻ്റെ പക്കൽ എത്തിയാൽ ഈശോയ്ക്കു നമ്മുടെ ഹൃദയം കൊടുക്കുകയും ഈശോയുടെ ഹൃദയം ചോദിച്ചു വാങ്ങുകയും ചെയ്യാം എന്ന സത്യം നമുക്കു മറക്കാതിരിക്കാം.
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Advertisements
Categories: ജോസഫ് ചിന്തകൾ