Readings

ദിവ്യബലി വായനകൾ Saint Elizabeth of Hungary

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ബുധൻ, 17/11/2021


Saint Elizabeth of Hungary, Religious 
on Wednesday of week 33 in Ordinary Time

Liturgical Colour: White.


സമിതിപ്രാര്‍ത്ഥന

ദൈവമേ, ദരിദ്രരില്‍ ക്രിസ്തുവിനെ തിരിച്ചറിയാനും ആദരിക്കാനും
വിശുദ്ധ എലിസബത്തിനെ അങ്ങ് അനുഗ്രഹിച്ചുവല്ലോ.
ഈ വിശുദ്ധയുടെ മാധ്യസ്ഥ്യംവഴി,
അവശരെയും ക്ലേശിതരെയും സ്‌നേഹത്തോടെ
അനവരതം ശുശ്രൂഷിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

2 മക്ക 7:1,20-31
ലോകസ്രഷ്ടാവ് നിങ്ങള്‍ക്ക് ശ്വാസവും ജീവനും വീണ്ടും നല്കും.

അക്കാലത്ത്, ഒരിക്കല്‍ രാജാവ് ഏഴു സഹോദരന്മാരെയും അവരുടെ അമ്മയെയും ബന്ധിച്ച് ചാട്ടയും ചമ്മട്ടിയുംകൊണ്ട് അടിച്ച് നിഷിദ്ധമായ പന്നിമാംസം ഭക്ഷിക്കാന്‍ നിര്‍ബന്ധിച്ചു. ആ മാതാവാകട്ടെ, സവിശേഷമായ പ്രശംസയും സംപൂജ്യമായ സ്മരണയും അര്‍ഹിക്കുന്നു. ഒറ്റദിവസം ഏഴു പുത്രന്മാര്‍ വധിക്കപ്പെടുന്നത് കണ്ടെങ്കിലും, കര്‍ത്താവിലുള്ള പ്രത്യാശ നിമിത്തം അവള്‍ സധൈര്യം അതു സഹിച്ചു. പിതാക്കന്മാരുടെ ഭാഷയില്‍ അവള്‍ അവരോരോരുത്തരെയും ധൈര്യപ്പെടുത്തി. ശ്രേഷ്ഠമായ വിശ്വാസദാര്‍ഢ്യത്തോടെ സ്ത്രീസഹജമായ വിവേചനാശക്തിയെ പുരുഷോചിതമായ ധീരത കൊണ്ടു ബലപ്പെടുത്തി. അവള്‍ പറഞ്ഞു: നിങ്ങള്‍ എങ്ങനെ എന്റെ ഉദരത്തില്‍ രൂപംകൊണ്ടുവെന്ന് എനിക്ക് അറിവില്ല. നിങ്ങള്‍ക്കു ജീവനും ശ്വാസവും നല്‍കിയതും നിങ്ങളുടെ അവയവങ്ങള്‍ വാര്‍ത്തെടുത്തതും ഞാനല്ല. മനുഷ്യനെ ഉരുവാക്കുകയും എല്ലാറ്റിന്റെയും ആരംഭം ഒരുക്കുകയും ചെയ്ത ലോകസ്രഷ്ടാവ്, തന്റെ നിയമത്തെ പ്രതി നിങ്ങള്‍ നിങ്ങളെത്തന്നെ വിസ്മരിക്കുന്നതിനാല്‍, കരുണാപൂര്‍വം നിങ്ങള്‍ക്കു ജീവനും ശ്വാസവും വീണ്ടും നല്‍കും.
അവള്‍ തന്നെ അവഹേളിക്കുകയാണെന്ന് അവളുടെ സ്വരം കൊണ്ട് അന്തിയോക്കസിനു തോന്നി. ഏറ്റവും ഇളയ സഹോദരന്‍ ഇനിയും ബാക്കിയുണ്ടായിരുന്നു. അവനോട് ആവശ്യപ്പെടുക മാത്രമല്ല, പിതാക്കന്മാരുടെ മാര്‍ഗത്തില്‍ നിന്നു വ്യതിചലിക്കുകയാണെങ്കില്‍ അവന് ധനവും അസൂയാര്‍ഹമായ സ്ഥാനവും നല്‍കാമെന്നും തന്റെ സ്‌നേഹിതനായി സ്വീകരിച്ച് ഭരണകാര്യങ്ങളില്‍ അധികാരം ഏല്‍പിക്കാമെന്നും അന്തിയോക്കസ് അവനു ശപഥപൂര്‍വം വാക്കുകൊടുക്കുകയും ചെയ്തു. ആ യുവാവ് സമ്മതിച്ചില്ല. അവന്റെ അമ്മയെ അടുക്കല്‍ വിളിച്ചു, തന്നെത്തന്നെ രക്ഷിക്കാന്‍ കുമാരനെ ഉപദേശിക്കണമെന്നു രാജാവ് നിര്‍ബന്ധിച്ചു. നിര്‍ബന്ധം കൂടിയപ്പോള്‍ അവള്‍ പുത്രനെ പ്രേരിപ്പിക്കാമെന്നേറ്റു. പുത്രന്റെമേല്‍ ചാഞ്ഞ് അവള്‍ ക്രൂരനായ ആ സ്വേച്ഛാധിപതിയെ നിന്ദിച്ചുകൊണ്ടു മാതൃഭാഷയില്‍ പറഞ്ഞു: മകനേ, എന്നോടു ദയ കാണിക്കുക. ഒന്‍പതുമാസം ഞാന്‍ നിന്നെ ഗര്‍ഭത്തില്‍ വഹിച്ചു. മൂന്നുകൊല്ലം മുലയൂട്ടി, നിന്നെ ഇന്നുവരെ പോറ്റിവളര്‍ത്തി. മകനേ, ഞാന്‍ യാചിക്കുന്നു, ആകാശത്തെയും ഭൂമിയെയും നോക്കുക. അവയിലുള്ള ഓരോന്നും കാണുക. ഉണ്ടായിരുന്നവയില്‍ നിന്നല്ല ദൈവം അവയെ സൃഷ്ടിച്ചതെന്നു മനസ്സിലാക്കുക. മനുഷ്യരും അതുപോലെയാണ് സൃഷ്ടിക്കപ്പെട്ടത്. ഈ കശാപ്പുകാരനെ ഭയപ്പെടേണ്ടാ. സഹോദരന്മാര്‍ക്കു യോജിച്ചവനാണു നീയെന്നു തെളിയിക്കുക; മരണം വരിക്കുക. ദൈവകൃപയാല്‍ നിന്റെ സഹോദരന്മാരോടൊത്ത് എനിക്കു നിന്നെ വീണ്ടും ലഭിക്കാനിടയാകട്ടെ!
അവള്‍ സംസാരിച്ചു തീര്‍ന്നയുടനെ യുവാവു ചോദിച്ചു: നിങ്ങള്‍ എന്തിനാണ് വൈകുന്നത്. രാജകല്‍പന ഞാന്‍ അനുസരിക്കുകയില്ല, മോശവഴി ഞങ്ങളുടെ പിതാക്കന്മാര്‍ക്കു ലഭിച്ച നിയമം ഞാന്‍ അനുസരിക്കുന്നു. ഹെബ്രായജനത്തിനെതിരേ സകല ദുഷ്ടതകളും പ്രവര്‍ത്തിക്കുന്ന നീ ദൈവകരങ്ങളില്‍ നിന്നു രക്ഷപ്പെടുകയില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 17:1,5-6,8a,15

കര്‍ത്താവേ, ഞാന്‍ അങ്ങേ രൂപം കണ്ടു തൃപ്തിയടയും.

കര്‍ത്താവേ, എന്റെ ന്യായം കേള്‍ക്കണമേ!
എന്റെ നിലവിളി ശ്രദ്ധിക്കണമേ!
നിഷ്‌കപടമായ എന്റെ അധരങ്ങളില്‍ നിന്നുള്ള
പ്രാര്‍ഥന ശ്രവിക്കണമേ!

കര്‍ത്താവേ, ഞാന്‍ അങ്ങേ രൂപം കണ്ടു തൃപ്തിയടയും.

എന്റെ കാലടികള്‍ അങ്ങേ
പാതയില്‍ത്തന്നെ പതിഞ്ഞു;
എന്റെ പാദങ്ങള്‍ വഴുതിയില്ല.
ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;
ദൈവമേ, അങ്ങ് എനിക്കുത്തരമരുളും;
അങ്ങു ചെവിചായിച്ച് എന്റെ വാക്കുകള്‍ ശ്രവിക്കണമേ!

കര്‍ത്താവേ, ഞാന്‍ അങ്ങേ രൂപം കണ്ടു തൃപ്തിയടയും.

കണ്ണിന്റെ കൃഷ്ണമണിപോലെ
എന്നെ കാത്തുകൊള്ളണമേ!
നീതി നിമിത്തം ഞാന്‍ അങ്ങേ മുഖം ദര്‍ശിക്കും;
ഉണരുമ്പോള്‍ ഞാന്‍ അങ്ങേ രൂപം കണ്ടു തൃപ്തിയടയും.

കര്‍ത്താവേ, ഞാന്‍ അങ്ങേ രൂപം കണ്ടു തൃപ്തിയടയും.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 19:11-28
നീ എന്തുകൊണ്ട് പണമിടപാടുകാരെ എന്റെ പണം ഏല്‍പിച്ചില്ല?

അക്കാലത്ത്, ജറുസലെമിനു സമീപത്തായി ജനങ്ങള്‍ യേശുവിനെ കേട്ടുകൊണ്ടിരിക്കുമ്പോള്‍, അവന്‍ ഒരു ഉപമ പറഞ്ഞു. കാരണം, ദൈവരാജ്യം ഉടന്‍ വന്നുചേരുമെന്ന് അവര്‍ വിചാരിക്കുകയും ചെയ്തിരുന്നു. അവന്‍ പറഞ്ഞു: ഒരു പ്രഭു രാജപദവി സ്വീകരിച്ചു തിരിച്ചുവരാന്‍ വേണ്ടി ദൂരദേശത്തേക്കു പോയി. അവന്‍ ഭൃത്യന്മാരില്‍ പത്തുപേരെ വിളിച്ച്, പത്തു നാണയം അവരെ ഏല്‍പിച്ചുകൊണ്ടു പറഞ്ഞു: ഞാന്‍ തിരിച്ചുവരുന്നതുവരെ നിങ്ങള്‍ ഇതുകൊണ്ടു വ്യാപാരം ചെയ്യുവിന്‍. അവന്റെ പൗരന്മാര്‍ അവനെ വെറുത്തിരുന്നു. ഈ മനുഷ്യന്‍ ഞങ്ങളെ ഭരിക്കുവാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല എന്ന നിവേദനവുമായി അവര്‍ ഒരു പ്രതിനിധിസംഘത്തെ അവന്റെ പിന്നാലെ അയച്ചു.
എന്നാല്‍, അവന്‍ രാജപദവി സ്വീകരിച്ചു തിരിച്ചുവന്നു. താന്‍ പണം ഏല്‍പിച്ചിരുന്ന ഭൃത്യന്മാര്‍ വ്യാപാരം ചെയ്ത് എന്തു സമ്പാദിച്ചുവെന്ന് അറിയുന്നതിന് അവരെ വിളിക്കാന്‍ അവന്‍ കല്‍പിച്ചു. ഒന്നാമന്‍ വന്നുപറഞ്ഞു: യജമാനനേ, നീ തന്ന നാണയം പത്തുകൂടി നേടിയിരിക്കുന്നു. അവന്‍ പറഞ്ഞു: കൊള്ളാം, നല്ലവനായ ഭൃത്യാ, ചെറിയ കാര്യത്തില്‍ വിശ്വസ്തനായിരുന്നതുകൊണ്ട് പത്തു നഗരങ്ങളുടെമേല്‍ നീ അധികാരിയായിരിക്കും. രണ്ടാമന്‍ വന്നു പറഞ്ഞു: യജമാനനേ, നീ തന്ന നാണയം അഞ്ചുകൂടി നേടിയിരിക്കുന്നു. യജമാനന്‍ അവനോടു പറഞ്ഞു: അഞ്ചു നഗരങ്ങളുടെമേല്‍ നീ അധികാരിയായിരിക്കും. വേറൊരുവന്‍ വന്നു പറഞ്ഞു: യജമാനനേ, ഞാന്‍ തുണിയില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന നിന്റെ നാണയം ഇതാ. നിന്നെ എനിക്കു ഭയമായിരുന്നു. കാരണം, നീ കര്‍ക്കശനും വയ്ക്കാത്തത് എടുക്കുന്നവനും വിതയ്ക്കാത്തതു കൊയ്യുന്നവനുമാണ്. അവന്‍ പറഞ്ഞു: ദുഷ്ടഭൃത്യാ, നിന്റെ വാക്കുകൊണ്ടുതന്നെ നിന്നെ ഞാന്‍ വിധിക്കും. ഞാന്‍ കര്‍ക്കശനും വയ്ക്കാത്തത് എടുക്കുന്നവനും വിതയ്ക്കാത്തതു കൊയ്യുന്നവനും ആണെന്നു നീ അറിഞ്ഞിരുന്നല്ലോ. പിന്നെ നീ എന്തുകൊണ്ടു പണമിടപാടുകാരെ എന്റെ പണം ഏല്‍പിച്ചില്ല? എങ്കില്‍, ഞാന്‍ മടങ്ങിവന്നപ്പോള്‍ പലിശയോടുകൂടി അതു തിരിച്ചു വാങ്ങുമായിരുന്നില്ലേ? അവന്‍ ചുറ്റും നിന്നിരുന്നവരോടു പറഞ്ഞു: അവനില്‍ നിന്ന് ആ നാണയം എടുത്ത് പത്തു നാണയമുള്ളവനു കൊടുക്കുക. അവര്‍ അവനോട്, യജമാനനേ, അവനു പത്തു നാണയം ഉണ്ടല്ലോ എന്നുപറഞ്ഞു. ഞാന്‍ നിങ്ങളോടു പറയുന്നു, ഉള്ളവനു കൊടുക്കപ്പെടും; ഇല്ലാത്തവനില്‍ നിന്ന് ഉള്ളതുപോലും എടുക്കപ്പെടും. ഞാന്‍ ഭരിക്കുന്നത് ഇഷ്ടമില്ലാതിരുന്ന എന്റെ ശത്രുക്കളെ ഇവിടെ കൊണ്ടുവന്ന് എന്റെ മുമ്പില്‍വച്ചു കൊന്നുകളയുവിന്‍. അവന്‍ ഇതു പറഞ്ഞതിനു ശേഷം ജറുസലെമിലേക്കുള്ള യാത്ര തുടര്‍ന്നു.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, നിത്യമായ വാഗ്ദാനങ്ങളിലുള്ള
ഞങ്ങളുടെ പ്രത്യാശ കൈവെടിയാതിരിക്കാന്‍
ലൗകിക അടയാളങ്ങള്‍ കൊണ്ട്
അങ്ങ് ഞങ്ങളെ സമാശ്വസിപ്പിക്കുന്നുവല്ലോ.
വിശുദ്ധ N യുടെ സ്മരണ ആചരിച്ചുകൊണ്ട്
വിശുദ്ധീകരിക്കപ്പെടേണ്ട ഞങ്ങളുടെ ഭക്തകാണിക്കകള്‍
അങ്ങേക്കു ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 45:1

എന്റെ ഹൃദയത്തില്‍ ഉദാത്തമായ വാക്ക് തുടിച്ചുനില്ക്കുന്നു.
ഞാന്‍ എന്റെ പ്രവര്‍ത്തനങ്ങള്‍ രാജാവിനോടു പറയും.


Or:
ലൂക്കാ10:42

ഒന്നുമാത്രമേ ആവശ്യമുള്ളൂ.
ഇവള്‍ നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു,
അത് അവളില്‍ നിന്ന് എടുക്കപ്പെടുകയില്ല.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, രക്ഷാകരമായ സ്രോതസ്സാല്‍ നവീകൃതരായി,
അങ്ങയോട് ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
വിശുദ്ധ N യുടെ മാധ്യസ്ഥ്യത്താല്‍,
ക്രിസ്തുവിനോട് ദിനം പ്രതി കൂടുതല്‍ ഗാഢമായി
ഒന്നുചേര്‍ന്നുകൊണ്ട്,
അവിടത്തെ കൃപയുടെ രാജ്യത്തില്‍
പങ്കാളികളായിത്തീരാന്‍ ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Categories: Readings

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s