Readings for the Mass for the Dead, Gospel and Epistles, SyroMalabar Rite | Holy Qurbana for the Dead, Readings

മരിച്ചവർക്കുവേണ്ടിയുള്ള കുർബാനയിൽ വായിക്കുവാൻ വേണ്ടിയുള്ള തിരുവചനഭാഗങ്ങൾ


ലേഖനം

സഹോദരരേ, പൗലോസ് ശ്ലീഹാ കോറിന്തോസിലെ സഭക്കെഴുതിയ ഒന്നാം ലേഖനം

1 കോറിന്തോസ് 15, 12 – 19

12 ക്രിസ്തു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടതായി പ്രഘോഷിക്കപ്പെടുന്നെങ്കില്‍ മരിച്ചവര്‍ക്കു പുനരുത്ഥാനം ഇല്ല എന്നു നിങ്ങളില്‍ ചിലര്‍ പറയുന്നതെങ്ങനെ? 13 മരിച്ചവര്‍ക്കു പുനരുത്ഥാനം ഇല്ലെങ്കില്‍ ക്രിസ്തുവും ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല. 14 ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ഥം.15 മാത്രമല്ല, ഞങ്ങള്‍ ദൈവത്തിനുവേണ്ടി കപടസാക്ഷ്യം വഹിക്കുന്നവരായിത്തീരുന്നു. എന്തെന്നാല്‍, ദൈവം ക്രിസ്തുവിനെ ഉയിര്‍പ്പിച്ചു എന്നു ഞങ്ങള്‍ സാക്ഷ്യപ്പെടുത്തി. മരിച്ചവര്‍യഥാര്‍ഥത്തില്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ ദൈവം ക്രിസ്തുവിനെയും ഉയിര്‍പ്പിച്ചിട്ടില്ല.16 മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ ക്രിസ്തുവും ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല.17 ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം നിഷ്ഫലമാണ്. നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ത്തന്നെ വര്‍ത്തിക്കുന്നു.18 ക്രിസ്തുവില്‍ നിദ്രപ്രാപിച്ചവര്‍ നശിച്ചുപോവുകയും ചെയ്തിരിക്കുന്നു.19 ഈ ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍, നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്.

(അല്ലെങ്കിൽ)

സഹോദരരേ, പൗലോസ് ശ്ലീഹാ കോറിന്തോസിലെ സഭക്കെഴുതിയ ഒന്നാം ലേഖനം

1 കോറിന്തോസ്  15, 20 – 28

20 എന്നാല്‍, നിദ്രപ്രാപിച്ച എല്ലാവരുടെയും ആദ്യഫലമായി ക്രിസ്തു മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടു. 21 ഒരു മനുഷ്യന്‍വഴി മരണം ഉണ്ടായതുപോലെ ഒരു മനുഷ്യന്‍വഴി പുനരുത്ഥാനവും ഉണ്ടായി. 22 ആദത്തില്‍ എല്ലാവരും മരണാധീനരാകുന്നതുപോലെ ക്രിസ്തുവില്‍ എല്ലാവരും പുനര്‍ജീവിക്കും. 23 എന്നാല്‍, ഓരോരുത്തരും താന്താങ്ങളുടെ ക്രമമനുസരിച്ചായിരിക്കും. ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്റെ ആഗമനത്തില്‍ അവനുള്ളവരും. 24 അവന്‍ എല്ലാ ഭരണവും അധികാരവും ശക്തിയും നിര്‍മാര്‍ജനംചെയ്ത് രാജ്യം പിതാവായ ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍ എല്ലാറ്റിന്റെയും അവസാനമാകും. 25 എന്തെന്നാല്‍, സകല ശത്രുക്കളെയും തന്റെ പാദസേവ കരാക്കുന്നതുവരെ അവിടുന്നു വാഴേണ്ടിയിരിക്കുന്നു. 26 മരണമെന്ന അവസാനശത്രുവും നശിപ്പിക്കപ്പെട്ടിരിക്കുന്നു. 27 ദൈവം സമസ്തവും അധീനമാക്കി തന്റെ പാദത്തിന്‍കീഴാക്കിയിരിക്കുന്നു. എന്നാല്‍, സമസ്തവും അധീനമാക്കി എന്നു പറയുമ്പോള്‍ അവ അധീനമാക്കിയവന്‍ ഒഴികെ എന്നതു സ്പ ഷ്ടം. 28 സമസ്തവും അവിടുത്തേക്ക് അധീനമായിക്കഴിയുമ്പോള്‍ സമസ്തവും തനിക്ക് അധീനമാക്കിയവന് പുത്രന്‍തന്നെയും അധീനനാകും. ഇത് ദൈവം എല്ലാവര്‍ക്കും എല്ലാമാകേണ്ടതിനു തന്നെ.

(അല്ലെങ്കിൽ)

സഹോദരരേ, പൗലോസ് ശ്ലീഹാ തെസ്സലോനിക്കയിലെ സഭക്കെഴുതിയ ഒന്നാം ലേഖനം

1 തെസ്സലോനിക്ക 4, 13-18

13 സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. 14 യേശു മരിക്കുകയും വീണ്ടും ഉയിര്‍ക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നതുപോലെ, യേശുവില്‍ നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിര്‍പ്പിക്കും.15 കര്‍ത്താവിന്റെ പ്രത്യാഗമനംവരെ നമ്മില്‍ ജീവനോടെയിരിക്കുന്നവര്‍ നിദ്രപ്രാപിച്ചവര്‍ക്കു മുന്നിലായിരിക്കുകയില്ലെന്നു കര്‍ത്താവിന്റെ വചനത്തെ ആധാരമാക്കി ഞങ്ങള്‍ പറയുന്നു.16 എന്തെന്നാല്‍, അധികാരപൂര്‍ണമായ ആജ്ഞാവചനം കേള്‍ക്കുകയും പ്രധാനദൂതന്റെ ശബ്ദം ഉയരുകയും ദൈവത്തിന്റെ കാഹളധ്വനി മുഴങ്ങുകയും ചെയ്യുമ്പോള്‍, കര്‍ത്താവ് സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരുകയും ക്രിസ്തുവില്‍ മരണമടഞ്ഞവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും.17 അപ്പോള്‍ ജീവിച്ചിരിക്കുന്നവരായി നമ്മില്‍ അവശേഷിക്കുന്നവര്‍ ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്‍ക്കാനായി അവരോടൊപ്പം മേഘങ്ങളില്‍ സംവഹിക്കപ്പെടും. അങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടെ ആയിരിക്കുകയുംചെയ്യും.18 അതിനാല്‍, ഈ വാക്കുകളാല്‍ നിങ്ങള്‍ പരസ്പരം ആശ്വസിപ്പിക്കുവിന്‍.

Advertisements

സുവിശേഷം

വിശുദ്ധ ലൂക്കാ അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം.

ലൂക്കാ 7, 11 – 17

11 അതിനുശേഷം അവന്‍ നായിന്‍ എന്ന പട്ടണത്തിലേക്കു പോയി. ശിഷ്യന്‍മാരും വലിയ ഒരു ജനക്കൂട്ടവും അവനെ അനുഗമിച്ചു.12 അവന്‍ നഗരകവാടത്തിനടുത്തെത്തിയപ്പോള്‍, മരിച്ചുപോയ ഒരുവനെ ചിലര്‍ എടുത്തുകൊണ്ടുവരുന്നതു കണ്ടു. ഒരു വിധവയുടെ ഏകപുത്രനായിരുന്നു അവന്‍ . പട്ടണത്തില്‍നിന്ന് വലിയ ഒരു ജനക്കൂട്ടവും അവളോടൊപ്പം ഉണ്ടായിരുന്നു.13 അവളെക്കണ്ട് മനസ്‌സലിഞ്ഞ് കര്‍ത്താവ് അവളോടു പറഞ്ഞു: കരയേണ്ടാ.14 അവന്‍ മുന്നോട്ടു വന്ന് ശവമഞ്ചത്തിന്‍മേല്‍ തൊട്ടു. അതു വഹിച്ചിരുന്നവര്‍ നിന്നു. അപ്പോള്‍ അവന്‍ പറഞ്ഞു: യുവാവേ, ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്‍ക്കുക.15 മരിച്ചവന്‍ ഉടനെ എഴുന്നേറ്റിരുന്നു. അവന്‍ സംസാരിക്കാന്‍ തുടങ്ങി. യേശു അവനെ അമ്മയ്ക്ക് ഏല്‍പിച്ചു കൊടുത്തു. 16 എല്ലാവരും ഭയപ്പെട്ടു. അവര്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ ഉദയം ചെയ്തിരിക്കുന്നു. ദൈവം തന്റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു.17 അവനെപ്പറ്റിയുള്ള ഈ വാര്‍ത്തയൂദയാമുഴുവനിലും പരിസരങ്ങളിലും പരന്നു.

(അല്ലെങ്കിൽ)

വിശുദ്ധ യോഹന്നാൻ അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം.

യോഹന്നാൻ  5, 24-29

24 സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവനു ശിക്ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യുത, അവന്‍ മരണത്തില്‍നിന്നു ജീവനിലേക്കു കടന്നിരിക്കുന്നു. 25 സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മരിച്ചവര്‍ ദൈവപുത്രന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു; അല്ല, വന്നുകഴിഞ്ഞു. ആ സ്വരം ശ്രവിക്കുന്നവര്‍ ജീവിക്കും. 26 എന്തെന്നാല്‍, പിതാവിനു തന്നില്‍ത്തന്നെ ജീവനുള്ളതുപോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുണ്ടാകാന്‍ അവിടുന്നു വരം നല്‍കിയിരിക്കുന്നു. 27 മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനു നല്‍കിയിരിക്കുന്നു. 28 ഇതില്‍ നിങ്ങള്‍ വിസ്മയിക്കേണ്ടാ. എന്തെന്നാല്‍, കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. 29 അപ്പോള്‍ നന്‍മ ചെയ്തവര്‍ ജീവന്റെ ഉയിര്‍പ്പിനായും തിന്മ ചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയിര്‍പ്പിനായും പുറത്തു വരും.

(അല്ലെങ്കിൽ)

വിശുദ്ധ യോഹന്നാൻ അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം.

യോഹന്നാൻ 6, 37 – 40

37 പിതാവ് എനിക്കു നല്‍കുന്നവരെല്ലാം എന്റെ അടുത്തു വരും. എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല. 38 ഞാന്‍ സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെ ഇഷ്ടം പ്രവര്‍ത്തിക്കാനല്ല, എന്നെ അയച്ചവന്റെ ഇഷ്ടം നിറവേറ്റാനാണ്. 39 അവിടുന്ന് എനിക്കു നല്‍കിയവരില്‍ ഒരുവനെപ്പോലും ഞാന്‍ നഷ്ടപ്പെടുത്താതെ, അന്ത്യദിനത്തില്‍ ഉയിര്‍പ്പിക്കണമെന്നതാണ് എന്നെ അയച്ചവന്റെ ഇഷ്ടം. 40 പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവന്‍ ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ ഇഷ്ടം. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കുകയും ചെയ്യും.

(അല്ലെങ്കിൽ)

വിശുദ്ധ യോഹന്നാൻ അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം.

യോഹന്നാൻ 6, 51 – 58

51 സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്. 52 ഇതെപ്പറ്റി യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. തന്റെ ശരീരം നമുക്കു ഭക്ഷണമായിത്തരാന്‍ ഇവന് എങ്ങനെ കഴിയും എന്ന് അവര്‍ ചോദിച്ചു. 53 യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല. 54 എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും. 55 എന്തെന്നാല്‍, എന്റെ ശരീരം യഥാര്‍ഥ ഭക്ഷണമാണ്. എന്റെ രക്തം യഥാര്‍ഥ പാനീയവുമാണ്. 56 എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു. 57 ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു; ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും. 58 ഇതു സ്വര്‍ഗത്തില്‍നിന്നിറങ്ങിവന്ന അപ്പമാണ്. പിതാക്കന്‍മാര്‍ മന്നാ ഭക്ഷിച്ചു; എങ്കിലും മരിച്ചു. അതുപോലെയല്ല ഈ അപ്പം. ഇതു ഭക്ഷിക്കുന്നവന്‍ എന്നേക്കും ജീവിക്കും.

(അല്ലെങ്കിൽ)

വിശുദ്ധ യോഹന്നാൻ അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം.

യോഹന്നാൻ 11, 32 – 45

32 മറിയം യേശു നിന്നിരുന്നിടത്തു വന്ന്, അവനെക്കണ്ടപ്പോള്‍ കാല്‍ക്കല്‍ വീണു പറഞ്ഞു: കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍മരിക്കുമായിരുന്നില്ല. 33 അവളും അവളോടുകൂടെ വന്ന യഹൂദരും കരയുന്നതു കണ്ടപ്പോള്‍ യേശു ആത്മാവില്‍ നെടുവീര്‍പ്പിട്ടുകൊണ്ട് അസ്വസ്ഥനായി ചോദിച്ചു: 34 അവനെ അടക്കിയിരിക്കുന്നത് എവിടെയാണ്? അവര്‍ അവനോടു പറഞ്ഞു: കര്‍ത്താവേ, വന്നു കാണുക. 35 യേശു കണ്ണീര്‍ പൊഴിച്ചു. 36 അപ്പോള്‍ യഹൂദര്‍ പറഞ്ഞു: നോക്കൂ, അവന്‍ എത്ര മാത്രം അവനെ സ്‌നേഹിച്ചിരുന്നു! 37 എന്നാല്‍ അവരില്‍ ചിലര്‍ പറഞ്ഞു: അന്ധന്റെ കണ്ണു തുറന്ന ഈ മനുഷ്യന് ഇവനെ മരണത്തില്‍നിന്നു രക്ഷിക്കാന്‍ കഴിയുമായിരുന്നില്ലേ?

38 യേശു വീണ്ടും നെടുവീര്‍പ്പിട്ടുകൊണ്ടു ശവകുടീരത്തിങ്കല്‍ വന്നു. അത് ഒരു ഗുഹയായിരുന്നു. അതിന്‍മേല്‍ ഒരു കല്ലും വച്ചിരുന്നു. 39 യേശു പറഞ്ഞു: ആ കല്ലെടുത്തു മാറ്റുവിന്‍. മരിച്ചയാളുടെ സഹോദരിയായ മര്‍ത്താ പറഞ്ഞു: കര്‍ത്താവേ, ഇപ്പോള്‍ ദുര്‍ഗന്ധം ഉണ്ടായിരിക്കും. ഇത് നാലാം ദിവസമാണ്. 40 യേശു അവളോടു ചോദിച്ചു: വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലേ? 41 അവര്‍ കല്ലെടുത്തു മാറ്റി. യേശു കണ്ണുയര്‍ത്തി പറഞ്ഞു: പിതാവേ, അങ്ങ് എന്റെ പ്രാര്‍ഥന ശ്രവിച്ചതിനാല്‍ ഞാന്‍ അങ്ങേക്കു നന്ദി പറയുന്നു. 42 അങ്ങ് എന്റെ പ്രാര്‍ഥന എപ്പോഴും ശ്രവിക്കുമെന്നും എനിക്കറിയാം. എന്നാല്‍, എന്നെ അയച്ചത് അവിടുന്നാണെന്ന് ചുറ്റും നില്‍ക്കുന്ന ജനം വിശ്വസിക്കുന്നതിനുവേണ്ടിയാണ് ഞാനിതു പറയുന്നത്. 43 ഇതു പറഞ്ഞിട്ട് അവന്‍ ഉച്ചത്തില്‍ പറഞ്ഞു: ലാസറേ, പുറത്തു വരുക. 44 അപ്പോള്‍ മരിച്ചവന്‍ പുറത്തു വന്നു. അവന്റെ കൈകാലുകള്‍ നാടകള്‍കൊണ്ട് ബന്ധിക്കപ്പെട്ടും മുഖം തുണികൊണ്ട് ആവരണം ചെയ്യപ്പെട്ടുമിരുന്നു. യേശു അവരോടു പറഞ്ഞു: അവന്റെ കെട്ടുകളഴിക്കുവിന്‍. അവന്‍ പോകട്ടെ.

45 മറിയത്തിന്റെ അടുക്കല്‍ വന്നിരുന്ന യഹൂദരില്‍ വളരെപ്പേര്‍ അവന്‍ പ്രവര്‍ത്തിച്ചതു കണ്ട് അവനില്‍ വിശ്വസിച്ചു.

Advertisements

Readings for the Mass for the Dead, Gospel and Epistles, SyroMalabar Rite | Holy Qurbana for the Dead, Readings | മരിച്ചവർക്കുവേണ്ടിയുള്ള കുർബാനയിൽ വായിക്കുവാൻ വേണ്ടിയുള്ള തിരുവചനഭാഗങ്ങൾ

Leave a comment