വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം, അദ്ധ്യായം 1
അഭിവാദനം, ഉപകാരസ്മരണ
1 യേശുക്രിസ്തുവിന്റെ അപ്പസ്‌തോലനായി ദൈവഹിതാനുസരണം വിളിക്കപ്പെട്ട പൗലോസും സഹോദരന്‍ സൊസ്‌തേനെ സ്‌സും2 കോറിന്തോസിലുള്ള ദൈവത്തിന്റെ സഭയ്ക്ക് എഴുതുന്നത്: യേശുക്രിസ്തുവില്‍ വിശുദ്ധരായവര്‍ക്കും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവര്‍ക്കും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമം എല്ലായിടത്തും വിളിച്ചപേക്ഷിക്കുന്ന എല്ലാവര്‍ക്കും3 നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും കൃപയും സമാധാനവും.4 യേശുക്രിസ്തുവില്‍ നിങ്ങള്‍ക്കു കൈവന്ന ദൈവകൃപയ്ക്കു ഞാന്‍ നിങ്ങളെപ്രതി ദൈവത്തിനു സദാ നന്ദി പറയുന്നു.5 എന്തുകൊണ്ടെന്നാല്‍, അവിടുന്ന് എല്ലാവിധത്തിലും, പ്രത്യേകിച്ച്, വചനത്തിലും വിജ്ഞാനത്തിലും നിങ്ങളെ സമ്പന്നരാക്കി.6 ക്രിസ്തുവിനെപ്പറ്റിയുള്ള സാക്ഷ്യം നിങ്ങളില്‍ ഉറപ്പിക്കപ്പെട്ടതിന്റെ ഫലമായി,7 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ വെളിപാടു കാത്തിരിക്കുന്ന നിങ്ങള്‍ക്ക്‌യാതൊരു ആത്മീയദാനത്തിന്റെയും കുറവില്ല.8 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദിനത്തില്‍ നിങ്ങള്‍ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന് അവസാനംവരെ അവിടുന്നു നിങ്ങളെ പരിപാലിക്കും.9 തന്റെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിന്റെ സഹവാസത്തിലേക്കു നിങ്ങളെ വിളിച്ച ദൈവം വിശ്വസ്തനാണ്.
വിശ്വാസികള്‍ക്കിടയില്‍ ഭിന്നത
10 സഹോദരരേ, നിങ്ങള്‍ എല്ലാവരും സ്വരച്ചേര്‍ച്ചയോടും ഐക്യത്തോടും ഏകമനസ്‌സോടും ഏകാഭിപ്രായത്തോടുംകൂടെ വര്‍ത്തിക്കണമെന്നു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു.11 എന്റെ സഹോദരരേ, നിങ്ങളുടെയിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടെന്നു ക്‌ളോയെയുടെ ബന്ധുക്കള്‍ എന്നെ അറിയിച്ചിരിക്കുന്നു.12 ഞാന്‍ പൗലോസിന്‍േറതാണ്, ഞാന്‍ അപ്പോളോസിന്‍േറതാണ്, ഞാന്‍ കേപ്പായുടേതാണ്, ഞാന്‍ ക്രി സ്തുവിന്‍േറതാണ് എന്നിങ്ങനെ നിങ്ങളോരോരുത്തരും പറയുന്നതിനെയാണ് ഞാന്‍ ഉദ്‌ദേശിക്കുന്നത്.13 ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ? നിങ്ങള്‍ക്കുവേണ്ടി ക്രൂശിത നായതു പൗലോസാണോ? പൗലോസിന്റെ നാമത്തിലാണോ നിങ്ങള്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചത്?14 ക്രിസ്‌പോസിനെയും ഗായൂസിനെയുമല്ലാതെ നിങ്ങളില്‍ മറ്റാരെയും ഞാന്‍ ജ്ഞാനസ്‌നാനപ്പെടുത്തിയിട്ടില്ല എന്നതില്‍ ദൈവത്തിനു നന്ദി പറയുന്നു.15 അതുകൊണ്ട്, എന്റെ നാമത്തില്‍ സ്‌നാനം സ്വീകരിച്ചു എന്നു പറയാന്‍ നിങ്ങളിലാര്‍ക്കും സാധിക്കുകയില്ല.16 സ്‌തേഫാനോസിന്റെ കുടുംബത്തെക്കൂടി ഞാന്‍ സ്‌നാനപ്പെടുത്തിയിട്ടുണ്ട്. അതല്ലാതെ മറ്റാരെയെങ്കിലും ഞാന്‍ സ്‌നാനപ്പെടുത്തിയിട്ടുണ്ടോ എന്ന് അറിഞ്ഞുകൂടാ.17 എന്തെന്നാല്‍, ക്രിസ്തു എന്നെ അയച്ചത് സ്‌നാനം നല്‍കുവാനല്ല, സുവിശേഷം പ്രസംഗിക്കാനാണ്. എന്നാല്‍, വാഗ്വിലാസത്തോടെയല്ല; ആയിരുന്നെങ്കില്‍ ക്രിസ്തുവിന്റെ കുരിശു വ്യര്‍ഥമാകുമായിരുന്നു.
കുരിശിന്റെ ഭോഷത്തം
18 നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്തിയത്രേ.19 വിജ്ഞാനികളുടെ വിജ്ഞാനം ഞാന്‍ നശിപ്പിക്കും, വിവേകികളുടെ വിവേകം ഞാന്‍ നിഷ്ഫലമാക്കും എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ.20 വിജ്ഞാനി എവിടെ? നിയമജ്ഞന്‍ എവിടെ? ഈയുഗത്തിന്റെ താര്‍ക്കികന്‍ എവിടെ? ലൗകികവിജ്ഞാനത്തെ ദൈവം ഭോഷത്തമാക്കിയില്ലയോ?21 ദൈവത്തിന്റെ ജ്ഞാനത്തില്‍ ലോകം ലൗകികവിജ്ഞാനത്താല്‍ അവിടുത്തെ അറിഞ്ഞില്ല. തന്‍മൂലം വിശ്വസിക്കുന്നവരെ സുവിശേഷപ്രസംഗത്തിന്റെ ഭോഷത്തം വഴി രക്ഷിക്കാന്‍ അവിടുന്നു തിരുമന സ്‌സായി.22 യഹൂദര്‍ അടയാളങ്ങള്‍ ആവശ്യപ്പെടുന്നു; ഗ്രീക്കുകാര്‍ വിജ്ഞാനം അന്വേഷിക്കുന്നു.23 ഞങ്ങളാകട്ടെ, യഹൂദര്‍ക്ക് ഇടര്‍ച്ചയും വിജാതീയര്‍ക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു.24 വിളിക്കപ്പെട്ടവര്‍ക്ക് – യഹൂദരോ ഗ്രീക്കുകാരോ ആകട്ടെ-ക്രിസ്തു ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ജ്ഞാനവുമാണ്.25 എന്തെന്നാല്‍, ദൈവത്തിന്റെ ഭോഷത്തം മനുഷ്യരെക്കാള്‍ ജ്ഞാനമുള്ളതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാള്‍ ശ ക്തവുമാണ്.26 സഹോദരരേ, നിങ്ങള്‍ക്കുലഭിച്ചിരിക്കുന്ന ദൈവവിളിയെപ്പറ്റിത്തന്നെ ചിന്തിക്കുവിന്‍; ലൗകികമാനദണ്‍ഡമനുസരിച്ച് നിങ്ങളില്‍ ബുദ്ധിമാന്‍മാര്‍ അധികമില്ല; ശക്തരും കുലീനരും അധികമില്ല.27 എങ്കിലും വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോക ദൃഷ്ടിയില്‍ ഭോഷന്‍മാരായവരെ ദൈവം തെരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ അശക്തമായവയെയും.28 നിലവിലുള്ളവയെ നശിപ്പിക്കുവാന്‍വേണ്ടി ലോകദൃഷ്ട്യാ നിസ്‌സാരങ്ങളായവയെയും അവഗണിക്കപ്പെട്ടവയെയും ഇല്ലായ്മയെത്തന്നെയും ദൈവം തെരഞ്ഞെടുത്തു.29 ദൈവസന്നിധിയില്‍ ആരും അഹങ്കരിക്കാതിരിക്കാനാണ് അവിടുന്ന് ഇങ്ങനെ ചെയ്തത്.30 യേശുക്രിസ്തുവിലുള്ള നിങ്ങളുടെ ജീവിതത്തിന്റെ ഉറവിടം അവിടുന്നാണ്. ദൈവം അവനെ നമുക്കു ജ്ഞാനവും നീതിയും വിശുദ്ധീകരണവും പരിത്രാണവും ആക്കിയിരിക്കുന്നു.31 അതുകൊണ്ട്, എഴുതപ്പെട്ടിരിക്കുന്നതുപോലെ, അഭിമാനിക്കുന്നവന്‍ കര്‍ത്താവില്‍ അഭിമാനിക്കട്ടെ.
