അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 9
സാവൂളിന്റെ മാനസാന്തരം.
1 സാവൂള്‍ അപ്പോഴും കര്‍ത്താവിന്റെ ശിഷ്യരുടെനേരേ വധഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു.2 അവന് പ്രധാനപുരോഹിതനെ സമീപിച്ച്, ക്രിസ്തുമാര്‍ഗം സ്വീകരിച്ച സ്ത്രീപുരുഷന്മാരില് ആരെക്കണ്ടാലും അവരെ ബന്ധനസ്ഥരാക്കി ജറുസലെമിലേക്കുകൊണ്ടുവരാന്‍ ദമാസ്ക്കസിലെ സിനഗോഗുകളിലേക്കുള്ള അധികാരപത്രങ്ങള്‍ ആവശ്യപ്പെട്ടു.3 അവന് യാത്ര ചെയ്ത് ദമാസ്ക്കസിനെ സമീപിച്ചപ്പോള്‍ പെട്ടെന്ന് ആകാശത്തില്‍നിന്ന് ഒരു മിന്നലൊളി അവന്റെ മേല്‍ പതിച്ചു.4 അവന് നിലംപതിച്ചു; ഒരു സ്വരം തന്നോട് ഇങ്ങനെ ചോദിക്കുന്നതുംകേട്ടു: സാവൂള്‍, സാവൂള്‍, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു?5 അവന് ചോദിച്ചു: കര്‍ത്താവേ, അങ്ങ് ആരാണ്? അപ്പോള്‍ ഇങ്ങനെ മറുപടി ഉണ്ടായി: നീ പീഡിപ്പിക്കുന്ന യേശുവാണു ഞാന്‍.6 എഴുന്നേറ്റു നഗരത്തിലേക്കു പോവുക. നീ എന്താണു ചെയ്യേണ്ടതെന്ന് അവിടെവച്ച് നിന്നെ അറിയിക്കും.7 അവനോടൊപ്പംയാത്ര ചെയ്തിരുന്നവര്‍ സ്വരം കേട്ടെങ്കിലും ആരെയും കാണായ്കയാല്‍ സ്തബ്ധരായി നിന്നുപോയി.8 സാവൂള്‍ നിലത്തുനിന്ന് എഴുന്നേറ്റു; കണ്ണുകള്‍ തുറന്നിരുന്നിട്ടും ഒന്നും കാണാന്‍ അവനു കഴിഞ്ഞില്ല. തന്മൂലം, അവര്‍ അവനെ കൈയ്ക്കു പിടിച്ചു ദമാസ്ക്കസിലേക്കു കൊണ്ടുപോയി.9 മൂന്നു ദിവസത്തേക്ക് അവനു കാഴ്ചയില്ലായിരുന്നു. അവന് ഒന്നും ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്തില്ല.
സാവൂളിന്റെ ജ്ഞാനസ്നാനം.
10 അനനിയാസ് എന്നു പേരായ ഒരു ശിഷ്യന് ദമാസ്ക്കസിലുണ്ടായിരുന്നു. ദര്‍ശനത്തില്‍ കര്‍ത്താവ് അവനെ വിളിച്ചു: അനനിയാസ്; അവന് വിളികേട്ടു: കര്‍ത്താവേ, ഇതാ ഞാന്‍ !11 കര്‍ത്താവ് അവനോടു പറഞ്ഞു: നീ എഴുന്നേറ്റ് ഋജുവീഥി എന്നു വിളിക്കപ്പെടുന്ന തെരുവില്ച്ചെന്ന് യൂദാസിന്റെ ഭവനത്തില്‍ താര്‍സോസുകാരനായ സാവൂളിനെ അന്വേഷിക്കുക. അവന് ഇതാ, പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയാണ്.12 അനനിയാസ് എന്നൊരുവന്‍ വന്ന് തനിക്കു വീണ്ടും കാഴ്ച ലഭിക്കാന്‍ തന്റെ മേല്‍ കൈകള്‍ വയ്ക്കുന്നതായി അവന് ഒരു ദര്‍ശനം ഉണ്ടായിരിക്കുന്നു.13 അനനിയാസ് പറഞ്ഞു: കര്‍ത്താവേ, അവിടുത്തെ വിശുദ്ധര്‍ക്കെതിരായി അവന് ജറുസലെമില്‍ എത്രമാത്രം തിന്മ കള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു വളരെപ്പേരില്‍നിന്നു ഞാന്‍ കേട്ടിട്ടുണ്ട്.14 ഇവിടെയും അവിടുത്തെനാമം വിളിച്ചപേക്ഷിക്കുന്ന സകലരെയും ബന്ധനസ്ഥരാക്കുന്നതിനുള്ള അ ധികാരം പുരോഹിതപ്രമുഖന്മാരില്നിന്ന് അവന് സമ്പാദിച്ചിരിക്കുന്നു.15 കര്‍ത്താവ് അവനോടു പറഞ്ഞു: നീ പോവുക; വിജാതീയരുടെയും രാജാക്കന്മാരുടെയും ഇസ്രായേല്‍ മക്കളുടെയും മുമ്പില്‍ എന്റെ നാമം വഹിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട പാത്രമാണ് അവന് .16 എന്റെ നാമത്തെപ്രതി അവന് എത്രമാത്രം സഹിക്കേണ്ടിവരുമെന്ന് അവനു ഞാന്‍ കാണിച്ചു കൊടുക്കും.17 അനനിയാസ് ചെന്ന് ആ ഭവനത്തില്‍ പ്രവേശിച്ച് അവന്റെ മേല്‍ കൈകള്‍വച്ചുകൊണ്ടു പറഞ്ഞു: സഹോദരനായ സാവൂള്‍, മാര്‍ഗമധ്യേ നിനക്കു പ്രത്യക്ഷപ്പെട്ട കര്‍ത്താവായ യേശു, നിനക്കു വീണ്ടും കാഴ്ച ലഭിക്കുന്നതിനും നീ പരിശുദ്ധാത്മാവിനാല്‍ നിറയുന്നതിനുംവേണ്ടി എന്നെ അയച്ചിരിക്കുന്നു.18 ഉടന്‍തന്നെ ചെതുമ്പലുപോലെ എന്തോ ഒന്ന് അവന്റെ കണ്ണുകളില്‍നിന്ന് അടര്‍ന്നുവീഴുകയും അവനു കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തു. അവന് എഴുന്നേറ്റു ജ്ഞാനസ്നാനം സ്വീകരിച്ചു.19 അനന്തരം, അവന് ഭക്ഷണം കഴിച്ചു ശക്തിപ്രാപിക്കുകയും ദമാസ്ക്കസിലെ ശിഷ്യന്മാരോടുകൂടെ കുറെ ദിവസം താമസിക്കുകയും ചെയ്തു.20 അധികം താമസിയാതെ, യേശു ദൈവപുത്രനാണെന്ന് അവന് സിനഗോഗുകളില്‍ പ്രഘോഷിക്കാന്‍ തുടങ്ങി.21 അതു കേട്ടവരെല്ലാം വിസ്മയഭരിതരായി പറഞ്ഞു: ജറുസലെമില്‍ ഈ നാമം വിളിച്ചപേക്ഷിക്കുന്നവരെ പീഡിപ്പിച്ചിരുന്നത് ഇവനല്ലേ? ഇവിടെയും അങ്ങനെയുള്ളവരെ ബന്ധനസ്ഥ രാക്കി പുരോഹിതപ്രമുഖന്‍മാരുടെ മുമ്പില്‍ കൊണ്ടുപോകാന്‍ വേണ്ടിയല്ലേ ഇ വന്‍ വന്നിരിക്കുന്നത്?22 സാവൂളാകട്ടെ കൂടുതല്‍ ശക്തി ആര്‍ജ്ജിച്ച് യേശുതന്നെയാണു ക്രിസ്തു എന്നു തെളിയിച്ചുകൊണ്ട് ദമാസ്ക്കസില്‍ താമസിച്ചിരുന്ന യഹൂദന്മാരെ ഉത്തരം മുട്ടിച്ചിരുന്നു.23 കുറെനാള്‍ കഴിഞ്ഞപ്പോള്‍ അവനെ വധിക്കാന്‍ യഹൂദന്മാര് ഗൂഢാലോചന നടത്തി.24 അതു സാവൂളിന്റെ ശ്രദ്ധയില്‍പ്പെട്ടു. അവനെ വധിക്കാന്‍ രാവും പകലും അവര്‍ കവാടങ്ങളില്‍ ശ്രദ്ധാപൂര്‍വം കാത്തുനിന്നു.25 എന്നാല്‍, അവന്റെ ശിഷ്യന്മാര് രാത്രി അവനെ ഒരു കുട്ടയിലിരുത്തി മതിലിനു മുകളിലൂടെ താഴെയിറക്കി.
സാവൂള്‍ ജറുസലെമില്‍.
26 ജറുസലെമിലെത്തിയപ്പോള്‍ ശിഷ്യരുടെ സംഘത്തില്‍ ചേരാന്‍ അവന് പരിശ്രമിച്ചു. എന്നാല്‍, അവര്‍ക്കെല്ലാം അവനെ ഭയമായിരുന്നു. കാരണം, അവന് ഒരു ശിഷ്യനാണെന്ന് അവര്‍ വിശ്വസിച്ചില്ല.27 ബാര്‍ണ ബാസ് അവനെ അപ്പസ്തോലന്മാരുടെ അടുക്കല്‍ കൂട്ടിക്കൊണ്ടുവന്നു. സാവൂള്‍ വഴിയില്‍ വച്ചു കര്‍ത്താവിനെ ദര്‍ശിച്ചതും അവിടുന്ന് അവനോടു സംസാരിച്ചതും ദമാസ്ക്കസില്‍ വച്ച് യേശുവിന്റെ നാമത്തില്‍ അവന് ധൈര്യപൂര്‍വം പ്രസംഗിച്ചതും ബാര്‍ണബാസ് അവരെ വിവരിച്ചുകേള്‍പ്പിച്ചു.28 അനന്തരം, സാവൂള്‍ അവരോടൊപ്പം ജറുസലെ മില്‍ ചുറ്റിസഞ്ചരിച്ചുകൊണ്ട് കര്‍ത്താവിന്റെ നാമത്തില്‍ ധൈര്യത്തോടെ പ്രസംഗിച്ചു.29 ഗ്രീക്കുകാരോടും അവന് പ്രസംഗിക്കുകയും വാദപ്രതിവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അവരാകട്ടെ അവനെ വധിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.30 എന്നാല്‍, ഈ വിവരമറിഞ്ഞസഹോദരന്‍മാര്‍ അവനെ കേ സറിയായില്‍ കൊണ്ടുവന്ന് താര്‍സോസിലേക്ക് അയച്ചു.31 അങ്ങനെയൂദയാ, ഗലീലി, സമരിയാ എന്നിവിടങ്ങളിലെ സഭയില്‍ സമാധാനമുള വായി. അതു ശക്തി പ്രാപിച്ച് ദൈവഭയത്തിലും പരിശുദ്ധാത്മാവു നല്കിയ സമാശ്വാസത്തിലും വളര്‍ന്നു വികസിച്ചു.
പത്രോസിന്റെ സഭാസന്ദര്‍ശനം.
32 പത്രോസ് ചുറ്റിസഞ്ചരിക്കുന്നതിനിടയില്‍ ലിദായിലെ വിശുദ്ധരുടെ അടുക്കലെത്തി.33 അവിടെ ഐനെയാസ് എന്നൊരുവനെ അവന് കണ്ടുമുട്ടി. അവന് എട്ടു വര്‍ഷമായി തളര്‍വാതം പിടിപെട്ട് രോഗശയ്യയിലായിരുന്നു.34 പത്രോസ് അവനോടു പറഞ്ഞു: ഐനെയാസേ, യേശുക്രിസ്തു നിന്നെ സുഖപ്പെടുത്തുന്നു. എഴുന്നേറ്റ് നിന്റെ കിടക്ക ചുരുട്ടുക. ഉടന്‍തന്നെ അവന് എഴുന്നേറ്റു.35 ലിദായിലെയും സാറോണിലെയും സകല ജനങ്ങളും അവനെ കണ്ടു കര്‍ത്താവിലേക്കു തിരിഞ്ഞു.36 യോപ്പായില്‍ തബിത്താ എന്നു പേരായ ഒരു ശിഷ്യയുണ്ടായിരുന്നു. ഈപേരിന് മാന്‍പേട എന്നാണ് അര്‍ഥം. സത്കൃത്യങ്ങളിലും ദാനധര്‍മങ്ങളിലും അവള് സമ്പന്നയായിരുന്നു.37 ആയിടെ അവള് രോഗം പിടിപെട്ടു മരിച്ചു. അവര്‍ അവളെ കുളിപ്പിച്ചു മുകളിലത്തെനിലയില്‍ കിടത്തി. ലിദാ യോപ്പായുടെ സമീപത്താണ്.38 പത്രോസ് അവിടെയുണ്ടെന്നറിഞ്ഞ്, ശിഷ്യന്മാര് രണ്ടുപേരെ അയച്ച്, താമസിയാതെ തങ്ങളുടെ അടുത്തേക്ക് വരണമെന്ന് അഭ്യര്‍ഥിച്ചു. പത്രോസ് ഉടനെ അവരോടൊപ്പം പുറപ്പെട്ടു.39 സ്ഥലത്തെത്തിയപ്പോള്‍ അവനെ മുകളിലത്തെനിലയിലേക്ക് അവര്‍ കൂട്ടിക്കൊണ്ടുപോയി. വിധവകളെല്ലാവരും വിലപിച്ചുകൊണ്ട് അവന്റെ ചുറ്റും നിന്നു. അവള് ജീവിച്ചിരുന്നപ്പോള്‍ നിര്‍മിച്ചവസ്ത്രങ്ങളും മേലങ്കികളും അവര്‍ അവനെ കാണിച്ചു.40 പത്രോസ് എല്ലാവരെയും പുറത്താക്കിയതിനുശേഷം മുട്ടുകുത്തിപ്രാര്‍ഥിച്ചു. പിന്നീട് മൃതശരീരത്തിന്റെ നേരേ തിരിഞ്ഞ് പറഞ്ഞു: തബിത്താ, എഴുന്നേല്ക്കൂ. അവള് കണ്ണുതുറന്നു. പത്രോസിനെ കണ്ടപ്പോള്‍ അവള് എഴുന്നേറ്റിരുന്നു.41 അവന് അവളെ കൈയ്ക്കു പിടിച്ച് എഴുന്നേല്പിച്ചു. പിന്നീട്, വിശുദ്ധരെയും വിധവകളെയും വിളിച്ച് അവളെ ജീവിക്കുന്നവളായി അവരെ ഏല്പിച്ചു.42 ഇതു യോപ്പാ മുഴുവന്‍ പരസ്യമായി. വളരെപ്പേര്‍ കര്‍ത്താവില്‍ വിശ്വസിക്കുകയും ചെയ്തു.43 അവന് തുകല്‍പണിക്കാരനായ ശിമയോന്റെ കൂടെ യോപ്പായില്‍ കുറേനാള്‍ താമസിച്ചു.

Categories: POC Malayalam Bible