The Book of Acts Chapter 4 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 4 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 4

പത്രോസും യോഹന്നാനും സംഘത്തിന്റെ മുമ്പില്‍

1 അവര്‍ ജനത്തോടു പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ പുരോഹിതന്‍മാരും ദേവാലയ സേനാധിപനും സദുക്കായരും അവര്‍ക്കെതിരേ ചെന്നു.2 അവര്‍ ജനത്തെ പ്രബോധിപ്പിക്കുകയും മരിച്ചവരുടെ ഉത്ഥാനത്തെക്കുറിച്ചു യേശുവിനെ ആധാരമാക്കി പ്രഘോഷിക്കുകയും ചെയ്തിരുന്നതിനാല്‍ ഇക്കൂട്ടര്‍വളരെ അസ്വസ്ഥരായിരുന്നു.3 അവര്‍ അവരെ പിടികൂടി, സന്ധ്യയായതുകൊണ്ട്, അ ടുത്ത ദിവസംവരെ കാരാഗൃഹത്തില്‍ സൂക്ഷിച്ചു.4 അവരുടെ വചനം കേട്ടവരില്‍ അനേകര്‍ വിശ്വസിച്ചു. അവരുടെ സംഖ്യ അയ്യായിരത്തോളമായി.5 പിറ്റേ ദിവസം അധികാരികളും ജനപ്രമാണികളും നിയമജ്ഞരും ജറുസലെമില്‍ സമ്മേളിച്ചു.6 പ്രധാനപുരോഹിതന്‍ അന്നാസും കയ്യാഫാസുംയോഹന്നാനും അലക് സാണ്ടറും പ്രധാന പുരോഹിതന്റെ കുലത്തില്‍പ്പെട്ട എല്ലാവരും അവിടെ ഉണ്ടായിരുന്നു.7 അപ്പസ്‌തോലന്‍മാരെ അവര്‍ തങ്ങളുടെ മധ്യത്തില്‍ നിര്‍ത്തി ഇങ്ങനെ ചോദിച്ചു: എന്തധികാരത്താലാണ്, അഥവാ ആരുടെ നാമത്തിലാണ് നിങ്ങള്‍ ഇതു പ്രവര്‍ത്തിച്ചത്?8 അപ്പോള്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് പത്രോസ് അവരോടു പറഞ്ഞു:9 ഭരണാധികാരികളേ, ജനപ്രമാണികളേ, ഒരു രോഗിക്കു ഞങ്ങള്‍ ചെയ്ത ഒരു സത്പ്രവൃത്തിയെക്കുറിച്ചാണ്, എന്തു മാര്‍ഗങ്ങളുപയോഗിച്ചു ഞങ്ങള്‍ ആ മനുഷ്യനെ സുഖപ്പെടുത്തിയെന്നതിനെക്കുറിച്ചാണ്, ഞങ്ങള്‍ ഇന്നു വിചാരണ ചെയ്യപ്പെടുന്നതെങ്കില്‍,10 നിങ്ങളും ഇസ്രായേല്‍ജനം മുഴുവനും ഇതറിഞ്ഞിരിക്കട്ടെ. നിങ്ങള്‍ കുരിശില്‍ തറച്ചു കൊല്ലുകയും മരിച്ചവരില്‍നിന്നു ദൈവം ഉയിര്‍പ്പിക്കുകയും ചെയ്ത നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിലാണ് ഈ മനുഷ്യന്‍ സുഖം പ്രാപിച്ച് നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്.11 വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല് മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് യേശു. മറ്റാരിലും രക്ഷയില്ല.12 ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.13 പത്രോസിന്റെയും യോഹന്നാന്റെയും ധൈര്യം കാണുകയും അവര്‍ വിദ്യാവിഹീനരായ സാധാരണമനുഷ്യരാണെന്നു മനസ്‌സിലാക്കുകയും ചെയ്തപ്പോള്‍ അവര്‍ അദ്ഭുതപ്പെട്ടു; അവര്‍ യേശുവിനോടുകൂടെ ഉണ്ടായിരുന്നവരാ ണെന്ന് ഗ്രഹിക്കുകയുംചെയ്തു.14 എന്നാല്‍, സുഖം പ്രാപിച്ച മനുഷ്യന്‍ അവരുടെ സമീപത്തു നില്‍ക്കുന്നതു കണ്ടതിനാല്‍ എന്തെങ്കിലും എതിര്‍ത്തു പറയാന്‍ അവര്‍ക്കു കഴിഞ്ഞില്ല.15 അതുകൊണ്ട്, സംഘത്തില്‍നിന്നു പുറത്തുപോകാന്‍ അവരോട് കല്‍പിച്ചതിനുശേഷം അവര്‍ പരസ്പരം ആലോചിച്ചു.16 ഈ മനുഷ്യരോടു നാം എന്താണുചെയ്യുക? ഇവര്‍വഴി ശ്രദ്‌ധേയമായ ഒരടയാളം സംഭവിച്ചിരിക്കുന്നു എന്നതു ജറുസലെം നിവാസികള്‍ക്കെല്ലാം വ്യക്തമായി അറിയാം. അതു നിഷേധിക്കാന്‍ നമുക്കു സാധ്യമല്ല.17 എന്നാല്‍, ഇതു ജനത്തിനിടയില്‍ കൂടുതല്‍ പ്രചരിക്കാതിരിക്കാന്‍ ഈ നാമത്തില്‍ ഇനി ആരോടും സംസാരിക്കരുതെന്നു നമുക്ക് അവരെ താക്കീതു ചെയ്യാം.18 അവര്‍ അവരെ വിളിച്ച് യേശുവിന്റെ നാമത്തില്‍യാതൊന്നും സംസാരിക്കുകയോ പഠിപ്പിക്കുകയോ അരുതെന്നു കല്‍പിച്ചു.19 പത്രോസും യോഹന്നാനും അവരോടു മറുപടി പറഞ്ഞു: ദൈവത്തെക്കാളുപരി നിങ്ങളെ അനുസരിക്കുന്നതു ദൈവസന്നിധിയില്‍ന്യായമാണോ? നിങ്ങള്‍ തന്നെ വിധിക്കുവിന്‍.20 എന്തെന്നാല്‍, ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കു സാധ്യമല്ല.21 അവര്‍ അവരെ കൂടുതല്‍ ഭീഷണിപ്പെടുത്തി വിട്ടയച്ചു. അവരെ ശിക്ഷിക്കാന്‍ ഒരു മാര്‍ഗവും കണ്ടില്ല. കാരണം, ജനത്തെ അവര്‍ ഭയപ്പെട്ടു. എന്തെന്നാല്‍, അവിടെയുണ്ടായ സംഭവത്തെക്കുറിച്ച് എല്ലാവരും ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നു.22 അദ്ഭുതകരമായ രോഗശാന്തി ലഭിച്ച മനുഷ്യനു നാല്‍പതിലേറെ വയസ്‌സുണ്ടായിരുന്നു.

വിശ്വാസികള്‍ ധൈര്യത്തിനായി പ്രാര്‍ഥിക്കുന്നു

23 മോചിതരായ അവര്‍ സ്വസമൂഹത്തി ലെത്തി പുരോഹിതപ്രമുഖന്‍മാരും ജനപ്രമാണികളും പറഞ്ഞകാര്യങ്ങള്‍ അവരെ അറിയിച്ചു.24 അതുകേട്ടപ്പോള്‍ അവര്‍ ഏക മനസ്‌സോടെ ഉച്ചത്തില്‍ ദൈവത്തോടപേക്ഷിച്ചു: നാഥാ, ആകാശത്തിന്റെയും ഭൂമിയുടെയും സമുദ്രത്തിന്റെയും അവയിലുള്ള സകലത്തിന്റെയും സ്രഷ്ടാവേ,25 ഞങ്ങളുടെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിന്റെ അധരത്തിലൂടെ പരിശുദ്ധാത്മാവു മുഖേന അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തിട്ടുണ്ടല്ലോ: വിജാതീയര്‍ രോഷാകുലരായതെന്തിന്? ജനങ്ങള്‍ വ്യര്‍ഥ മായ കാര്യങ്ങള്‍ വിഭാവനം ചെയ്തതുമെന്തിന്?26 കര്‍ത്താവിനും അവിടുത്തെ അഭിഷിക്തനുമെതിരായി ഭൂമിയിലെ രാജാക്കന്‍മാര്‍ അണിനിരക്കുകയും അധികാരികള്‍ ഒരുമിച്ചുകൂടുകയും ചെയ്തു.27 അവിടുന്ന് അഭിഷേകംചെയ്ത അവിടുത്തെ പരിശുദ്ധദാസനായ യേശുവിനെതിരേ ഹേറോദേസും പന്തിയോസ് പീലാത്തോസും വിജാതീയരോടും ഇസ്രായേല്‍ജനങ്ങളോടുമൊപ്പം സത്യമായും ഈ നഗരത്തില്‍ ഒരുമിച്ചുകൂടി.28 അവിടുത്തെ ശക്തിയും ഹിതവും അനുസരിച്ചു നിശ്ചയിച്ചിരുന്ന കാര്യങ്ങള്‍ നിറവേറുന്നതിനുവേണ്ടിയാണ് അവര്‍ ഇപ്രകാരം ചെയ്തത്.29 അതിനാല്‍, കര്‍ത്താവേ, അവരുടെ ഭീഷണികളെ അവിടുന്നു ശ്രദ്ധിക്കണമേ.30 അവിടുത്തെ പരിശുദ്ധദാസ നായ യേശുവിന്റെ നാമത്തില്‍ രോഗശാന്തിയും അടയാളങ്ങളും അദ്ഭുതങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകള്‍ നീട്ടണമേ. അവിടുത്തെ വചനം പൂര്‍ണധൈ ര്യത്തോടെ പ്രസംഗിക്കാന്‍ ഈ ദാസരെ അനുഗ്രഹിക്കണമേ.31 പ്രാര്‍ഥന കഴിഞ്ഞപ്പോള്‍ അവര്‍ സമ്മേളിച്ചിരുന്ന സ്ഥലം കുലുങ്ങി. അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ പൂരിതരായി ദൈവവചനം ധൈര്യപൂര്‍വം പ്രസംഗിച്ചു.

വിശ്വാസികളുടെ കൂട്ടായ്മ

32 വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു. ആരും തങ്ങളുടെ വസ്തുക്കള്‍ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. എല്ലാം പൊതുസ്വത്തായിരുന്നു.33 അപ്പസ്‌തോലന്‍മാര്‍, കര്‍ത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു വലിയ ശക്തിയോടെ സാക്ഷ്യം നല്‍കി. അവരെല്ലാവരുടെയുംമേല്‍ കൃപാവരം സമൃദ്ധമായി ഉണ്ടായിരുന്നു.34 അവരുടെയിടയില്‍ ദാരിദ്ര്യമനുഭവിക്കുന്നവര്‍ ആരും ഉണ്ടായിരുന്നില്ല. കാരണം, പറമ്പും വീടും സ്വന്തമായുണ്ടായിരുന്നവരെല്ലാം അവയത്രയും വിറ്റു കിട്ടിയ തുക അപ്പസ്‌തോലന്‍മാരുടെ കാല്‍ക്കലര്‍പ്പിച്ചു.35 അത് ഓരോരുത്തര്‍ക്കും ആവശ്യമനുസരിച്ച് വിതരണം ചെയ്യപ്പെട്ടു.36 ബാര്‍ണബാസ് എന്ന അപരനാമത്താല്‍ അപ്പസ്‌തോലന്‍മാര്‍ വിളിച്ചിരുന്നവനും – ഈ വാക്കിന്റെ അര്‍ഥം ആശ്വാസ പുത്രന്‍ എന്നാണ് – സൈപ്രസ് സ്വദേശിയും ലേവായ നുമായ ജോസഫ്37 തന്റെ വയല്‍ വിറ്റുകിട്ടിയ പണം അപ്പസ്‌തോലന്‍മാരുടെ കാല്‍ക്കലര്‍പ്പിച്ചു.

Advertisements
Advertisements
Advertisements
Advertisements
Advertisements

Leave a comment