Gospel of St. John Chapter 1 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 1 | Malayalam Bible | POC Translation

വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 1

വചനം മനുഷ്യനായി

1 ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.2 അവന്‍ ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു.3 സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല.4 അവനില്‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍മനുഷ്യരുടെ വെളിച്ചമായിരുന്നു.5 ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല.6 ദൈവം അയച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അവന്റെ പേരു യോഹന്നാന്‍ എന്നാണ്.7 അവന്‍ സാക്ഷ്യത്തിനായി വന്നു – വെളിച്ചത്തിനു സാക്ഷ്യം നല്‍കാന്‍; അവന്‍ വഴി എല്ലാവരും വിശ്വസിക്കാന്‍.8 അവന്‍ വെളിച്ചമായിരുന്നില്ല; വെളിച്ചത്തിനു സാക്ഷ്യം നല്‍കാന്‍ വന്നവനാണ്.9 എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്നയഥാര്‍ഥ വെളിച്ചം ലോകത്തിലേക്കു വരുന്നുണ്ടായിരുന്നു.10 അവന്‍ ലോകത്തിലായിരുന്നു. ലോകം അവനിലൂടെ സൃഷ്ടിക്കപ്പെട്ടു. എങ്കിലും, ലോകം അവനെ അറിഞ്ഞില്ല.11 അവന്‍ സ്വജനത്തിന്റെ അടുത്തേക്കു വന്നു; എന്നാല്‍, അവര്‍ അവനെ സ്വീകരിച്ചില്ല.12 തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി.13 അവര്‍ ജനിച്ചതു രക്തത്തില്‍നിന്നോ ശാരീരികാഭിലാഷത്തില്‍നിന്നോ പുരുഷന്റെ ഇച്ഛയില്‍ നിന്നോ അല്ല, ദൈവത്തില്‍നിന്നത്രേ.14 വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു – കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.15 യോഹന്നാന്‍ അവനു സാക്ഷ്യം നല്‍കിക്കൊണ്ടു വിളിച്ചുപറഞ്ഞു: ഇവനെപ്പറ്റിയാണു ഞാന്‍ പറഞ്ഞത്, എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണ്; കാരണം, എനിക്കുമുമ്പുതന്നെ അവനുണ്ടായിരുന്നു.16 അവന്റെ പൂര്‍ണതയില്‍നിന്നു നാമെല്ലാം കൃപയ്ക്കുമേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു.17 എന്തുകൊണ്ടെന്നാല്‍, നിയമം മോശവഴി നല്‍കപ്പെട്ടു; കൃപയും സത്യവുമാകട്ടെ, യേശുക്രിസ്തുവഴി ഉണ്ടായി.18 ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്.

സ്‌നാപകയോഹന്നാന്റെ സാക്ഷ്യം
(മത്തായി 3 : 1 – 3 : 12 ) (മര്‍ക്കോസ് 1 : 2 – 1 : 8 ) (ലൂക്കാ 3 : 1 – 3 : 9 )

19 നീ ആരാണ് എന്നു ചോദിക്കാന്‍ യഹൂദര്‍ ജറുസലെമില്‍നിന്നു പുരോഹിതന്‍മാരെയും ലേവ്യരെയും അയച്ചപ്പോള്‍ യോഹന്നാന്റെ സാക്ഷ്യം ഇതായിരുന്നു: (ലൂക്കാ 3 : 15 – 3 : 17 )

20 ഞാന്‍ ക്രിസ്തുവല്ല, അവന്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. അവര്‍ ചോദിച്ചു: എങ്കില്‍പ്പിന്നെ നീ ആരാണ്? ഏലിയായോ? അല്ല എന്ന് അവന്‍ പ്രതിവചിച്ചു. അവര്‍ വീണ്ടും ചോദിച്ചു:21 എങ്കില്‍, നീ പ്രവാചകനാണോ? അല്ല എന്ന് അവന്‍ മറുപടി നല്‍കി.22 അവര്‍ വീണ്ടും ചോദിച്ചു: അങ്ങനെയെങ്കില്‍ നീ ആരാണ്, ഞങ്ങളെ അയച്ചവര്‍ക്കു ഞങ്ങള്‍ എന്തു മറുപടി കൊടുക്കണം? നിന്നെക്കുറിച്ചുതന്നെ നീ എന്തു പറയുന്നു?23 അവന്‍ പറഞ്ഞു: ഏശയ്യാ ദീര്‍ഘദര്‍ശി പ്രവചിച്ചതുപോലെ, കര്‍ത്താവിന്റെ വഴികള്‍ നേരേയാക്കുവിന്‍ എന്നു മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദമാണു ഞാന്‍.24 ഫരിസേയരാണ് അവരെ അയച്ചത്.25 അവര്‍ അവനോടു ചോദിച്ചു: നീ ക്രിസ്തുവോ ഏലിയായോ പ്രവാചകനോ അല്ലെങ്കില്‍, പിന്നെ സ്‌നാനം നല്‍കാന്‍ കാരണമെന്ത്?26 യോഹന്നാന്‍ പറഞ്ഞു: ഞാന്‍ ജലംകൊണ്ടു സ്‌നാനം നല്‍കുന്നു. എന്നാല്‍, നിങ്ങള്‍ അറിയാത്ത ഒരുവന്‍ നിങ്ങളുടെ മധ്യേ നില്‍പുണ്ട്.27 എന്റെ പിന്നാലെ വരുന്ന അവന്റെ ചെരിപ്പിന്റെ വാറഴിക്കുവാന്‍പോലും ഞാന്‍ യോഗ്യനല്ല.28 യോഹന്നാന്‍ സ്‌നാനം നല്‍കിക്കൊണ്ടിരുന്ന ജോര്‍ദാന്റെ അക്കരെ ബഥാനിയായിലാണ് ഇതു സംഭവിച്ചത്.

ദൈവത്തിന്റെ കുഞ്ഞാട്

29 അടുത്ത ദിവസം യേശു തന്റെ അടുത്തേക്കു വരുന്നതു കണ്ട് അവന്‍ പറഞ്ഞു: ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.30 എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണെന്നു ഞാന്‍ പറഞ്ഞത് ഇവനെപ്പറ്റിയാണ്. കാരണം, എനിക്കുമുമ്പുതന്നെ ഇവനുണ്ടായിരുന്നു.31 ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ഇവനെ ഇസ്രായേലിനു വെളി പ്പെടുത്താന്‍വേണ്ടിയാണ് ഞാന്‍ വന്നു ജലത്താല്‍ സ്‌നാനം നല്‍കുന്നത്.32 ആത്മാവ് പ്രാവിനെപ്പോലെ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന് അവന്റെ മേല്‍ ആവസിക്കുന്നത് താന്‍ കണ്ടു എന്നു യോഹന്നാന്‍ സാക്ഷ്യപ്പെടുത്തി.33 ഞാന്‍ അവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ജലംകൊണ്ടു സ്‌നാനം നല്‍കാന്‍ എന്നെ അയച്ചവന്‍ എന്നോടു പറഞ്ഞിരുന്നു: ആത്മാവ് ഇറങ്ങിവന്ന് ആരുടെമേല്‍ ആ വസിക്കുന്നത് നീ കാണുന്നുവോ, അവനാണു പരിശുദ്ധാത്മാവുകൊണ്ടു സ്‌നാനം നല്‍കുന്നവന്‍.34 ഞാന്‍ അതു കാണുകയും ഇവന്‍ ദൈവപുത്രനാണ് എന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

ആദ്യശിഷ്യന്‍മാര്‍

35 അടുത്തദിവസം യോഹന്നാന്‍ തന്റെ ശിഷ്യന്‍മാരില്‍ രണ്ടുപേരോടുകൂടെ നില്‍ക്കുമ്പോള്‍36 യേശു നടന്നുവരുന്നതു കണ്ടു പറഞ്ഞു: ഇതാ, ദൈവത്തിന്റെ കുഞ്ഞാട്!37 അവന്‍ പറഞ്ഞതു കേട്ട് ആ രണ്ടു ശിഷ്യന്‍മാര്‍ യേശുവിനെ അനുഗമിച്ചു.38 യേശു തിരിഞ്ഞ്, അവര്‍ തന്റെ പിന്നാലെ വരുന്നതുകണ്ട്, ചോദിച്ചു: നിങ്ങള്‍ എന്തന്വേഷിക്കുന്നു? അവര്‍ ചോദിച്ചു: റബ്ബീ – ഗുരു. എന്നാണ് ഇതിനര്‍ഥം – അങ്ങ് എവിടെയാണു വസിക്കുന്നത്?39 അവന്‍ പറഞ്ഞു: വന്നു കാണുക. അവര്‍ ചെന്ന് അവന്‍ വസിക്കുന്നിടം കാണുകയും അന്ന് അവനോടുകൂടെ താമസിക്കുകയും ചെയ്തു. അപ്പോള്‍ ഏകദേശം പത്താം മണിക്കൂര്‍ ആയിരുന്നു.40 യോഹന്നാന്‍ പറഞ്ഞതു കേട്ട് അവനെ അനുഗമിച്ച ആ രണ്ടുപേരില്‍ ഒരുവന്‍ ശിമയോന്‍ പത്രോസിന്റെ സഹോദരന്‍ അന്ത്രയോസായിരുന്നു.41 അവന്‍ ആദ്യമേ തന്റെ സഹോദരനായ ശിമയോനെ കണ്ട് അവനോട്, ഞങ്ങള്‍ മിശിഹായെ – ക്രിസ്തുവിനെ – കണ്ടു എന്നു പറഞ്ഞു.42 അവനെ യേശുവിന്റെ അടുത്തു കൊണ്ടുവന്നു. യേശു അവനെ നോക്കി പറഞ്ഞു: നീ യോഹന്നാന്റെ പുത്രനായ ശിമയോനാണ്. കേപ്പാ – പാറ – എന്നു നീ വിളിക്കപ്പെടും.

പീലിപ്പോസും നഥാനയേലും

43 പിറ്റേദിവസം അവന്‍ ഗലീലിയിലേക്കു പോകാനൊരുങ്ങി. പീലിപ്പോസിനെക്കണ്ടപ്പോള്‍ യേശു അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക.44 പീലിപ്പോസ് അന്ത്രയോസിന്റെയും പത്രോസിന്റെയും പട്ടണമായ ബേത്‌സയ്ദായില്‍നിന്നുള്ളവനായിരുന്നു.45 പീലിപ്പോസ് നഥാനയേലിനെക്കണ്ട് അവനോടു പറഞ്ഞു: മോശയുടെ നിയമത്തിലും പ്രവാചകഗ്രന്ഥങ്ങളിലും ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ അവനെ – ജോസഫിന്റെ മകന്‍ , നസറത്തില്‍നിന്നുള്ള യേശുവിനെ – ഞങ്ങള്‍ കണ്ടു.46 നഥാനയേല്‍ ചോദിച്ചു: നസ്രത്തില്‍നിന്ന് എന്തെങ്കിലും നന്‍മ ഉണ്ടാകുമോ? പീലിപ്പോസ് പറഞ്ഞു: വന്നു കാണുക!47 നഥാനയേല്‍ തന്റെ അടുത്തേക്കു വരുന്നതു കണ്ട് യേശു അവനെപ്പറ്റി പറഞ്ഞു: ഇതാ, നിഷ്‌കപടനായ ഒരുയഥാര്‍ഥ ഇസ്രായേല്‍ക്കാരന്‍!48 അപ്പോള്‍ നഥാനയേല്‍ ചോദിച്ചു: നീ എന്നെ എങ്ങനെ അറിയുന്നു? യേശു മറുപടി പറഞ്ഞു: പീലിപ്പോസ് നിന്നെ വിളിക്കുന്നതിനുമുമ്പ്, നീ അത്തിമരത്തിന്റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെക്കണ്ടു.49 നഥാനയേല്‍ പറഞ്ഞു: റബ്ബീ, അങ്ങു ദൈവപുത്രനാണ്; ഇസ്രായേലിന്റെ രാജാവാണ്.50 യേശു പറഞ്ഞു: അത്തിമരത്തിന്റെ ചുവട്ടില്‍ നിന്നെ കണ്ടു എന്നു ഞാന്‍ പറഞ്ഞതുകൊണ്ട് നീ എന്നില്‍ വിശ്വസിക്കുന്നു, അല്ലേ? എന്നാല്‍ ഇതിനെക്കാള്‍ വലിയ കാര്യങ്ങള്‍ നീ കാണും.51 അവന്‍ തുടര്‍ന്നു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, സ്വര്‍ഗം തുറക്കപ്പെടുന്നതും ദൈവദൂതന്‍മാര്‍ കയറിപ്പോകുന്നതും മനുഷ്യപുത്രന്റെ മേല്‍ ഇറങ്ങിവരുന്നതും നിങ്ങള്‍ കാണും.

Advertisements
Advertisements
St. John the Evangelist
Advertisements
Advertisements

Leave a comment