Holy Mass Readings Malayalam, 5th Sunday in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥
06 Feb 2022
5th Sunday in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം
സങ്കീ 95:6-7

വരുവിന്‍, നമുക്ക് ദൈവത്തെ ആരാധിക്കാം,
നമ്മെ സൃഷ്ടിച്ച കര്‍ത്താവിന്റെ മുമ്പില്‍ കുമ്പിട്ടു വണങ്ങാം.
എന്തെന്നാല്‍, അവിടന്നാണ് നമ്മുടെ ദൈവമായ കര്‍ത്താവ്.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, നിരന്തരകാരുണ്യത്താല്‍
അങ്ങേ കുടുംബത്തെ സംരക്ഷിക്കണമേ.
അങ്ങനെ, സ്വര്‍ഗീയ കൃപയുടെ
ഏകപ്രത്യാശയില്‍ ആശ്രയിച്ചുകൊണ്ട്,
അങ്ങേ സംരക്ഷണത്താല്‍ എപ്പോഴും സുരക്ഷിതരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന


ഏശ 6:1-2a,3-8
ഞാന്‍ അശുദ്ധമായ അധരങ്ങളുള്ളവനാണ്. സൈന്യങ്ങളുടെ കര്‍ത്താവായ രാജാവിനെ എന്റെ നയനങ്ങള്‍ ദര്‍ശിച്ചിരിക്കുന്നു.

ഉസിയാരാജാവു മരിച്ചവര്‍ഷം
കര്‍ത്താവ് ഉന്നതമായ ഒരു സിംഹാസനത്തില്‍
ഉപവിഷ്ടനായിരിക്കുന്നതു ഞാന്‍ കണ്ടു.
അവിടുത്തെ വസ്ത്രാഞ്ചലം ദേവാലയം മുഴുവന്‍ നിറഞ്ഞുനിന്നു.
അവിടുത്തെ ചുററും സെറാഫുകള്‍ നിന്നിരുന്നു.
അവയ്ക്ക് ആറു ചിറകുകള്‍വീതം ഉണ്ടായിരുന്നു.
അവ പരസ്പരം ഉദ്‌ഘോഷിച്ചുകൊണ്ടിരുന്നു:

പരിശുദ്ധന്‍, പരിശുദ്ധന്‍, സൈന്യങ്ങളുടെ കര്‍ത്താവ് പരിശുദ്ധന്‍.
ഭൂമി മുഴുവന്‍ അവിടുത്തെ മഹത്വം നിറഞ്ഞിരിക്കുന്നു.

അവയുടെ ശബ്ദഘോഷത്താല്‍
പൂമുഖത്തിന്റെ അടിസ്ഥാനങ്ങള്‍ ഇളകുകയും
ദേവാലയം ധൂമപൂരിതമാവുകയും ചെയ്തു.
ഞാന്‍ പറഞ്ഞു:

എനിക്കു ദുരിതം! ഞാന്‍ നശിച്ചു.
എന്തെന്നാല്‍, ഞാന്‍ അശുദ്ധമായ അധരങ്ങളുള്ളവനും
അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനുമാണ്.
എന്തെന്നാല്‍, സൈന്യങ്ങളുടെ കര്‍ത്താവായ രാജാവിനെ
എന്റെ നയനങ്ങള്‍ ദര്‍ശിച്ചിരിക്കുന്നു.

അപ്പോള്‍ സെറാഫുകളിലൊന്ന്
ബലിപീഠത്തില്‍ നിന്ന് കൊടില്‍ കൊണ്ട് എടുത്ത
ഒരു തീക്കനലുമായി എന്റെയടുത്തേക്കു പറന്നു വന്നു.
അവന്‍ എന്റെ അധരങ്ങളെ സ്പര്‍ശിച്ചിട്ടു പറഞ്ഞു:

ഇതു നിന്റെ അധരങ്ങളെ സ്പര്‍ശിച്ചിരിക്കുന്നു.
നിന്റെ മാലിന്യം നീക്കപ്പെട്ടു;
നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു.

അതിനുശേഷം കര്‍ത്താവ് അരുളിച്ചെയ്യുന്നതു ഞാന്‍ കേട്ടു:

ആരെയാണ് ഞാന്‍ അയയ്ക്കുക?
ആരാണ് നമുക്കുവേണ്ടി പോവുക?

അപ്പോള്‍ ഞാന്‍ പറഞ്ഞു:

ഇതാ ഞാന്‍ ! എന്നെ അയച്ചാലും!

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 138:1-2,2-3,4-5,7-8

കര്‍ത്താവേ, മാലാഖമാരുടെ സന്നിധിയില്‍ ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കും.

കത്താവേ, ഞാന്‍ പൂര്‍ണഹൃദയത്തോടെ
അങ്ങേക്കു നന്ദിപറയുന്നു;
ദേവന്മാരുടെ മുന്‍പില്‍
ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തും.
ഞാന്‍ അങ്ങേ വിശുദ്ധമന്ദിരത്തിനു നേരേ
ശിരസ്സു നമിക്കുന്നു;

കര്‍ത്താവേ, മാലാഖമാരുടെ സന്നിധിയില്‍ ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കും.

അങ്ങേ കാരുണ്യത്തെയും വിശ്വസ്തതയെയും
ഓര്‍ത്ത് അങ്ങേക്കു നന്ദിപറയുന്നു;
അങ്ങേ നാമവും വാഗ്ദാനവും അത്യുന്നതമാണ്.
ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍
അവിടുന്ന് എനിക്ക് ഉത്തരമരുളി;
അവിടുന്ന് എന്റെ ആത്മാവില്‍
ധൈര്യം പകര്‍ന്ന് എന്നെ ശക്തിപ്പെടുത്തി.

കര്‍ത്താവേ, മാലാഖമാരുടെ സന്നിധിയില്‍ ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കും.

കര്‍ത്താവേ, ഭൂമിയിലെ സകല രാജാക്കന്മാരും
അങ്ങയെ പ്രകീര്‍ത്തിക്കും;
എന്തെന്നാല്‍, അവര്‍ അങ്ങേ വാക്കുകള്‍ കേട്ടിരിക്കുന്നു.
അവര്‍ കര്‍ത്താവിന്റെ മാര്‍ഗങ്ങളെക്കുറിച്ചു പാടും;
എന്തെന്നാല്‍, കര്‍ത്താവിന്റെ മഹത്വം വലുതാണ്.

കര്‍ത്താവേ, മാലാഖമാരുടെ സന്നിധിയില്‍ ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കും.

അവിടുത്തെ വലത്തുകൈ എന്നെ രക്ഷിക്കും.
എന്നെക്കുറിച്ചുള്ള തന്റെ നിശ്ചയം കര്‍ത്താവു നിറവേറ്റും;
കര്‍ത്താവേ, അവിടുത്തെ കാരുണ്യം അനന്തമാണ്;
അങ്ങേ സൃഷ്ടിയെ ഉപേക്ഷിക്കരുതേ!

കര്‍ത്താവേ, മാലാഖമാരുടെ സന്നിധിയില്‍ ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കും.

രണ്ടാം വായന

1 കോറി 15:1-11
ഇതാണ് ഞങ്ങള്‍ പ്രസംഗിക്കുന്നതും നിങ്ങള്‍ വിശ്വസിച്ചതും.

സഹോദരരേ, നിങ്ങള്‍ സ്വീകരിച്ചതും നിങ്ങളുടെ അടിസ്ഥാനമായി നിലകൊള്ളുന്നതും നിങ്ങള്‍ക്കു രക്ഷ പ്രദാനം ചെയ്തതുമായ സുവിശേഷം ഞാന്‍ എപ്രകാരമാണ് നിങ്ങളോടു പ്രസംഗിച്ചതെന്ന് ഇനി നിങ്ങളെ അനുസ്മരിപ്പിക്കാം. അതനുസരിച്ചു നിങ്ങള്‍ അചഞ്ചലരായി അതില്‍ നിലനിന്നാല്‍ നിങ്ങളുടെ വിശ്വാസം വ്യര്‍ഥമാവുകയില്ല.
എനിക്കു ലഭിച്ചതു സര്‍വപ്രധാനമായി കരുതി ഞാന്‍ നിങ്ങള്‍ക്ക് ഏല്‍പിച്ചുതന്നു. വിശുദ്ധ ലിഖിതങ്ങളില്‍ പറഞ്ഞിട്ടുളളതുപോലെ, ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി മരിക്കുകയും സംസ്‌കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു. അവന്‍ കേപ്പായ്ക്കും പിന്നീടു പന്ത്രണ്ടുപേര്‍ക്കും പ്രത്യക്ഷനായി. അതിനുശേഷം ഒരുമിച്ച് അഞ്ഞൂറിലധികം സഹോദരര്‍ക്കു പ്രത്യക്ഷനായി. അവരില്‍ ഏതാനുംപേര്‍ മരിച്ചുപോയി. മിക്കവരും ഇന്നും ജീവിച്ചിരിപ്പുണ്ട്. പിന്നീട് അവന്‍ യാക്കോബിനും, തുടര്‍ന്ന് മറ്റെല്ലാ അപ്പോസ്തലന്മാര്‍ക്കും കാണപ്പെട്ടു. ഏറ്റവും ഒടുവില്‍ അകാലജാതന് എന്നതുപോലെ എനിക്കും അവിടുന്നു പ്രത്യക്ഷനായി. ഞാന്‍ അപ്പോസ്തലന്മാരില്‍ ഏറ്റവും നിസ്സാരനാണ്. ദൈവത്തിന്റെ സഭയെ പീഡിപ്പിച്ചതു നിമിത്തം അപ്പോസ്തലനെന്ന നാമത്തിനു ഞാന്‍ അയോഗ്യനുമാണ്. ഞാന്‍ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ്. എന്റെമേല്‍ ദൈവം ചൊരിഞ്ഞ കൃപ നിഷ്ഫലമായിപ്പോയിട്ടില്ല. നേരേമറിച്ച് മറ്റെല്ലാവരെയുംകാള്‍ അധികം ഞാന്‍ അധ്വാനിച്ചു. എന്നാല്‍, ഞാനല്ല എന്നിലുള്ള ദൈവകൃപയാണ് അധ്വാനിച്ചത്. അതുകൊണ്ട്, ഞാനോ അവരോ, ആരുതന്നെയായാലും ഇതാണ് ഞങ്ങള്‍ പ്രസംഗിക്കുന്നതും നിങ്ങള്‍ വിശ്വസിച്ചതും.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

യേശു അവരോടു പറഞ്ഞു;എന്നെ അനുഗമിക്കുക; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 5:1-11
എല്ലാം ഉപേക്ഷിച്ച് അവര്‍ അവിടുത്തെ അനുഗമിച്ചു.

അക്കാലത്ത്, ദൈവവചനം ശ്രവിക്കാന്‍ ജനങ്ങള്‍ യേശുവിനു ചുറ്റും തിങ്ങിക്കൂടി. അവന്‍ ഗനേസറത്തു തടാകത്തിന്റെ തീരത്തു നില്‍ക്കുകയായിരുന്നു. രണ്ടു വള്ളങ്ങള്‍ കരയോടടുത്ത് കിടക്കുന്നത് അവന്‍ കണ്ടു. മീന്‍പിടിത്തക്കാര്‍ അവയില്‍ നിന്നിറങ്ങി വല കഴുകുകയായിരുന്നു. ശിമയോന്റെതായിരുന്നു വള്ളങ്ങളില്‍ ഒന്ന്. യേശു അതില്‍ കയറി. കരയില്‍ നിന്ന് അല്‍പം അകലേക്കു വള്ളം നീക്കാന്‍ അവനോട് യേശു ആവശ്യപ്പെട്ടു. അതില്‍ ഇരുന്ന് അവന്‍ ജനങ്ങളെ പഠിപ്പിച്ചു. സംസാരിച്ചു തീര്‍ന്നപ്പോള്‍ അവന്‍ ശിമയോനോടു പറഞ്ഞു: ആഴത്തിലേക്കു നീക്കി, മീന്‍പിടിക്കാന്‍ വലയിറക്കുക. ശിമയോന്‍ പറഞ്ഞു: ഗുരോ, രാത്രി മുഴുവന്‍ അദ്ധ്വാനിച്ചിട്ടും ഞങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല. എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാന്‍ വലയിറക്കാം. വലയിറക്കിയപ്പോള്‍ വളരെയേറെ മത്സ്യങ്ങള്‍ അവര്‍ക്കു കിട്ടി. അവരുടെ വല കീറിത്തുടങ്ങി. അവര്‍ മറ്റേ വള്ളത്തില്‍ ഉണ്ടായിരുന്ന കൂട്ടുകാരെ ആംഗ്യം കാണിച്ച് സഹായത്തിനു വിളിച്ചു. അവര്‍ വന്ന് രണ്ടു വള്ളങ്ങളും മുങ്ങാറാകുവോളം നിറച്ചു. ശിമയോന്‍പത്രോസ് ഇതു കണ്ടപ്പോള്‍ യേശുവിന്റെ കാല്‍ക്കല്‍ വീണ്, കര്‍ത്താവേ, എന്നില്‍ നിന്ന് അകന്നുപോകണമേ; ഞാന്‍ പാപിയാണ് എന്നുപറഞ്ഞു. എന്തെന്നാല്‍, തങ്ങള്‍ക്കു കിട്ടിയ മീനിന്റെ പെരുപ്പത്തെപ്പറ്റി ശിമയോനും കൂടെയുണ്ടായിരുന്നവരും അദ്ഭുതപ്പെട്ടു. അതുപോലെതന്നെ, അവന്റെ പങ്കുകാരായ സെബദീപുത്രന്മാര്‍ – യാക്കോബും യോഹന്നാനും-വിസ്മയിച്ചു. യേശു ശിമയോനോടു പറഞ്ഞു: ഭയപ്പെടേണ്ടാ; നീ ഇപ്പോള്‍ മുതല്‍ മനുഷ്യരെ പിടിക്കുന്നവനാകും. വള്ളങ്ങള്‍ കരയ്ക്കടുപ്പിച്ചതിനുശേഷം എല്ലാം ഉപേക്ഷിച്ച് അവര്‍ അവനെ അനുഗമിച്ചു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
ഞങ്ങളുടെ ബലഹീനതയില്‍ സഹായമായി
ഈ സൃഷ്ടവസ്തുക്കളെ അങ്ങ് രൂപപ്പെടുത്തിയല്ലോ.
അങ്ങനെ, ഇവ നിത്യതയുടെ കൂദാശയായിത്തീരാന്‍
അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 107:8-9

കര്‍ത്താവിന് അവിടത്തെ കാരുണ്യത്തെ പ്രതിയും
മനുഷ്യമക്കള്‍ക്കായി അവിടന്നു ചെയ്ത അദ്ഭുതങ്ങളെ പ്രതിയും
അവര്‍ നന്ദിപറയട്ടെ.
എന്തെന്നാല്‍, അവിടന്ന് ദാഹാര്‍ത്തന് തൃപ്തിവരുത്തുകയും
വിശപ്പുള്ളവന് വിശിഷ്ടവിഭവങ്ങള്‍ കൊണ്ട്
സംതൃപ്തി ഉളവാക്കുകയും ചെയ്യുന്നു.


Or:
മത്താ 5:5-6

വിലപിക്കുന്നവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍ അവര്‍ ആശ്വസിപ്പിക്കപ്പെടും.
നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും
ചെയ്യുന്നവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍ അവര്‍ സംതൃപ്തരാകും.

ദിവ്യഭോജനപ്രാര്‍ത്ഥന

ദൈവമേ, ഒരേ അപ്പത്തില്‍ നിന്നും ഒരേ പാനപാത്രത്തില്‍ നിന്നും
ഞങ്ങള്‍ പങ്കുകൊള്ളാന്‍ അങ്ങ് തിരുമനസ്സായല്ലോ.
ക്രിസ്തുവില്‍ ഒന്നായിത്തീര്‍ന്നുകൊണ്ട്,
ലോകരക്ഷയ്ക്കായി ആനന്ദത്തോടെ
ഫലം പുറപ്പെടുവിക്കാന്‍ തക്കവിധം ജീവിക്കുന്നതിന്
ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.


❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Leave a comment