മിശിഹായുടെ രാജത്വ തിരുനാൾ | Homily on the Feast of Christ the King

മിശിഹായുടെ രാജത്വ തിരുനാൾ

പള്ളികൂദാശ കാലത്തിൻറെ അവസാന ആഴ്ചയായ ഇന്ന് തിരുസഭ മിശിഹായുടെ രാജത്വ തിരുനാൾ ആഘോഷിക്കുകയാണ്. ഈശോയുടെ രാജത്വ തിരുനാൾ ദിനം ‘ജയ് ജയ് ക്രിസ്തുരാജൻ’ എന്ന മുദ്രാവാക്യം വിളിച്ച്, ക്രിസ്തു നമ്മുടെ രാജാവാണെന്ന് പ്രഘോഷിച്ചതിന്റെ ബാല്യകാലസ്മരണ ഒരുപക്ഷേ നമ്മുടെ മനസ്സിൽ ഇന്നും ഒളിമങ്ങാതെ നിൽപ്പുണ്ടാകും. ഈശോ നമ്മുടെ രാജാവാണെന്ന് ഓർമ്മിപ്പിക്കുന്ന ഈ നല്ല ദിനത്തിൻറെ പ്രാർത്ഥനാശംസകൾ ഹൃദയപൂർവ്വം നേരുന്നു.

1925ൽ പതിനൊന്നാം പീയൂസ് മാർപാപ്പയാണ് ഈ തിരുനാളിന് ആരംഭം കുറിച്ചത്. ഇത് ആരംഭിക്കുന്നതിന് പിന്നിൽ ഒരു ചരിത്ര പശ്ചാത്തലമുണ്ട്. 1918 ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതോടെ രാജ്യങ്ങൾ തമ്മിൽ അധിനിവേശനത്തിനായുള്ള മത്സരങ്ങൾ ശക്തിപ്പെട്ടു. ഏറ്റവും കൂടുതൽ ചെറുരാജ്യങ്ങളെ ആക്രമിച്ച് കീഴടക്കി തങ്ങളുടെ ശക്തി തെളിയിക്കാൻ രാജ്യങ്ങൾ മത്സരിച്ച ഒരു ചരിത്ര പശ്ചാത്തലം. ഈ സംസ്കാരത്തെ ചെറുത്ത് യഥാർത്ഥ രാജത്വത്തിന് ഒരു മാതൃക നൽകാൻ 1925ൽ പതിനൊന്നാം പീയൂസ് മാർപ്പാപ്പാ മിശിഹായുടെ രാജത്വ തിരുനാളിന് ആരംഭം കുറിച്ചു.

വാഗ്ദാനം ചെയ്യപ്പെട്ട മിശിഹ ഒരു രാജാവായിരിക്കും എന്നത് യഹൂദരുടെ ശക്തമായ പാരമ്പര്യം ആയിരുന്നു. വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനായ മിശിഹ ഈശോ ആണെന്നും, ഈ ഈശോ യഥാർത്ഥത്തിൽ ഒരു രാജാവാണെന്നും വ്യക്തമാക്കാൻ സുവിശേഷകനായ മത്തായി 3 തെളിവുകൾ നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നു. ഒന്നാമത്, യഹൂദർക്ക് പിറന്ന രാജാവിനെ കാണാനാണ് പൗരസ്ത്യദേശത്ത് നിന്ന് ജ്ഞാനികൾ വന്നത്. ജ്ഞാനികളുടെ ചോദ്യം മത്താ2,2 നമ്മൾ വായിക്കുന്നു: “എവിടെയാണ് യഹൂദന്മാരുടെ രാജാവായി ജനിച്ചവൻ?” ഈശോ ഒരു രാജാവാണെന്ന് വ്യക്തമാക്കാൻ സുവിശേഷകൻ നൽകുന്ന രണ്ടാമത്തെ തെളിവ് ഈശോയുടെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനം ആണ്. ഒരു കഴുത കുട്ടിയുടെ പുറത്ത് വിനീതനായ രാജാവിനെപ്പോലെ എഴുന്നള്ളുവാനും ദാവീദിൻ്റെ പുത്രന് ഓശാന എന്ന് സ്തുതിഗീതങ്ങൾ മുഴക്കി ജനങ്ങൾ തന്നെ എതിരേൽക്കുവാനും അവിടുന്ന് അനുവദിച്ചു. ഈശോയുടെ രാജത്വത്തെ വ്യക്തമാക്കാൻ മത്തായി സുവിശേഷകൻ നൽകുന്ന മൂന്നാമത്തെ തെളിവ് ഈശോയുടെ തന്നെ വാക്കുകളാണ്. 27, 11 “പീലാത്തോസ് ചോദിച്ചു: നീ യഹൂദരുടെ രാജാവാണോ? യേശു പറഞ്ഞു: ഞാൻ രാജാവാണെന്ന് താങ്കൾ തന്നെ പറയുന്നുവല്ലോ” ഇപ്രകാരം വളരെ ശക്തമായി തന്നെ മത്തായി സുവിശേഷകൻ ഈശോയുടെ രാജത്വത്തെ ചിത്രീകരിച്ചു.

എങ്കിലും പ്രിയമുള്ളവരെ, ഈശോ വ്യത്യസ്തനായ ഒരു രാജാവായിരുന്നു. ഈശോയുടെ ജനനം കൊട്ടാരത്തിലായിരുന്നില്ല, മറിച്ച്‌ പുൽത്തൊഴുത്തിൽ ആയിരുന്നു. 40 ദിവസം നീണ്ട മരുഭൂമിയിലെ പ്രാർത്ഥനയ്ക്ക് ശേഷം, സാത്താൻ ഭൂമിയിലെ സകല രാജ്യങ്ങളും കാട്ടി അവയെല്ലാം നൽകാം എന്ന് പ്രലോഭിപ്പിച്ചപ്പോൾപോലും ഈശോയ്ക്ക് അവയോടെല്ലാം വിരക്തിയായിരുന്നു. കാൽ കഴുകപ്പെടാൻ ആഗ്രഹിക്കുന്ന രാജാക്കന്മാരിൽ നിന്നും വ്യത്യസ്തനായി, ശിഷ്യരുടെ പാദങ്ങൾ ഈശോ കഴുകി. വലുതാകുന്നതിലല്ല ചെറുതാകുന്നതിലും, ജീവൻ എടുക്കുന്നതിൽ അല്ല ജീവൻ കൊടുക്കുന്നതിലും ശുശ്രുഷിക്കപ്പെടുന്നതിലല്ല ശുശ്രൂഷിക്കുന്നതിലുമാണ് ഈശോയുടെ രാജത്വ ശൈലി അടങ്ങിയിരിക്കുന്നത്.

രാജാവായ ക്രിസ്തുവിൻറെ രാജ്യം എവിടെയാണ്? തൻറെ രാജ്യത്തെക്കുറിച്ചുള്ള സംഭാഷണത്തിൽ ഈശോ പിലാത്തോസിനോട് പറഞ്ഞു “എൻറെ രാജ്യം ഐഹികമല്ല” അതായത് തൻറെ രാജ്യം ഈ ഭൂമിയിൽ അല്ല. രാജാവായ ക്രിസ്തുവിന്റെ രാജ്യം സ്വർഗ്ഗമാണ്. ഈശോയെപറ്റി ഹെബ്രായ ലേഖനം 8,1 നാം വായിക്കുന്നു “സ്വർഗ്ഗത്തിൽ മഹിമയുടെ സിംഹാസനത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്ന ഒരു പ്രധാന പുരോഹിതൻ നമുക്കുണ്ട്”. പ്രിയമുള്ളവരേ നമ്മുടെ രാജാവ് സ്വർഗ്ഗത്തിന്റെതാകയാൽ പ്രജകളായ നാമും തീർച്ചയായും സ്വർഗ്ഗത്തിന്റേതാണ്. എന്നാൽ ഒരുപാട് മനസ്സുകളിൽ നിന്ന് ‘സ്വർഗം’ എന്ന വാക്ക് ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. മൂന്നു വയസ്സുള്ളപ്പോൾ കൊച്ചുത്രേസ്യ തൻറെ അമ്മച്ചിയോട് ചോദിച്ചു, “അമ്മച്ചി ഞാൻ സ്വർഗ്ഗത്തിൽ പോകുമോ?” അമ്മച്ചി പറഞ്ഞു, “നല്ല കുട്ടി ആയിരുന്നാൽ പോകും”. എന്നാൽ “അമ്മച്ചി ഞാൻ സ്വർഗ്ഗത്തിൽ പോകുമോ?” എന്ന് ചോദിക്കുന്ന കുട്ടികളും, “കുഞ്ഞേ നമുക്ക് സ്വർഗത്തിൽ പോകണം” എന്ന് പറയുന്ന മാതാപിതാക്കളും കുറഞ്ഞു വരുന്ന ഈ ലോകത്ത് രാജാവായ ക്രിസ്തുവും, അവിടുത്തെ രാജ്യമായ സ്വർഗ്ഗവും ഏറെ വെല്ലുവിളി നമ്മുക്ക് മുൻപിൽ ഉയർത്തുന്നുണ്ട്. സ്വർഗ്ഗം കുട്ടികളുടെ ചിന്തയിൽ മാത്രം ഒതുങ്ങേണ്ട യാഥാർത്ഥ്യമല്ല. എൻറെയും നിങ്ങളുടെയും ഹൃദയത്തെ ഭരിക്കേണ്ട ചിന്തയാണ്. കൊളോ 2, 20 “ക്രിസ്തുവിനോടൊപ്പം പ്രപഞ്ചത്തിൻറെ മൂലഭൂതങ്ങൾക്ക് നിങ്ങൾ മരിച്ചു കഴിഞ്ഞിരിക്കുന്നതിനാൽ, ഇനിയും ലോകത്തിന്റെത് എന്ന മട്ടിൽ ജീവിക്കുന്നത് എന്തിന്?” മാമോദിസയിലൂടെ ക്രിസ്തുവെന്ന രാജാവിനെ സ്വീകരിച്ച നാം സ്വർഗ്ഗത്തിന്റെതാണ് ലോകത്തിൻറെതല്ല.
രാജാവായ ക്രിസ്തു ഒരുക്കുന്ന വിരുന്നാണ് വിശുദ്ധ കുർബാന. ഈ സ്നേഹവിരുന്നിൽ ഭക്തിപൂർവം പങ്കെടുത്ത് ദേവാലയം വിടുമ്പോൾ മനസ്സിൽ കുറിച്ചിടാം ക്രിസ്തുവാണ് എന്റെ രാജാവ്. അവന്റെ രാജ്യം സ്വർഗ്ഗമാണ്. ഞാൻ സ്വർഗ്ഗത്തിന്റേതാണ്.

Jude MCBS

Advertisements
Advertisements

One thought on “മിശിഹായുടെ രാജത്വ തിരുനാൾ | Homily on the Feast of Christ the King

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s