എന്നെക്കൊണ്ട് പറ്റുന്നത് എനിക്ക് ചെയ്യാല്ലോ

കാടിന് തീ പിടിച്ചപ്പോ തീയണയ്ക്കാൻ തന്റെ കുഞ്ഞു കൊക്കിനുള്ളിൽ വെള്ളവുമായി പറന്നു നടന്ന കുരുവിയെക്കുറിച്ചു കേട്ടീട്ടുണ്ടോ? എല്ലാ മൃഗങ്ങളും കളിയാക്കി…. നിനക്ക് പറന്നു പൊക്കൂടെ? ഈ തീ മുഴുവൻ അണയ്ക്കാൻ നിന്നെക്കൊണ്ടു പറ്റില്ല.. വെറുതെ പാഴ്ശ്രമം.. പക്ഷെ മറുപടി ഇതായിരുന്നു…
“മുഴുവൻ തീയണയ്ക്കാൻ പറ്റില്ലായിരിക്കാം… പക്ഷെ എന്നെക്കൊണ്ട് പറ്റുന്നത് എനിക്ക് ചെയ്യാല്ലോ… “

ആ കഥ അവിടം കൊണ്ട് തീരുകയാണ്… പക്ഷെ ആ കഥ ഇങ്ങനെ പൂരിപ്പിക്കാൻ ആഗ്രഹിക്കുന്നു… ആ കുരുവി തന്റെ കൊക്കിൽ വെള്ളമെടുത്തു തീയിലേക്ക് ഒഴിച്ചുകൊണ്ടേയിരുന്നു… ആളിപ്പടരുന്ന തീ എപ്പോഴോ ആ കുരുവിയുടെ ചിറകിലേക്കും പടർന്നു പിടിച്ചു… പക്ഷെ തളർന്നില്ല… പറന്നു അകലേക്ക് പോയില്ല… വെള്ളം ഒഴിച്ചുകൊണ്ടേയിരുന്നു.. ചില ചെടികൾ ആ വെള്ളത്തുള്ളികൾ വീണു തീയിൽ നിന്ന് രക്ഷപ്പെട്ടു… ചൂടേറ്റു വാടിയ ചില പുൽനാമ്പുകൾ ജീവജലം രുചിച്ചു… ചിറകിലെ തീ പിന്നെയും പടർന്നു… അവസാനതൂവൽ കരിഞ്ഞു ആ തീയിലേക്ക് വീഴും വരെയും ആ കുരുവി തീയണയ്ക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു..

ഇത്തരം ദാരുണാന്ത്യം കഥയ്ക്ക് വേണോ എന്ന് ചോദിക്കരുത്… ദാ… അത് ജീവിച്ചു കാണിച്ച പുണ്യമനുഷ്യർ…. കൊറോണ കത്തിപ്പടരുമ്പോ സ്വന്തം രക്ഷ നോക്കി ഓടിപ്പോവാതെ അതിൽ പെട്ട് ദുരിതം പേറുന്നവരെ സഹായിക്കാൻ വേണ്ടി ഓടിനടക്കുന്ന ഒരുപാട് വൈദികരും സമർപ്പിതരും… മനസ്സ് പൊള്ളിക്കുന്നത് അതിൽ പത്തോളം വൈദികരും ആറു സന്യാസിനികളും കൊറോണ ബാധിച്ചു മരണപ്പെട്ടു എന്ന വാർത്തയാണ്… ഇരുപതോളം വൈദികര്‍ ഇപ്പോഴും കൊറോണ ബാധിച്ചു ആശുപത്രിയിലാണ്…. സ്വന്തം ജീവനെ മറന്നു വേദനിക്കുന്നവരുടെ അടുക്കലേക്ക് ഓടിയ ദൈവമനുഷ്യർ… പക്ഷെ ഇതൊന്നും പ്രശ്നമാക്കാതെ ഈ കൊറോണതീയിൽ വെന്തുരുകുന്ന മനുഷ്യര്‍ക്ക് ആശ്വാസം പകരാന്‍ ഇനിയും ഓടി നടക്കുന്ന നൂറുകണക്കിന് വൈദികരും സമർപ്പിതരും…..

വീഴ്ചകൾ ആഘോഷമാക്കി സഭയ്‌ക്കെതിരെ പറയുന്നവരെ, നിങ്ങളിതുകൂടി ഇടയ്ക്കൊന്നു കാണണംട്ടോ… ചിലപ്പോ കാണാൻ കഴിഞ്ഞെന്ന് വരില്ല… പണ്ട് പഠിപ്പിച്ച ഒരു ടീച്ചര്‍ പറഞ്ഞ കണക്ക് ചന്തയില്‍ ഒരുപാട് അരിമണി നിലത്തുകിടപ്പുണ്ടെങ്കിലും കാക്കയുടെ നോട്ടം ചീഞ്ഞുകിടക്കുന്ന വല്ല വേസ്റ്റിലേക്കും ആയിരിക്കും… നല്ല മനസുണ്ടാവട്ടെ നന്‍മകള്‍ കാണാൻ…

കൊറോണക്കാലം പറ്റിയ അവസരമാണെന്ന ചിന്തയില്‍ ദൈവവിശ്വാസത്തെ കരിവാരിത്തേക്കാൻ ഇറങ്ങിയവരോട്… ഇപ്പൊ നിങ്ങളോട് തര്‍ക്കിച്ചു സമയം കളയാനില്ല… പുര കത്തുമ്പോള്‍ വാഴ വെട്ടുന്നതല്ല, കത്തുന്ന പുരയുടെ തീയണക്കാനുള്ള ശ്രമത്തിലാണ്… ദാ കണ്ടില്ലേ ഒരു വൈദികന്‍… ആളുകള്‍ കുർബാനക്ക് വരാൻ പാടില്ലെന്നു നിയമം വന്നപ്പോ അവരുടെ ചിത്രങ്ങൾ ദൈവാലയത്തിൽ അവരിരിക്കുന്ന ഇടത്തില്‍ വച്ച് ഇടവകയ്ക്ക് വേണ്ടി ബലിയർപ്പിച്ചത്…. ഇടവകയിലെ കുട്ടികള്‍ക്ക് മുന്നില്‍ തന്നെ സ്ഥാനം കൊടുത്തു ആ വൈദികന്‍…. മറ്റൊരു ചിത്രം കൂടിയുണ്ട്… തെരുവില്‍ ഇരുന്നു കുമ്പസാരം കേള്‍ക്കുന്ന ഒരു വൈദികന്‍… കാറിൽ ഇരുന്നു ഒരു മനുഷ്യന്‍ തന്റെ പാപങ്ങൾ ഏറ്റു പറയുമ്പോൾ ഈ കുമ്പസാരം ഒരിക്കലും അയാൾ മറക്കില്ല…. കാരണം സ്വന്തം ജീവനെ പരിഗണിക്കാതെയാണ് ഈ വൈദികര്‍ ജനത്തിന്റെ അടുത്തേക്ക് ഇറങ്ങിയിരിക്കുന്നത്…

സ്നേഹിതർക്ക് വേണ്ടി ജീവൻ ബലികഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്നു ജീവിതം കൊണ്ട് പഠിപ്പിച്ച ഗുരുവിന്റെ ശിഷ്യർ അത് ജീവിതം കൊണ്ട് തെളിയിക്കുമ്പോൾ ഈ നോമ്പിൽ വേറെ സുവിശേഷപ്രഘോഷങ്ങളെന്തിന്….
✍🏻റിന്റോ പയ്യപ്പിള്ളി ✍🏻

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s