Gospel of St. John Chapter 21 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 21 | Malayalam Bible | POC Translation

വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 21

യേശു വീണ്ടും പ്രത്യക്ഷപ്പെടുന്നു

1 ഇതിനുശേഷം യേശു തിബേരിയാസ് കടല്‍ത്തീരത്തുവച്ച് ശിഷ്യന്‍മാര്‍ക്കു വീണ്ടും തന്നെത്തന്നെ വെളിപ്പെടുത്തി. അവന്‍ വെളിപ്പെടുത്തിയത് ഇപ്രകാരമാണ്:2 ശിമയോന്‍ പത്രോസ്, ദിദിമോസ് എന്നു വിളിക്കപ്പെടുന്ന തോമസ്, ഗലീലിയിലെ കാനായില്‍നിന്നുള്ള നഥാനയേല്‍, സെബദിയുടെ പുത്രന്‍മാര്‍ എന്നിവരും വേറെ രണ്ടു ശിഷ്യന്‍മാരും ഒരുമിച്ചിരിക്കുകയായിരുന്നു.3 ശിമയോന്‍ പത്രോസ് പറഞ്ഞു: ഞാന്‍ മീന്‍ പിടിക്കാന്‍ പോകുകയാണ്. അവര്‍ പറഞ്ഞു: ഞങ്ങളും നിന്നോടുകൂടെ വരുന്നു. അവര്‍ പോയി വള്ളത്തില്‍ കയറി. എന്നാല്‍, ആ രാത്രിയില്‍ അവര്‍ക്ക് ഒന്നും കിട്ടിയില്ല.4 ഉഷസ്‌സായപ്പോള്‍ യേശു ക ടല്‍ക്കരയില്‍ വന്നു നിന്നു. എന്നാല്‍, അതു യേശുവാണെന്നു ശിഷ്യന്‍മാര്‍ അറിഞ്ഞില്ല.5 യേശു അവരോടു ചോദിച്ചു: കുഞ്ഞുങ്ങളേ, നിങ്ങളുടെ അടുക്കല്‍ മീന്‍ വല്ലതുമുണ്ടോ? ഇല്ല എന്ന് അവര്‍ ഉത്തരം പറഞ്ഞു.6 അവന്‍ പറഞ്ഞു: വള്ളത്തിന്റെ വലത്തു വശത്തു വലയിടുക. അപ്പോള്‍ നിങ്ങള്‍ക്കു കിട്ടും. അവര്‍ വലയിട്ടു. അപ്പോള്‍ വലയിലകപ്പെട്ട മത്‌സ്യത്തിന്റെ ആധിക്യം നിമിത്തം അതു വലിച്ചു കയറ്റാന്‍ അവര്‍ക്കു കഴിഞ്ഞില്ല.7 യേശു സ്‌നേഹിച്ചിരുന്ന ആ ശിഷ്യന്‍ പത്രോസിനോടു പറഞ്ഞു: അതു കര്‍ത്താവാണ്. അതു കര്‍ത്താവാണെന്നുകേട്ടപ്പോള്‍ ശിമയോന്‍ പത്രോസ് താന്‍ നഗ്‌നനായിരുന്നതുകൊണ്ടു പുറങ്കുപ്പായം എടുത്തു ധരിച്ചു കടലിലേക്കു ചാടി.8 എന്നാല്‍, മറ്റു ശിഷ്യന്‍മാര്‍ മീന്‍ നിറഞ്ഞവലയും വലിച്ചുകൊണ്ടു വള്ളത്തില്‍ത്തന്നെ വന്നു. അവര്‍ കരയില്‍നിന്ന് ഏകദേശം ഇരുനൂറു മുഴത്തിലധികം അകലെയല്ലായിരുന്നു.9 കരയ്ക്കിറങ്ങിയപ്പോള്‍ തീകൂട്ടിയിരിക്കുന്നതും അതില്‍ മീന്‍ വച്ചിരിക്കുന്നതും അപ്പവും അവര്‍ കണ്ടു.10 യേശു പറഞ്ഞു: നിങ്ങള്‍ ഇപ്പോള്‍ പിടിച്ച മത്‌സ്യത്തില്‍ കുറെ കൊണ്ടുവരുവിന്‍.11 ഉടനെ ശിമയോന്‍പത്രോസ് വള്ളത്തില്‍ കയറി വലിയ മത്‌സ്യങ്ങള്‍കൊണ്ടു നിറഞ്ഞവല വലിച്ചു കരയ്ക്കു കയറ്റി. അതില്‍ നൂറ്റിയ മ്പത്തിമൂന്നു മത്‌സ്യങ്ങളുണ്ടായിരുന്നു. ഇത്രയധികം ഉണ്ടായിരുന്നിട്ടും വല കീറിയില്ല.12 യേശു പറഞ്ഞു: വന്നു പ്രാതല്‍ കഴിക്കുവിന്‍. ശിഷ്യന്‍മാരിലാരും അവനോട് നീ ആരാണ് എന്നു ചോദിക്കാന്‍മുതിര്‍ന്നില്ല; അതു കര്‍ത്താവാണെന്ന് അവര്‍ അറിഞ്ഞിരുന്നു.13 യേശു വന്ന് അപ്പമെടുത്ത് അവര്‍ക്കു കൊടുത്തു; അതുപോലെതന്നെ മത്‌സ്യവും.14 യേശു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടശേഷം ശിഷ്യന്‍മാര്‍ക്കു പ്രത്യക്ഷപ്പെടുന്നത് ഇതു മൂന്നാം പ്രാവശ്യമാണ്.

പത്രോസ് അജപാലകന്‍

15 അവരുടെ പ്രാതല്‍ കഴിഞ്ഞപ്പോള്‍ യേശു ശിമയോന്‍പത്രോസിനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ ഇവരെക്കാള്‍ അധികമായി എന്നെ സ്‌നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ് കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ. യേശു അവനോടു പറഞ്ഞു: എന്റെ ആടുകളെ മേയിക്കുക.16 രണ്ടാം പ്രാവശ്യവും അവന്‍ ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്‌നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ് കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ. അവന്‍ പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക.17 അവന്‍ മൂന്നാം പ്രാവശ്യവും അവനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്‌നേഹിക്കുന്നുവോ? തന്നോടു മൂന്നാം പ്രാവശ്യവും നീ എന്നെ സ്‌നേഹിക്കുന്നുവോ എന്ന് അവന്‍ ചോദിച്ചതുകൊണ്ട് പത്രോസ് ദുഃഖിതനായി. അവന്‍ പറഞ്ഞു: കര്‍ത്താവേ, നീ എല്ലാം അറിയുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നും നീ അറിയുന്നു. യേശു പറഞ്ഞു: എന്റെ കുഞ്ഞാടുകളെ മേയിക്കുക.18 സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ചെറുപ്പമായിരുന്നപ്പോള്‍ നീ സ്വയം അര മുറുക്കുകയും ഇഷ്ടമുള്ളിടത്തേക്കു പോവുകയും ചെയ്തിരുന്നു. എന്നാല്‍, പ്രായമാകുമ്പോള്‍ നീ നിന്റെ കൈകള്‍ നീട്ടുകയും മറ്റൊരുവന്‍ നിന്റെ അര മുറുക്കുകയും നീ ആഗ്രഹിക്കാത്തിടത്തേക്കു നിന്നെ കൊണ്ടുപോവുകയും ചെയ്യും.19 ഇത് അവന്‍ പറഞ്ഞത്, ഏതു വിധത്തിലുള്ള മരണത്താല്‍ പത്രോസ് ദൈവത്തെ മഹത്വപ്പെടുത്തും എന്നു സൂചിപ്പിക്കാനാണ്. അതിനുശേഷം യേശു അവനോട് എന്നെ അനുഗമിക്കുക എന്നു പറഞ്ഞു.

യേശുവും വത്‌സലശിഷ്യനും

20 പത്രോസ് തിരിഞ്ഞു നോക്കിയപ്പോള്‍ യേശു സ്‌നേഹിച്ചിരുന്ന ആ ശിഷ്യന്‍ പിന്നാലെ വരുന്നതു കണ്ടു. ഇവനാണ് അത്താഴസമയത്ത് യേശുവിന്റെ വക്ഷസ്‌സില്‍ ചാരിക്കിടന്നുകൊണ്ട്, കര്‍ത്താവേ, ആരാണു നിന്നെ ഒറ്റിക്കൊടുക്കുവാന്‍ പോകുന്നത് എന്നു ചോദിച്ചത്.21 അവനെ കണ്ടപ്പോള്‍ പത്രോസ് യേശുവിനോടു ചോദിച്ചു: കര്‍ത്താവേ, ഇവന്റെ കാര്യം എന്ത്?22 യേശു പറഞ്ഞു: ഞാന്‍ വരുന്നതുവരെ ഇവന്‍ ജീവിച്ചിരിക്കണമെന്നാണ് എന്റെ ഹിതമെങ്കില്‍ നിനക്കെന്ത്? നീ എന്നെ അനുഗമിക്കുക.23 ആ ശിഷ്യന്‍മരിക്കുകയില്ല എന്ന ഒരു സംസാരം സഹോദരരുടെയിടയില്‍ പരന്നു. എന്നാല്‍, അവന്‍ മരിക്കുകയില്ല എന്നല്ല യേശു പറഞ്ഞത്; പ്രത്യുത, ഞാന്‍ വരുന്നതുവരെ അവന്‍ ജീവിച്ചിരിക്കണമെന്നാണ് എന്റെ ഹിതമെങ്കില്‍ നിനക്കെന്ത് എന്നാണ്.24 ഈ ശിഷ്യന്‍തന്നെയാണ് ഈ കാര്യങ്ങള്‍ക്കു സാക്ഷ്യം നല്‍കുന്നതും ഇവ എഴുതിയതും. അവന്റെ സാക്ഷ്യം സത്യമാണെന്നു ഞങ്ങള്‍ക്കറിയാം.25 യേശു ചെയ്ത മറ്റു പല കാര്യങ്ങളും ഉണ്ട്. അതെല്ലാം എഴുതിയിരുന്നെങ്കില്‍, ആ ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ലോകത്തിനുതന്നെ സാധിക്കാതെവരുമെന്നാണ് എനിക്കു തോന്നുന്നത്.

Advertisements
Advertisements
St. John the Evangelist
Advertisements
Advertisements

Leave a comment