ദിവ്യബലിവായനകൾ Thursday of the 2nd week of Advent 

09 Dec 2021

Thursday of the 2nd week of Advent 
or Saint Juan Diego Cuauhtlatoatzin

Liturgical Colour: Violet.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ഏകജാതനു വഴിയൊരുക്കാന്‍
ഞങ്ങളുടെ ഹൃദയങ്ങളെ പ്രചോദിപ്പിക്കണമേ.
അങ്ങനെ അവിടത്തെ ആഗമനത്താല്‍
ശുദ്ധീകരിക്കപ്പെട്ട മാനസങ്ങളോടെ
അങ്ങേക്ക് ശുശ്രൂഷ ചെയ്യാന്‍ ഞങ്ങളെ യോഗ്യരാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 41:13-20
ഇസ്രായേലിന്റെ പരിശുദ്ധനായ ഞാനാണ് നിന്റെ രക്ഷകന്‍.


നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍
നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു.
ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ.
ഞാന്‍ നിന്നെ സഹായിക്കും.

കര്‍ത്താവ് അരുളിച്ചെയ്യുന്നു:
കൃമിയായ യാക്കോബേ, ഇസ്രായേല്യരേ, ഭയപ്പെടേണ്ട.
ഞാന്‍ നിന്നെ സഹായിക്കും.
കര്‍ത്താവ് അരുളിച്ചെയ്യുന്നു:
ഇസ്രായേലിന്റെ പരിശുദ്ധനാണ് നിന്റെ രക്ഷകന്‍.

ഞാന്‍ നിന്നെ പുതിയതും മൂര്‍ച്ചയേറിയതും
പല്ലുള്ള ചക്രങ്ങളോടു കൂടിയതുമായ
ഒരു മെതിവണ്ടിയാക്കും;
നീ മലകളെ മെതിച്ചു പൊടിയാക്കും;
കുന്നുകളെ പതിരു പോലെയാക്കും.
നീ അവയെ പാറ്റുകയും
കാറ്റ് അവയെ പറപ്പിച്ചുകളയുകയും
കൊടുങ്കാറ്റ് അവയെ ചിതറിക്കുകയും ചെയ്യും.
നീ കര്‍ത്താവില്‍ ആനന്ദിക്കും;
ഇസ്രായേലിന്റെ പരിശുദ്ധനില്‍ അഭിമാനം കൊള്ളും.

ദരിദ്രരും നിരാലംബരും ജലം അന്വേഷിച്ചു കണ്ടെത്താതെ,
ദാഹത്താല്‍ നാവു വരണ്ടു പോകുമ്പോള്‍,
കര്‍ത്താവായ ഞാന്‍ അവര്‍ക്ക് ഉത്തരമരുളും.
ഇസ്രായേലിന്റെ ദൈവമായ ഞാന്‍
അവരെ കൈവെടിയുകയില്ല.
പാഴ്മലകളില്‍ നദികളും
താഴ്‌വരകളുടെ മധ്യേ ഉറവകളും ഞാന്‍ ഉണ്ടാക്കും;
മരുഭൂമിയെ ജലാശയവും
വരണ്ട പ്രദേശത്തെ നീരുറവയുമാക്കും.

മരുഭൂമിയില്‍ ദേവദാരു, കരുവേലകം,
കൊളുന്ത്, ഒലിവ് എന്നിവ ഞാന്‍ നടും.
മണലാരണ്യത്തില്‍ സരള വൃക്ഷവും
പൈന്മരവും പുന്നയും വച്ചുപിടിപ്പിക്കും.

ഇസ്രായേലിന്റെ പരിശുദ്ധന്‍
ഇവയെല്ലാം സൃഷ്ടിച്ചുവെന്നും
അവിടുത്തെ കരങ്ങളാണ് ഇവയെല്ലാം ചെയ്തതെന്നും
മനുഷ്യര്‍ കണ്ട് അറിയാനും
ചിന്തിച്ചു മനസ്സിലാക്കാനും വേണ്ടിത്തന്നെ.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 145:1, 9, 10-11, 12-13ab

കര്‍ത്താവു കൃപാലുവും കരുണാമയനും ക്ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്.

എന്റെ ദൈവവും രാജാവുമായ അങ്ങയെ ഞാന്‍ പുകഴ്ത്തും;
ഞാന്‍ അങ്ങേ നാമത്തെ എന്നേക്കും വാഴ്ത്തും.
കര്‍ത്താവ് എല്ലാവര്‍ക്കും നല്ലവനാണ്;
തന്റെ സര്‍വസൃഷ്ടിയുടെയും മേല്‍
അവിടുന്നു കരുണ ചൊരിയുന്നു.

കര്‍ത്താവു കൃപാലുവും കരുണാമയനും ക്ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്.

കര്‍ത്താവേ, അവിടുത്തെ എല്ലാ സൃഷ്ടികളും
അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കും;
അങ്ങേ വിശുദ്ധര്‍ അങ്ങയെ വാഴ്ത്തും.
അവിടുത്തെ രാജ്യത്തിന്റെ
മഹത്വത്തെപ്പറ്റി അവര്‍ സംസാരിക്കും;
അവിടുത്തെ ശക്തിയെ അവര്‍ വര്‍ണിക്കും.
അവിടുത്തെ ശക്തമായ പ്രവൃത്തികളും
അവിടുത്തെ രാജ്യത്തിന്റെ മഹത്വപൂര്‍ണമായ പ്രതാപവും
മനുഷ്യമക്കളെ അവര്‍ അറിയിക്കും.

കര്‍ത്താവു കൃപാലുവും കരുണാമയനും ക്ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്.

അവിടുത്തെ രാജത്വം ശാശ്വതമാണ്;
അവിടുത്തെ ആധിപത്യം തലമുറകളോളം നിലനില്‍ക്കുന്നു;
കര്‍ത്താവു വാഗ്ദാനങ്ങളില്‍ വിശ്വസ്തനും
പ്രവൃത്തികളില്‍ കാരുണ്യവാനുമാണ്.

കര്‍ത്താവു കൃപാലുവും കരുണാമയനും ക്ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്.

സുവിശേഷ പ്രഘോഷണവാക്യം

സുവിശേഷം

മത്താ 11:11-15
സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ സ്‌നാപകയോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല.

അക്കാലത്ത് യേശു ജനക്കൂട്ടത്തോടു സംസാരിക്കാന്‍ തുടങ്ങി: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ സ്‌നാപകയോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല. എങ്കിലും സ്വര്‍ഗരാജ്യത്തിലെ ഏറ്റവും ചെറിയവന്‍ അവനെക്കാള്‍ വലിയവനാണ്. സ്‌നാപകയോഹന്നാന്റെ നാളുകള്‍ മുതല്‍ ഇന്നുവരെ സ്വര്‍ഗരാജ്യം ബലപ്രയോഗത്തിനു വിഷയമായിരിക്കുന്നു. ബലവാന്മാര്‍ അതു പിടിച്ചടക്കുന്നു. യോഹന്നാന്‍ വരെ സകല പ്രവാചകന്മാരും നിയമവും പ്രവചനം നടത്തി. നിങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ ഇവനാണ് വരാനിരിക്കുന്ന ഏലിയാ. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വരദാനങ്ങളില്‍നിന്നു ശേഖരിച്ച്
ഞങ്ങള്‍ സമര്‍പ്പിക്കുന്ന കാഴ്ചവസ്തുക്കള്‍ സ്വീകരിക്കുകയും
ഞങ്ങളുടെ കാലാനുസൃതമായ വണക്കത്തിന്റെ ഫലമായി അങ്ങു നല്കുന്നത്
ഞങ്ങള്‍ക്ക് നിത്യരക്ഷയുടെ സമ്മാനമായി ഭവിക്കുകയും ചെയ്യട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം


അനുഗൃഹീതമായ പ്രത്യാശയും
അത്യുന്നത ദൈവത്തിന്റെ മഹത്ത്വത്തിന്റെ
ആഗമനവും പ്രതീക്ഷിച്ചുകൊണ്ട്
നീതിയോടും ഭക്തിയോടുംകൂടെ
ഈ ലോകത്ത് നമ്മള്‍ ജീവിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളാചരിച്ച ദിവ്യരഹസ്യങ്ങള്‍
ഞങ്ങള്‍ക്ക് ഫലദായകമാകണമേ.
നശ്വരമായ വഴിയിലൂടെ ചരിക്കുന്ന ഞങ്ങളെ
ഇപ്പോള്‍ത്തന്നെ ഈ രഹസ്യങ്ങളിലൂടെ
സ്വര്‍ഗീയ കാര്യങ്ങളില്‍ തത്പരരാക്കുന്നതിനും
അനശ്വരമായവ മുറുകെപ്പിടിക്കുന്നതിനും പഠിപ്പിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s