അമ്മ വിചാരങ്ങൾ 04
മറിയമേ, നീ എന്റെ ഏറ്റവും വലിയ സാന്ത്വനം
റോമാ സാമ്രാജ്യത്തിൽ ജീവിച്ചിരുന്ന വിശുദ്ധ ജെർമ്മാനൂസിൻ്റെ (C. 378 – C. 448 AD) ഒരു മരിയൻ കീർത്തനമാണ് ഇന്നത്തെ അമ്മ വിചാരം. ഈ ജീവിതത്തിൽ നമുക്കു ബാധിച്ചേക്കാവുന്ന ബുദ്ധിമുട്ടുകൾ വിശുദ്ധ ജെർമ്മാനൂസ് ഏറ്റു പറയുകയും ഓരോന്നിനും പ്രതിവിധിക്കായി പരിശുദ്ധ കന്യകാ മറിയത്തിലേക്കു തിരിയാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഏറ്റവും പരിശുദ്ധ കന്യകേ!
ദൈവത്തിൽ നിന്ന് എനിക്ക് ലഭിക്കുന്ന
ഏറ്റവും വലിയ സാന്ത്വനം നീയാണ്.
എന്റെ എല്ലാ വേദനകളെയും ശമിപ്പിക്കുന്ന സ്വർഗ്ഗീയ മഞ്ഞുതുള്ളിയാകുന്നു നീ.
എൻ്റെ ആത്മാവ് അന്ധകാരത്താൽ ചുറ്റപ്പെട്ടിരിക്കുമ്പോൾ
നീ എന്റെ ആത്മാവിന്റെ പ്രകാശമാണ്.
അപരിചിതമായ വഴികളിൽ നീ എന്റെ വഴികാട്ടിയാണ്.
ബലഹീനതയിൽ എൻ്റെ സഹായിയും
ദാരിദ്ര്യത്തിൽ എന്റെ നിധിയും
രോഗങ്ങളിൽ എന്റെ പ്രതിവിധിയും
കഷ്ടതയിൽ എന്റെ ആശ്വാസവും
ദുരിതത്തിൽ എന്റെ അഭയവും
എന്റെ രക്ഷയുടെ പ്രത്യാശയും നീ തന്നെ.
മറിയമേ എന്റെ അപേക്ഷകൾ കേൾക്കുകയും
ഉചിതം പോലെ എന്നോടു കരുണ കാണിക്കുകയും ചെയ്യണമേ.
നല്ല ദൈവത്തിന്റെ അമ്മേ,
ദൈവത്തിൻ്റെ കരുണയുടെ സിംഹാസനത്തിൽ നിന്നും
എന്റെ എല്ലാ അപേക്ഷകൾക്കും അനുയോജ്യമായ ഫലങ്ങൾ നേടിത്തരണമേ.
പ്രാർത്ഥിക്കാം.
മറിയമേ, എന്റെ അമ്മേ എന്നെത്തന്നെ പൂർണ്ണമായും നിൻ്റെ കൈകളിൽ ഞാൻ ഭരമേല്പിപ്പിക്കുന്നു. ദൈവത്തെ പ്രസാദിപ്പിക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് എന്നോട് പറയുക, ഞാൻ എല്ലാത്തിനും തയ്യാറാണ്. മറിയമേ, എന്റെ അമ്മയും, എന്റെ വെളിച്ചവും, എന്റെ ആശ്വാസവും, എന്റെ അഭയവും എന്റെ പ്രത്യാശയുമായ നിന്റെ സഹായത്താൽ എല്ലാം ചെയ്യാനാകുമെന്നും ഞാൻ പ്രത്യാശിക്കുന്നു.
ഫാ. ജയ്സൺ കുന്നേൽ mcbs
2021 ഡിസംബർ 20
Advertisements

Advertisements