Gospel of St. Mark Chapter 13 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 13 | Malayalam Bible | POC Translation

വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 13

ദേവാലയത്തിന്റെ നാശത്തെക്കുറിച്ചു പ്രവചനം.
(മത്തായി 24 : 1 – 24 : 2 ) (ലൂക്കാ 21 : 5 – 21 : 6 )

1 യേശു ദേവാലയത്തില്‍നിന്നു പുറത്തുവന്നപ്പോള്‍, ശിഷ്യന്‍മാരില്‍ ഒരുവന്‍ പറഞ്ഞു: ഗുരോ, നോക്കൂ, എത്ര വലിയ കല്ലുകള്‍! എത്ര വിസ്മയകരമായ സൗധങ്ങള്‍!2 അവന്‍ പറഞ്ഞു: ഈ മഹാസൗധങ്ങള്‍ നിങ്ങള്‍ കാണുന്നില്ലേ? എന്നാല്‍ ഇവയെല്ലാം കല്ലിന്‍മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടും.

വേദനകളുടെ ആരംഭം.
(മത്തായി 24 : 3 – 24 : 14 ) (ലൂക്കാ 21 : 7 – 21 : 19 )

3 അനന്തരം, അവന്‍ ഒലിവുമലയില്‍ ദേവാലയത്തിനഭിമുഖമായി ഇരിക്കുമ്പോള്‍, പത്രോസും യാക്കോബും യോഹന്നാനും അന്ത്രയോസും അവനോടു സ്വകാര്യമായി ചോദിച്ചു:4 ഇത് എന്നു സംഭവിക്കുമെന്നും ഇവയെല്ലാം പൂര്‍ത്തിയാകാന്‍ തുടങ്ങുമ്പോള്‍ അടയാളം എന്തായിരിക്കുമെന്നും ഞങ്ങളോടു പറയുക.5 യേശു അവരോടു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍.6 ഞാനാണ് എന്നു പറഞ്ഞ് പലരും എന്റെ നാമത്തില്‍ വരും. അവര്‍ അനേകരെ വഴിതെറ്റിക്കും.7 നിങ്ങള്‍യുദ്ധങ്ങളെപ്പറ്റി കേള്‍ക്കും. അവയെപ്പറ്റി കിംവദന്തികളും. അപ്പോള്‍ നിങ്ങള്‍ അസ്വസ്ഥരാകരുത്. ഇ തെല്ലാം സംഭവിക്കേണ്ടതാണ്. എന്നാല്‍, അപ്പോഴും അവസാനമായിട്ടില്ല.8 ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും തലയുയര്‍ത്തും. പല സ്ഥലങ്ങളില്‍ ഭൂകമ്പങ്ങളും ക്ഷാമങ്ങളും ഉണ്ടാകും. ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രം. നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍.9 അവര്‍ നിങ്ങളെന്യായാധിപസംഘങ്ങള്‍ക്ക് ഏല്‍പിച്ചുകൊടുക്കും; സിനഗോഗുകളില്‍വച്ചു നിങ്ങളെ പ്രഹരിക്കും. ദേശാധിപതികളുടെയും രാജാക്കന്‍മാരുടെയും മുമ്പാകെ എനിക്കു സാക്ഷ്യം നല്‍കാന്‍ നിങ്ങള്‍ നില്‍ക്കും.10 എന്നാല്‍, ആദ്യം എല്ലാ ജനതകളോടും സുവിശേഷം പ്രസംഗിക്കപ്പെടേണ്ടിയിരിക്കുന്നു.11 അവര്‍ നിങ്ങളെ ഏല്‍പിച്ചുകൊടുക്കാന്‍ കൊണ്ടുപോകുമ്പോള്‍ എന്തു പറയണം എന്നു വിചാരിച്ച് ഉത്കണ്ഠാകുലരാകേണ്ടാ. ആ സമയത്തു നിങ്ങള്‍ക്കു ലഭിക്കുന്നതെന്തോ അതു സംസാരിക്കുവിന്‍. നിങ്ങളല്ല, പരിശുദ്ധാത്മാവായിരിക്കും സംസാരിക്കുക.12 സഹോദരന്‍ സഹോദരനെയും പിതാവു പുത്രനെയും മര ണത്തിന് ഏല്‍പിച്ചുകൊടുക്കും. മക്കള്‍ മാതാപിതാക്കന്‍മാരെ ഏതിര്‍ക്കുകയും അവരെ വധിക്കുകയും ചെയ്യും.13 എന്റെ നാമത്തെപ്രതി നിങ്ങളെ എല്ലാവരും ദ്വേഷിക്കും. അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷപ്രാപിക്കും.

ഭീകര ദുരിതങ്ങളുടെ കാലം.
(മത്തായി 24 : 15 – 24 : 28 ) (ലൂക്കാ 21 : 20 – 21 : 24 )

14 വിനാശത്തിന്റെ അശുദ്ധലക്ഷണം നില്‍ക്കരുതാത്തിടത്തു നില്‍ക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍ – വായിക്കുന്നവന്‍ ഗ്ര ഹിച്ചുകൊള്ളട്ടെ -യൂദയായിലുള്ളവര്‍ പര്‍വതങ്ങളിലേക്കു പലായനം ചെയ്യട്ടെ.15 പുരമുകളിലായിരിക്കുന്നവന്‍ താഴെ ഇറങ്ങുകയോ വീട്ടില്‍നിന്ന് എന്തെങ്കിലും എടുക്കാന്‍ അകത്തു പ്രവേശിക്കുകയോ അരുത്.16 വയലിലായിരിക്കുന്നവന്‍ മേലങ്കി എടുക്കാന്‍ പിന്തിരിയരുത്.17 ആദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ദുരിതം.18 ഇതു ശീതകാലത്തു സംഭവിക്കാതിരിക്കാന്‍ പ്രാര്‍ഥിക്കുവിന്‍.19 ദൈവത്തിന്റെ സൃഷ്ടികര്‍മത്തിന്റെ ആരംഭം മുതല്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തതും ഇനിയൊരിക്കലും ഉണ്ടാകാത്തതുമായ കഷ്ടതകള്‍ ആദിവസങ്ങളില്‍ ഉണ്ടാകും.20 കര്‍ത്താവ് ആദിവസങ്ങള്‍ ചുരുക്കിയില്ലായിരുന്നെങ്കില്‍ ഒരുവനും രക്ഷപെടുകയില്ലായിരുന്നു. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുവേണ്ടി അവിടുന്ന് ആദിവസങ്ങള്‍ ചുരുക്കി.21 ഇതാ, ക്രിസ്തു ഇവിടെ; അതാ, അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍, നിങ്ങള്‍ വിശ്വസിക്കരുത്.22 കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്ഷപ്പെടും. സാധ്യമെങ്കില്‍, തെരഞ്ഞെടുക്കപ്പെട്ടവരെ വഴിതെറ്റിക്കുന്നതിന് അടയാളങ്ങളും അദ്ഭുതങ്ങളും അവര്‍ പ്രവര്‍ത്തിക്കും.23 നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. എല്ലാം ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.

മനുഷ്യപുത്രന്റെ ആഗമനം.
(മത്തായി 24 : 29 – 24 : 35 ) (ലൂക്കാ 21 : 25 – 21 : 33 )

24 ആ പീഡനങ്ങള്‍ക്കുശേഷമുള്ള ദിവ സങ്ങളില്‍ സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശം തരുകയില്ല.25 നക്ഷത്രങ്ങള്‍ ആകാശത്തുനിന്നു നിപതിക്കും. ആ കാശശക്തികള്‍ ഇളകുകയും ചെയ്യും.26 അപ്പോള്‍ മനുഷ്യപുത്രന്‍ വലിയ ശക്തിയോടും മഹത്വത്തോടുംകൂടെ മേഘങ്ങളില്‍ വരുന്നത് അവര്‍ കാണും.27 അപ്പോള്‍, അവന്‍ ദൂതന്‍മാരെ അയയ്ക്കും. അവര്‍ ഭൂമിയുടെ അതിര്‍ത്തികള്‍ മുതല്‍ ആകാശത്തിന്റെ അതിര്‍ത്തികള്‍ വരെ നാലു ദിക്കുകളിലുംനിന്ന് അവന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും.28 അത്തിമരത്തില്‍നിന്നു പഠിക്കുവിന്‍. അതിന്റെ കൊമ്പുകള്‍ ഇളതായി തളിര്‍ക്കുമ്പോള്‍വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്നു നിങ്ങള്‍ക്കറിയാം.29 അതുപോലെതന്നെ, ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുമ്പോള്‍ അവന്‍ സമീപത്ത്, വാതില്‍ക്കലെത്തിയിരിക്കുന്നുവെന്ന് ഗ്രഹിച്ചുകൊള്ളുക.30 ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു: ഇവയെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല.31 ആകാശ വും ഭൂമിയും കടന്നുപോകും. എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല.

സദാ ജാഗരൂകരായിരിക്കുവിന്‍.
(മത്തായി 24 : 36 – 24 : 44 )

32 എന്നാല്‍, ആദിവസത്തെക്കുറിച്ചോ ആ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗത്തിലുള്ള ദൂതന്‍മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ.33 ശ്രദ്ധാപൂര്‍വം ഉണര്‍ന്നിരിക്കുവിന്‍. സമയം എപ്പോഴാണെന്നു നിങ്ങള്‍ക്കറിവില്ലല്ലോ.34 വീടുവിട്ടു ദൂരേക്കു പോകുന്ന ഒരുവന്‍ സേവകര്‍ക്ക് അവരവരുടെ ചുമതലയും കാവല്‍ക്കാരന് ഉണര്‍ന്നിരിക്കാനുള്ള കല്‍പനയും നല്‍കുന്നതുപോലെയാണ് ഇത്.35 ആകയാല്‍, ജാഗരൂകരായിരിക്കുവിന്‍. എന്തെന്നാല്‍, ഗൃഹനാഥന്‍ എപ്പോള്‍ വരുമെന്ന്, സന്ധ്യയ്‌ക്കോ അര്‍ധരാത്രിക്കോ കോഴി കൂവുമ്പോഴോ രാവിലെയോ എന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ.36 അവന്‍ പെട്ടെന്നു കയറിവരുമ്പോള്‍ നിങ്ങളെ നിദ്രാധീനരായിക്കാണരുതല്ലോ.37 ഞാന്‍ നിങ്ങളോടു പറയുന്നത് എല്ലാവരോടുമായിട്ടാണ് പറയുന്നത്; ജാഗരൂകരായിരിക്കുവിന്‍.

Advertisements
Advertisements
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s