Gospel of St. Mathew Chapter 11 | വി. മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 11 | Malayalam Bible | POC Translation

വി. മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 11

സ്‌നാപകന്റെ ശിഷ്യന്‍മാര്‍
(ലൂക്കാ 7 : 18 – 7 : 23 )

1 യേശു പന്ത്രണ്ടു ശിഷ്യന്‍മാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയതിനുശേഷം, അവരുടെ പട്ടണങ്ങളില്‍ പഠിപ്പിക്കാനും പ്രസംഗിക്കാനുമായി അവിടെനിന്നു പുറപ്പെട്ടു. 2 യോഹന്നാന്‍ കാരാഗൃഹത്തില്‍വച്ച് ക്രിസ്തുവിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കേട്ട് ശിഷ്യന്‍മാരെ അയച്ച് അവനോടു ചോദിച്ചു: 3 വരാനിരിക്കുന്നവന്‍ നീ തന്നെയോ? അതോ ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്ഷിക്കണമോ? 4 യേശു പറഞ്ഞു: നിങ്ങള്‍ കേള്‍ക്കുന്നതും കാണുന്നതും പോയി യോഹന്നാനെ അറിയിക്കുക. 5 അന്ധന്മാര്‍ കാഴ്ച പ്രാപിക്കുന്നു, മുടന്തന്‍മാര്‍ നടക്കുന്നു, കുഷ്ഠരോഗികള്‍ ശുദ്ധരാക്കപ്പെടുന്നു, ബധിരര്‍ കേള്‍ക്കുന്നു, മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു. 6 എന്നില്‍ ഇടര്‍ച്ചതോന്നാത്തവന്‍ ഭാഗ്യവാന്‍.

സ്‌നാപകനെക്കുറിച്ചു സാക്ഷ്യം.
(ലൂക്കാ 7 : 24 – 7 : 35 )

7 അവര്‍ പോയതിനുശേഷം യേശു ജനക്കൂട്ടത്തോടു യോഹന്നാനെക്കുറിച്ചു സംസാരിക്കാന്‍ തുടങ്ങി. എന്തു കാണാനാണു നിങ്ങള്‍ മരുഭൂമിയിലേക്കുപോയത്? കാറ്റത്തുലയുന്ന ഞാങ്ങണയോ?8 അല്ലെങ്കില്‍ വേറെ എന്തു കാണാനാണു നിങ്ങള്‍ പോയത്? മൃദുല വസ്ത്രങ്ങള്‍ ധരിച്ച മനുഷ്യനെയോ? മൃദുലവസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ രാജകൊട്ടാരങ്ങളിലാണുള്ളത്.9 അല്ലെങ്കില്‍, പിന്നെ എന്തിനാണു നിങ്ങള്‍ പോയത്? പ്രവാചകനെ കാണാനോ? അതെ, ഞാന്‍ നിങ്ങളോടു പറയുന്നു, പ്രവാചകനെക്കാള്‍ വലിയവനെത്തന്നെ. 10 ഇവനെപ്പറ്റിയാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്: ഇതാ! നിനക്കുമുമ്പേ എന്റെ ദൂതനെ ഞാന്‍ അയയ്ക്കുന്നു. അവന്‍ നിന്റെ മുമ്പേ പോയി നിനക്കു വഴി ഒരുക്കും. 11 സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ സ്‌നാപകയോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല. എങ്കിലും സ്വര്‍ഗരാജ്യത്തിലെ ഏറ്റവും ചെറിയവന്‍ അവനെക്കാള്‍ വലിയവനാണ്. 12 സ്‌നാപകയോഹന്നാന്റെ നാളുകള്‍ മുതല്‍ ഇന്നുവരെ സ്വര്‍ഗരാജ്യം ബലപ്രയോഗത്തിനു വിഷയമായിരിക്കുന്നു. ബലവാന്‍മാര്‍ അതു പിടിച്ചടക്കുന്നു. 13 യോഹന്നാന്‍വരെ സകല പ്രവാചകന്‍മാരും നിയമവും പ്രവചനം നടത്തി. 14 നിങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ ഇവനാണ് വരാനിരിക്കുന്ന ഏലിയാ. 15 ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. 16 ഈ തലമുറയെ എന്തിനോടാണു ഞാന്‍ ഉപമിക്കേണ്ടത്? 17 ചന്ത സ്ഥലത്തിരുന്ന്, കൂട്ടുകാരെ വിളിച്ച്, ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി കുഴലൂതി. എങ്കിലും, നിങ്ങള്‍ നൃത്തം ചെയ്തില്ല; ഞങ്ങള്‍ വിലാപഗാനം ആലപിച്ചു എങ്കിലും, നിങ്ങള്‍ വിലപിച്ചില്ല എന്നുപറയുന്ന കുട്ടികള്‍ക്കു സമാനമാണ് ഈ തലമുറ. 18 യോഹന്നാന്‍ ഭക്ഷിക്കാത്തവനും പാനം ചെയ്യാത്തവനുമായിവന്നു. അവന്‍ പിശാചുബാധിതനാണെന്ന് അപ്പോള്‍ അവര്‍ പറയുന്നു.19 മനുഷ്യപുത്രന്‍ ഭക്ഷിക്കുന്നവനും പാനംചെയ്യുന്നവനുമായി വന്നു. അപ്പോള്‍ അവര്‍ പറയുന്നു: ഇതാ, ഭോജനപ്രിയനും വീഞ്ഞുകുടിയനും ചുങ്കക്കാരുടെയും പാപികളുടെയും സ്‌നേഹിതനുമായ മനുഷ്യന്‍! എങ്കിലും ജ്ഞാനം അതിന്റെ പ്രവൃത്തികളാല്‍ നീതീകരിക്കപ്പെട്ടിരിക്കുന്നു.

അനുതപിക്കാത്തനഗരങ്ങള്‍.
(ലൂക്കാ 10 : 13 – 10 : 15 )

20 യേശു താന്‍ ഏറ്റവും കൂടുതല്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച നഗരങ്ങള്‍ മാനസാന്തരപ്പെടാത്തതിനാല്‍ അവയെ ശാസിക്കാന്‍ തുടങ്ങി: 21 കൊറാസീന്‍, നിനക്കു ദുരിതം! ബേത്‌സയ്ദാ, നിനക്കു ദുരിതം! നിന്നില്‍ നടന്ന അദ്ഭുതങ്ങള്‍ ടയിറിലും സീദോനിലും നടന്നിരുന്നെങ്കില്‍ അവ എത്ര പണ്ടേ ചാക്കുടുത്തു ചാരം പൂശി അനുതപിക്കുമായിരുന്നു! 22 വിധിദിനത്തില്‍ ടയിറിനും സീദോനും നിങ്ങളെക്കാള്‍ ആശ്വാസമുണ്ടാകുമെന്നു ഞാന്‍ നിങ്ങളോടുപറയുന്നു. 23 കഫര്‍ണാമേ, നീ സ്വര്‍ഗംവരെ ഉയര്‍ത്തപ്പെട്ടുവെന്നോ? പാതാളംവരെ നീ താഴ്ത്തപ്പെടും. നിന്നില്‍ സംഭവിച്ച അദ്ഭുതങ്ങള്‍സോദോമില്‍ സംഭവിച്ചിരുന്നെങ്കില്‍, അത് ഇന്നും നിലനില്‍ക്കുമായിരുന്നു. 24 ഞാന്‍ നിന്നോടു പറയുന്നു: വിധിദിനത്തില്‍ സോദോമിന്റെ സ്ഥിതി നിന്‍േറതിനെക്കാള്‍ സഹനീയമായിരിക്കും.

ക്ലേശിതര്‍ക്കാശ്രയം.
(ലൂക്കാ 10 : 21 – 10 : 22 )

25 യേശു ഉദ്‌ഘോഷിച്ചു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്‍മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു. 26 അതേ, പിതാവേ, ഇപ്രകാരമായിരുന്നു നിന്റെ തിരുവുള്ളം. 27 സര്‍വവും എന്റെ പിതാവ് എന്നെ ഏല്‍പിച്ചിരിക്കുന്നു. പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രന്‍ ആര്‍ക്കുവെളിപ്പെടുത്തിക്കൊടുക്കാന്‍മനസ്‌സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല. 28 അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; 29 ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. 30 എന്തെന്നാല്‍, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്.

Advertisements
Advertisements
Advertisements

Leave a comment