ദിവ്യബലി വായനകൾ Thursday of week 34 in Ordinary Time

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

25-Nov-2021, വ്യാഴം

Thursday of week 34 in Ordinary Time or Saint Catherine of Alexandria, Virgin, Martyr 

Liturgical Colour: Green.

____

ഒന്നാം വായന

ദാനി 6:12-28

ദൈവം ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചു.

അക്കാലത്ത്, ദാനിയേലിനെ സൂക്ഷിച്ചു വീക്ഷിച്ചിരുന്ന പ്രഭുക്കന്മാര്‍, ദാനിയേല്‍ തന്റെ ദൈവത്തിന്റെ മുന്‍പില്‍ പ്രാര്‍ഥിക്കുന്നതും അപേക്ഷിക്കുന്നതും കണ്ടു. അവര്‍ രാജസന്നിധിയിലെത്തി നിരോധനാജ്ഞയെപ്പറ്റി പറഞ്ഞു: രാജാവേ, മുപ്പതു ദിവസത്തേക്ക് നിന്നോടല്ലാതെ ഏതെങ്കിലും ദേവനോടോ മനുഷ്യനോടോ ആരെങ്കിലും പ്രാര്‍ഥിച്ചാല്‍ അവനെ സിംഹങ്ങളുടെ കുഴിയില്‍ തള്ളും എന്നൊരു നിരോധനാജ്ഞയില്‍ നീ ഒപ്പു വച്ചിരുന്നില്ലേ? രാജാവ് പറഞ്ഞു: മേദിയക്കാരുടെയും പേര്‍ഷ്യാക്കാരുടെയും അലംഘനീയമായ നിയമമനുസരിച്ച്, അത് തീര്‍ച്ചയായും അങ്ങനെ തന്നെ. അവര്‍ പറഞ്ഞു: രാജാവേ, യൂദായില്‍ നിന്നുള്ള പ്രവാസികളിലൊരുവനായ ആ ദാനിയേല്‍ നിന്നെയാകട്ടെ, നീ ഒപ്പു വച്ച നിരോധനാജ്ഞയെ ആകട്ടെ മാനിക്കാതെ ദിവസവും മൂന്നു പ്രാവശ്യം തന്റെ പ്രാര്‍ഥന നടത്തുന്നു. ഇതു കേട്ടപ്പോള്‍ രാജാവ് അത്യധികം വ്യസനിച്ചു; ദാനിയേലിനെ രക്ഷിക്കാന്‍ മനസ്സിലുറച്ച് അവനെ രക്ഷിക്കുന്നതിനു വേണ്ടി സൂര്യന്‍ അസ്തമിക്കുന്നതു വരെ അവന്‍ പരിശ്രമിച്ചു. അപ്പോള്‍, ആലോചിച്ചുറച്ചു വന്നിരുന്ന ആളുകള്‍ രാജാവിനോടു പറഞ്ഞു: രാജാവേ, നീ അറിഞ്ഞാലും. മേദിയക്കാരുടെയും പേര്‍ഷ്യാക്കാരുടെയും നിയമമനുസരിച്ച്, രാജാവ് പുറപ്പെടുവിക്കുന്ന കല്‍പനയും ശാസനയും മാറ്റിക്കൂടാ. രാജാവ് കല്‍പിച്ചതനുസരിച്ച് ദാനിയേലിനെ കൊണ്ടു വന്നു സിംഹങ്ങളുടെ കുഴിയിലേക്കെറിഞ്ഞു. രാജാവ് ദാനിയേലിനോടു പറഞ്ഞു: നീ നിരന്തരം സേവിക്കുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കട്ടെ! ദാനിയേലിനെക്കുറിച്ചുള്ള വിധിക്കു മാറ്റം വരാതിരിക്കാന്‍ കുഴി ഒരു കല്ലുകൊണ്ട് അടയ്ക്കുകയും രാജാവിന്റെയും പ്രഭുക്കന്മാരുടെയും മോതിരങ്ങള്‍ കൊണ്ട് അതിനു മുദ്ര വയ്ക്കുകയും ചെയ്തു. രാജാവു കൊട്ടാരത്തിലേക്കു പോയി. രാത്രി മുഴുവന്‍ ഉപവാസത്തില്‍ കഴിച്ചുകൂട്ടി. വിനോദങ്ങളെല്ലാം അവന്‍ പരിത്യജിച്ചു; നിദ്ര അവനെ സമീപിച്ചില്ല.
രാജാവ് അതിരാവിലെ എഴുന്നേറ്റ് സിംഹങ്ങളുടെ കുഴിയിലേക്കു തിടുക്കത്തില്‍ ചെന്നു; ദാനിയേലിനെ ഇട്ടിരുന്ന കുഴിക്കടുത്തു ചെന്നപ്പോള്‍, ദുഃഖം നിറഞ്ഞ സ്വരത്തില്‍ രാജാവ് വിളിച്ചു ചോദിച്ചു: ദാനിയേല്‍, ജീവിക്കുന്ന ദൈവത്തിന്റെ ദാസാ, നീ നിരന്തരം സേവിക്കുന്ന നിന്റെ ദൈവം നിന്നെ സിംഹങ്ങളില്‍ നിന്നു രക്ഷിക്കാന്‍ ശക്തനായിരുന്നോ? ദാനിയേല്‍ രാജാവിനോടു പറഞ്ഞു: രാജാവ് നീണാള്‍ വാഴട്ടെ! തന്റെ മുന്‍പില്‍ ഞാന്‍ കുറ്റമറ്റവനാണെന്നു കണ്ടതിനാല്‍ എന്റെ ദൈവം ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചു; അവ എന്നെ ഉപദ്രവിച്ചില്ല. രാജാവേ, നിന്റെ മുന്‍പിലും ഞാന്‍ നിരപരാധനാണല്ലോ. അപ്പോള്‍ രാജാവ് അത്യധികം സന്തോഷിച്ച്, ദാനിയേലിനെ കുഴിയില്‍ നിന്നു പുറത്തു കൊണ്ടുവരാന്‍ കല്‍പിച്ചു. ദാനിയേലിനെ കുഴിയില്‍ നിന്നു കയറ്റി. തന്റെ ദൈവത്തില്‍ ആശ്രയിച്ചിരുന്നതുകൊണ്ട് അവന് ഒരു പോറല്‍ പോലും ഏറ്റതായി കണ്ടില്ല. ദാനിയേലിനെ കുറ്റം വിധിച്ചവരെയും അവരുടെ ഭാര്യമാരെയും കുട്ടികളെയും രാജകല്‍പന പ്രകാരം കൊണ്ടുവന്ന് സിംഹത്തിന്റെ കുഴിയില്‍ എറിഞ്ഞു. കുഴിയുടെ അടിയിലെത്തും മുന്‍പേ, സിംഹങ്ങള്‍ അവരെ അടിച്ചുവീഴ്ത്തി, അസ്ഥികള്‍ ഒടിച്ചു നുറുക്കി.
ദാരിയൂസ് രാജാവ് ഭൂമുഖത്തുള്ള സകല ജനതകള്‍ക്കും ജനപദങ്ങള്‍ക്കും ഭാഷക്കാര്‍ക്കും എഴുതി: നിങ്ങള്‍ക്കു സമാധാനം സമൃദ്ധമാകട്ടെ! എന്റെ അധികാരത്തിലുള്ള എല്ലാവരും ദാനിയേലിന്റെ ദൈവത്തിനു മുന്‍പില്‍ ഭയന്നു വിറയ്ക്കണമെന്ന് ഞാന്‍ വിളംബരം ചെയ്യുന്നു. എന്തെന്നാല്‍, അവിടുന്നാണ് നിത്യനും ജീവിക്കുന്നവനുമായ ദൈവം; അവിടുത്തെ രാജ്യം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ല. അവിടുത്തെ ആധിപത്യത്തിന് അവസാനമില്ല. അവിടുന്ന് രക്ഷിക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്നു. ആകാശത്തിലും ഭൂമിയിലും അവിടുന്ന് അടയാളങ്ങളും അദ്ഭുതങ്ങളും പ്രവര്‍ത്തിക്കുന്നു. അവിടുന്നാണ് ദാനിയേലിനെ സിംഹങ്ങളുടെ പിടിയില്‍ നിന്നു രക്ഷിച്ചത്. ദാരിയൂസിന്റെയും പേര്‍ഷ്യാക്കാരനായ സൈറസിന്റെയും ഭരണകാലത്ത് ദാനിയേല്‍ ഐശ്വര്യപൂര്‍വം ജീവിച്ചു.

കർത്താവിന്റെ വചനം.
____

പ്രതിവചന സങ്കീര്‍ത്തനം

ദാനി 3:68-74

R. കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

ഹിമകണങ്ങളേ, മഞ്ഞുകട്ടകളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; ഹേമന്തത്തിലെ ശൈത്യമേ, ഗ്രീഷ്മത്തിലെ ഉഷ്ണമേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

R. കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

മഞ്ഞുകട്ടയേ ശൈത്യമേ,
കര്‍ത്താവിനെ വാഴ്ത്തുവിന്‍; രാവുകളേ, പകലുകളേ
കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

R. കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

പ്രകാശമേ, അന്ധകാരമേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; മിന്നലുകളേ, മേഘങ്ങളേ കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

R. കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
____

സുവിശേഷ പ്രഘോഷണവാക്യം

മത്താ 24:42,44

അല്ലേലൂയാ, അല്ലേലൂയാ!
ജാഗരൂകരായിരിക്കുവിന്‍. എന്തെന്നാല്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രന്‍ വരുന്നത്.
അല്ലേലൂയാ!


Or:

ലൂക്കാ 21:28

അല്ലേലൂയാ, അല്ലേലൂയാ!
നിങ്ങള്‍ ശിരസ്‌സുയര്‍ത്തി നില്‍ക്കുവിന്‍. എന്തെന്നാല്‍, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു.
അല്ലേലൂയാ!

____

സുവിശേഷം

ലൂക്കാ 21:20-28

ജറുസലേമിനു ചുറ്റും സൈന്യം താവളമടിച്ചിരിക്കുന്നതു കാണുമ്പോള്‍ അതിന്റെ നാശം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുവിന്‍.

അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിചെയ്തു: ജറുസലെമിനു ചുറ്റും സൈന്യം താവളമടിച്ചിരിക്കുന്നതു കാണുമ്പോള്‍ അതിന്റെ നാശം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുവിന്‍. അപ്പോള്‍, യൂദയായിലുള്ളവര്‍ പര്‍വതങ്ങളിലേക്കു പലായനം ചെയ്യട്ടെ. പട്ടണത്തിലുള്ളവര്‍ അവിടം വിട്ടുപോകട്ടെ. ഗ്രാമങ്ങളിലുള്ളവര്‍ പട്ടണത്തില്‍ പ്രവേശിക്കാതിരിക്കട്ടെ. കാരണം, എഴുതപ്പെട്ടവയെല്ലാം പൂര്‍ത്തിയാകേണ്ട പ്രതികാരത്തിന്റെ ദിവസങ്ങളാണ് അവ. ആ ദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ദുരിതം! അന്ന് ഭൂമുഖത്തു വലിയ ഞെരുക്കവും ഈ ജനത്തിന്റെ മേല്‍ വലിയ ക്രോധവും നിപതിക്കും. അവര്‍ വാളിന്റെ വായ്ത്തലയേറ്റു വീഴുകയും എല്ലാ ജനതകളിലേക്കും തടവുകാരായി കൊണ്ടുപോകപ്പെടുകയും ചെയ്യും. വിജാതീയരുടെ നാളുകള്‍ പൂര്‍ത്തിയാകുന്നതുവരെ അവര്‍ ജറുസലെമിനെ ചവിട്ടി മെതിക്കും. സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങള്‍ പ്രത്യക്ഷപ്പെടും. കടലിന്റെയും തിരമാലകളുടെയും ഇരമ്പല്‍ ജനപദങ്ങളില്‍ സംഭ്രമമുളവാക്കും. സംഭവിക്കാന്‍ പോകുന്നവയെ ഓര്‍ത്തുള്ള ഭയവും ആകുലതയും കൊണ്ട് ഭൂവാസികള്‍ അസ്തപ്രജ്ഞരാകും. ആകാശശക്തികള്‍ ഇളകും. അപ്പോള്‍, മനുഷ്യപുത്രന്‍ ശക്തിയോടും വലിയ മഹത്വത്തോടുംകൂടെ മേഘങ്ങളില്‍ വരുന്നത് അവര്‍ കാണും. ഇവ സംഭവിക്കാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ ശിരസ്സുയര്‍ത്തി നില്‍ക്കുവിന്‍. എന്തെന്നാല്‍, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു.

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Advertisements

Leave a comment