ദിവ്യബലി വായനകൾ Tuesday of week 34 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ചൊവ്വ, 23/11/2021


Tuesday of week 34 in Ordinary Time 
or Saint Clement I, Pope, Martyr 
or Saint Columbanus, Abbot and Missionary 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വിശ്വാസികളുടെ
മാനസങ്ങള്‍ ഉദ്ദീപിപ്പിക്കണമേ.
അങ്ങനെ, തിരുകര്‍മത്തിന്റെ ഫലം
കൂടുതല്‍ തീക്ഷ്ണതയോടെ നിറവേറ്റിക്കൊണ്ട്,
അങ്ങേ കാരുണ്യത്തിന്റെ ഔഷധങ്ങള്‍
കൂടുതലായി അവര്‍ അനുഭവിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ദാനി 2:31-45
ഒരിക്കലും നശിപ്പിക്കപ്പെടാത്തതും പരമാധികാരം മറ്റൊരു ജനതയ്ക്കു വിട്ടുകൊടുക്കാത്തതുമായ ഒരു രാജ്യം സ്വര്‍ഗസ്ഥനായ ദൈവം പടുത്തുയര്‍ത്തും.

അക്കാലത്ത്, ദാനിയേല്‍ നബുക്കദ്‌നേസറിനോട് പറഞ്ഞു: രാജാവേ, നീ വലിയ ഒരു പ്രതിമ കണ്ടു. തിളങ്ങുന്ന ആ വലിയ പ്രതിമ നിന്റെ മുന്‍പില്‍ നിന്നു; അതിന്റെ രൂപം ഭയങ്കരമായിരുന്നു. ആ പ്രതിമയുടെ ശിരസ്സ് തങ്കംകൊണ്ടും, മാറിടവും കരങ്ങളും വെള്ളികൊണ്ടും, വയറും തുടകളും ഓടുകൊണ്ടും, കാലുകള്‍ ഇരുമ്പുകൊണ്ടും ആയിരുന്നു; പാദങ്ങള്‍ ഇരുമ്പും കളിമണ്ണും ചേര്‍ന്നതും. നീ നോക്കിക്കൊണ്ടിരിക്കേ, ഒരു കല്ല് ആരും തൊടാതെ അടര്‍ന്നുവന്നു ബിംബത്തിന്റെ ഇരുമ്പും കളിമണ്ണും ചേര്‍ന്ന പാദങ്ങളില്‍ പതിച്ച്, അതിനെ ഛിന്നഭിന്നമാക്കി. ഇരുമ്പും കളിമണ്ണും ഓടും വെള്ളിയും സ്വര്‍ണവുമെല്ലാം ഒന്നുപോലെ പൊടിഞ്ഞ് വേനല്‍ക്കാലത്തു മെതിക്കളത്തിലെ പതിരുപോലെയായി; അവയുടെ ഒരു തരിപോലും കാണാനില്ലാത്തവിധം കാറ്റ് അവയെ പറത്തിക്കൊണ്ടുപോയി. പ്രതിമ തകര്‍ത്ത കല്ലാകട്ടെ, ഒരു മഹാപര്‍വതമായി തീര്‍ന്ന് ഭൂമി മുഴുവന്‍ നിറഞ്ഞു. ഇതായിരുന്നു സ്വപ്‌നം. ഞങ്ങള്‍ ഇതിന്റെ വ്യാഖ്യാനവും നിന്നോടു പറയാം. രാജാവേ, രാജാധിരാജനായ നിനക്ക്, സ്വര്‍ഗസ്ഥനായ ദൈവം അധികാരവും ശക്തിയും മഹത്വവും നല്‍കി, എല്ലായിടത്തുമുള്ള മനുഷ്യമക്കളെയും വന്യമൃഗങ്ങളെയും ആകാശപ്പറവകളെയും അടക്കിഭരിക്കാന്‍ ദൈവം നിന്നെ ഏല്‍പിച്ചു! സ്വര്‍ണംകൊണ്ടുള്ള തല നീതന്നെ. നിനക്കുശേഷം നിന്റെതിനേക്കാള്‍ പ്രതാപംകുറഞ്ഞ ഒരു സാമ്രാജ്യം ഉണ്ടാകും; മൂന്നാമതാകട്ടെ, ഭൂമി മുഴുവന്‍ അടക്കി ഭരിക്കുന്ന ഓടുകൊണ്ടുള്ള സാമ്രാജ്യവും. നാലാമത് ഇരുമ്പുപോലെ ശക്തിയുള്ള രാജ്യമാണ്; ഇരുമ്പ് എല്ലാ വസ്തുക്കളെയും തകര്‍ത്തു തരിപ്പണമാക്കുന്നു; ഞെരിച്ചുതകര്‍ക്കുന്ന ഇരുമ്പുപോലെ അത് എല്ലാറ്റിനെയും തകര്‍ത്തുഞെരിക്കും. നീ കണ്ട പാദങ്ങളും വിരലുകളും ഭാഗികമായി കുശവന്റെ കളിമണ്ണും ഭാഗികമായി ഇരുമ്പും കൊണ്ടായിരുന്നതുപോലെ, അതൊരു വിഭക്തരാജ്യമായിരിക്കും; എന്നാല്‍, ഉടഞ്ഞുപോകുന്ന കളിമണ്ണിനോട് ഇരുമ്പ് ചേര്‍ക്കപ്പെട്ടിരുന്നതായി നീ ദര്‍ശിച്ചതുപോലെ, ഇരുമ്പിന്റെ ഉറപ്പ് അതിനും ഭാഗികമായി ഉണ്ടായിരിക്കും. വിരലുകള്‍ ഭാഗികമായി ഇരുമ്പും കളിമണ്ണും ആയിരുന്നതുപോലെ, രാജ്യവും, ഭാഗികമായി ശക്തവും ഭാഗികമായി ദുര്‍ബലവും ആയിരിക്കും. ഉറപ്പില്ലാത്ത കളിമണ്ണിനോട് ഇരുമ്പ് ചേര്‍ക്കപ്പെട്ടതായി നീ കണ്ടതുപോലെ, അവര്‍ വിവാഹത്തില്‍ പരസ്പരം ഇടകലരും; പക്‌ഷേ, ഇരുമ്പ് കളിമണ്ണുമായി കലരാത്തതുപോലെ അവരും തമ്മില്‍ ചേരുകയില്ല.
ആ രാജാക്കന്മാരുടെ നാളുകളില്‍, ഒരിക്കലും നശിപ്പിക്കപ്പെടാത്തതും പരമാധികാരം മറ്റൊരു ജനതയ്ക്കും വിട്ടുകൊടുക്കാത്തതുമായ ഒരു രാജ്യം സ്വര്‍ഗസ്ഥനായ ദൈവം പടുത്തുയര്‍ത്തും. മേല്‍പറഞ്ഞ രാജ്യങ്ങളെ എല്ലാം തകര്‍ത്ത്, ഇല്ലാതാക്കി, അത് എന്നേക്കും നിലനില്‍ക്കും. മലമുകളില്‍ നിന്ന് ആരും തൊടാതെ കല്ല് അടര്‍ന്നുവരുന്നതും ഇരുമ്പും ഓടും കളിമണ്ണും വെള്ളിയും സ്വര്‍ണവും ഇടിച്ചുപൊടിയാക്കുന്നതും നീ ദര്‍ശിച്ചതുപോലെതന്നെ. ഉന്നതനായ ദൈവമാണ് ഭാവികാര്യങ്ങള്‍ നിനക്കു വെളിപ്പെടുത്തിയിരിക്കുന്നത്. സ്വപ്‌നം തീര്‍ച്ചയായും ഇതുതന്നെ. വ്യാഖ്യാനത്തിനും മാറ്റമില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ദാനി 3:57-61

കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

കര്‍ത്താവിന്റെ സൃഷ്ടികളേ, അവിടുത്തെ വാഴ്ത്തുവിന്‍.
കര്‍ത്താവിന്റെ ദൂതന്മാരേ, അവിടുത്തെ വാഴ്ത്തുവിന്‍;
അവിടുത്തേക്കു സ്തുതി പാടുവിന്‍;
എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

ആകാശങ്ങളേ, കര്‍ത്താവിനെ പുകഴ്ത്തുവിന്‍;
ആകാശത്തിനു മുകളിലുള്ള ജലസഞ്ചയമേ,
കര്‍ത്താവിനെ വാഴ്ത്തുവിന്‍;
അവിടുത്തെ വാഴ്ത്തുവിന്‍;
എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

ആധിപത്യങ്ങളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍;
എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 21:5-11
കല്ലിന്മേല്‍ കല്ലുശേഷിക്കാതെ തകര്‍ക്കപ്പെടുന്ന സമയം വരുന്നു.

അക്കാലത്ത്, ചില ആളുകള്‍ ജറൂസലേം ദേവാലയത്തെപ്പറ്റി, അത് വിലയേറിയ കല്ലുകളാലും കാണിക്കവസ്തുക്കളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നല്ലോ എന്നു പറഞ്ഞു. യേശു അവരോടു പറഞ്ഞു: നിങ്ങള്‍ ഈ കാണുന്നവ കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടുന്ന സമയം വരുന്നു.
അവര്‍ ചോദിച്ചു: ഗുരോ, ഇത് എപ്പോഴാണ് സംഭവിക്കുക? ഇതെല്ലാം സംഭവിക്കാന്‍ തുടങ്ങുന്നതിന്റെ അടയാളം എന്താണ്? അവന്‍ പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. എന്തെന്നാല്‍, പലരും അവന്‍ ഞാനാണ് എന്നും സമയം അടുത്തു എന്നും പറഞ്ഞുകൊണ്ട് എന്റെ നാമത്തില്‍ വരും. നിങ്ങള്‍ അവരുടെ പിന്നാലെ പോകരുത്. യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഭയപ്പെടരുത്. ഇവയെല്ലാം ആദ്യം സംഭവിക്കേണ്ടതാണ്. എന്നാല്‍, അവസാനം ഇനിയും ആയിട്ടില്ല. അവന്‍ തുടര്‍ന്നു: ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും തല ഉയര്‍ത്തും. വലിയ ഭൂകമ്പങ്ങളും പല സ്ഥലങ്ങളിലും ക്ഷാമവും പകര്‍ച്ചവ്യാധികളും ഉണ്ടാകും. ഭീകരസംഭവങ്ങളും ആകാശത്തില്‍ നിന്നു വലിയ അടയാളങ്ങളും ഉണ്ടാകും.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങ് കല്പിച്ചതനുസരിച്ച്
അങ്ങേ നാമത്തിനു സമര്‍പ്പിക്കപ്പെട്ട
തിരുമുല്കാഴ്ചകള്‍ സ്വീകരിക്കുന്നതിനും
അവ വഴി, അങ്ങേ സ്‌നേഹത്തിന് ഞങ്ങള്‍
അര്‍ഹരായി ഭവിക്കുന്നതിനും
അങ്ങേ കല്പനകള്‍ എപ്പോഴും പാലിക്കുന്നതിന്
ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 117:1,2

സകല ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍.
എന്തെന്നാല്‍, നമ്മോടുള്ള അവിടത്തെ സ്‌നേഹം സുദൃഢമാണ്.


Or:
മത്താ 28:20

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
യുഗാന്തംവരെ എല്ലായ്‌പ്പോഴും
ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
ദിവ്യമായ പങ്കാളിത്തത്താല്‍ ആനന്ദിക്കാന്‍
അങ്ങ് ഇടയാക്കിയ ഇവരെ
അങ്ങില്‍നിന്ന് ഒരിക്കലും വേര്‍പിരിയാന്‍ അനുവദിക്കരുതേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment