Holy Mass Readings, 5th day within the octave of Christmas 

🌹 🌹 🌹 🌹 🌹 🌹 🌹

29 Dec 2021
5th day within the octave of Christmas 
(optional commemoration of Saint Thomas Becket, Bishop, Martyr)

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

അങ്ങേ പ്രകാശത്തിന്റെ ഉദയംവഴി
ലോകാന്ധകാരമകറ്റിയ സര്‍വശക്തനും
കാണപ്പെടാത്തവനുമായ ദൈവമേ,
അങ്ങേ പ്രശാന്തമായ മുഖം ഞങ്ങളിലേക്കു തിരിക്കണമേ.
അങ്ങനെ, അങ്ങേ ഏകജാതന്റെ ജനനത്തിന്റെ മഹത്ത്വം
ഉചിതമായ സ്തുതികളോടെ ഞങ്ങള്‍ വാഴ്ത്തിപ്പുകഴ്ത്തുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 യോഹ 2:3-11
സഹോദരനെ സ്‌നേഹിക്കുന്നവന്‍ പ്രകാശത്തില്‍ വസിക്കുന്നു.


നാം അവന്റെ കല്‍പനകള്‍ പാലിച്ചാല്‍
അതില്‍ നിന്നു നാം അവനെ അറിയുന്നുവെന്നു തീര്‍ച്ചയാക്കാം.
ഞാന്‍ അവനെ അറിയുന്നു എന്നു പറയുകയും
അവന്റെ കല്‍പനകള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്നവന്‍ കള്ളം പറയുന്നു;
അവനില്‍ സത്യമില്ല.
എന്നാല്‍, അവന്റെ വചനം പാലിക്കുന്നവനില്‍
സത്യമായും ദൈവസ്‌നേഹം പൂര്‍ണത പ്രാപിച്ചിരിക്കുന്നു.
നാം അവനില്‍ വസിക്കുന്നെന്ന് ഇതില്‍ നിന്നു നാം അറിയുന്നു.
അവനില്‍ വസിക്കുന്നെന്നു പറയുന്നവന്‍
അവന്‍ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു.

പ്രിയപ്പെട്ടവരേ, ഒരു പുതിയ കല്‍പനയല്ല ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്;
ആരംഭം മുതല്‍ നിങ്ങള്‍ക്കു നല്‍കപ്പെട്ട പഴയ കല്‍പന തന്നെ.
ആ പഴയ കല്‍പനയാകട്ടെ, നിങ്ങള്‍ ശ്രവിച്ചവചനം തന്നെയാണ്.
എങ്കിലും, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത് ഒരു പുതിയ കല്‍പനയെ കുറിച്ചാണ്.
അത് അവനിലും നിങ്ങളിലും സത്യമാണ്.
എന്തുകൊണ്ടെന്നാല്‍ അന്ധകാരം അസ്തമിച്ചുകൊണ്ടിരിക്കുന്നു;
യഥാര്‍ഥ പ്രകാശം ഉദിച്ചുകഴിഞ്ഞിരിക്കുന്നു.

താന്‍ പ്രകാശത്തിലാണെന്നു പറയുകയും,
അതേസമയം തന്റെ സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നവന്‍
ഇപ്പോഴും അന്ധകാരത്തിലാണ്.
സഹോദരനെ സ്‌നേഹിക്കുന്നവന്‍ പ്രകാശത്തില്‍ വസിക്കുന്നു;
അവന് ഇടര്‍ച്ച ഉണ്ടാകുന്നില്ല.
എന്നാല്‍, തന്റെ സഹോദരനെ വെറുക്കുന്നവന്‍ ഇരുട്ടിലാണ്.
അവന്‍ ഇരുട്ടില്‍ നടക്കുന്നു.
ഇരുട്ട് അവന്റെ കണ്ണുകളെ അന്ധമാക്കിയതിനാല്‍
എവിടേക്കാണു പോകുന്നതെന്ന് അവന്‍ അറിയുന്നില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 96:1-2a,2b-3,5b-6

ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ.

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍,
ഭൂമി മുഴുവന്‍ കര്‍ത്താവിനെ പാടിസ്തുതിക്കട്ടെ!
കര്‍ത്താവിനെ പാടിപ്പുകഴ്ത്തുവിന്‍.
അവിടുത്തെ നാമത്തെ വാഴ്ത്തുവിന്‍.

ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ.

അവിടുത്തെ രക്ഷയെ പ്രതിദിനം പ്രകീര്‍ത്തിക്കുവിന്‍.
ജനതകളുടെയിടയില്‍ അവിടുത്തെ മഹത്വം പ്രഘോഷിക്കുവിന്‍;
ജനപദങ്ങളുടെയിടയില്‍ അവിടുത്തെ
അദ്ഭുത പ്രവൃത്തികള്‍ വര്‍ണിക്കുവിന്‍.

ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ.

കര്‍ത്താവ് ആകാശത്തിന്റെ സ്രഷ്ടാവാണ്.
മഹത്വവും തേജസ്സും അവിടുത്തെ സന്നിധിയിലുണ്ട്;
ബലവും സൗന്ദര്യവും അവിടുത്തെ വിശുദ്ധമന്ദിരത്തിലും.

ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു.
തന്നെ സ്വീകരിച്ചവർക്കെല്ലാം ദൈവമക്കളാകാൻ അവൻ കഴിവു നൽകി.
അല്ലേലൂയ!

സുവിശേഷം

ലൂക്കാ 2:22-35
അത് വിജാതീയര്‍ക്കു വെളിപാടിന്റെ പ്രകാശമാണ്.

മോശയുടെ നിയമമനുസരിച്ച്, ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി. കടിഞ്ഞൂല്‍ പുത്രന്മാരൊക്കെയും കര്‍ത്താവിന്റെ പരിശുദ്ധന്‍ എന്നു വിളിക്കപ്പെടണം എന്നും, ഒരു ജോടി ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍ കുഞ്ഞുങ്ങളെയോ ബലി അര്‍പ്പിക്കണം എന്നും കര്‍ത്താവിന്റെ നിയമത്തില്‍ പറഞ്ഞിരിക്കുന്നത് അനുസരിച്ചാണ് അവര്‍ അങ്ങനെ ചെയ്തത്.
ജറുസലെമില്‍ ശിമയോന്‍ എന്നൊരുവന്‍ ജീവിച്ചിരുന്നു. അവന്‍ നീതിമാനും ദൈവഭക്തനും ഇസ്രായേലിന്റെ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനും ആയിരുന്നു. പരിശുദ്ധാത്മാവ് അവന്റെ മേല്‍ ഉണ്ടായിരുന്നു. കര്‍ത്താവിന്റെ അഭിഷിക്തനെ കാണുന്നതു വരെ മരിക്കുകയില്ല എന്ന് പരിശുദ്ധാത്മാവ് അവന് വെളിപ്പെടുത്തിയിരുന്നു. പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ അവന്‍ ദേവാലയത്തിലേക്കു വന്നു. നിയമപ്രകാരമുള്ള അനുഷ്ഠാനങ്ങള്‍ക്കായി ശിശുവായ യേശുവിനെ മാതാപിതാക്കന്മാര്‍ ദേവാലയത്തില്‍ കൊണ്ടുചെന്നു. ശിമയോന്‍ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു:

കര്‍ത്താവേ, അവിടുത്തെ വാഗ്ദാനമനുസരിച്ച്
ഇപ്പോള്‍ ഈ ദാസനെ സമാധാനത്തില്‍ വിട്ടയയ്ക്കണമേ!
എന്തെന്നാല്‍, സകല ജനതകള്‍ക്കും വേണ്ടി
അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ
എന്റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു.
അത് വിജാതീയര്‍ക്കു വെളിപാടിന്റെ പ്രകാശവും
അവിടുത്തെ ജനമായ ഇസ്രായേലിന്റെ മഹിമയും ആണ്.

അവനെക്കുറിച്ചു പറയപ്പെട്ടതെല്ലാം കേട്ട് അവന്റെ പിതാവും മാതാവും അത്ഭുതപ്പെട്ടു. ശിമയോന്‍ അവരെ അനുഗ്രഹിച്ചുകൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, മഹത്ത്വപൂര്‍ണമായ വിനിമയം നിറവേറ്റുന്ന
ഞങ്ങളുടെ കാഴ്ചദ്രവ്യങ്ങള്‍ സ്വീകരിക്കണമേ.
അങ്ങനെ, അങ്ങ് തന്നവ അര്‍പ്പിച്ചുകൊണ്ട്
അങ്ങയെത്തന്നെ സ്വീകരിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
ലൂക്കാ 1:78

നമ്മുടെ ദൈവത്തിന്റെ ആര്‍ദ്രമായ കരുണയാല്‍
ഉന്നതത്തില്‍ നിന്നുള്ള ഉദയസൂര്യന്‍ നമ്മെ സന്ദര്‍ശിച്ചു.


ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
പരിശുദ്ധമായ ഈ ദിവ്യരഹസ്യങ്ങളുടെ ശക്തിയാല്‍
ഞങ്ങളുടെ ജീവിതം നിരന്തരം ശക്തിപ്പെടാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 🌹 🌹 🌹 🌹 🌹 🌹

Advertisements

Leave a comment