Daily Readings

ദിവ്യബലി വായനകൾ Saturday of week 33 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ശനി, 20/11/2021


Saturday of week 33 in Ordinary Time 
or Saturday memorial of the Blessed Virgin Mary 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
അങ്ങയോടുള്ള ഭക്തിയില്‍ എപ്പോഴും ആനന്ദിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
എന്തെന്നാല്‍, നിലനില്ക്കുന്നതും സമ്പൂര്‍ണവുമായ ആനന്ദം
സകല നന്മകളുടെയും ഉടയവന്
നിരന്തരം ഞങ്ങള്‍ ശുശ്രൂഷ ചെയ്യുന്നതിലാണല്ലോ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 മക്ക 6:1-13
ജറുസലേമില്‍ ഞാന്‍ ചെയ്ത അകൃത്യങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു.

അക്കാലത്ത്, അന്തിയോക്കസ് രാജാവ് ഉത്തരപ്രവിശ്യകളിലൂടെ കടന്നുപോകുമ്പോള്‍, പേര്‍ഷ്യായിലെ എലിമായിസ് സ്വര്‍ണത്തിനും വെള്ളിക്കും പ്രശസ്തിയാര്‍ജിച്ച ഒരു നഗരമാണെന്നു കേട്ടു. ഫിലിപ്പിന്റെ പുത്രനും ഗ്രീക്കുകാരെ ആദ്യം ഭരിച്ച മക്കെദോനിയാരാജാവുമായ അലക്‌സാണ്ടര്‍ ഉപേക്ഷിച്ചിട്ടുപോയ സ്വര്‍ണപരിചകള്‍, കവചങ്ങള്‍, ആയുധങ്ങള്‍ എന്നിവ സൂക്ഷിക്കപ്പെട്ടിരുന്നു. അവിടത്തെ ക്‌ഷേത്രം വളരെ സമ്പന്നമായിരുന്നു. അതിനാല്‍, അന്തിയോക്കസ് വന്ന് നഗരം പിടിച്ചടക്കി കൊള്ളചെയ്യാന്‍ ശ്രമിച്ചു. പക്‌ഷേ, അതു സാധിച്ചില്ല. കാരണം, അവന്റെ തന്ത്രം മനസ്സിലാക്കിയ നഗരവാസികള്‍ അവനോടു യുദ്ധം ചെയ്തു ചെറുത്തുനിന്നു. യുദ്ധക്കളത്തില്‍ നിന്നു പലായനം ചെയ്ത അന്തിയോക്കസ് ഭഗ്നാശനായി ബാബിലോണിലേക്കു പിന്‍വാങ്ങി.
യൂദാദേശം ആക്രമിക്കാന്‍ പോയ സൈന്യം പരാജയപ്പെട്ടുവെന്നു പേര്‍ഷ്യയില്‍വച്ച് ഒരു ദൂതന്‍ അന്തിയോക്കസിനെ അറിയിച്ചു. ലിസിയാസ് ആദ്യം ശക്തമായൊരു സൈന്യവുമായി ചെന്നെങ്കിലും യഹൂദര്‍ അവനെ തുരത്തിയോടിച്ചു. തങ്ങള്‍ തോല്‍പിച്ച സൈന്യങ്ങളില്‍ നിന്നു പിടിച്ചെടുത്ത ആയുധങ്ങള്‍, വിഭവങ്ങള്‍, കൊള്ളവസ്തുക്കള്‍ എന്നിവകൊണ്ടു യഹൂദരുടെ ശക്തി വര്‍ദ്ധിച്ചിരിക്കുന്നു. ജറുസലെമിലെ ബലിപീഠത്തില്‍ അവന്‍ സ്ഥാപിച്ച മ്ലേച്ഛവിഗ്രഹം അവര്‍ തച്ചുടച്ചു; വിശുദ്ധമന്ദിരത്തിനു ചുറ്റും മുന്‍പുണ്ടായിരുന്നതുപോലെ ഉയരമുള്ള മതിലുകള്‍ പണിയുകയും അവന്റെ നഗരമായ ബത്സൂറിനെ കോട്ടകെട്ടി സുശക്തമാക്കുകയും ചെയ്തിരിക്കുന്നു. ഈ വാര്‍ത്ത കേട്ടപ്പോള്‍ രാജാവ് അദ്ഭുതസ്തബ്ധനായി. തന്റെ പദ്ധതികളനുസരിച്ചു കാര്യങ്ങള്‍ നടക്കാഞ്ഞതുമൂലം ദുഃഖാര്‍ത്തനും രോഗിയുമായിത്തീര്‍ന്ന അവന്‍ കിടപ്പിലായി. ആഴമേറിയ ദുഃഖത്തിന് അധീനനായിത്തീര്‍ന്ന അവന്‍ വളരെനാള്‍ കിടക്കയില്‍ത്തന്നെ കഴിഞ്ഞു. മരണമടുത്തുവെന്ന് അവന് ഉറപ്പായി. അതിനാല്‍, സുഹൃത്തുക്കളെ അടുക്കല്‍ വിളിച്ചുപറഞ്ഞു: എനിക്ക് ഉറക്കമില്ലാതായിരിക്കുന്നു. ആകുലതയാല്‍ എന്റെ ഹൃദയം തകരുന്നു. ഞാന്‍ എന്നോടുതന്നെ പറഞ്ഞുപോകുന്നു, പ്രതാപകാലത്ത് ദയാലുവും ജനസമ്മതനുമായിരുന്ന എനിക്ക് എത്ര വലിയ ദുരിതമാണു വന്നു ഭവിച്ചിരിക്കുന്നത്! എത്ര ആഴമുള്ള കയത്തില്‍ ഞാന്‍ വീണുപോയിരിക്കുന്നു! ജറുസലെമില്‍ ഞാന്‍ ചെയ്ത അകൃത്യങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. അവളുടെ കനകരജതപാത്രങ്ങളെല്ലാം ഞാന്‍ കവര്‍ച്ചചെയ്തു. ഒരു കാരണവും കൂടാതെ യൂദാനിവാസികളെ നശിപ്പിക്കാന്‍ ഞാന്‍ സൈന്യത്തെ വിട്ടു. ഇതിനാലാണ് ഈ അനര്‍ഥങ്ങള്‍ എനിക്കു വന്നുകൂടിയതെന്നു ഞാനറിയുന്നു. ഇതാ അന്യദേശത്തു കിടന്നു ദുഃഖാധിക്യത്താല്‍ ഞാന്‍ മരിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 9:1-2,3,5,15,18

കര്‍ത്താവേ, അങ്ങു നല്‍കിയ വിമോചനമോര്‍ത്ത് ഞാന്‍ സന്തോഷിക്കട്ടെ.

പൂര്‍ണഹൃദയത്തോടെ ഞാന്‍ കര്‍ത്താവിനു നന്ദിപറയും;
അവിടുത്തെ അദ്ഭുതപ്രവൃത്തികള്‍ ഞാന്‍ വിവരിക്കും.
ഞാന്‍ അങ്ങയില്‍ ആഹ്‌ളാദിച്ചുല്ലസിക്കും;
അത്യുന്നതനായവനേ, അങ്ങേ നാമത്തിനു
ഞാന്‍ സ്‌തോത്രമാലപിക്കും.

കര്‍ത്താവേ, അങ്ങു നല്‍കിയ വിമോചനമോര്‍ത്ത് ഞാന്‍ സന്തോഷിക്കട്ടെ.

എന്തെന്നാല്‍, എന്റെ എതിരാളികള്‍ പിന്‍തിരിഞ്ഞോടിയപ്പോള്‍
കാലിടറി വീഴുകയും അങ്ങേ മുന്‍പില്‍ നാശമടയുകയും ചെയ്തു.
അവിടുന്നു ജനതകളെ ശകാരിച്ചു; അവിടുന്നു ദുഷ്ടരെ നശിപ്പിച്ചു;
അവരുടെ നാമം എന്നേക്കുമായി മായിച്ചുകളഞ്ഞു.

കര്‍ത്താവേ, അങ്ങു നല്‍കിയ വിമോചനമോര്‍ത്ത് ഞാന്‍ സന്തോഷിക്കട്ടെ.

അങ്ങു നല്‍കിയ വിമോചനമോര്‍ത്തു
സീയോന്‍പുത്രിയുടെ കവാടങ്ങളില്‍ ഞാന്‍ സന്തോഷിക്കട്ടെ!
ദരിദ്രര്‍ എന്നേക്കും വിസ്മരിക്കപ്പെടുകയില്ല;
പാവങ്ങളുടെ പ്രത്യാശ എന്നേക്കുമായി അസ്തമിക്കുകയില്ല.

കര്‍ത്താവേ, അങ്ങു നല്‍കിയ വിമോചനമോര്‍ത്ത് ഞാന്‍ സന്തോഷിക്കട്ടെ.


സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 20:27-40
അവിടുന്ന് മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്.

അക്കാലത്ത്, പുനരുത്ഥാനം നിഷേധിക്കുന്ന സദുക്കായരില്‍ ചിലര്‍ യേശുവിനെ സമീപിച്ചു ചോദിച്ചു: ഗുരോ, ഒരാളുടെ വിവാഹിതനായ സഹോദരന്‍ സന്താനമില്ലാതെ മരിച്ചാല്‍, അവന്‍ ആ സഹോദരന്റെ വിധവയെ സ്വീകരിച്ച് അവനുവേണ്ടി സന്താനത്തെ ഉത്പാദിപ്പിക്കണമെന്ന് മോശ കല്‍പിച്ചിട്ടുണ്ട്. ഒരിടത്ത് ഏഴു സഹോദരന്മാര്‍ ഉണ്ടായിരുന്നു. ഒന്നാമന്‍ ഒരുവളെ വിവാഹം ചെയ്തു; അവന്‍ സന്താനമില്ലാതെ മരിച്ചു. അനന്തരം, രണ്ടാമനും പിന്നെ മൂന്നാമനും അവളെ ഭാര്യയായി സ്വീകരിച്ചു. അങ്ങനെ ഏഴുപേരും സന്താനമില്ലാതെ മരിച്ചു. അവസാനം ആ സ്ത്രീയും മരിച്ചു. പുനരുത്ഥാനത്തില്‍ അവള്‍ അവരില്‍ ആരുടെ ഭാര്യയായിരിക്കും? അവള്‍ ഏഴുപേരുടെയും ഭാര്യയായിരുന്നല്ലോ. യേശു അവരോടു പറഞ്ഞു: ഈ യുഗത്തിന്റെ സന്താനങ്ങള്‍ വിവാഹം ചെയ്യുകയും ചെയ്തുകൊടുക്കുകയും ചെയ്യുന്നു. എന്നാല്‍, വരാനിരിക്കുന്ന യുഗത്തെ പ്രാപിക്കുന്നതിനും മരിച്ചവരില്‍ നിന്ന് ഉയിര്‍ക്കുന്നതിനും യോഗ്യരായവര്‍ വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ഇല്ല. പുനരുത്ഥാനത്തിന്റെ മക്കള്‍ എന്ന നിലയില്‍ അവര്‍ ദൈവദൂതന്മാര്‍ക്കു തുല്യരും ദൈവമക്കളുമാണ്. ആകയാല്‍, അവര്‍ക്ക് ഇനിയും മരിക്കാന്‍ സാധിക്കുകയില്ല. മോശപോലും മുള്‍പ്പടര്‍പ്പിങ്കല്‍ വച്ചു കര്‍ത്താവിനെ, അബ്രാഹത്തിന്റെ ദൈവമെന്നും ഇസഹാക്കിന്റെ ദൈവമെന്നും യാക്കോബിന്റെ ദൈവമെന്നും വിളിച്ചുകൊണ്ട്, മരിച്ചവര്‍ ഉയിര്‍ക്കുമെന്നു കാണിച്ചുതന്നിട്ടുണ്ട്. അവിടുന്ന് മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. അവിടുത്തേക്ക് എല്ലാവരും ജീവിക്കുന്നവര്‍ തന്നെ. നിയമജ്ഞരില്‍ ചിലര്‍ ഗുരോ, നീ ശരിയായി സംസാരിക്കുന്നു എന്നുപറഞ്ഞു. അവനോട് എന്തെങ്കിലും ചോദിക്കാന്‍ പിന്നീട് അവര്‍ മുതിര്‍ന്നില്ല.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മഹിമപ്രഭാവത്തിനു മുമ്പില്‍
സമര്‍പ്പിക്കുന്ന കാഴ്ചദ്രവ്യങ്ങള്‍
ഭക്ത്യാദരത്തിന്റെ കൃപ ഞങ്ങള്‍ക്ക് നേടിത്തരുകയും
നിത്യാനന്ദത്തിന്റെ ഫലം ഞങ്ങള്‍ക്ക്
കരഗതമാക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 73:28

ദൈവത്തോട് ചേര്‍ന്നുനില്ക്കുന്നതും
ദൈവമായ കര്‍ത്താവില്‍ പ്രത്യാശ വയ്ക്കുന്നതുമാണ് എന്റെ ആനന്ദം.


Or:
മര്‍ക്കോ 11:23-24

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു:
പ്രാര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും
ലഭിക്കുമെന്നു വിശ്വസിക്കുവിന്‍;
അത് നിങ്ങള്‍ക്ക് സാധിച്ചുകിട്ടും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, എളിമയോടെ പ്രാര്‍ഥിച്ചുകൊണ്ട്,
ദിവ്യരഹസ്യങ്ങളുടെ ദാനങ്ങള്‍ ഞങ്ങള്‍ സ്വീകരിച്ചുവല്ലോ.
അങ്ങനെ, അങ്ങേ പുത്രന്‍
തന്റെ ഓര്‍മയ്ക്കായി അനുഷ്ഠിക്കാന്‍
ഞങ്ങളോടു കല്പിച്ചവ
ഞങ്ങളുടെ സ്‌നേഹത്തിന്റെ വര്‍ധനയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Categories: Daily Readings, Readings

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s