ദിവ്യബലി വായനകൾ Friday of week 33 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വെള്ളി, 19/11/2021

Friday of week 33 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
അങ്ങയോടുള്ള ഭക്തിയില്‍ എപ്പോഴും ആനന്ദിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
എന്തെന്നാല്‍, നിലനില്ക്കുന്നതും സമ്പൂര്‍ണവുമായ ആനന്ദം
സകല നന്മകളുടെയും ഉടയവന്
നിരന്തരം ഞങ്ങള്‍ ശുശ്രൂഷ ചെയ്യുന്നതിലാണല്ലോ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 മക്ക 4:36-37,52-59
അവര്‍ ബലിപീഠത്തിന്റെ പ്രതിഷ്ഠ ആഘോഷിച്ചു; ആഹ്ളാദപൂര്‍വം ദഹനബലികളര്‍പ്പിച്ചു.

അക്കാലത്ത്, യൂദാസും സഹോദരന്മാരും പറഞ്ഞു: ഇതാ, നമ്മുടെ ശത്രുക്കള്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു. നമുക്കുപോയി വിശുദ്ധസ്ഥലം വിശുദ്ധീകരിച്ചു പ്രതിഷ്ഠിക്കാം. സൈന്യത്തെ മുഴുവന്‍ വിളിച്ചുകൂട്ടി അവര്‍ സീയോന്‍ മലയില്‍ കയറിച്ചെന്നു. നൂറ്റിനാല്‍പത്തിയെട്ടാം വര്‍ഷം ഒന്‍പതാംമാസമായ കിസ്‌ലേവിന്റെ ഇരുപത്തഞ്ചാം ദിവസം അവര്‍ അതിരാവിലെ ഉണര്‍ന്ന്, പുതുതായി പണിത ദഹനബലിപീഠത്തിന്മേല്‍ വിധിപ്രകാരം ബലി അര്‍പ്പിച്ചു. വിജാതീയര്‍ ബലിപീഠം അശുദ്ധമാക്കിയതിന്റെ വാര്‍ഷിക ദിവസത്തില്‍ത്തന്നെ ഗാനാലാപത്തോടും വീണ, കിന്നരം, കൈത്താളം എന്നിവയുടെ അകമ്പടിയോടുംകൂടി അവര്‍ അതിന്റെ പുനഃപ്രതിഷ്ഠ നടത്തി. തങ്ങള്‍ക്കു വിജയം നേടിത്തന്ന ദൈവത്തെ ജനങ്ങളെല്ലാവരും സാഷ്ടാംഗംവീണ് ആരാധിക്കുകയും സ്തുതിക്കുകയും ചെയ്തു. എട്ടുദിവസത്തേക്ക് അവര്‍ ബലിപീഠത്തിന്റെ പ്രതിഷ്ഠ ആഘോഷിച്ചു; ആഹ്ളാദപൂര്‍വം ദഹനബലികളര്‍പ്പിച്ചു. മോചനത്തിന്റെയും സ്തുതിയുടേതുമായ ഒരു ബലിയും അവര്‍ അര്‍പ്പിച്ചു. ദേവാലയത്തിന്റെ മുന്‍വശം സ്വര്‍ണമകുടങ്ങളും പരിചകളുംകൊണ്ട് അലങ്കരിച്ചു; വാതിലുകള്‍ പുനരുദ്ധരിക്കുകയും പുരോഹിതന്മാരുടെ മുറികള്‍ നന്നാക്കി അവയ്ക്കു കതകുകള്‍ പിടിപ്പിക്കുകയും ചെയ്തു. ജനങ്ങളില്‍ ആഹ്ളാദം തിരതല്ലി. വിജാതീയരുടെ പരിഹാസത്തിന് അറുതിവന്നു. ആണ്ടുതോറും കിസ്‌ലേവ്മാസത്തിന്റെ ഇരുപത്തഞ്ചാം ദിവസംമുതല്‍ എട്ടു ദിവസത്തേക്ക് ആനന്ദത്തോടും ആഹ്ളാദത്തോടുംകൂടെ ബലിപീഠപ്രതിഷ്ഠയുടെ ഓര്‍മ ആചരിക്കണമെന്ന് യൂദാസും സഹോദരന്മാരും ഇസ്രായേല്‍ സമൂഹവും കൂടി തീരുമാനിച്ചു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

1 ദിന 29:10b-12

കര്‍ത്താവേ, അങ്ങേ മഹത്വമുള്ള നാമത്തെ ഞങ്ങള്‍ സ്തുതിക്കുന്നു.

ഞങ്ങളുടെ പിതാവായ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ,
അങ്ങ് എന്നേക്കും വാഴ്ത്തപ്പെട്ടവന്‍.

കര്‍ത്താവേ, അങ്ങേ മഹത്വമുള്ള നാമത്തെ ഞങ്ങള്‍ സ്തുതിക്കുന്നു.

കര്‍ത്താവേ, മഹത്വവും ശക്തിയും മഹിമയും
വിജയവും ഔന്നത്യവും അങ്ങയുടേതാകുന്നു.
ആകാശത്തിലും ഭൂമിയിലുമുള്ളതെല്ലാം അങ്ങയുടേത്.
കര്‍ത്താവേ രാജ്യം അങ്ങയുടേത്.

കര്‍ത്താവേ, അങ്ങേ മഹത്വമുള്ള നാമത്തെ ഞങ്ങള്‍ സ്തുതിക്കുന്നു.

അങ്ങ് എല്ലാറ്റിന്റെയും അധീശനായി സ്തുതിക്കപ്പെടുന്നു.
സമ്പത്തും ബഹുമാനവും അങ്ങാണു നല്‍കുന്നത്.

കര്‍ത്താവേ, അങ്ങേ മഹത്വമുള്ള നാമത്തെ ഞങ്ങള്‍ സ്തുതിക്കുന്നു.

അങ്ങ് സമസ്തവും ഭരിക്കുന്നു.
അധികാരവും ശക്തിയും അങ്ങേക്ക് അധീനമായിരിക്കുന്നു.
എല്ലാവരെയും ശക്തരും ഉന്നതന്മാരും ആക്കുന്നത് അങ്ങാണ്.

കര്‍ത്താവേ, അങ്ങേ മഹത്വമുള്ള നാമത്തെ ഞങ്ങള്‍ സ്തുതിക്കുന്നു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 19:45-48
ദൈവത്തിന്റെ ഭവനത്തെ നിങ്ങള്‍ കവര്‍ച്ചക്കാരുടെ ഗുഹയായി മാറ്റിയിരിക്കുന്നു.

അക്കാലത്ത്, യേശു ദേവാലയത്തില്‍ പ്രവേശിച്ച്, അവിടെ കച്ചവടം നടത്തിക്കൊണ്ടിരുന്നവരെ പുറത്താക്കാന്‍ തുടങ്ങി. അവന്‍ അവരോടു പറഞ്ഞു: എന്റെ ആലയം പ്രാര്‍ഥനാലയം എന്ന് എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതിനെ കവര്‍ച്ചക്കാരുടെ ഗുഹയായി മാറ്റിയിരിക്കുന്നു.
യേശു ദിവസവും ദേവാലയത്തില്‍ പഠിപ്പിച്ചിരുന്നു. പുരോഹിതപ്രമുഖന്മാരും നിയമജ്ഞരും ജനപ്രമാണികളും അവനെ നശിപ്പിക്കാന്‍ മാര്‍ഗം അന്വേഷിച്ചുകൊണ്ടിരുന്നു. എന്നാല്‍, അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കാരണം, ജനങ്ങളെല്ലാം അവന്റെ വാക്കുകളില്‍ മുഴുകി അവനെ വിട്ടുപോകാതെ നിന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മഹിമപ്രഭാവത്തിനു മുമ്പില്‍
സമര്‍പ്പിക്കുന്ന കാഴ്ചദ്രവ്യങ്ങള്‍
ഭക്ത്യാദരത്തിന്റെ കൃപ ഞങ്ങള്‍ക്ക് നേടിത്തരുകയും
നിത്യാനന്ദത്തിന്റെ ഫലം ഞങ്ങള്‍ക്ക്
കരഗതമാക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 73:28

ദൈവത്തോട് ചേര്‍ന്നുനില്ക്കുന്നതും
ദൈവമായ കര്‍ത്താവില്‍ പ്രത്യാശ വയ്ക്കുന്നതുമാണ് എന്റെ ആനന്ദം.

Or:
മര്‍ക്കോ 11:23-24

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു:
പ്രാര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും
ലഭിക്കുമെന്നു വിശ്വസിക്കുവിന്‍;
അത് നിങ്ങള്‍ക്ക് സാധിച്ചുകിട്ടും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, എളിമയോടെ പ്രാര്‍ഥിച്ചുകൊണ്ട്,
ദിവ്യരഹസ്യങ്ങളുടെ ദാനങ്ങള്‍ ഞങ്ങള്‍ സ്വീകരിച്ചുവല്ലോ.
അങ്ങനെ, അങ്ങേ പുത്രന്‍
തന്റെ ഓര്‍മയ്ക്കായി അനുഷ്ഠിക്കാന്‍
ഞങ്ങളോടു കല്പിച്ചവ
ഞങ്ങളുടെ സ്‌നേഹത്തിന്റെ വര്‍ധനയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s