Gospel of St. Mathew Chapter 2 | വി. മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 2 | Malayalam Bible | POC Translation

വി. മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 2

ജ്ഞാനികളുടെ സന്ദര്‍ശനം

1 ഹേറോദേസ് രാജാവിന്റെ കാലത്ത്‌യൂദയായിലെ ബേത്‌ലെഹെമില്‍ യേശു ജനിച്ചപ്പോള്‍ പൗരസ്ത്യദേശത്തുനിന്നു ജ്ഞാനികള്‍ ജറുസലെമിലെത്തി. 2 അവര്‍ അന്വേഷിച്ചു: എവിടെയാണ് യഹൂദന്‍മാരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്. 3 ഇതുകേട്ട് ഹേറോദേസ് രാജാവ് അസ്വസ്ഥനായി; അവനോടൊപ്പം ജറുസലെം മുഴുവനും. 4 അവന്‍ പ്രധാനപുരോഹിതന്‍മാരെയും ജനത്തിന്റെ യിടയിലെ നിയമജ്ഞരെയും വിളിച്ചുകൂട്ടി, ക്രിസ്തു എവിടെയാണ് ജനിക്കുന്നതെന്നു ചോദിച്ചു. 5 അവര്‍ പറഞ്ഞു:യൂദയായിലെ ബേത്‌ലെഹെമില്‍. പ്രവാചകന്‍ എഴുതിയിരിക്കുന്നു: 6 യൂദയായിലെ ബേത്‌ലെഹെമേ, നീയൂദയായിലെ പ്രമുഖ നഗരങ്ങളില്‍ ഒട്ടും താഴെയല്ല; എന്റെ ജനമായ ഇസ്രായേലിനെ നയിക്കാനുള്ളവന്‍ നിന്നില്‍ നിന്നാണ് ഉദ്ഭവിക്കുക. 7 അപ്പോള്‍ ഹേറോദേസ് ആജ്ഞാനികളെ രഹസ്യമായി വിളിച്ച്, നക്ഷത്രം പ്രത്യക്ഷപ്പെട്ടതെപ്പോഴെന്നു സൂക്ഷ്മമായി ആകാംക്ഷയോടെ അന്വേഷിച്ചറിഞ്ഞു. 8 അവന്‍ അവരെ ബേത്‌ലെഹെമിലേക്ക് അയച്ചുകൊണ്ടു പറഞ്ഞു: പോയി ശിശുവിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കുക; അവനെ കണ്ടുകഴിയുമ്പോള്‍ ഞാനും ചെന്ന് ആരാധിക്കേണ്ടതിന് എന്നെയും അറിയിക്കുക. 9 രാജാവു പറഞ്ഞതുകേട്ടിട്ട് അവര്‍ പുറപ്പെട്ടു. കിഴക്കുകണ്ട നക്ഷത്രം അവര്‍ക്കുമുമ്പേ നീങ്ങിക്കൊണ്ടിരുന്നു. അതു ശിശു കിടക്കുന്ന സ്ഥലത്തിനു മുകളില്‍ വന്നുനിന്നു.10 നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു.11 അവര്‍ ഭവനത്തില്‍ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു. നിക്‌ഷേപപാത്രങ്ങള്‍ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ചയര്‍പ്പിച്ചു.12 ഹേറോദേസിന്റെ അടുത്തേക്കു മടങ്ങിപ്പോകരുതെന്ന് സ്വപ്നത്തില്‍ മുന്നറിയിപ്പു ലഭിച്ചതനുസരിച്ച് അവര്‍ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി.

ഈജിപ്തിലേക്കുള്ള പലായനം

13 അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ് ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും.14 അവന്‍ ഉണര്‍ന്ന്, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രിതന്നെ ഈജിപ്തിലേക്കുപോയി; 15 ഹേറോദേസിന്റെ മരണംവരെ അവിടെ വസിച്ചു. ഈജിപ്തില്‍നിന്നു ഞാന്‍ എന്റെ പുത്രനെ വിളിച്ചു എന്നു പ്രവാചകനിലൂടെ കര്‍ത്താവ് അരുളിച്ചെയ്തതു പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്. 16 ജ്ഞാനികള്‍ തന്നെ കബളിപ്പിച്ചെന്നു മനസ്‌സിലാക്കിയ ഹേറോദേസ് രോഷാകുലനായി. അവരില്‍നിന്നു മനസ്‌സിലാക്കിയ സമയമനുസരിച്ച് അവന്‍ ബേത്‌ലെഹെമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതില്‍ താഴെയും വയസ്‌സുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിച്ചു. 17 ഇങ്ങനെ, ജറെമിയാപ്രവാചകന്‍ വഴി അരുളിച്ചെയ്യപ്പെട്ടതു പൂര്‍ത്തിയായി: 18 റാമായില്‍ ഒരുസ്വരം, വലിയ കരച്ചിലും മുറവിളിയും. റാഹേല്‍ സന്താനങ്ങളെക്കുറിച്ചു കരയുന്നു. അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം. എന്തെന്നാല്‍, അവള്‍ക്കു സന്താനങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു.

തിരിച്ചുവരവ്

19 ഹേറോദേസിന്റെ മരണത്തിനുശേഷം ഈജിപ്തില്‍വച്ചു കര്‍ത്താവിന്റെ ദൂതന്‍ ജോസഫിനു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: 20 എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേല്‍ദേശത്തേക്കു മടങ്ങുക; ശിശുവിനെ വധിക്കാന്‍ ശ്രമിച്ചവര്‍ മരിച്ചുകഴിഞ്ഞു. 21 അവന്‍ എഴുന്നേറ്റ്, ശിശുവിനെയും അമ്മയെയുംകൂട്ടി, ഇസ്രായേല്‍ ദേശത്തേക്കു പുറപ്പെട്ടു. 22 മകന്‍ അര്‍ക്കലാവോസാണ് പിതാവായ ഹേറോദേസിന്റെ സ്ഥാനത്ത്‌യൂദയായില്‍ ഭരിക്കുന്നതെന്നു കേട്ടപ്പോള്‍ അവിടേക്കുപോകാന്‍ ജോസഫിനു ഭയമായി. സ്വപ്നത്തില്‍ ലഭിച്ച മുന്നറിയിപ്പനുസരിച്ച് അവന്‍ ഗലീലി പ്രദേശത്തേക്കു പോയി. 23 അവന്‍ നസറായന്‍ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്‍വഴി അരുളിച്ചെയ്യപ്പെട്ടതു നിവൃത്തിയാകുവാന്‍, നസ്രത്ത് എന്ന പട്ടണത്തില്‍ അവന്‍ ചെന്നുപാര്‍ത്തു.

Advertisements
Advertisements
Advertisements

Leave a comment