അമ്മ വിചാരങ്ങൾ 06 അമ്മയെ സ്തുതിക്കാൻ എന്നെ സഹായിക്കണമേ

അമ്മ വിചാരങ്ങൾ 06
ദൈവപുത്രാ, നിൻ്റെ അമ്മയെ സ്തുതിക്കാൻ എന്നെ സഹായിക്കണമേ.
 
കത്തോലിക്കാസഭയിൽ മറിയത്തിൻ്റെ സ്വർഗ്ഗാരോപണത്തിൻ്റെ വേദപാരംഗതൻ (Doctor of Assumption) എന്നറിയപ്പെടുന്ന വിശുദ്ധനാണ് ഏഴ് എട്ട് നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന ദമാസ്കസിലെ വിശുദ്ധ യോഹന്നാൻ (C.676- 744) .പരിശുദ്ധ കന്യകാമറിയത്തെ സ്തുതിക്കുവാൻ നമുക്കു എന്തെങ്കിലും അപര്യാപ്ത തോന്നുന്നുവെങ്കിൽ നമ്മളെ സഹായിക്കാൻ പരിശുദ്ധ മറിയത്തിൻ്റെ മകനോടു ആവശ്യപ്പെടണം എന്നാണ് വിശുദ്ധ യോഹന്നാൻ പറയുന്നത്.
ഓ പരിശുദ്ധ രാജ്ഞി, എന്താണ് ഞങ്ങൾ പറയേണ്ടത്? എന്തുവാക്കുകളാണ് ഞങ്ങൾ ഉപയോഗിക്കേണ്ടത്? പരിശുദ്ധവും മഹത്വമേറിയതുമായ അങ്ങയുടെ ശിരസ്സിനു എന്തു സ്തുതിയാണ് ഞങ്ങൾ ചൊരിയേണ്ടത്, നല്ല ദാനങ്ങളുടെയും സമ്പത്തിൻ്റെയും മാതാവേ, മനുഷ്യരാശിയുടെ അഭിമാനമേ, ‘എല്ലാ സൃഷ്ടികളും നിന്നിലൂടെ അനുഗ്രഹിക്കപ്പെട്ടപ്പോൾ നീ എല്ലാ സൃഷ്ടികളുടെയും മഹത്വമായി.
സകല സൃഷ്ടികൾക്കു മുമ്പുള്ള ആദ്യജാതനും എന്നാൽ സൃഷ്ടിക്കപ്പെടാത്തവനുമായവൻ നിന്നിൽ നിന്നു ജനിച്ചു. അദൃശ്യനായവനെ നീ മുഖാഭിമുഖം ദർശിച്ചു.
അവതരിച്ച ദൈവവചനമേ, മന്ദതതിലായ എൻ്റെ അധരങ്ങളെ തുറക്കുകയും ഞങ്ങളുടെ സംസാരത്തിന് നിൻ്റെ സമ്പന്നമായ അനുഗ്രഹം നൽകുകയും ചെയ്യണമേ.
മുക്കുവൻന്മാരെ വാഗ്മികളും അജ്ഞരായവരെ അമാനുഷിക ജ്ഞാനമുള്ളവരുമാക്കിയ നിൻ്റെ ആത്മാവിനാൽ ഞങ്ങളെ ജ്വലിപ്പിക്കണമേ.
എങ്കിൽ മാത്രമേ ഞങ്ങളുടെ ദുർബലമായ സ്വരങ്ങൾക്ക് നിൻ്റെ പ്രിയപ്പെട്ട അമ്മയ്ക്കു സ്തുതികൾ പാടാനാവു. പുരാതന വംശത്തിൽ നിന്നു ദൈവ പിതാവിൻ്റെ പ്രീതി വഴി തിരഞ്ഞെടുക്കപ്പെട്ടവളാണ് നീ
ദൈവപുത്രാ നീ പിതാവിൽ നിന്നു നിത്യതയിൽ ജനിച്ചു കാലത്തിൻ്റെ പൂർണ്ണതയിൽ മറിയത്തിലൂടെ
ഞങ്ങളുടെ രക്ഷയും നീതിയും വീണ്ടടുപ്പും ജീവൻ്റെ ജീവനും വെളിച്ചത്തിൻ്റെ വെളിച്ചവുമായി നീ
ലോകത്തിൽ അവതരിച്ചു.
 
പ്രാർത്ഥിക്കാം
മറിയമേ, നിൻ്റെ കൃപയുടെ മുൻനിഴലായ എൻ്റെ കർത്താവിൻ്റെ വാക്കുകളിൽ ഞാൻ നിന്നെ സ്തുതിക്കട്ടെ. “പല സ്‌ത്രീകളും തങ്ങളുടെ കഴിവുകള് പ്രകടിപ്പിച്ചിട്ടുണ്ട്‌;
എന്നാല്, നീ അവരെയെല്ലാം അതിശയിക്കുന്നു.”(സുഭാ 31 : 29 )
 
ഫാ. ജയ്സൺ കുന്നേൽ mcbs
2021 ഡിസംബർ 22
Advertisements

Leave a comment