The Book of Acts Chapter 19 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 19 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 19

പൗലോസ് എഫേസോസില്‍

1 അപ്പോളോസ് കോറിന്തോസിലായിരുന്നപ്പോള്‍ പൗലോസ് ഉള്‍നാടുകളിലൂടെ സഞ്ചരിച്ച് എഫേസോസിലെത്തി. അവിടെ അവന്‍ ഏതാനും ശിഷ്യരെ കണ്ടു.2 അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ വിശ്വാസികളായപ്പോള്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചുവോ? അവര്‍ പറഞ്ഞു: ഇല്ല. പരിശുദ്ധാത്മാവ് എന്നൊന്ന് ഉണ്ടെന്ന് ഞങ്ങള്‍ കേട്ടിട്ടു പോലുമില്ല.3 അവന്‍ ചോദിച്ചു: എങ്കില്‍പിന്നെ, നിങ്ങള്‍ ഏതു സ്‌നാനമാണു സ്വീകരിച്ചത്? അവര്‍ പറഞ്ഞു: യോഹന്നാന്റെ സ്‌നാനം.4 അപ്പോള്‍ പൗലോസ് പറഞ്ഞു: യോഹന്നാന്‍ തനിക്കു പിന്നാലെ വരുന്നവനില്‍, അതായത്, യേശുവില്‍ വിശ്വസിക്കണമെന്ന് ജനങ്ങളെ ഉദ്‌ബോധിപ്പിച്ചുകൊണ്ട് അനുതാപത്തിന്റെ സ്‌നാനമാണു നല്‍കിയത്.5 അവര്‍ ഇതുകേട്ട് കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ സ്‌നാനം സ്വീകരിച്ചു.6 പൗലോസ് അവരുടെമേല്‍ കൈകള്‍ വച്ചപ്പോള്‍ പരിശുദ്ധാത്മാവ് അവരുടെമേല്‍ വന്നു. അവര്‍ അന്യഭാഷകളില്‍ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു.7 അവര്‍ ഏകദേശം പന്ത്രണ്ടുപേരുണ്ടായിരുന്നു.8 അവന്‍ സിനഗോഗില്‍ പ്രവേശിച്ചു ധൈര്യപൂര്‍വം ദൈവരാജ്യത്തെക്കുറിച്ചു മൂന്നുമാസം പ്രസംഗിക്കുകയും വാദപ്രതിവാദത്തിലേര്‍പ്പെടുകയും ചെയ്തു.9 എന്നാല്‍, ദുര്‍വാശിക്കാരായ ചിലര്‍ വിശ്വസിക്കാന്‍ വിസമ്മതിക്കുകയും സമൂഹത്തിന്റെ മുമ്പില്‍ ക്രിസ്തുമാര്‍ഗത്തെ ദുഷിക്കുകയും ചെയ്തു. അതിനാല്‍, അവന്‍ അവരെ വിട്ടു ശിഷ്യരെയും കൂട്ടി ടിറാനോസിന്റെ പ്രസംഗശാലയില്‍ പോയി എല്ലാ ദിവസവും വിവാദത്തില്‍ ഏര്‍പ്പെട്ടുപോന്നു.10 ഇതു രണ്ടു വര്‍ഷത്തേക്കു തുടര്‍ന്നു. തന്‍മൂലം, ഏഷ്യയില്‍ വസിച്ചിരുന്ന എല്ലാവരും- യഹൂദരും ഗ്രീക്കുകാരും- കര്‍ത്താവിന്റെ വചനം കേട്ടു.

സ്‌കേവായുടെ പുത്രന്‍മാര്‍

11 പൗലോസിന്റെ കരങ്ങള്‍വഴി ദൈവം അസാധാരണമായ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.12 അവന്റെ ശരീരസ്പര്‍ശമേറ്റ തുവാലകളും അംഗവസ്ത്രങ്ങളും അവര്‍ രോഗികളുടെ അടുത്തു കൊണ്ടുവന്നു. അപ്പോള്‍ രോഗം അവരെ വിട്ടുമാറുകയും അശുദ്ധാത്മാക്കള്‍ അവരില്‍നിന്നു പുറത്തുവരുകയും ചെയ്തിരുന്നു.13 പിശാചുബാധ ഒഴിപ്പിച്ചിരുന്ന ചില യഹൂദര്‍ പൗലോസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തില്‍ നിന്നോടു ഞാന്‍ കല്‍പിക്കുന്നു എന്നുപറഞ്ഞുകൊണ്ട് അശുദ്ധാത്മാക്കളുടെമേല്‍ കര്‍ത്താവായ യേശുവിന്റെ നാമം പ്രയോഗിച്ചുനോക്കി.14 യഹൂദരുടെ ഒരു പ്രധാനപുരോഹിതനായ സ്‌കേവായുടെ ഏഴു പുത്രന്‍മാരും ഇങ്ങനെ ചെയ്തുകൊണ്ടി രുന്നു.15 എന്നാല്‍, അശുദ്ധാത്മാവ് അവരോട് ഇപ്രകാരം മറുപടി പറഞ്ഞു: യേശുവിനെ എനിക്കറിയാം, പൗലോസിനെയും അറിയാം; എന്നാല്‍ നിങ്ങള്‍ ആരാണ്?16 അശുദ്ധാത്മാവ് ആവസിച്ചിരുന്ന മനുഷ്യന്‍ അവരുടെമേല്‍ ചാടിവീണ് അവരെ ആക്രമിച്ചു കീഴ്‌പ്പെടുത്തി. അവര്‍ മുറിവേറ്റ്, നഗ്‌നരായി ആ വീട്ടില്‍നിന്ന് ഓടിപ്പോയി.17 എഫേസോസില്‍ വസിച്ചിരുന്ന യഹൂദരും ഗ്രീക്കുകാരുമായ എല്ലാവരും ഈ വിവരം അറിഞ്ഞു ഭയപ്പെട്ടു. കര്‍ത്താവായ യേശുവിന്റെ നാമം കൂടുതല്‍ പ്രകീര്‍ത്തിക്കപ്പെടുകയുംചെയ്തു.18 കൂടാതെ, വിശ്വാസം സ്വീകരിച്ച പലരും വന്ന്, തങ്ങളുടെ ദുര്‍നടപടികള്‍ ഏറ്റുപറഞ്ഞ്, കുറ്റം സമ്മതിച്ചു.19 ക്ഷുദ്രപ്രയോഗം നടത്തിയിരുന്ന അനേകമാളുകള്‍ തങ്ങളുടെ ഗ്രന്ഥച്ചുരുളുകള്‍ കൊണ്ടുവന്ന് എല്ലാവരും കാണ്‍കെ അഗ്‌നിക്കിരയാക്കി. അവയുടെ ആകെ വില കണക്കാക്കിയപ്പോള്‍ അമ്പതിനായിരം വെള്ളിനാണയങ്ങള്‍ വരുമെന്നു കണ്ടു.20 അങ്ങനെ കര്‍ത്താവിന്റെ വചനം വിപുലമായി പ്രചരിക്കുകയും അതിന്റെ ശക്തി വെളിപ്പെടുകയുംചെയ്തു.21 ഈ സംഭവങ്ങള്‍ക്കുശേഷം പൗലോസ് ആത്മാവിന്റെ പ്രേരണയനുസരിച്ച് മക്കെദോനിയാ, അക്കായിയാ എന്നീ പട്ടണങ്ങള്‍ കടന്നു ജറുസലെമിലേക്കു പോകാന്‍ തീരുമാനിച്ചു. അവിടെയെത്തിയതിനുശേഷം തനിക്കു റോമായും സന്ദര്‍ശിക്കണം എന്ന് അവന്‍ പറഞ്ഞിരുന്നു.22 അവന്‍ തന്റെ സഹായികളില്‍ രണ്ടുപേരായ തിമോത്തേയോസിനെയും എറാസ്തൂസിനെയും മക്കെദോനിയായിലേക്ക് അയച്ചിട്ടു കുറെനാള്‍ ഏഷ്യയില്‍ താമസിച്ചു.

വെള്ളിപ്പണിക്കാരുടെ ലഹള

23 ആയിടെ ക്രിസ്തുമാര്‍ഗത്തെ സംബന്ധിച്ചു വലിയ ഒച്ചപ്പാടുണ്ടായി.24 അര്‍ത്തേ മിസ് ദേവിയുടെ ക്‌ഷേത്രത്തിന്റെ വെള്ളിമാതൃകകള്‍ ഉണ്ടാക്കിക്കൊണ്ടിരുന്ന വെള്ളിപ്പണിക്കാരനായ ദമേത്രിയോസ് ശില്‍പവേലക്കാര്‍ക്കു വലിയതോതില്‍ തൊഴിലുണ്ടാക്കിക്കൊടുത്തുപോന്നു.25 ഇവരെയും ഇതേ തൊഴിലിലേര്‍പ്പെട്ടിരുന്ന മറ്റുള്ളവരെയും വിളിച്ചുകൂട്ടി അവന്‍ പറഞ്ഞു: മാന്യരേ, നമ്മുടെ സമ്പത്തുമുഴുവന്‍ ഈ തൊഴിലില്‍നിന്നാണെന്നു നിങ്ങള്‍ക്കറിയാമല്ലോ.26 എന്നാല്‍, കൈകൊണ്ടുണ്ടാക്കിയ ദൈവങ്ങള്‍ ദൈവങ്ങളേ അല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് പൗലോസ് എന്ന ഈ മനുഷ്യന്‍ എഫേസോസില്‍ മാത്രമല്ല, ഏഷ്യയിലാകെ വളരെപ്പേരെ വഴിതെറ്റിക്കുന്നതു നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടല്ലോ.27 തന്‍മൂലം, നമ്മുടെ ഈ തൊഴില്‍ അപഹാസ്യമായിത്തീരും എന്ന അപകടം മാത്രമല്ല ഉള്ളത്; പിന്നെയോ, മഹാദേവതയായ അര്‍ത്തേമിസിന്റെ ക്‌ഷേത്രം പൂര്‍ണമായി അവഗണിക്കപ്പെടുകയും ഏഷ്യയിലും പരിഷ്‌കൃതലോകമെങ്ങും ആരാധിക്കപ്പെടുന്ന അവളുടെ പ്രതാപം അസ്തമിക്കുകയും ചെയ്യും.28 ഇതുകേട്ടപ്പോള്‍ അവര്‍ കോപാക്രാന്തരായി വിളിച്ചുപറഞ്ഞു: എഫേസോസുകാരുടെ അര്‍ത്തേമിസ് മഹോന്നതയാണ്.29 നഗരത്തില്‍ മുഴുവന്‍ ബഹളമായി. അവരെല്ലാവരുംകൂടി പൗലോസിന്റെ സഹയാത്രികരും മക്കെദോനിയാക്കാരുമായ ഗായിയൂസിനെയും അരിസ്താര്‍ക്കൂസിനെയും വലിച്ചിഴച്ചുകൊണ്ട് പൊതുമണ്‍ഡപത്തിലേക്കു തള്ളിക്കയറി.30 ജനക്കൂട്ടത്തിലേക്കു പോകാന്‍ പൗലോസ് ആഗ്രഹിച്ചെങ്കിലും ശിഷ്യന്‍മാര്‍ അവനെ അനുവദിച്ചില്ല.31 പൗലോസിന്റെ സ്‌നേഹിതരായ ഏഷ്യയിലെ ചില പ്രമുഖര്‍ ആളയച്ച് പൊതുമണ്‍ഡപത്തിലേക്കു പോകാന്‍ തുനിയരുതെന്ന് അവനോടഭ്യര്‍ഥിച്ചു.32 അവിടെ ഓരോരുത്ത രും ഓരോന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. സമ്മേളനം ആകെ അലങ്കോലമായി. തങ്ങള്‍ അവിടെ എന്തിനാണ് ഒരുമിച്ചുകൂടിയതെന്നുതന്നെ മിക്കവര്‍ക്കും അറിഞ്ഞുകൂടായിരുന്നു.33 യഹൂദര്‍ മുമ്പോട്ടുകൊണ്ടുവന്ന അലക്‌സാണ്ടറിനോട് ജനക്കൂട്ടത്തില്‍ ചിലര്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടു. അ ലക്‌സാണ്ടര്‍ ആംഗ്യം കാണിച്ചിട്ട് ജനങ്ങളോടുന്യായവാദത്തിനു മുതിര്‍ന്നു.34 എന്നാല്‍, അവന്‍ യഹൂദനാണെന്നു മനസ്‌സിലാക്കിയപ്പോള്‍ അവരെല്ലാവരും ഒരേ ശബ്ദത്തില്‍ എഫേസോസുകാരുടെ അര്‍ത്തേമിസ് മഹോന്നതയാണ് എന്ന് ആര്‍ത്തുവിളിച്ചു. രണ്ടു മണിക്കൂറോളം ഇതു തുടര്‍ന്നു.35 നഗരാധികാരി ജനക്കൂട്ടത്തെ ശാന്തമാക്കിയതിനുശേഷം പറഞ്ഞു: എഫേസോസുകാരേ, എഫേസോസ് നഗരി മഹാദേവതയായ അര്‍ത്തേമിസിന്റെയും അവളുടെ, ആകാശത്തുനിന്നു വീണ പ്രതിമയുടെയുംക്‌ഷേത്രത്തിന്റെ പാലികയാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്?36 ഈ വസ്തുതകള്‍ അനിഷേധ്യങ്ങളാകയാല്‍ നിങ്ങള്‍ ശാന്തരായിരിക്കണം. അതിക്രമമൊന്നും പ്രവര്‍ത്തിക്കരുത്.37 എന്തെന്നാല്‍, നിങ്ങള്‍കൊണ്ടുവന്നിരിക്കുന്ന ഈ മനുഷ്യര്‍ ദേവാലയം അശുദ്ധമാക്കിയിട്ടില്ല. നമ്മുടെ ദേവിയെ ദുഷിച്ചിട്ടുമില്ല.38 അതിനാല്‍, ദമേത്രിയോസിനോ അവന്റെ കൂടെയുള്ള ശില്‍പികള്‍ക്കോ ഇവരില്‍ ആരുടെയെങ്കിലും പേരില്‍ പരാതിയുണ്ടെങ്കില്‍ അവര്‍ക്ക്‌ന്യായാസനമുണ്ട്; ഉപസ്ഥാനപതികളുണ്ട്; അവര്‍ അവിടെ പരാതികള്‍ സമര്‍പ്പിക്കട്ടെ.39 അതല്ല, ഇനി മറ്റെന്തെങ്കിലുമാണ് നിങ്ങള്‍ ആവശ്യപ്പെടുന്നതെങ്കില്‍ നിയമാനുസൃതമായ സംഘത്തില്‍ വച്ച് അതിനു തീരുമാന മുണ്ടാക്കാം.40 ഇന്നത്തെ ഈ ബഹളത്തെന്യായീകരിക്കുവാന്‍ നമുക്കു കാരണമൊന്നും പറയാനില്ല. അതിനാല്‍, കലാപമുണ്ടാക്കിയെന്ന് നമ്മുടെമേല്‍ ആരോപിക്കുക എന്ന അപകടവുമുണ്ട്.41 ഇതു പറഞ്ഞ് അവന്‍ ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s